25 April Thursday

ശബരിമലയിൽ പരാതിയില്ലാത്ത തീർഥാടനകാലം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018


ഒന്നരപ്പതിറ്റാണ്ടിലെ ഏറ്റവും മികച്ച തീർഥാടനകാലത്തിനാണ് മകരവിളക്കോടെ ശബരിമലയിൽ ഇത്തവണ സമാപനമായത്‍. ഒരുതരത്തിലുമുള്ള അല്ലലും അലട്ടുമില്ലാതെ, ഗൗരവമാർന്ന പരാതികളില്ലാതെ, അപകടങ്ങളില്ലാതെ, അസൗകര്യങ്ങൾ പരമാവധി കുറച്ച്‍ ശബരിമല തീർഥാടനം വിജയിപ്പിച്ച സർക്കാരും ദേവസ്വം ബോർഡും അതുമായി സഹകരിച്ച തീർഥാടകരും അഭിനന്ദനമർഹിക്കുന്നു. തീർഥാടകസമൂഹത്തിന് നൽകിയ വാഗ്‍ദാനം അക്ഷരാർഥത്തിൽ പാലിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്‍ ശബരിമലയിലെത്തി ഒരുക്കം വിലയിരുത്തുകയും ദേവസ്വംമന്ത്രിയും സർക്കാർ ഒന്നടങ്കവും സൂക്ഷ്‍മതയോടെ ഇടപെടുകയും ചെയ്‍തതിന്റെ ഫലമാണ് ഈ നേട്ടം.

ഇത്തവണ തീർഥാടനകാലത്ത്‍ ഉയർന്നുകേട്ട ഒരാഹ്വാനം ശബരിമലയിൽ കാണിക്കയിടരുത്‍ എന്നതായിരുന്നു. കാണിക്കപ്പണം സർക്കാർ കൊണ്ടുപോകുന്നുവെന്നും പാർടി ഫണ്ടിലേക്ക്‍ മാറ്റുന്നുവെന്നും പ്രചരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ തയ്യാറായി. പ്രസാദം വാങ്ങരുതെന്ന് മറ്റൊരാഹ്വാനം. ശബരിമലയിൽനിന്ന് തീർഥാടകരെ അകറ്റാനും മടുപ്പിക്കാനുമുള്ള ആസൂത്രിത നീക്കമാണുണ്ടായത്‍്‍. മതസൗഹാർദത്തിന്റെ മഹദ്‍സന്ദേശം പ്രസരിപ്പിക്കുന്ന ക്ഷേത്രത്തോടുള്ള വർഗീയവാദികളുടെ അസഹിഷ്‍ണുതയാണ് അത്തരം നീക്കങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്‍. എന്നാൽ, തീർഥാടക ലക്ഷങ്ങൾ അത്‍ പാടെ തള്ളി. ഇത്തവണ മകരവിളക്ക്‍ ദിവസംവരെയുള്ള ശബരിമലയിലെ നടവരവ്‍ 255 കോടി രൂപയാണ്. കഴിഞ്ഞ തീർഥാടനകാലത്ത്‍ ഇതേസമയം 210 കോടി രൂപയായിരുന്നു അത്‍്‍. വ്യാജപ്രചാരണം നടത്തിയും വർഗീയത ഇളക്കിയും തീർഥാടനകാലം അട്ടിമറിക്കാൻ ചില തീർഥാടകസ്നേഹികളും സംരക്ഷണസമിതിക്കാരും നടത്തിയ നീക്കങ്ങൾക്ക്‍ മുൻവർഷത്തേക്കാൾ 45 കോടി രൂപ കൂടുതൽ നൽകിയാണ് തീർഥാടകർ മറുപടി നൽകിയത്‍.

ദേവസ്വംബോർഡിൽ വരുത്തിയ മാറ്റങ്ങൾ മുൻനിർത്തിയായിരുന്നു മറ്റൊരാക്രമണം. എ പത്മകുമാറിനെ പ്രസിഡന്റാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോൾ ശബരിമല തീർഥാടനമാകെ അലങ്കോലമാകുമെന്നാണ് 'പ്രവചന'മുണ്ടായത്‍. അങ്ങനെ പ്രചരിപ്പിച്ചവരും  ഇത്തവണ പൂർവാധികം ഭംഗിയായി കാര്യങ്ങൾ നടന്നുവെന്ന് ഇപ്പോൾ സമ്മതിക്കുന്നു. അന്നദാനത്തെക്കുറിച്ച്‍, അപ്പവും അരവണയും വിതരണം ചെയ്യുന്നതിനെക്കുറിച്ച്‍‐ നാനാതരത്തിലുള്ള ആക്ഷേപങ്ങളുയർത്താൻ മത്സരിച്ചവരുണ്ട്‍. ഒന്നും ഒരിടത്തും ഏശിയില്ല. അപ്പവും അരവണയും അടക്കമുള്ള പ്രസാദങ്ങൾ ആവശ്യാനുസരണം ഭക്തർക്ക്‍ ലഭ്യമാക്കി. കുടിവെള്ളം, ഭക്ഷണം, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെല്ലാം പരാതികളില്ലാതെ തീർഥാടകരിലെത്തിക്കാൻ കഴിഞ്ഞു. സുഖ ദർശനം, സുഗമ ദർശനം എന്ന സന്ദേശം സംസ്ഥാന പൊലീസ്‍സേന അക്ഷരാർഥത്തിൽ നടപ്പാക്കി. വൻ ജനക്കൂട്ടം എത്തുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‍നങ്ങൾപോലും ഉണ്ടായില്ല. കുടിവെള്ള വിതരണം, ആരോഗ്യപരിപാലനം, യാത്രാസൗകര്യം, ഗതാഗതനിയന്ത്രണം‐ എല്ലാ മേഖലകളിലും കുറ്റമറ്റ ആസൂത്രണവും ഇടപെടലുമാണുണ്ടായത്‍. ഹൃദയാഘാതമരണങ്ങൾ ഏറ്റവും കുറഞ്ഞ വർഷങ്ങളിലൊന്നുകൂടിയാണിത്‍.

ഒരുവർഷത്തെ തീർഥാടനം സൗകര്യപൂർണമാക്കാൻ ആ വർഷത്തെ ആസൂത്രണം മതി. എന്നാൽ, ശബരിമല ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ആവശ്യപ്പെടുന്നത്‍. അടുത്ത അരനൂറ്റാണ്ടത്തെ സമഗ്ര വികസനം മുന്നിൽകണ്ടുള്ള ശബരിമല മാസ്റ്റർപ്ലാൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്‍്‍. പമ്പയിൽ 10 ദശലക്ഷം സംഭരണശേഷിയുള്ള മാലിന്യസംഭരണ പ്ലാന്റ്‍ അതിവേഗം യാഥാർഥ്യമാക്കുമെന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനം ആശ്വാസദായകമാണ്.

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ തീർഥാടകർക്ക്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളിൽ ശബരിമലയ്‍ക്ക്‍ അനുയോജ്യമായവ സ്വീകരിച്ച്‍ നടപ്പാക്കാനുള്ള നീക്കവും കാനനക്ഷേത്രത്തിലെ തീർഥാടനകാലം ശാസ്‍ത്രീയമായി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി കാണണം. അശാസ്‍ത്രീയമായ കെട്ടിടനിർമിതികളിൽ ചിലത്‍ നീക്കം ചെയ്യാനും പരിസ്ഥിതിക്ക്‍ കോട്ടംതട്ടാതെ പുതിയ വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാനുമുള്ള തീരുമാനവും അഭിനന്ദനമർഹിക്കുന്നു. ഗ്രീൻ ശബരിമല എന്ന ക്യാമ്പയിൻ ശക്തമായി ഈ തീർഥാടനകാലത്ത്‍ നടപ്പാക്കാനായി. അതുകൊണ്ടുതന്നെ ശുചിത്വത്തിന് പ്രാധാന്യം നൽകിയ തീർഥാടനകാലമായിരുന്നു ഇത്തവണത്തേത്‍ എന്ന് നിസ്സംശയം പറയാം. തുണിയും മാലയും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പമ്പയിൽ ഉപേക്ഷിക്കുന്ന അനാചാരം അവസാനിപ്പിച്ചതടക്കം  ഹരിതചട്ടം പാലിക്കാനുള്ള സുദൃഢമായ നടപടികളാണുണ്ടായത്‍. വിശ്വാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം നയിക്കുന്ന ഒരു സർക്കാരിന് എന്തുചെയ്യാനാകും എന്ന പരീക്ഷയിൽ ഉയർന്ന മാർക്ക്‍ വാങ്ങി വിജയിച്ചരിക്കുന്നു എൽഡിഎഫ്‍ ഗവൺമെന്റ്‍. എല്ലാ കുപ്രചാരകരെയും വർഗീയവിദ്വേഷത്തിന്റെ വിൽപ്പനക്കാരെയും പുറങ്കാലുകൊണ്ട്‍ തട്ടിയകറ്റിയ തീർഥാടകർ പ്രഖ്യാപിച്ചതും ഈ നേട്ടത്തിനുള്ള പിന്തുണതന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top