20 April Saturday

മോദി സർക്കാരിന്റെ ലക്ഷ്യം റബർ കൃഷിയെ തകർക്കൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 23, 2022


മാറിമാറി വന്ന കേന്ദ്ര സർക്കാരുകളുടെ വികലമായ നയത്തിന്റെ ബലിയാടുകളാണ്‌ കേരളത്തിലെ റബർ കർഷകർ. റബർ ഉൾപ്പെടെയുള്ള തോട്ടംവിളകളുടെ കൃഷി പരിപോഷിപ്പിക്കാൻ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം നിരവധി പദ്ധതികൾ നടപ്പാക്കിയ സർക്കാർ ഈ മേഖലയെ ഇന്ന്‌ തകർക്കുന്നു. കാർഷികമേഖലയെ കുത്തകകൾക്ക്‌ തീറെഴുതുന്നതിനായി കാർഷിക നിയമം നടപ്പാക്കാൻ ശ്രമിച്ച മോദി സർക്കാർ ഇപ്പോൾ തോട്ടവിളമേഖലയെ വൻകിടക്കാരുടെ നിയന്ത്രണത്തിലാക്കുന്നു. റബർ ബോർഡ്‌ ഉൾപ്പെടെ തോട്ടംകൃഷിയുടെ കൈത്താങ്ങായി നിൽക്കുന്ന ബോർഡുകളെ ഇല്ലാതാക്കുകയാണ്‌. റബർ ബോർഡ് പ്രവർത്തനം നിർത്തുന്നതോടെ റബർ മേഖല പൂർണമായും കോർപറേറ്റുകളുടെ നിയന്ത്രണത്തിലാകും. വാണിജ്യവിളകൾക്കായി രൂപീകരിച്ച പ്രത്യേകം ബോർഡുകളിൽ തുടക്കത്തിൽ കൃഷിക്കാർക്കും പ്ലാന്റർമാർക്കും മുൻകൈ ഉണ്ടായിരുന്നു. ബോർഡുകളുടെ ശുപാർശ പ്രകാരമായിരുന്നു കയറ്റുമതി-–-ഇറക്കുമതി തീരുമാനം. ഉദാരവൽക്കരണത്തോടെ ഈ സ്ഥിതി മാറി. കൃഷി സംസ്ഥാന വിഷയമാണെങ്കിലും റബർബോർഡും എല്ലാ തോട്ടവിളകളും കേന്ദ്ര സർക്കാരിന്റെ വാണിജ്യമന്ത്രാലയത്തിന്‌ കീഴിലാണ്‌.

രാജ്യത്തെ വിദേശനാണയ കമ്മി നേരിടാൻ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇറക്കുമതി കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ റബർ കൃഷി പ്രോത്സാഹിപ്പിക്കാൻ 1947ലെ റബർ ആക്‌ട്‌ പ്രകാരം റബർ ബോർഡ്‌ സ്ഥാപിച്ചത്‌. 1947-ലെ റബർ ആക്ട് പിൻവലിച്ച് പകരം റബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നിയമമാക്കുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ്‌ റബർ ബോർഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിതി ആയോഗ് ശുപാർശ ചെയ്‌തത്‌. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്‌ക്ക്‌ ആനുപാതികമായി റബറിന്റെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച്‌ ഇറക്കുമതി പൂർണമായും നിർത്തലാക്കി വിദേശനാണയ ചോർച്ച തടയുകയെന്ന ലക്ഷ്യത്തോടെയാണ്‌ 1947ൽ റബർ ബോർഡ്‌ സ്ഥാപിച്ചത്‌. വില സ്ഥിരതയും ഉൽപ്പാദനച്ചെലവിനനുസരിച്ചുള്ള വിലവർധനയുമാണ്‌ റബർ കൃഷിയിറക്കുന്നതിന്‌ കർഷകർക്ക്‌ പ്രചോദനമായിരുന്നത്‌. 1990കൾവരെ ഈ രണ്ട്‌ ഘടകവും ഫലപ്രദമായിരുന്നു. എന്നാൽ 1991ൽ കോൺഗ്രസ്‌ സർക്കാർ ഉദാരവൽക്കരണ നയങ്ങൾക്ക്‌ തുടക്കമിട്ടതോടെ റബറിനെ ആഗോളവിപണിയുമായി ബന്ധപ്പെടുത്തി. 1996ൽ കുത്തനെയിടിഞ്ഞ റബർ വില പലപ്പോഴും ഏറിയും കുറഞ്ഞും നിലനിന്നിരുന്നു. 2011 ഏപ്രിലിൽ 236 രൂപയെന്ന എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയെങ്കിലും തുടർന്നിങ്ങോട്ട്‌ വിലയിടിവായിരുന്നു. ലോക വ്യാപാര കരാറും ഇന്ത്യ–- ആസിയാൻ കരാറും റബർ മേഖലയുടെ അന്തകനായി മാറി. ആസിയാൻ കരാറിനെതിരെ സിപിഐ എം നേതൃത്വത്തിൽ സമരം നടത്തിയപ്പോൾ മലയാള മനോരമയും യുഡിഎഫും അതിനെ അപഹസിക്കുകയായിരുന്നു. കർഷകർക്ക്‌ വൻനേട്ടമുണ്ടാക്കുന്നതാണ്‌ കരാർ എന്ന വാദമാണ്‌ കോൺഗ്രസ്‌ ഉയർത്തിയിരുന്നത്‌. റബർ ഇറക്കുമതിക്ക്‌ ഏറ്റവും കൂടുതൽ സമ്മർദം ചെലുത്തിയതാകട്ടെ മനോരമ കുടുംബത്തിലെ ടയർ കമ്പനിയായ എംആർഎഫും.

ആഭ്യന്തര റബർ ശേഖരിക്കാതെ ടയർ കമ്പനികൾക്ക്‌ നിയന്ത്രണങ്ങളില്ലാതെ ഇറക്കുമതി ചെയ്യാൻ മോദി സർക്കാർ അനുമതി നൽകിയതാണ്‌ ഇപ്പോഴത്തെ രൂക്ഷമായ വിലയിടിവിന്‌ കാരണം. ആഭ്യന്തരവിപണിയിലെ വിലയേക്കാൾ കൂടിയ വിലയ്‌ക്ക്‌ ഇറക്കുമതി ചെയ്‌ത്‌ ആഭ്യന്തര കമ്പോളത്തിൽ റബർ മിച്ചമുണ്ടാക്കി ടയർ കമ്പനികൾ ബോധപൂർവം വിലയിടിച്ചു. റബർ ഇറക്കുമതി നിയന്ത്രിക്കാൻ ഇടപെടാതിരുന്ന കേന്ദ്ര സർക്കാരാകട്ടെ ടയർ വ്യവസായികളെ സഹായിക്കാൻ കുറഞ്ഞ വിലയ്‌ക്കുള്ള ടയർ ഇറക്കുമതിക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി. റബറിന്‌ ഉയർന്ന വില ഉണ്ടായ 2011ൽ ഉൽപ്പാദനച്ചെലവ്‌ കൂടിയെന്നു പറഞ്ഞ്‌ കമ്പനികൾ ടയർ വില 40 ശതമാനംവരെ വർധിപ്പിച്ചു. എന്നാൽ, റബർ വിലയിടിഞ്ഞപ്പോഴും ടയറിന്റെ വില കുറച്ചില്ലെന്നുമാത്രമല്ല, ഓരോ വർഷവും 10 മുതൽ 15 ശതമാനംവരെ വില വർധിപ്പിച്ചുകൊണ്ടിരുന്നു. മോദി സർക്കാർ വൻകിട ടയർ കമ്പനികളെ സഹായിക്കുമ്പോൾ എൽഡിഎഫ്‌ സർക്കാർ റബർ കർഷകർക്ക്‌ ആശ്വാസം നൽകാനാണ്‌ ശ്രമിച്ചത്‌. റബർ വിലയിടിഞ്ഞപ്പോൾ എൽഡിഎഫ്‌ സർക്കാർ കിലോയ്‌ക്ക്‌ 170 രൂപ താങ്ങുവില നിശ്‌ചയിച്ചു. വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള അന്തരം സംസ്ഥാന സർക്കാർ സബ്‌സിഡിയായി കർഷകർക്ക്‌ നൽകുന്നു.

കൃഷിയെ സംബന്ധിച്ച ബിജെപിയുടെ കാഴ്ചപ്പാട് കോർപറേറ്റുകളുടേതാണ്. കാർഷിക വരുമാനം വർധിപ്പിക്കാനെന്ന പേരിൽ നടപ്പാക്കുന്ന രണ്ടാം ഹരിതവിപ്ലവപരിധിയിൽ വാണിജ്യവിളകളെയും കൊണ്ടുവരികയാണ്‌. വൻ അഗ്രി ബിസിനസ് കോർപറേഷനുകൾ നേതൃത്വം കൊടുക്കുന്ന ഹരിതവിപ്ലവത്തിൽ സർക്കാരിനും സർക്കാർ ഏജൻസികൾക്കും പങ്കുണ്ടാകില്ല. കൃഷിക്കാർ കോർപറേറ്റുകളുമായി കരാറിൽ ഏർപ്പെട്ട്‌ അവർ പറയുന്ന വിലയ്‌ക്ക്‌ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകും. റബർ ബോർഡിനെ ഇല്ലാതാക്കിക്കൊണ്ട്‌ ഇങ്ങനെയൊരു ഭാവിയാണ് മോദി സർക്കാർ കേരളത്തിലെ റബർ കൃഷിക്കാർക്കും വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ മൊത്തം റബർ ഉൽപ്പാദനത്തിന്റെ 80 ശതമാനത്തോളവും കേരളത്തിന്റെ സംഭാവനയാണ്‌. 15 ലക്ഷത്തോളം ചെറുകിട, ഇടത്തരം നാമമാത്ര കർഷകർ ഈ മേഖലയുമായി ബന്ധപ്പെട്ട്‌ കഴിയുന്നു. കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റബർ കൃഷിയെ തകർക്കുകയാണ്‌ മോദി സർക്കാർ. ഇതിനെതിരെ കേരളത്തിലെ റബർ കർഷകർ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top