25 April Thursday

താങ്ങുവിലയിലും കേന്ദ്ര വഞ്ചന

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023


ഗുജറാത്തിലെ വഡോദരയിൽ 111 അടി ഉയരത്തിൽ പൂർത്തിയായ സ്വർണ ശിവപ്രതിമ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ്‌ സംഘപരിവാർ ശക്തികളുടെ  ഊറ്റംകൊള്ളൽ. 12 കോടി ചെലവിൽ സുർസാഗർ തടാക മധ്യത്തിൽ സ്ഥാപിച്ച അത്‌ ശിവരാത്രി ദിനത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനാച്ഛാദനം ചെയ്‌തു. പ്രതിമയിൽ പൂശിയതാകട്ടെ പതിനേഴരക്കിലോ സ്വർണവും. ജൂൺ രണ്ടിന്‌ ഒഡിഷയിലെ ബാലസോർ ജില്ലയിൽ ബഹനഗ ബസാർ റെയിൽവേ സ്‌റ്റേഷനടുത്ത്‌ 288 പേരുടെ ജീവൻ അപഹരിച്ച ട്രെയിൻ അപകടത്തിന്റെ ദാരുണ ചിത്രങ്ങൾ ആരുടെയും കരളലിയിപ്പിക്കും. മൃതദേഹങ്ങൾ തുരുമ്പുപിടിച്ച പിക്കപ് വാനിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. മരണത്തിൽപ്പോലും തിരസ്‌കൃതരായവർ.

പശുവിന്‌ ആംബുലൻസും മനുഷ്യന്‌ പാട്ടവണ്ടിയും.
ഒമ്പതുവർഷത്തെ നരേന്ദ്ര മോദി ഭരണം സാമ്പത്തികരംഗത്ത്‌ വിതച്ച പ്രധാന കെടുതി മുൻഗണനകൾ അട്ടിമറിക്കുക എന്നതാണ്‌. ശതകോടീശ്വരന്മാർക്കും വ്യാവസായിക ഭീമന്മാർക്കും വാരിക്കോരി ഇളവുകൾ നൽകുമ്പോൾ അടിസ്ഥാന വിഭാഗങ്ങൾക്കുമേൽ തുടരെ ഭാരം കയറ്റിവയ്‌ക്കാനാണ്‌ ശ്രമം. അതിൽ ഏറ്റവും ക്ലേശിക്കുന്നത്‌ കർഷകരാണ്‌.

ഇന്ത്യയിൽ ആകെ തൊഴിൽ സേനയുടെ 52 ശതമാനവും ജീവിതം വലിച്ചു മുന്നോട്ടുപോകുന്നത്‌ കൃഷിയെയും അനുബന്ധ തൊഴിലുകളെയും ആശ്രയിച്ചാണ്‌. രാജ്യത്തിന്റെ  ഭാഗധേയം-‐ ദാരിദ്ര്യവും വികസനവും സമൃദ്ധിയുമെല്ലാം ആ മേഖല കേന്ദ്രീകരിച്ചാണ്‌ എന്നാണ്‌ അതിനർഥം. ഗാന്ധിജി ഇന്ത്യയുടെ ഹൃദയമെന്ന്‌ വിശേഷിപ്പിച്ച ഗ്രാമങ്ങളും അവിടങ്ങളിൽ ജീവച്ഛവങ്ങളായി നരകിക്കുന്ന അതിദരിദ്രരായ കർഷകരും കടുത്ത അവഗണന നേരിടുകയാണ്‌. കാർഷികോൽപ്പന്നങ്ങൾക്കുള്ള താങ്ങുവില ജനകോടികളുടെ കണ്ണിൽപ്പൊടിയിടുന്ന കടുത്ത വഞ്ചനയായി മാറിയിട്ടുമുണ്ട്‌. നെല്ലടക്കമുള്ള ഖാരിഫ്‌ വിളകൾക്ക്‌ കഴിഞ്ഞദിവസം പ്രഖ്യാപിച്ച താങ്ങുവില തീർത്തും അപര്യാപ്‌തമാണ്‌. അത്‌ കർഷകർക്ക്‌ വൻനഷ്ടം വരുത്തുമെന്നും ചെറുകിട, ഇടത്തരക്കാരെ കരകയറാനാകാത്ത കടക്കെണിയിൽ ആഴ്‌ത്തുമെന്നതും സത്യം. കൃഷിച്ചെലവുകളെല്ലാം സമഗ്രമായി പരിഗണിക്കുന്ന സി‐2 ഫോർമുലയേക്കാൾ 50 ശതമാനംകൂടി അധികമായാണ്‌ താങ്ങുവില നിർണയിക്കേണ്ടതെന്ന ഡോ. എം എസ്‌ സ്വാമിനാഥൻ കമീഷൻ ശുപാർശയാണ്‌ മോദി സർക്കാർ അവഗണിച്ചത്‌.

അത്‌  അട്ടിമറിച്ചതിനാൽ നെൽക്കർഷകന്‌ ക്വിന്റലിനുള്ള നഷ്ടം 683.5 രൂപയാണ്‌; പരുത്തിമേഖലയിൽ 2000 മുതൽ 3000 രൂപവരെയും. പ്രഖ്യാപിച്ച 776 രൂപ താങ്ങുവില സംസ്ഥാന ശരാശരിയേക്കാളും വളരെ കുറവാണ്‌. മാത്രവുമല്ല, സംസ്ഥാനങ്ങൾ അനുവദിക്കുന്ന ബോണസും ഇൻസെന്റീവും കേന്ദ്രം നിരുത്സാഹപ്പെടുത്തുന്നു. ഉടൻ താങ്ങുവില പുനഃപരിശോധിച്ച്‌ സി 2 + 50 ഫോർമുല പ്രകാരം പ്രഖ്യാപിക്കണമെന്നാണ്‌ അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടിട്ടുള്ളത്‌.

സ്വാഭാവിക റബർ സംഭരണത്തിന്‌ മിനിമം താങ്ങുവില (എംഎസ്‌പി) ഏർപ്പെടുത്തില്ലെന്ന മോദി സർക്കാരിന്റെ ആവർത്തിച്ചുള്ള  പ്രഖ്യാപനം മറ്റൊരു വെല്ലുവിളി. അത്‌ കാർഷികവിള അല്ലെന്നും ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഉതകുന്ന വിളകൾക്കേ എംഎസ്‌പി ബാധകമാകുവെന്നുമാണ്‌ വാണിജ്യ മന്ത്രി പീയുഷ്‌ ഗോയലിന്റെ വ്യാഖ്യാനം. കേരളത്തിലെ റബർ ഉൽപ്പാദനം അഞ്ചരലക്ഷം ടണ്ണായി. കർഷകരെ സഹായിക്കാൻ 2015-‐16 മുതൽ സംസ്ഥാനം ഇൻസെന്റീവ് നടപ്പാക്കിവരുന്നു. തുക കൃഷിവകുപ്പിന്റെ പദ്ധതിയേതര വിഹിതത്തിൽനിന്നും. 2022-‐23ൽ 500 കോടിയാണ് വകയിരുത്തിയത്. താങ്ങുവില ഉയർത്തുന്നതിന് കേന്ദ്ര സഹായം ആവശ്യമാണ്. ഇറക്കുമതിച്ചുങ്കത്തിൽനിന്നും സംസ്ഥാന ഉൽപ്പാദനം കണക്കാക്കി ആനുപാതിക തുക വിലസ്ഥിരതാ ഫണ്ടിൽ നൽകണമെന്ന് കേന്ദ്രത്തോട്‌  കേരളം  ആവശ്യപ്പെടുകയും ചെയ്‌തു. റബറിനായുള്ള പ്രത്യേക സമിതി കാർഷികവിളയായി പരിഗണിച്ച്‌ താങ്ങുവില ഏർപ്പെടുത്തണമെന്ന്‌ ശുപാർശ ചെയ്‌തിട്ടും മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ലെന്നാണ്‌ കേന്ദ്ര നിലപാട്‌. ഉൽപ്പാദനച്ചെലവുകളാൽ  പൊറുതിമുട്ടുകയാണ്‌ കർഷകർ. ഘട്ടംഘട്ടമായി തറവില 250 രൂപയാക്കുമെന്ന എൽഡിഎഫ്‌ വാഗ്ദാനമാണ്‌ ഏക ആശ്വാസം. കേന്ദ്ര ദ്രോഹം തുടർന്നാൽ പ്രകൃതിദത്ത റബറിന്റെ ദൗർലഭ്യമുണ്ടായി വ്യാവസായികവളർച്ച  പിറകോട്ടാകും. അതിനാൽ  കേന്ദ്രത്തിന്റെ പരിഗണന കർഷക  പ്രശ്‌നങ്ങളിലേക്ക്‌ ഉടൻ തിരിയേണ്ടതുണ്ട്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top