27 April Saturday

കുറ്റമറ്റ മണ്ഡലകാല തീർഥാടനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 29, 2022


കേരളത്തിന്റെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലെ മണ്ഡലകാല ഉത്സവത്തിന്‌ കൊടിയിറങ്ങി. നിറഞ്ഞ സംതൃപ്‌തിയോടെയാണ്‌ തീർഥാടകർ മലയിറങ്ങിയത്‌. പ്രളയത്തിന്റെയും മഹാമാരിയുടെയും നിയന്ത്രണങ്ങൾ നീങ്ങിയ ഈ മണ്ഡലകാലത്ത്‌ 41 ദിവസംകൊണ്ട്‌ 30 ലക്ഷം തീർഥാടകരാണ്‌ മല ചവിട്ടിയത്‌. രാജ്യമെമ്പാടുമുള്ളവർ ശബരിമലയിലെത്തി. പ്രതിപക്ഷത്തിന്റെയും സർക്കാർവിരുദ്ധ മാധ്യമങ്ങളുടെയും എല്ലാവിധ കുത്തിത്തിരിപ്പുകളും നിഷ്‌പ്രഭമായി. അഭൂതപൂർവമായ തീർഥാടക പ്രവാഹത്തിലും വലിയ പരാതികളില്ലാതെ സുഗമ സഞ്ചാരത്തിന്‌ വഴിയൊരുക്കിയ സർക്കാരും ദേവസ്വം ബോർഡും അഭിനന്ദനം അർഹിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ ഉയർന്ന വരുമാനമാണ്‌ ഈ വർഷം ഉണ്ടായത്‌.

തീർഥാടകർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും മാസങ്ങൾമുമ്പേ പ്രവർത്തനംതുടങ്ങി. ദുഷ്കരമായ ഭൂപ്രകൃതിയിലും നല്ല റോഡുകൾ, 1855 കുടിവെള്ള കിയോസ്ക്‌, 2406 ശൗചാലയം,  34,100 വിരിവയ്‌ക്കാനുള്ള സൗകര്യം,  ആരോഗ്യകേന്ദ്രങ്ങളിൽ ലക്ഷത്തിലധികം പരിശോധനകൾ, വിവിധ വകുപ്പുകളുടെ മൂവായിരത്തിലേറെ സ്‌ക്വാഡ് പരിശോധനകൾ, ഇരുനൂറ്റമ്പതോളം കെഎസ്‌ആർടിസി ബസുകൾ നടത്തിയ ലക്ഷത്തിലധികം നിലയ്‌ക്കൽ–--പമ്പ  ചെയിൻ സർവീസുകൾ, ശുചീകരണ പ്രവൃത്തികൾക്കായി 1000 പേർ അടങ്ങുന്ന വിശുദ്ധിസേന എന്നിങ്ങനെ സമഗ്രമായ ക്രമീകരണങ്ങളാണ്‌ ഒരുക്കിയത്‌. ഓരോ ദിവസവും ലക്ഷത്തോളം ആളുകൾ വന്നുപോയ മണ്ഡലകാലത്തെ കുറ്റമറ്റതാക്കാൻ  ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ പതിനെട്ടായിരത്തോളം വ്യക്തികളുടെ പ്രയത്‌നം ദിനരാത്ര ഭേദമന്യേ തുടർന്നു. ഹൈക്കോടതിയുടെ നിർദേശങ്ങൾക്കനുസരിച്ച്‌ വേണ്ടുന്ന വ്യതിയാനങ്ങളും വരുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടത്തിയ അവലോകന യോഗത്തിൽ എടുത്ത തീരുമാനങ്ങളും തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള ചവിട്ടുപടിയായി. വെർച്വൽ ക്യൂ ബുക്കിങ് 90,000 ആയി ക്രമീകരിക്കുകയും ദർശനസമയം 19 മണിക്കൂറായി വർധിപ്പിക്കുകയും നിലയ്‌ക്കലിൽ പാർക്കിങ് സൗകര്യം 7500 വാഹനത്തിനായി ഉയർത്താനുമായത് തീർഥാടകർക്ക്‌ ആശ്വാസമേകി. പതിനെട്ടാംപടി കയറാനുൾപ്പെടെ സഹായിച്ച പൊലീസിന്റെ സേവനം എടുത്തുപറയേണ്ടതാണ്‌. പതിനായിരങ്ങൾ  മലകയറി വരുമ്പോൾ ഒരേസമയം രണ്ടുപേരെമാത്രം  കയറ്റിവടാൻ പറ്റുന്ന പതിനെട്ടാംപടി കയറാൻ കുറച്ചുസമയം വരിനിൽക്കേണ്ടിവരുന്നത്‌ സ്വാഭാവികമാണ്‌. അതിൽ തീർഥാടകർക്കും പരാതിയുണ്ടാകില്ല. മിനിറ്റിൽ ശരാശരി 80 പേർ പടികയറി. വയോജനങ്ങൾ, കുഞ്ഞുങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക്‌ പ്രത്യേക പരിഗണന നൽകി.


 

ശരംകുത്തി കഴിഞ്ഞുള്ള ആറ് ക്യൂ കോംപ്ലക്‌സ്‌ പ്രവർത്തനസജ്ജമാക്കി, ഇടത്താവളങ്ങളിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ തയ്യാറാക്കി, നിലയ്‌ക്കലിലെ സൗകര്യങ്ങൾ  കാര്യക്ഷമമാക്കി, ബസിൽ കയറുന്ന ബോർഡിങ് പോയിന്റുകൾ ചിട്ടയോടെ ക്രമീകരിച്ചു എന്നിങ്ങനെ നിരവധി നടപടികളാണ്‌ സർക്കാരും ദേവസ്വം ബോർഡും ചേർന്ന്‌ നടപ്പാക്കിയത്‌. വന്യജീവികൾ കൂടുതലായി ഉണ്ടാകുന്ന പ്രദേശങ്ങൾ കണ്ടെത്തി സുരക്ഷ ഏർപ്പെടുത്തി. പാമ്പുകളുടെ സാന്നിധ്യം കണക്കിലെടുത്ത് അടിയന്തര ഇടപെടലുകൾക്കും അടിയന്തര ചികിത്സയ്ക്കും സംവിധാനം ഒരുക്കി.

ആവശ്യമായ ചികിത്സാ കേന്ദ്രങ്ങളും വിദഗ്‌ധ ഡോക്‌ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും മരുന്നും ലഭ്യമാക്കി. സന്നിധാനത്ത് മിനി ഓപ്പറേഷൻപോലും സാധ്യമാണ്. ആയുർവേദ, ഹോമിയോ വകുപ്പുകളും നേരത്തേതന്നെ തങ്ങളുടെ ചികിത്സാ വിഭാഗങ്ങളെ സജ്ജമാക്കി. പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, നിലയ്‌ക്കൽ എന്നീ സർക്കാർ ആശുപത്രികളിലായി ഇതുവരെ 1,20,878 പേർ ചികിത്സ തേടി. സന്നിധാനം ആശുപത്രിയിൽ 47,294 പേരും പമ്പയിൽ 18,888 പേരുമാണ് വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയത്. പൊലീസ്, ഫയർഫോഴ്സ്, വനം, എക്‌സൈസ്‌ വകുപ്പുകളും സേവനതൽപ്പരരായി മുന്നോട്ടുവന്നു. കുടിവെള്ളവും വൈദ്യുതിയും മുടക്കമില്ലാതെ ലഭിക്കാൻ വാട്ടർ അതോറിറ്റിയും കെഎസ്‌ഇബിയും ശ്രദ്ധയോടെ പ്രവർത്തിച്ചു. ശുചിത്വം കാത്തുസൂക്ഷിക്കാൻ  ദേവസ്വം ബോർഡ് മുൻകൈയെടുത്ത്‌  ‘പവിത്രം ശബരിമല’ പദ്ധതി നടപ്പാക്കി. ദേവസ്വം ജീവനക്കാർ, വിശുദ്ധിസേന അംഗങ്ങൾ, തീർഥാടകർ തുടങ്ങി വിവിധ വിഭാഗം ആളുകൾ പദ്ധതിയുടെ ഭാഗമായി. പൊലീസിന്റെ പുണ്യം പൂങ്കാവനം പദ്ധതിയും നടപ്പാക്കി. ദിവസേന ശരാശരി രണ്ടര ലക്ഷം അരവണയും രണ്ടുലക്ഷം അപ്പവുമാണ് വിതരണം ചെയ്തത്. ദേവസ്വം ബോർഡിന്റെ  സൗജന്യ അന്നദാന മണ്ഡപത്തിലൂടെ ഏഴുലക്ഷത്തോളം തീർഥാടകർക്ക് ഭക്ഷണം നൽകി. മകരവിളക്ക്‌ ഉത്സവത്തിന്‌ കൂടുതൽ തീർഥാടകർ എത്തുമെന്ന്‌ കണക്കാക്കി സൗകര്യം വിപുലപ്പെടുത്താൻ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top