25 April Thursday

കൂടിച്ചേരാത്ത സാര്‍ക് ഉച്ചകോടി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2016


ശ്രീലങ്കകൂടി പിന്മാറിയതോടെ നവംബര്‍ ഒമ്പതിനും പത്തിനും ഇസ്ളാമാബാദില്‍ ചേരേണ്ടിയിരുന്ന ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ പ്രാദേശിക സഹകരണ സഖ്യത്തിന്റെ (സാര്‍ക്) പത്തൊമ്പതാമത് ഉച്ചകോടി നിര്‍ത്തിവച്ചു. സെപ്തംബര്‍ 18ന് പാകിസ്ഥാന്‍ ഭീകരവാദികള്‍ നടത്തിയ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാക്അധിനിവേശ കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന്റെയും  പശ്ചാത്തലത്തിലാണ് ഉച്ചകോടി നിര്‍ത്തിവച്ചത്. ഉറി ആക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതോടെതന്നെ അത്  നടക്കില്ലെന്ന് ഉറപ്പായിരുന്നു. ഭൂട്ടാനും അഫ്ഗാനിസ്ഥാനും ബംഗ്ളാദേശും ഇന്ത്യയെ പിന്തുണച്ച് ഇസ്ളാമാബാദ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ശ്രീലങ്കകൂടി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ നിലവിലുള്ള സാര്‍ക് ചെയര്‍മാന്‍ നേപ്പാളും അടുത്ത ചെയര്‍മാന്‍ പാകിസ്ഥാനും മാലിദ്വീപും മാത്രമായി അവശേഷിച്ചു. ഈ പശ്ചാത്തലത്തിലാണ് ഉച്ചകോടി അനിശ്ചിതമായി നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്. പുതിയ തീയതി സംബന്ധിച്ച് അംഗരാഷ്ട്രങ്ങളുമായി നേപ്പാള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. 

ബംഗ്ളാദേശിലെ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ 1980കളിലാണ് സാര്‍ക്കിന് രൂപംനല്‍കുന്നത്. ലോകത്തിലെ ഭൂവിസ്തൃതിയുടെ മൂന്നുശതമാനവും ജനസംഖ്യയുടെ 22 ശതമാനവും ആഗോള സമ്പദ്വ്യവസ്ഥയുടെ 9.2 ശതമാനവും പ്രതിനിധാനം ചെയ്യുന്ന ലോകരാഷ്ട്രങ്ങളുടെ കൂട്ടായ്മയാണിത്.  1985ല്‍ ധാക്കയിലായിരുന്നു ആദ്യ ഉച്ചകോടി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രമായ ഇന്ത്യയോട് സാമ്പത്തിക– വ്യാപാര രംഗങ്ങളില്‍ മത്സരിക്കുക ലക്ഷ്യമാക്കി രൂപീകരിച്ച ഈ സംഘടനയിലേക്ക് മനസ്സില്ലാമനസ്സോടെയാണ് ഇന്ത്യ അംഗമായത്. ബംഗ്ളാദേശാണ് നേതൃത്വം നല്‍കുന്നതെന്നതിനാല്‍ പാകിസ്ഥാനും വലിയ താല്‍പ്പര്യമില്ലായിരുന്നു. ഇതുകൊണ്ടുതന്നെയായിരിക്കണം മൂന്ന് ദശാബ്ദങ്ങള്‍ക്കുശേഷവും സാര്‍ക് അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരം തീര്‍ത്തും ശുഷ്കമായി നിലനില്‍ക്കുന്നത്. നവ ഉദാരവല്‍ക്കരണത്തിന്റെ യുഗം പിറന്നിട്ടും ഇന്ത്യ– പാക് സംഘര്‍ഷത്തില്‍ ഉടക്കി സാര്‍ക് ഏറെയൊന്നും മുന്നോട്ടുപോയില്ല. 

പ്രാദേശിക സഹകരണത്തെ ബന്ദിയാക്കി നിര്‍ത്തുന്ന പാകിസ്ഥാന്റെ സമീപനത്തെ ഇന്ത്യ തുടക്കംമുതലേ എതിര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സാര്‍ക് അംഗരാഷ്ട്രങ്ങളുമായി പ്രത്യേകമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ ഇന്ത്യ ആരംഭിച്ചത്. ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കി. ബംഗ്ളാദേശുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിട്ടില്ലെങ്കിലും ബിംസ്ടെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഓഫ് മള്‍ട്ടി സെക്ടറല്‍ ട്രേഡ് ആന്‍ഡ് ഇക്കോണമിക് കോ– ഓപ്പറേഷന്‍) സഖ്യത്തിന് ഇന്ത്യ തുടക്കമിട്ടു. ഒക്ടോബര്‍ 15നും 16നും ഗോവയില്‍ ചേരുന്ന എട്ടാമത് ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയിലേക്ക് ബിംസ്ടെക് നേതാക്കളെയും ക്ഷണിച്ചത് സമാന്തര സാര്‍ക് നയതന്ത്രം ശക്തമാക്കുക ലക്ഷ്യമിട്ടാണ്. അവാമി ലീഗ് നേതാവ് ഷേഖ് ഹസീന വാജേദ് ധാക്കയില്‍ അധികാരമേറിയതോടെ ബംഗ്ളാദേശുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാവുകയും ചെയ്തു. ഇരുരാഷ്ട്രങ്ങളും തമ്മില്‍ റെയില്‍– റോഡ്– സമുദ്ര ബന്ധങ്ങള്‍ ശക്തമായി. 'ലുക് ഈസ്റ്റ്'് പോളിസിയുടെ ഭാഗമായിരുന്നു ഈ നീക്കം. ഇതോടൊപ്പം ബിബിഐഎന്‍ എന്ന കൂട്ടായ്മയ്ക്കും ഇന്ത്യ തുടക്കമിട്ടിട്ടുണ്ട്. ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍ എന്നീ രാഷ്ട്രങ്ങളാണ് ഈ കൂട്ടുകെട്ടിലുള്ളത്. സാര്‍ക് ചട്ടക്കൂട് അനുസരിച്ചുതന്നെ അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള ഇത്തരം പ്രാദേശിക സഹകരണസംഘങ്ങള്‍ രൂപീകരിക്കുകയുമാവാം. അതായത്, സാര്‍ക്കിലെ മാലിദ്വീപും അഫ്ഗാനിസ്ഥാനും മാത്രമാണ് ഇത്തരം സഹകരണ കൂട്ടായ്മയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത്. ആസിയനുമായുള്ള അടുത്ത ബന്ധവും കിഴക്കനേഷ്യന്‍ ഉച്ചകോടിയിലെ സജീവപങ്കാളിത്തവും ആയതോടെതന്നെ സാര്‍ക്കില്‍നിന്ന് ഇന്ത്യ അകന്നിരുന്നു. സാമ്പത്തിക, വ്യാപാരസംരംഭങ്ങള്‍ക്ക് പാകിസ്ഥാന്റെ ഭീകരവാദം തടസ്സംനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാനിതര ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടുമായി ഇന്ത്യ ബഹുദൂരം മുന്നോട്ടുപോയത്. 2014ല്‍ കാഠ്മണ്ഡുവില്‍ പതിനെട്ടാമത് സാര്‍ക് ഉച്ചകോടി നടക്കുന്ന വേളയില്‍ ദക്ഷിണേഷ്യന്‍ മോട്ടോര്‍വാഹന കരാറിലും ഊര്‍ജസഹകരണ കരാറിലും ഒപ്പിടാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചതോടെ ഈ നീക്കത്തിന് വേഗം വര്‍ധിച്ചുവെന്നുമാത്രം. അതായത്, പാകിസ്ഥാനുമായുള്ള ഇപ്പോഴത്തെ സംഘര്‍ഷം സാര്‍ക്കില്‍നിന്ന് പുറത്തുകടക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ ബലപ്പെടുത്തിയെന്നുമാത്രം. 

എന്നാല്‍, സാര്‍ക്കില്‍നിന്ന് പുറത്തുകടക്കാനുള്ള മോഡിസര്‍ക്കാരിന്റെ നീക്കത്തിന് വേഗം നല്‍കിയതിനുപിന്നില്‍  മറ്റൊരു വസ്തുതകൂടിയുണ്ടെന്ന കാര്യം കാണാതിരുന്നുകൂടാ. 'ചൈനയെ തളയ്ക്കുക' എന്ന അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗംകൂടിയാണ് ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സാര്‍ക്കില്‍ അംഗത്വംനേടാന്‍ ചൈന കാര്യമായി ശ്രമിച്ചുവരികയാണ്. ദക്ഷിണേഷ്യയില്‍ സ്വാധീനമുറപ്പിച്ചുവരുന്ന ചൈന സാര്‍ക്കില്‍ അംഗമായാല്‍ ആ സ്വാധീനം വര്‍ധിക്കും. ചൈനയുടെ രംഗപ്രവേശം തടയുകയെന്നതും ഇന്ത്യയുടെ ലക്ഷ്യമാണെന്നര്‍ഥം. സാര്‍ക്കില്‍ ചൈന അംഗമാകുന്ന പക്ഷം ഇന്ത്യക്ക് നേതൃസ്ഥാനം നഷ്ടപ്പെടും. അതുകൊണ്ടുതന്നെ പാകിസ്ഥാന്‍ ഒഴിച്ചുള്ള സാര്‍ക്കിലും ഇന്ത്യക്ക് താല്‍പ്പര്യമില്ലെന്നര്‍ഥം. ഇക്കാരണം കൊണ്ടുകൂടിയാണ് സാര്‍ക് ഉച്ചകോടിയില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top