26 April Friday

രക്ഷാദൗത്യം: ബഹുതല ശ്രമങ്ങൾ വേണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 3, 2022


കിഴക്കൻ ഉക്രയ്‌ൻ നഗരമായ ഖാർകിവിൽ കർണാടക സ്വദേശിയായ എംബിബിഎസ്‌ വിദ്യാർഥി നവീൻ എസ്‌ ജി കൊല്ലപ്പെട്ടത്‌ ഇന്ത്യക്കാരിലാകെ _ദുഃഖവും ആശങ്കയും പടർത്തിയിരിക്കുന്നു. റഷ്യയും ഉക്രയ്‌നും തമ്മിൽ ഏഴ്‌ ദിവസമായി തുടരുന്ന സായുധസംഘർഷത്തിന്റെ രക്തസാക്ഷിയാണ്‌ നവീൻ. ഉക്രയ്‌നിൽ കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ള ആയിരക്കണക്കിന്‌ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ മോദിസർക്കാർ മതിയായ ജാഗ്രതയും കരുതലും കാട്ടുന്നില്ലെന്ന വിമർശം ശക്തമാകുന്നതിനിടയിലാണ്‌ ദാരുണമായ ഈ സംഭവം. വാചകക്കസർത്തുകളിൽ അഭിരമിക്കുന്നതിനപ്പുറം ക്രിയാത്മക നടപടികളിലേക്ക്‌ നീങ്ങാൻ മോദിസർക്കാരിനു കഴിയാത്തതിനു ഉദാഹരണം കൂടിയാണ്‌ നിലവിലെ പ്രതിസന്ധി.

ഉക്രയ്‌നിൽ കൃത്യമായി എത്ര ഇന്ത്യക്കാരുണ്ടെന്നുപോലും വിദേശമന്ത്രാലയത്തിന്‌ അറിയില്ല. ഇതുസംബന്ധിച്ച്‌ വ്യത്യസ്‌ത കണക്കുകളാണ്‌ പുറത്തുവരുന്നത്‌. രാജ്യത്തിന്‌ _പുറത്ത്‌ ജോലി തേടിയും പഠിക്കാനും  അവിടെ താമസിക്കാനും പോകുന്ന ഇന്ത്യക്കാരുടെ എണ്ണം ശേഖരിക്കാൻ കേന്ദ്രത്തിന്‌ കഴിയാത്തത്‌ നിലവിലെ നിയമത്തിന്റെ _പോരായ്‌മയാണ്‌. 40 വർഷം പഴക്കമുള്ള നിയമമാണ്‌ പ്രാബല്യത്തിലുള്ളത്‌. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക്‌ ഇന്ത്യൻ പൗരത്വം നൽകാൻ നിയമംകൊണ്ടുവന്ന മോദിസർക്കാരിനു ഇന്ത്യക്കാരുടെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കാൻ സമയമില്ല. റഷ്യ–-ഉക്രയ്‌ൻ സംഘർഷം ഉരുണ്ടുകൂടിയപ്പോഴേ പല രാജ്യങ്ങളും സ്വന്തം പൗരന്മാരെ ഉക്രയ്‌നിൽനിന്ന്‌ പിൻവലിച്ചു. കേന്ദ്രസർക്കാരാകട്ടെ പ്രത്യക്ഷയുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ സുഷുപ്‌തിയിൽ തുടർന്നു. റഷ്യയുമായി മികച്ചബന്ധം സൂക്ഷിക്കുന്നുവെന്ന്‌ മോദിസർക്കാർ പറയുമ്പോഴും നടക്കാൻപോകുന്ന കാര്യങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ നയതന്ത്രവൃന്ദത്തിന്‌ കഴിഞ്ഞില്ല. _ ഇവിടേക്ക്‌ പോരണമെന്നുള്ളവർ മാത്രം ഉക്രയ്‌ൻ വിട്ടുവന്നാൽ മതിയെന്ന്‌ വിദേശമന്ത്രാലയം തുടർച്ചയായി മുന്നറിയിപ്പ്‌ നൽകിയതിൽനിന്ന്‌ ഇതാണ്‌ മനസ്സിലാക്കേണ്ടത്‌. എല്ലാവരും ഉക്രയ്‌ൻ വിട്ടുപോരണമെന്നായിരുന്നില്ല മുന്നറിയിപ്പ്‌.

സൈനികനടപടികൾ ആരംഭിച്ചശേഷം വിദേശമന്ത്രാലയവും കീവിലെ ഇന്ത്യൻ എംബസിയും നൽകിയ നിർദേശങ്ങൾ ആശയക്കുഴപ്പവും പ്രതിസന്ധിയും വർധിപ്പിച്ചു. ബങ്കറുകളിൽ സുരക്ഷിതമായി തുടരാനും കിട്ടുന്ന വാഹനങ്ങളിൽ അതിർത്തികളിൽ എത്താനും ഒരേസമയം നിർദേശിച്ചു. ഉക്രയ്‌നിലെ ബാങ്കിങ്‌ സംവിധാനം താറുമാറായെന്ന്‌ ബോധ്യമായശേഷവും വിദേശമന്ത്രാലയം വിദ്യാർഥികളോട്‌ നിർദേശിച്ചത്‌ അമേരിക്കൻ ഡോളർ കൈയിൽ കരുതണമെന്നാണ്‌. ഉക്രയ്‌ൻ സൈനികർ ഇന്ത്യൻ വിദ്യാർഥികളോട്‌ മോശമായി പെരുമാറുന്നുവെന്ന റിപ്പോർട്ടുകൾ വന്നശേഷവും കേന്ദ്രം മതിയായ ഇടപെടൽ നടത്തിയില്ല. അമേരിക്കയുമായി തന്ത്രപരമായ സഹകരണത്തിനും പങ്കാളിത്തത്തിനും പല കരാറുകളിലും മോദിസർക്കാർ ഒപ്പുവച്ചിട്ടുണ്ട്‌. അമേരിക്കയുടെ സമ്മർദത്തിനു വഴങ്ങി ക്വാഡിലും(അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ) അംഗമായി. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക വഴിയും മോദിസർക്കാരിനു ഉക്രയ്‌ൻ ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്താൻ കഴിയണമായിരുന്നു. രാജ്യസുരക്ഷയുടെ പേരിലാണ്‌ ഇത്തരം കരാറുകളെ _കേന്ദ്രം ന്യായീകരിച്ചുവരുന്നത്‌. രാജ്യസുരക്ഷയെന്നാൽ പൗരന്മാരുടെ സുരക്ഷ കൂടിയാണല്ലോ.

ഇപ്പോൾ ഉക്രയ്‌നിലെ സ്ഥിതിഗതികൾ അത്യന്തം സങ്കീർണമായി. അവിടത്തെ പൗരന്മാരും അഭയാർഥികളായി പലായനം ചെയ്യുകയാണ്‌. അഞ്ച്‌ ലക്ഷത്തിൽപ്പരംപേർ ഉക്രയ്‌നിൽനിന്ന്‌ അയൽരാജ്യങ്ങളിലേക്ക്‌ നീങ്ങിത്തുടങ്ങിയെന്ന്‌ ഐക്യരാഷ്‌ട്ര സംഘടനാ ഏജൻസി വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യക്കാരും ഇതേ അതിർത്തികളിലേക്കാണ്‌ എത്തേണ്ടത്‌. കീവിലെ ഇന്ത്യൻ എംബസി പൂട്ടി. കിഴക്കൻ യൂറോപ്യൻരാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രഉദ്യോഗസ്ഥരാണ്‌ രക്ഷാദൗത്യവുമായി അതിർത്തികളിലുള്ളത്‌. നാല്‌ കേന്ദ്രമന്ത്രിമാരെ കഴിഞ്ഞദിവസമാണ്‌ നിയോഗിച്ചത്‌. ഉക്രയ്‌നിൽനിന്നുള്ള അഭയാർഥികളുടെ എണ്ണം ആഴ്‌ചകൾക്കകം നാല്‌ ലക്ഷമായി ഉയരുമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന മുന്നറിയിപ്പ്‌ നൽകിയത്‌ അങ്ങേയറ്റം ആശങ്കാജനകമാണ്‌. ഉക്രയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ പകുതിയോളം പേർ സംഘർഷം രൂക്ഷമായ കിഴക്കൻ മേഖലയിലാണ്‌. ഇവിടെനിന്ന്‌ അവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ വെടിനിർത്തൽ അനിവാര്യമാണ്‌.  താൽക്കാലിക വെടിനിർത്തലിനു ഇരുപക്ഷത്തെയും പ്രേരിപ്പിക്കാൻ ഇന്ത്യ നയതന്ത്രഇടപെടലുകൾ ശക്തമാക്കണം. കൊടുംതണുപ്പിൽ ഭക്ഷണം പോലും കിട്ടാതെ കൗമാരക്കാരടക്കമുള്ള _ഇന്ത്യക്കാർ യുദ്ധഭൂമിയിൽ കഴിയേണ്ടിവരുന്നത്‌ നമ്മെ നടുക്കുന്നു. ഈ സാഹചര്യത്തിന്‌ അറുതിവരുത്താൻ കേന്ദ്രം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. വി പി സിങ് സർക്കാർ ഗൾഫ് യുദ്ധകാലത്ത് 1,70,000 ഇന്ത്യക്കാരെ സുരക്ഷിതരായി മടക്കിയെത്തിച്ചത് മാതൃകയാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top