16 June Sunday

റഷ്യക്കെതിരെ ബ്രിട്ടന്റെ പടയൊരുക്കം

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018


ചാരനെ രാസവിഷപ്രയോഗത്തിലൂടെ കൊല്ലാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്രപ്പോര് മറ്റൊരു ശീതയുദ്ധത്തിലേക്ക് നയിക്കപ്പെടുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. റഷ്യൻ രഹസ്യാന്വേഷണവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരിക്കെതന്നെ ബ്രിട്ടീഷ് ചാരസംഘടനയായ എം16ന് രഹസ്യങ്ങൾ ചോർത്തി നൽകിയ റഷ്യക്കാരനായ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും രാസവിഷപ്രയോഗത്തിലൂടെ കൊല്ലാൻ റഷ്യ ശ്രമിച്ചെന്നാരോപിച്ച് 23 റഷ്യൻ നയതന്ത്ര പ്രതിനിധികളെയാണ് ബ്രിട്ടൻ പുറത്താക്കിയത്. അതിനു പകരമെന്നോണം 23 ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ റഷ്യയും പുറത്താക്കി. റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവിന് ലണ്ടൻ സന്ദർശിക്കാനുള്ള ക്ഷണം പിൻവലിക്കുന്നതായും ബ്രിട്ടൻ അറിയിച്ചു. റഷ്യയിലെ ബ്രിട്ടീഷ് കോൺസലിന്റെ പ്രവർത്തനം മരവിപ്പിക്കുമെന്ന് റഷ്യയും തിരിച്ചടിച്ചു. വിഷപ്രയോഗത്തിലൂടെ ചാരനെ കൊല്ലാൻ ശ്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന ബ്രിട്ടീഷ് ആരോപണത്തെ ഫ്രാൻസും ജർമനിയും അമേരിക്കയും പിന്തുണച്ചതോടെ റഷ്യക്കെതിരെയുള്ള പാശ്ചാത്യചേരിയുടെ നീക്കമാണ് ഇതെന്ന് വ്യക്തമായി.

നൊവിചോക്ക് എന്ന നെർവ് ഏജന്റ് ഉപയോഗിച്ചാണ് ബ്രിട്ടീഷ് ചാരനെ വധിക്കാൻ ശ്രമിച്ചതെന്നാണ് ബ്രിട്ടന്റെ ആരോപണം.ബ്രിട്ടനിലെ സാലിസ്ബറിയിലുള്ള സിസി റെസ്റ്റോറന്റിൽ ഭക്ഷണം കഴിഞ്ഞിറങ്ങി ഒരു ബെഞ്ചിൽ ഇരിക്കവെയാണ് അറുപത്താറുകാരനായ സെർജി സ്ക്രിപാലും മുപ്പത്തിമൂന്നുകാരിയായ മകൾ യൂലിയ സ്ക്രിപാലിനുമെതിരെ രാസവിഷപ്രയോഗം ഉണ്ടായതെന്നാണ് ബ്രിട്ടന്റെ ആരോപണം. അബോധാവസ്ഥയിലായ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന, റഷ്യ വികസിപ്പിച്ചെടുത്ത നൊവിചോക്കാണ് ഇവർക്കെതിരെ പ്രയോഗച്ചിതെന്നും അതിനാൽ റഷ്യയായിരിക്കാം ഇതിന്റെ പിന്നിലെന്നുമാണ് ജനപ്രതിനിധിസഭയിൽ സംസാരിക്കവേ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വെളിപ്പെടുത്തിയത്. റഷ്യ ബ്രിട്ടനെതിരെ നടത്തുന്ന നേരിട്ടുള്ള ആക്രമണമായി മേ ഇതിനെ വിശേഷിപ്പിച്ചു. റഷ്യൻ ചാരസംഘടനയിൽ ഉദ്യോഗസ്ഥനായ സെർജി സ്ക്രിപാൽ രഹസ്യവിവരങ്ങൾ ബ്രിട്ടന് ചോർത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് 13 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് ചാരന്മാരെ കൈമാറുന്ന ഘട്ടത്തിലാണ് സ്ക്രിപാലിനെ ബ്രിട്ടന് കൈമാറിയത്.

ഈ കൊലപാതകശ്രമത്തിനു പിന്നിൽ റഷ്യയല്ലെങ്കിൽ അവർ നിർമിക്കുന്ന നെർവ് ഏജന്റ് എങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന അന്ത്യശാസനവും ബ്രിട്ടൻ നൽകുകയുണ്ടായി. 2006ൽ റഷ്യൻ സുരക്ഷാവിഭാഗമായ എഫ്എസ്ബിയുടെ ഏജന്റായ അലക്സാണ്ടർ ലിത്വിനെങ്കോയും രാസവിഷപ്രയോഗത്തിലൂടെ വധിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നിർദേശപ്രകാരം എഫ്എസ്ബിതന്നെയാണ് അലക്സാണ്ടറുടെ മരണത്തിനും കാരണമായതെന്നാണ് ബ്രിട്ടീഷ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിച്ചത്. എന്നാൽ, റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ തടയുകയാണ് ഇപ്പോൾ ബ്രിട്ടന്റെ ലക്ഷ്യമെന്ന് റഷ്യ ആേരാപിച്ചു. ലോകകപ്പിൽ പങ്കെടുക്കാതിരിക്കാൻ പോളണ്ടിനോടും ഓസ്ട്രേലിയയോടും ജപ്പാനോടും മറ്റും ബ്രിട്ടൻ അഭ്യർഥിച്ചിരിക്കുകയാണ്. എന്നാൽ, ലോകകപ്പ് വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യയിപ്പോൾ.

നയതന്ത്രപ്രതിനിധികളെ പുറത്താക്കാനുള്ള ബ്രിട്ടന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ രംഗത്തെത്തി. അംഗീകരിക്കാനാകാത്തതും ഹ്രസ്വദൃഷ്ടിയോടുകൂടിയുള്ളതുമായ ബ്രിട്ടന്റെ  നടപടിക്ക് ന്യായീകരണമില്ലെന്നും റഷ്യ പ്രതികരിച്ചു. വസ്തുതകളുടെ പിൻബലമില്ലാതെയുള്ള റഷ്യ വിരുദ്ധ പ്രചാരണമാണ് തെരേസ മേ നടത്തുന്നതെന്നും തീർത്തും ഏകപക്ഷീയവും അന്താരാഷ്ട്ര ധാരണകൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ കാര്യങ്ങളാണ് ഇതെന്നും റഷ്യൻ വിദേശമന്ത്രാലയം കുറ്റപ്പെടുത്തി. ബ്രിട്ടനിലെ മുഖ്യപ്രതിപക്ഷമായ ലേബർപാർടിയാകട്ടെ വിഷംകൊടുത്ത് കൊല്ലാനുള്ള ശ്രമത്തെ അപലപിച്ചെങ്കിലും കൃത്യമായ തെളിവിന്റെയും നിയമവാഴ്ചയുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കണെമന്ന് നിർദേശിച്ചു.

സിറിയൻ യുദ്ധത്തിലും ്രകിമിയൻ പ്രശ്നത്തിലും മറ്റും പാശ്ചാത്യചേരിയെ നിഷ്പ്രഭമാക്കി റഷ്യ മുന്നേറിയതാണ് ബ്രിട്ടനെയും അമേരിക്കയെയും അലോസരപ്പെടുത്തുന്നത്. സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിനെ പുറത്താക്കാനുള്ള അമേരിക്കൻ അജൻഡ പൊളിഞ്ഞതും റഷ്യയുടെ രംഗപ്രവേശത്തോടെയായിരുന്നു. മാത്രമല്ല, ചൈനയുമായുള്ള റഷ്യൻ സഹകരണവും അമേരിക്കയെ അലോസരപ്പെടുത്തുകയാണ്. ഈ ഘട്ടത്തിലാണ് റഷ്യക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ബ്രിട്ടൻ രംഗത്തുവന്നത്. ബ്രെക്സിറ്റിൽ കുരുങ്ങി പ്രതിഛായ നഷ്ടപ്പെട്ട തെരസേ മേ സർക്കാർ റഷ്യക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്. ബ്രക്സിറ്റിനുശേഷവും സുരക്ഷാവിഷയങ്ങളിൽ യൂറോപ്യൻ യൂണിയനൊപ്പമായിരിക്കും ബ്രിട്ടൻ എന്ന സന്ദേശവും ഇതിലടങ്ങിയിട്ടുണ്ട്. ഫ്രാൻസും ജർമനിയും ചേർന്ന് ഒരു യൂറോപ്യൻ ആർമിക്ക് രൂപം നൽകുമെന്ന വാർത്തകൾ പുറത്തുവരുന്ന ഘട്ടത്തിൽ പ്രത്യേകിച്ചും. മാരകായുധങ്ങൾ ഉണ്ടെന്നു പറഞ്ഞ് പാശ്ചാത്യചേരി ഇറാഖിനെ ആക്രമിച്ചതിനു സമാനമായ അന്തരീക്ഷമാണ് റഷ്യക്കെതിരെയും സൃഷ്ടിക്കപ്പെടുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top