20 April Saturday

എതിർശബ്ദങ്ങളെ ഭയപ്പെടുന്ന സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018

 
 "കല: വിമോചനത്തിന്റെ ശബ്ദം’ എന്നാണ്, ടി എം കൃഷ‌്ണയുമായി   സുനിൽ പി ഇളയിടം നടത്തി  എം ജെ ശ്രീചിത്രൻ വിവർത്തനംചെയ‌്ത അഭിമുഖസംഭാഷണത്തിന്റെ ശീർഷകം. ടി എം കൃഷ്ണയുടെ  പുറമ്പോക്ക് പാടൽ എന്ന പുസ‌്തകത്തിൽ അനുബന്ധമായി ചേർത്ത ആ അഭിമുഖത്തിൽ  കൃഷ‌്ണ പറയുന്നത്, "മോഡി പോയിക്കഴിഞ്ഞാൽ നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് ’ എന്നാണ്. അഭിമുഖത്തിൽ ഒത്തുചേർന്ന മൂന്നുപേരും ഒരേ സമയം ആർഎസ്എസ് വേട്ടയാടലിന് ഇരകളായിരിക്കുന്നു. കർണാടക സംഗീതത്തെ അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ഹൃദയത്തിലെത്തിച്ച പ്രതിഭയാണ് കൃഷ‌്ണ. ചരിത്രത്തെയും ശാസ‌്ത്രത്തെയും മനുഷ്യനുവേണ്ടിയുള്ള ദർശനത്തെയും  യുക്തിയെയും സമന്വയിപ്പിച്ച പ്രഭാഷണങ്ങളിലൂടെ ലക്ഷക്കണക്കിന‌് മനസ്സുകളിൽ  തിരിച്ചറിവ‌്    സൃഷ്ടിക്കുന്ന  സാംസ‌്കാരികപ്രവർത്തകനാണ് സുനിൽ പി ഇളയിടം. വസ‌്തുതകളും യുക്തിഭദ്രമായ വാദമുഖങ്ങളും നിരത്തി സംഘപരിവാറിന്റെ കപടമുഖം തുറന്നുകാട്ടുന്ന വ്യക്തിത്വമാണ് എം ജെ ശ്രീചിത്രന്റേത്. കൃഷ്ണയുടെ സംഗീതത്തിന് എയർപോർട്ട് ഇന്ത്യാ അതോറിറ്റി വിലക്ക് കല്പിച്ചതും സുനിൽ പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ചതും  ശ്രീചിത്രനുനേരെ വധഭീഷണി മുഴക്കിയതും  ഒരേ കാലത്താണെന്നതും അവയ‌്ക്കുപിന്നിൽ ഒരേ ശക്തികളാണെന്നതും യാദൃച്ഛികമല്ല.
ഗാന്ധിജിയുടെയും ഗോവിന്ദ് പൻസാരെയുടെയും ധാബോൽക്കറുടെയും കലബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും ഘാതകർ അടങ്ങിയിരിക്കുകയല്ല.

വലതുപക്ഷ തീവ്ര ഹിന്ദുത്വ തീവ്രവാദികളുടെ സമ്മർദവും ഭീഷണിയുമാണ്   ടി എം കൃഷ‌്ണ പാടേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സംഘാടകരായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ നയിച്ചത്.  കൃഷ‌്ണയുടെ പരിപാടി   എയർപോർട്ട‌്‌ അതോറിറ്റി പ്രഖ്യാപിച്ച നിമിഷംമുതൽ അദ്ദേഹത്തെ നീചഭാഷയിൽ ആക്രമിച്ച‌് സംഘപരിവാർ അനുകൂലികൾ കൂട്ടത്തോടെ രംഗത്തിറങ്ങുകയായിരുന്നു.

അനുനിമിഷം പുതിയ ഭീഷണികളും വിലക്കുകളും കൊലവിളിയുമായി അവർ രംഗത്തു വരുന്നു. വലതുപക്ഷ തീവ്ര ഹിന്ദുത്വ തീവ്രവാദികളുടെ സമ്മർദവും ഭീഷണിയുമാണ്   ടി എം കൃഷ‌്ണ പാടേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സംഘാടകരായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ നയിച്ചത്.  കൃഷ‌്ണയുടെ പരിപാടി   എയർപോർട്ട‌്‌ അതോറിറ്റി പ്രഖ്യാപിച്ച നിമിഷംമുതൽ അദ്ദേഹത്തെ നീചഭാഷയിൽ ആക്രമിച്ച‌് സംഘപരിവാർ അനുകൂലികൾ കൂട്ടത്തോടെ രംഗത്തിറങ്ങുകയായിരുന്നു. മതനിരപേക്ഷ ചേരിയിൽ ഉറച്ചു നിന്ന്   ശക്തമായ നിലപാടെടുക്കുകയും ഹിന്ദുത്വഭീകരതയെ തുറന്നുകാട്ടുകയും ചെയ്യുന്നതാണ് ടി എം കൃഷ‌്ണയ‌്ക്കെതിരെ തിരിയാൻ സംഘ് പരിവാർ അനുകൂലികളെ പ്രേരിപ്പിച്ചത്.  ക്രൈസ‌്തവ ഭക്തിഗാനങ്ങൾ  പാടുന്നുവെന്നപേരിൽ ഇതിനു മുമ്പ‌്  അമേരിക്കയിലെ  മേരിലാൻഡിൽ  ഒരു ക്ഷേത്രം കൃഷ‌്ണയുടെ കച്ചേരി ഒഴിവാക്കിയിരുന്നു.  പിന്നീട‌് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ  കച്ചേരി തടസ്സപ്പെടുത്തുമെന്ന‌് ഭീഷണി ഉയർന്നു.  എന്നാൽ, അത്തരം വിലക്കുകളെയൊന്നും കൂസാതെ, തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും കർണാടകസംഗീതത്തെ സർവ മനുഷ്യരുടെയും സർവ മത വിശ്വാസികളുടെയും മനസ്സിലേക്കെത്തിക്കാനും നിരന്തര ശ്രമത്തിലാണ് കൃഷ‌്ണ വ്യാപൃതനായത്. എയർപോർട്ട് അതോറിറ്റി വിലക്കിയപ്പോൾത്തന്നെ അദ്ദേഹം പ്രതികരിച്ചത്,   ഡൽഹിയിൽ എവിടെ വേദി ലഭിച്ചാലും സംഗീതക്കച്ചേരി അവതരിപ്പിക്കാൻ താനുണ്ട് എന്നാണ‌്. 

ശബരിമലയിൽ യുവതീപ്രവേശനം  അനുവദിക്കുന്ന സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആർഎസ്എസ്  പദ്ധതിയുടെ  കാപട്യ മുഖം തുറന്നുകാട്ടുന്നതിൽ മുൻപന്തിയിലുള്ളവരാണ് സുനിൽ പി ഇളയിടവും ശ്രീചിത്രനും.   ചരിത്രവും വസ‌്തുതകളും കോർത്തിണക്കി സംഘപരിവാർ വാദങ്ങളെ ഖണ്ഡിക്കുന്ന സുനിൽ പി ഇളയിടത്തിന്റെ  പ്രഭാഷണങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം സ്വീകരിക്കപ്പെടുകയാണ്. ആ വാദങ്ങൾക്ക് മറുപടി പറയാനുള്ള ശേഷിയും വിഭവവും സംഘപരിവാറിനില്ല. അതോടെ, സുനിൽ പി ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞു കൊള്ളണം എന്നാഹ്വാനംചെയ‌്ത‌്   സംഘപരിവാർ അനുകൂലികൾ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തുവന്നു. തുടർന്ന് അദ്ദേഹം ജോലിചെയ്യുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാളവിഭാഗത്തിന്റെ ഓഫീസിനുനേരെ ആക്രമണം നടത്തി. നെയിം ബോർഡ് നശിപ്പിച്ചു; വാതിൽ വൃത്തികേടാക്കി. അതിനുശേഷമാണ് "അടുത്തത് നീ ’ ആണെന്ന ഭീഷണി ശ്രീചിത്രനെ തേടിയെത്തിയത്. ഇരുവരും പക്ഷേ ഭയന്നുപിന്മാറുകയോ  കീഴടങ്ങി നിശ്ശബ്ദരാകുകയോ അല്ല, ഏതു കൊലവിളിക്കും തങ്ങളെ അടക്കാനാകില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണുണ്ടായത്.

സംഘടിതമായും ആസൂത്രിതമായും ആക്രമണം നടത്തി എതിർശബ്ദത്തെ ഇല്ലാതാക്കാമെന്നത‌് ഫാസിസത്തിന്റെ വിശ്വാസമാണ്; രീതിയാണ്. ഫാസിസമാണ് സംഘ പരിവാറിന്റെ പ്രചോദനം. ഇറ്റലിയിൽ ചെന്ന് മുസ്സോളിനിയിൽനിന്ന് ഇരന്നുവാങ്ങിയ ഉപദേശമാണ് ആർഎസ്എസിന്റെ സംഘടനാസംവിധാനത്തിന് അടിത്തറയായത്.

സംഘടിതമായും ആസൂത്രിതമായും ആക്രമണം നടത്തി എതിർശബ്ദത്തെ ഇല്ലാതാക്കാമെന്നത‌് ഫാസിസത്തിന്റെ വിശ്വാസമാണ്; രീതിയാണ്. ഫാസിസമാണ് സംഘ പരിവാറിന്റെ പ്രചോദനം. ഇറ്റലിയിൽ ചെന്ന് മുസ്സോളിനിയിൽനിന്ന് ഇരന്നുവാങ്ങിയ ഉപദേശമാണ് ആർഎസ്എസിന്റെ സംഘടനാസംവിധാനത്തിന് അടിത്തറയായത്. ആർഎസ്എസ് നേരിട്ടും അവർ നിയന്ത്രിക്കുന്ന പരിവാർ- അനുബന്ധ സംഘടനകൾ മുഖേനയും നടപ്പാക്കുന്നതാണ് കൊലവിളിയുടെയും ഭീഷണിയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം. ശബരിമലയിലും ഡൽഹിയിലും അതാണ് ദൃശ്യമാകുന്നത്. കേരളത്തിന്റെ പ്രിയ കഥാകാരൻ എം ടിക്കെതിരെ ഉയർന്ന കൊലവിളിയിൽ അതുതന്നെയാണ് കണ്ടത്. സാമൂഹ്യമാധ്യമങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം പറയുന്ന സ്ത്രീകളടക്കമുള്ളവരെ വളഞ്ഞിട്ടാക്രമിക്കുന്നതിലും അതാണ് കാണുന്നത്.

ഇത്തരം ഭീഷണിക്കും പിത്തലാട്ടങ്ങൾക്കും മുന്നിൽ കമിഴ‌്ന്ന‌് വീഴുന്നവരല്ല ഇന്നാട്ടിലെ സാംസ‌്കാരിക പ്രവർത്തകരും കലാകാരന്മാരും സാഹിത്യപ്രതിഭകളും എന്ന് തെളിയിക്കുന്നതാണ്, ഭീഷണിക്കും അക്രമത്തിനും ഇരകളായ  മൂന്നുപേരുടെയും പ്രതികരണങ്ങൾ. എം ടി വാസുദേവൻനായരടക്കമുള്ളവർ അതേ രീതിയിലാണ് നേരത്തെയും പ്രതികരിച്ചിട്ടുള്ളത്. ആൾക്കൂട്ടത്തെ അണിനിരത്തി കലാപസമാനമായ അന്തരീക്ഷം സൃഷ്ടിച്ചും ആർക്കെതിരെയും കൊലവിളിച്ചും സ്വന്തം ശക്തിയെക്കുറിച്ച‌് വീരവാദങ്ങൾ മുഴക്കി ഭയപ്പെടുത്തിയും നീചമായ ഇടപെടലുകൾ കേന്ദ്ര സർക്കാരിനെക്കൊണ്ട് നടത്തിച്ചും സാംസ‌്കാരികമേഖലയിൽ ആധിപത്യം സ്ഥാപിക്കണമെന്ന സംഘവ്യാമോഹത്തിന്റെ മുഖത്തേക്കുള്ള പ്രഹരമാണ‌്, മുട്ടുമടക്കാനൊരുക്കമല്ല എന്ന പ്രതികരണം. ആ പ്രതികരണത്തിനാണ് ജനപിന്തുണ വേണ്ടത്, അതാണ് പ്രകീർത്തിക്കപ്പെടേണ്ടത്.  ഭീഷണിയുംകൊണ്ട് വന്നാൽ, ജാള്യവും കൊണ്ട് തിരിച്ചുപോകേണ്ടിവരും എന്ന് മനസ്സിലാക്കാൻ ശേഷിയുള്ള ആരെങ്കിലും സംഘ വൃത്തങ്ങളിൽ ഉണ്ടെങ്കിൽ അവർക്കുള്ള സന്ദേശമാണ് ടി എം കൃഷ‌്ണ മുതൽ ശ്രീചിത്രൻ വരെയുള്ളവരുടെ വാക്കുകൾ. അത് തിരിച്ചറിഞ്ഞ‌്,  ഉപദേശിച്ചു നന്നാകാൻ അവർക്കു കഴിയുമെങ്കിൽ അത്രയും നല്ലത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top