28 May Sunday

ശബരി പാതയിൽ ചൂളംവിളി ഉയരണം

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021


കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന ചരിത്രപരമായ തീരുമാനമാണ്‌ സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം കൈക്കൊണ്ടത്‌. കാൽനൂറ്റാണ്ടായി കേരളം സ്വപ്‌നം കാണുന്ന ശബരി റെയിൽപാത യാഥാർഥ്യമാക്കാനുള്ള പിണറായി സർക്കാരിന്റെ ചുവടുവയ്‌പിനെ ധീരവും വിസ്‌മയകരവും എന്നു‌തന്നെ വിശേഷിപ്പിക്കാം. പാതയുടെ പകുതി ചെലവ്‌ വഹിക്കാമെന്ന്‌ കേരളം പ്രഖ്യാപിച്ചിരിക്കുകയാണ്‌. കാലം  ചെല്ലുന്തോറും അകന്ന്‌ പൊയ്‌ക്കൊണ്ടിരുന്ന ശബരി പാതയിലൂടെ യാത്രചെയ്യാനാകുമെന്ന്‌ ഇനി‌ ശരിക്കും പ്രതീക്ഷിച്ചു തുടങ്ങാം. കേന്ദ്ര സർക്കാർ ഏതാണ്ട്‌ ഉപേക്ഷിച്ച വൻകിട പദ്ധതി യാഥാർഥ്യമാക്കാൻ ഒരു കൊച്ചു സംസ്ഥാനം മുന്നോട്ടുവരുന്ന അത്യപൂർവ കാഴ്‌ച. ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ബദൽ വികസന നയത്തിന്റെ കരുത്തും കാര്യപ്രാപ്‌തിയും ബോധ്യപ്പെടുത്തുന്ന തീരുമാനം. പദ്ധതി വേഗത്തിലാക്കേണ്ട ഉത്തരവാദിത്തം ഇനി കേന്ദ്രത്തിനാണ്‌.

മധ്യകേരളത്തിൽ വിശേഷിച്ച്‌ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോരമേഖലയിൽ പാത‌ വലിയ കുതിപ്പിന്‌ വഴിതുറക്കും. ശബരിമല, എരുമേലി, ഭരണങ്ങാനം, രാമപുരം എന്നിവയടങ്ങുന്ന സംസ്ഥാനത്തെ പ്രധാന തീർഥാടക സർക്യൂട്ടിനെ ബന്ധിപ്പിക്കുന്ന പാതയാണിത്‌. ലക്ഷക്കണക്കിന്‌ ഭക്തരെത്തുന്ന ശബരിമല റെയിൽവേ ഭൂപടത്തിൽ ഉൾപ്പെടുന്നതോടെ വിനോദ സഞ്ചാരവും തീർഥാടനവും വഴി മേഖലയുടെ സാമ്പത്തിക മുന്നേറ്റത്തിനും അവസരമൊരുങ്ങും. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ ശബരിമലയിലെത്തുന്ന തീർഥാടകരുടെ യാത്രാദുരിതത്തിനും‌ ഇതോടെ പരിഹാരമാകും.

യാത്രാസൗകര്യം കുറഞ്ഞ മലയോരമേഖലയിലെ ജനങ്ങൾക്കും ആശ്വാസമാകും. അങ്കമാലിയിൽ‌ തുടങ്ങി കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, പൊൻകുന്നം വഴി എരുമേലിയിൽ അവസാനിക്കുന്ന പാത റെയിൽവേ സൗകര്യമില്ലാത്ത ഇടുക്കി ജില്ലയിലും എറണാകുളം, കോട്ടയം ജില്ലകളുടെ കിഴക്കൻമേഖലയിലുമുള്ള ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. എരുമേലിയിൽനിന്ന്‌ പുനലൂരിലേക്കുള്ള അടുത്ത ഘട്ടം പൂർത്തിയാക്കി തമിഴ്‌നാട്ടിലേക്ക്‌ പാത തുറക്കാനായാൽ മധ്യകേരളത്തിൽ ഗതാഗതമേഖലയിൽ അസാധാരണ മുന്നേറ്റം സാധ്യമാകും.


 

1998ലെ റെയിൽവേ ബജറ്റിൽ 517 കോടി രൂപ ചെലവ്‌ പ്രതീക്ഷിച്ച്‌ പ്രഖ്യാപിച്ച ശബരി പദ്ധതിയോട്‌ കേന്ദ്രം എക്കാലത്തും അവഗണനയാണ്‌ കാണിച്ചത്‌. മുഴുവൻ ചെലവും വഹിക്കുമെന്ന്‌‌ തീരുമാനിച്ച്‌ പ്രഖ്യാപിച്ച പദ്ധതി മാറിമാറി വന്ന സർക്കാരുകൾ കൈയൊഴിഞ്ഞതാണ്‌ അനുഭവം. അങ്കമാലി–-കാലടി പാളവും കാലടിയിൽ സ്‌റ്റേഷനും പണിതതാണ്‌ 22 വർഷത്തെ നേട്ടം. ഒരേസമയം കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്‌ സർക്കാർ ഭരിച്ചിട്ടും പാതയ്‌ക്ക്‌ പരിഗണന കിട്ടിയില്ല. ശബരിമലയുടെ പേരിൽ മുതലെടുപ്പ്‌ നടത്തുന്ന ബിജെപിയും മോഡി സർക്കാരും പദ്ധതിയോട്‌ മുഖം തിരിഞ്ഞുനിന്നു. കഴിഞ്ഞ ബജറ്റിൽ പേരിന്‌ വെറും ഒരു കോടി രൂപ വകയിരുത്തി പൂർണമായി അവഗണിക്കുകയാണുണ്ടായത്‌. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാടിലേക്ക്‌ പിന്നീട്‌ മോഡി സർക്കാർ മാറുകയും ചെയ്‌തു. കേന്ദ്രം അടിച്ചേൽപ്പിച്ച ഈ ബാധ്യതയും കേരളം ഏറ്റെടുക്കുകയാണ്‌. പൊതുമേഖല വിറ്റുതുലയ്‌ക്കാൻ മോഡി സർക്കാർ ഉത്സാഹിക്കുമ്പോഴാണ്‌ കേരളം ഈ രംഗത്ത്‌ പണം നിക്ഷേപിക്കുന്നത്‌. വാക്കുപാലിച്ച്‌ എത്രയും വേഗം പാത യാഥാർഥ്യമാക്കാൻ ഇനിയെങ്കിലും കേന്ദ്രം തയ്യാറാകണം.

അടിസ്ഥാന സൗകര്യങ്ങൾമുതൽ ക്ഷേമ നടപടികൾവരെയുള്ള വൈവിധ്യമാർന്ന പദ്ധതികൾ സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കുന്നത്‌ അതിശയത്തോടെയാണ്‌ രാജ്യം ഉറ്റുനോക്കുന്നത്‌. ഒരിക്കലും യാഥാർഥ്യമാകില്ലെന്ന്‌ കരുതിയ നിരവധി പദ്ധതികൾ സർക്കാർ ധൈര്യപൂർവം ഏറ്റെടുത്ത്‌ സമയബന്ധിതമായി പൂർത്തിയാക്കി. പാതിയിൽ നിലച്ച ഗെയിൽ പൈപ്പ്‌ലൈനും സംസ്ഥാനം വിഹിതം നൽകി ദേശീയപാതാ സ്ഥലമെടുപ്പും പൂർത്തിയാക്കിയ അനുഭവം നമുക്ക്‌ മുന്നിലുണ്ട്‌.

പിണറായി സർക്കാർ നിശ്ചയദാർഢ്യത്തോടും ഇച്ഛാശക്തിയോടും മുന്നിൽനിന്നാൽ ശബരി പാതയിൽ ചൂളംവിളി ഉയരുമെന്ന്‌ ജനം കരുതുന്നു. അങ്കമാലിമുതൽ എരുമേലിവരെ 111 കിലോ മീറ്റർ പാതയ്‌ക്കാവശ്യമായ 2815 കോടി രൂപയുടെ പകുതി കിഫ്‌ബി വഴിയാണ്‌ ലഭ്യമാക്കുന്നത്‌. കിഫ്‌ബിയെ വിവാദങ്ങളിൽ തളച്ചിടാൻ ഗൂഢാലോചന നടത്തിയവർക്കുള്ള മറുപടി കൂടിയാണിത്‌. പരിമിതമായ വിഭവങ്ങളും അധികാരങ്ങളുമുള്ള ഈ കൊച്ചുസംസ്ഥാനം ഭാവനാപൂർണതയും പ്രതിബദ്ധതയുമുള്ള നയങ്ങളിലൂടെയും ഇച്ഛാശക്തിയുള്ള നടപടികളിലൂടെയും പുതിയ വികസനബദൽ നടപ്പാക്കുകയാണ്‌. ജനങ്ങളുടെയാകെ ജീവിതത്തെ സർക്കാർ വന്നുതൊടുന്ന അപൂർവത കേരളം അനുഭവിച്ചറിയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top