05 October Thursday

ഉക്രയ്ൻ യുദ്ധം: നേട്ടം ആയുധവിപണിക്കുമാത്രം

വെബ് ഡെസ്‌ക്‌Updated: Friday Mar 25, 2022


ഉക്രയ്‌നെതിരായ റഷ്യയുടെ സൈനികനീക്കം രണ്ടാം മാസത്തിലേക്കു കടന്നിരിക്കുന്നു. വൻ നാശവും രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് ദർശിച്ച ഏറ്റവും വലിയ അഭയാർഥി പ്രവാഹവും അനുസ്യൂതം തുടരുന്നു. ഇതിനു സമാന്തരമായി ആയുധവ്യാപാര വിപണി ഉണർന്നു. കോവിഡിനെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കുത്തനെ ഇടിഞ്ഞ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചില അനുകൂല സൂചനകൾ കണ്ടുതുടങ്ങിയ പശ്ചാത്തലത്തിലാണ് രണ്ട് രാജ്യം യുദ്ധത്തിലേക്ക് കടന്നത്.

ആഗോളശക്തിയായ റഷ്യയോട് സൈനിക ബലത്തിൽ പിന്നിലായ ഉക്രയ്ൻ നടത്തുന്ന ചെറുത്തുനിൽപ്പിനെ ശക്തിപ്പെടുത്താൻ അവിടേക്ക് ആയുധങ്ങൾ ഒഴുക്കുകയാണ് പാശ്ചാത്യചേരി. മൂന്ന് ഘട്ടമായി അറുപത് കോടി ഡോളറിന്റെ സൈനികസഹായമാണ് അമേരിക്ക നൽകിയിരിക്കുന്നത്. കൂടുതൽ സൈനിക പിന്തുണ ബ്രിട്ടനും എത്തിച്ചു കഴിഞ്ഞു. നെതർലൻഡ്‌സ്, ജർമനി, ക്യാനഡ, സ്വീഡൻ, ബെൽജിയം, പോർച്ചുഗൽ, ഗ്രീസ്, റൊമാനിയ, സ്‌പെയിൻ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളെല്ലാം സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്. ആയുധ കയറ്റുമതി പടിപടിയായി നിരോധിക്കുകയെന്ന ദീർഘകാല നയത്തിൽനിന്ന് ജർമനി പിന്നോട്ട് മാറി. 1939നുശേഷം സ്വീഡൻ ആദ്യമായാണ് സായുധ പോരാട്ടം നടക്കുന്ന  രാജ്യത്തേക്ക് ആയുധങ്ങൾ അയക്കുന്നത്.

ബെർലിൻ മതിൽ തകർന്ന് സോവിയറ്റ് യൂണിയൻ ഘടക റിപ്പബ്ലിക്കുകളായി പിരിച്ചുവിട്ട്  മൂന്ന് പതിറ്റാണ്ടിനുശേഷം  യൂറോപ്പിനെയാകെ സംഘർഷ ഭീഷണി പിടികൂടുന്നത് ഇപ്പോഴാണ്. ഈ സാഹചര്യം ഉപയോഗിച്ച് അമേരിക്കയും സഖ്യ കക്ഷികളും മേഖലയെ ആയുധങ്ങളാൽ നിറയ്‌ക്കുകയാണ്. ജർമനി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ രണ്ട് ശതമാനം, സൈനികവൽക്കരണത്തിന് ചെലവഴിക്കാൻ തീരുമാനിച്ചു. റഷ്യൻ അതിർത്തിയിലുള്ള മുൻ സോവിയറ്റ് രാജ്യങ്ങളെ ആയുധമണിയിക്കാൻ നാറ്റോ തീരുമാനിച്ചിരിക്കുന്നു. ഇവയെല്ലാം അനുഗ്രഹമാകുക അന്താരാഷ്ട്ര തലത്തിലുള്ള ആയുധനിർമാതാക്കൾക്ക് മാത്രമായിരിക്കും.

2021-ലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ആയുധ വ്യാപാരത്തിന്റെ 90.3 ശതമാനം കുത്തകയാക്കി വച്ചിരിക്കുന്നത് 10 രാജ്യമാണ്. വ്യാപാരത്തിന്റെ 75.9 ശതമാനം അമേരിക്ക, റഷ്യ, ഫ്രാൻസ്, ജർമനി, ചൈന എന്നിവിടങ്ങളിലാണ്. ഇസ്രയേൽ, ഇറ്റലി, ദക്ഷിണ കൊറിയ, സ്‌പെയിൻ, ബ്രിട്ടൻ എന്നിവ  14.4 ശതമാനം വ്യാപാരം നടത്തുന്നു. ഇന്ത്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെല്ലാമായി ബാക്കി 9.7 ശതമാനം.

ഉക്രയ്‌ൻ യുദ്ധം വലിയ വ്യാപാര സാധ്യതകളിലേക്കാണ് വഴി തുറക്കുന്നതെന്ന് ആയുധനിർമാതാക്കൾതന്നെ വെളിപ്പെടുത്തുന്നുണ്ട്. അത്യാധുനിക ആയുധ നിർമാതാക്കളായ റേതിയോൺ, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ കമ്പനികൾ സംഘർഷം ബിസിനസിന് നല്ലതാണെന്ന് തുറന്നുപറയുകയാണ്. കിഴക്കൻ യൂറോപ്പിലെ നിലവിലെ പിരിമുറുക്കങ്ങൾ കമ്പനിക്ക് ഗുണമാകുമെന്നും വലിയ സാമ്പത്തികനേട്ടം ഉണ്ടാകുമെന്നും റേതിയോൺ സിഇഒ ഗ്രെഗ് ഹെയ്സ് നിക്ഷേപകരുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നതായി യുഎസ് മാസികയായ ഇൻ ദിസ് ടൈംസ് റിപ്പോർട്ട്‌ ചെയ്തു. യുദ്ധം കമ്പനിക്ക് കൂടുതൽ ബിസിനസ് വാഗ്ദാനം ചെയ്യുന്നുവെന്ന് പറഞ്ഞ് ലോക്ക്ഹീഡ് മാർട്ടിൻ മേധാവി ജിം ടെയ്ക്ലെറ്റും ആഹ്ലാദപ്രകടനം നടത്തി. സാമ്രാജ്യത്വ രാഷ്‌ട്രീയം നിയന്ത്രിക്കുന്ന ആയുധ ഭീമൻമാരുടെ പ്രതീക്ഷകളിലേക്കുതന്നെ കാര്യങ്ങൾ ഏതാണ്ടൊക്കെ എത്തിയിരിക്കുന്നു. ആധുനിക കാലത്തെ യുദ്ധങ്ങളിൽ ആയുധ ഭീമന്മാരുടെ പങ്ക് അവിതർക്കിതമാണ്. മനുഷ്യരക്തത്തിൽ ചാലിച്ച ആയുധവ്യാപാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top