09 June Friday

റബർ കർഷകരോട്‌ വീണ്ടും മോദിയുടെ കുരിശുയുദ്ധം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


സ്വാഭാവിക റബർ സംഭരണത്തിന്‌ മിനിമംതാങ്ങുവില (എംഎസ്‌പി) ഏർപ്പെടുത്തില്ലെന്ന മോദി സർക്കാരിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം കർഷകരോടുള്ള വെല്ലുവിളിയാണ്‌. അത്‌ കാർഷിക വിളയല്ലെന്നും ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഉതകുന്ന വിളകൾക്കേ എംഎസ്‌പി ബാധകമാക്കാനാകൂ എന്നുമാണ്‌ വാണിജ്യമന്ത്രി പീയുഷ്‌ ഗോയൽ സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീമിനുള്ള മറുപടിയിൽ പറഞ്ഞത്‌. ആസിയാൻ കരാർ കാർഷികമേഖലയിൽ തീർത്ത കെടുതികൾ എളമരം വിശദീകരിച്ചിട്ടും ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിത്തീരുവ ഏകപക്ഷീയമായി പിൻവലിക്കാനാകില്ലെന്നും ഗോയൽ വ്യക്തമാക്കി. സ്വാഭാവിക റബറിന്‌ എംഎസ്‌പി വേണമെന്നും ഇറക്കുമതി റബറിന്റെ തീരുവ കൂട്ടണമെന്നും ആവശ്യപ്പെട്ട്‌ നൽകിയ കത്തിനോടുള്ള   പ്രതികരണത്തിലാണ്‌ അക്കാര്യം. പ്രശ്‌നത്തിൽ കേന്ദ്രം  ഇടപെടില്ലെന്ന പ്രഖ്യാപനം കടുത്ത ധിക്കാരമാണ്‌. കേരളത്തെ വലയ്‌ക്കുന്ന വിഷയത്തിൽ ഇടതുപക്ഷ എംപിമാർ ഫെബ്രുവരിയിൽ വാണിജ്യമന്ത്രിയെ സന്ദർശിച്ച്‌ വിശദചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്‌തിരുന്നു. 

കർഷകർക്ക്‌ കൈത്താങ്ങ്‌ ആകണമെങ്കിൽ കോമ്പൗണ്ട്‌‐  സ്വാഭാവിക റബറുകളുടെ  ഇറക്കുമതി തീരുവ ഒരേനിലയിൽ കൂട്ടുകയും റബറിന് താങ്ങുവില പ്രഖ്യാപിക്കുകയും വേണം. മോദി സർക്കാരിന്റെ വാഗ്‌ദാനപ്പെരുമഴയിൽ കുളിരുകോരുന്ന ചില ശുദ്ധാത്മാക്കളുണ്ട്‌. നടുവൊടിഞ്ഞ കർഷകരെ കരകയറ്റാൻ ബിജെപി സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന്‌ കരുതുന്നവരെ തിരുത്തുന്നതാണ്‌ കേന്ദ്രം നൽകിയ മറുപടി. ലോക്‌സഭയിൽ കോൺഗ്രസ്‌ നേതാവ്‌  അടൂർ പ്രകാശിനുള്ള മറുപടിയായി വാണിജ്യ സഹമന്ത്രി ഹർദീപ്‌ സിങ്‌പുരി, റബറിന്‌ താങ്ങുവില അനുവദിക്കാനാകില്ലെന്ന്‌ വീണ്ടും ഉറപ്പിച്ചു. റബറിനായുള്ള പ്രത്യേക സമിതി അതിനെ കാർഷിക വിളയായി പരിഗണിച്ച്‌ താങ്ങുവില ഏർപ്പെടുത്തണമെന്ന്‌ ശുപാർശ ചെയ്‌തതാണ്‌. പക്ഷേ, താങ്ങുവിലാ മാനദണ്ഡങ്ങളിൽ റബർ ഉൾപ്പെടുന്നില്ലെന്നാണ്‌ കേന്ദ്ര നിലപാട്‌. കോമ്പൗണ്ട്‌ റബർ  ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള ബജറ്റ്‌ പ്രഖ്യാപനം പുകമറ മാത്രമായിരുന്നുവെന്ന്‌ വ്യക്തം. ഉൽപ്പാദന‐ കൂലിച്ചെലവുകളാൽ  പൊറുതിമുട്ടുകയാണ്‌ കർഷകർ. താങ്ങുവിലയിലൂടെ പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഇല്ലാതായത്.‌ ഘട്ടംഘട്ടമായി തറവില 250 രൂപയാക്കുമെന്ന എൽഡിഎഫ്‌ വാഗ്ദാനമാണ്‌ ഏക പ്രത്യാശ. ദീർഘകാലമായുള്ള കർഷകരുടെ ആവശ്യമാണ്‌ സ്വാഭാവിക റബറിനെ കാർഷികവിളയായി പരിഗണിച്ച്‌ താങ്ങുവില നിശ്ചയിക്കുകയെന്നത്‌. കുത്തകകളുടെ അമിത ചൂഷണവും ഇറക്കുമതിയും കാരണം വലയുന്ന കർഷകർക്ക്‌ തുണയാകുമായിരുന്നു അത്‌. യോജിച്ച പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ജനവിരുദ്ധ‐ കർഷകദ്രോഹ നയങ്ങൾ തിരുത്തിക്കാനാകൂ. പകരം ചില ഗൂഢാലോചനകളും കുതന്ത്രങ്ങളും പയറ്റിനോക്കുകയാണ്‌.

അമിത് ഷായുടെ കേരള സന്ദർശനത്തിലെ പ്രഖ്യാപനങ്ങളാണ്‌ അതിലൊന്ന്‌. ന്യൂനപക്ഷങ്ങളുടെ  സംരക്ഷകരായി സംഘപരിവാർ ശക്തികൾ മുഖംമൂടി മാറ്റി രംഗത്തുവന്നതാണ്‌ രണ്ടാമത്തേത്‌. ഇരു കൗശലങ്ങളിലും  ചില ക്രൈസ്‌തവ മേധാവികൾ വഴുതിവീണുവെന്നതാണ്‌ വാസ്‌തവം. റബറിന്റെ താങ്ങുവില കൂട്ടിയാൽ ബിജെപിക്ക്‌ വോട്ട് ചെയ്യാമെന്ന തലശേരി അതിരൂപത ആർച്ച് ബിഷപ്പിന്റെ പ്രസ്താവം അതിലൊന്നാണ്‌. കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ കാർഷികോൽപ്പന്നങ്ങളുടെ  വിലയിടിവിന് ഹേതു മുമ്പ്‌ കോൺഗ്രസും ഇപ്പോൾ ബിജെപി സർക്കാരും നടപ്പാക്കുന്ന നയങ്ങളാണ്‌. അതിൽ പ്രധാനമായ ആസിയാൻ കരാറിനെതിരെ  ഇടതുപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. അന്ന് ബോധ്യപ്പെടാതിരുന്നവരും പിന്നീട് ഉണർന്നു. കോട്ടയം‐പത്തനംതിട്ട, ഇടുക്കി  ജില്ലകളിലെ പലമേഖലകളിലും  പിടിച്ചുനിൽക്കാനാകാതെ റബർ  വെട്ടിമാറ്റുന്ന കർഷകരുടെ എണ്ണം ഏറുകയാണ്‌. ഇടവിളയായി കൊക്കോ, തേനീച്ച, തീറ്റപ്പുല്ല് പരീക്ഷണങ്ങൾക്കിറങ്ങിയിട്ടും നഷ്ടത്തിൽത്തന്നെ. സ്ഥിതി തുടർന്നാൽ പ്രകൃതിദത്ത റബറിന്റെ ദൗർലഭ്യമുണ്ടായി വ്യാവസായിക വളർച്ച  പിറകോട്ടാകും.  അതിനാൽ കേന്ദ്ര സർക്കാർ റബർ കർഷകരുടെ പ്രശ്‌നങ്ങൾക്ക് അടിയന്തരമായി ശാശ്വതപരിഹാരം കണ്ടെത്തേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top