25 April Thursday

സമാധാനശ്രമം തുടരട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 1, 2022


ഉക്രയ്‌ൻ യുദ്ധം അഞ്ചു ദിവസം പിന്നിട്ടിരിക്കെ സംഘർഷത്തിൽ അൽപ്പം അയവുണ്ടായ ദിവസമായിരുന്നു ഇന്നലെ. സംഘർഷത്തിലെ കക്ഷികളായ റഷ്യയും ഉക്രയ്‌നും തമ്മിൽ ബെലാറസ്‌ മാധ്യസ്ഥ്യത്തിൽ അവരുടെ അതിർത്തിപ്രദേശത്ത്‌ തിങ്കളാഴ്‌ച ചർച്ച നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ യുദ്ധത്തിൽ അയവുണ്ടായത്‌. ഇന്ത്യൻ സമയം തിങ്കൾ നാലരയോടെയാണ്‌ ചർച്ച ആരംഭിച്ചത്‌. ശാശ്വത സമാധാനത്തിന് തുടർ ചർച്ചകൾ അനിവാര്യ മാണ്. എന്നാൽ, സമാന്തരമായി സ്ഥിതി വഷളാക്കാൻ അമേരിക്കൻ നേതൃത്വത്തിൽ പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ പ്രകോപനങ്ങളും മറുവശത്ത്‌ നടക്കുന്നുണ്ട്‌. അതിന്റെ ഭാഗമായി യുഎൻ പൊതുസഭയിലേക്ക്‌ വിഷയം എത്തിച്ചിരിക്കുകയാണ്‌. ഇന്ത്യൻ സമയം തിങ്കൾ രാത്രി പൊതുസഭയുടെ അസാധാരണ അടിയന്തരയോഗം ആരംഭിച്ചിട്ടുണ്ട്‌.

റഷ്യയുടെ അതിർത്തിക്കരികിലേക്ക്‌ നാറ്റോ സേനാ വിന്യാസം വ്യാപിപ്പിച്ച്‌ ലോകത്തെ രണ്ടാമത്തെ വലിയ സൈനികശക്തിയെ ഒതുക്കുക എന്ന അമേരിക്കൻ അജൻഡയാണ്‌ ഒഴിവാക്കാമായിരുന്ന യുദ്ധത്തിന്‌ കാരണമായത്‌. എല്ലാ പരിധിയും കടന്ന പ്രകോപനം റഷ്യയെ ഉക്രയ്‌നിൽ സൈനിക ഇടപെടലിന്‌ നിർബന്ധിതമാക്കുകയായിരുന്നെന്ന്‌ ലോകം മനസ്സിലാക്കുന്നുണ്ട്‌ എന്നാണ്‌ വിവിധ രാജ്യങ്ങളുടെ നയതന്ത്രനീക്കം കാണിക്കുന്നത്‌. വെള്ളിയാഴ്‌ച യുഎൻ രക്ഷാസമിതിയിൽ അമേരിക്കയും അൽബേനിയയും ചേർന്ന്‌ റഷ്യക്കെതിരെ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ചൈനയ്‌ക്കൊപ്പം ഇന്ത്യയും യുഎഇയും വിട്ടുനിന്നത്‌ പാശ്ചാത്യനീക്കങ്ങൾക്ക്‌ തിരിച്ചടിയായിരുന്നു.

റഷ്യക്കൊപ്പം ചൈനയും വീറ്റോ ചെയ്യുന്നത്‌ ഒഴിവാക്കാൻ പ്രമേയത്തിൽനിന്ന്‌ കടുത്ത പ്രയോഗങ്ങൾ ഒഴിവാക്കാൻ അമേരിക്ക നിർബന്ധിതമായി. വിഷയം പൊതുസഭയിൽ ചർച്ചയാക്കുന്നതിന്‌ അമേരിക്കയും അൽബേനിയയും ചേർന്ന്‌ ഞായറാഴ്‌ച രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിലും വെള്ളിയാഴ്‌ചത്തെ വോട്ടിങ്‌നിലതന്നെയായിരുന്നു. പൊതുസഭയിൽ ചർച്ചയ്‌ക്കുള്ള പ്രമേയത്തെ വീറ്റോ ചെയ്യാൻ വകുപ്പില്ലാത്തതിനാൽ റഷ്യ പ്രമേയത്തെ എതിർക്കുക മാത്രമാണ്‌ ചെയ്‌തത്‌ എന്നതായിരുന്നു ഏക വ്യത്യാസം. പൊതുസഭയിൽ പ്രമേയത്തിന്റെ സഹപ്രായോജകരാകാൻ അമേരിക്കൻ സമ്മർദം ഉണ്ടായിട്ടും അവരുടെ ഉറ്റ സഖ്യരാഷ്‌ട്രമായ ഇസ്രയേൽ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്‌. ഇക്കാര്യത്തിൽ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ഇസ്രയേലിനെ കടുത്തരോഷം അറിയിച്ചു എന്നാണ്‌ റിപ്പോർട്ട്‌. 193 അംഗ പൊതുസഭയിൽ 87 രാജ്യമാണ്‌ സഹപ്രായോജകരായത്‌. വോട്ടെടുപ്പിൽ ഇസ്രയേലടക്കം കൂടുതൽ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിക്കും എന്നാണ്‌ സൂചന.

സൈനികനീക്കത്തിന്‌ ആധാരമായി റഷ്യ ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പുണ്ട്‌ എന്ന വിശ്വാസമാണ്‌ പല രാജ്യങ്ങളെയും അവരെ അപലപിക്കുന്നതിൽനിന്ന്‌ തടഞ്ഞത്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയ്‌ക്കുമുമ്പ്‌ അമേരിക്ക നൽകിയ ഉറപ്പുകൾ ലംഘിച്ചാണ്‌ പിന്നീട്‌ മേഖലയിൽ നാറ്റോ വ്യാപനം ഉണ്ടായത്‌. അതിന്റെ തുടർച്ചയിൽ ഒടുവിലത്തേതാണ്‌ ഉക്രയ്‌നെയും നാറ്റോയുടെ ഭാഗമാക്കാനുള്ള നീക്കം. നാസി ജർമനിയിൽനിന്ന്‌ ലോകത്തെ രക്ഷിക്കാൻ ഐതിഹാസികമായ ത്യാഗങ്ങളിലൂടെ ഏറ്റവും ഉജ്വലമായ പോരാട്ടം നടത്തിയ റഷ്യ അതോടെ കൂച്ചുവിലങ്ങിലായ അവസ്ഥയിലാകും. മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലെന്നപോലെ ഉക്രയ്‌നിലും നവനാസികൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ്‌ ഇതിന്റെ അപകടത്തെ കാണേണ്ടത്‌. ഉക്രയ്‌നെ നവനാസികളിൽനിന്ന്‌ മോചിപ്പിക്കണമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ പറഞ്ഞത്‌ ഈ സാഹചര്യത്തിലാണ്‌ പ്രസക്തമാകുന്നത്‌. രണ്ടാം ലോകയുദ്ധത്തിൽ നാസി സേനയുമായി സഹകരിച്ച ചിലരെ അടുത്തകാലത്ത്‌ ഉക്രയ്‌ൻ പാർലമെന്റ്‌ ദേശീയവീരന്മാരായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നവനാസികളെമാത്രം റിക്രൂട്ട്‌ ചെയ്യുന്ന അസോവ്‌ ബറ്റാലിയൻ എന്നൊരു യൂണിറ്റുതന്നെ ഉക്രയ്‌ൻ സൈന്യത്തിലാരംഭിച്ചു. ഇതെല്ലാം റഷ്യയുടെ ആശങ്കകളെ സാധൂകരിക്കുന്ന കാര്യങ്ങളാണ്‌.

കുടിയേറ്റക്കാരോട്‌ പല യൂറോപ്യൻ രാജ്യങ്ങൾക്കുമുള്ള കടുത്ത വംശീയ നിലപാടുകളും ഉക്രയ്‌ൻ യുദ്ധവേളയിൽ പരസ്യമായിട്ടുണ്ട്‌.
ഈ സാഹചര്യത്തിൽ റഷ്യയുടെ ന്യായമായ ആശങ്കകൾ പരിഹരിക്കുകതന്നെയാണ്‌ ശാശ്വത സമാധാനത്തിനുള്ള വഴി. അതിന്‌ പാശ്ചാത്യ ശക്തികൾ തയ്യാറാകുമോ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്‌. ഉപരോധം കടുപ്പിക്കുന്നതടക്കമുള്ള അവയുടെ നടപടി സമാധാന ചർച്ചകളെ സഹായിക്കുന്നതല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top