29 March Friday

ലാന്‍ഡ് ജിഹാദ് ആരോപിച്ച് കലാപാഹ്വാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018


ജനജീവിതത്തെ അസാധ്യമാക്കുംവിധമുള്ള മുദ്രാവാക്യങ്ങളും ആക്രമണങ്ങളുമായി ഹിന്ദുത്വ വര്‍ഗീയവാദികള്‍ 2018നെയും അസ്വസ്ഥമാക്കുമെന്ന് പോയവര്‍ഷത്തെ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നു. ഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന എല്ലാ മുദ്രാവാക്യങ്ങളും- ഘര്‍ വാപസിയും ലൌ ജിഹാദും ഗോസംരക്ഷണവും സ്വൈരജീവിതം അസാധ്യമാക്കുന്നതാണ്. ഇതിനേക്കാള്‍ ഭയാനകമായ മറ്റൊരു മുദ്രാവാക്യംകൂടി അവര്‍ ഉയര്‍ത്തിയിരിക്കുന്നു. ലാന്‍ഡ് ജിഹാദ്. 2018നെ ഏറെ അസ്വസ്ഥമാക്കാന്‍ പോകുന്ന ഒന്നായിരിക്കുമിത്. ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്ളിങ്ങളെയും ക്രിസ്ത്യാനികളെയും താമസിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണിത്. പലസ്തീന്‍ അധിനിവേശ പ്രദേശങ്ങളില്‍ ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഇസ്രയേല്‍ സര്‍ക്കാരിന്റെ കുടിയേറ്റ കൊളോണിയലിസമാണ് സംഘപരിവാര്‍ ഇവിടെയും പകര്‍ത്താന്‍ ശ്രമിക്കുന്നത്.

നേരത്തെതന്നെ ഡല്‍ഹിപോലുള്ള നഗരങ്ങളില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വീട് വാടകയ്ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാലിനി വീട് ലഭിച്ചാല്‍തന്നെ അവിടെ താമസിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് ലാന്‍ഡ് ജിഹാദിലൂടെ സംഘപരിവാര്‍ നല്‍കുന്നത്. മീറത്തില്‍നിന്നാണ് ലാന്‍ഡ് ജിഹാദ് സംബന്ധിച്ച ഭീതിജനകമായ വാര്‍ത്ത എത്തിയത്. ഡിസംബര്‍ 24ന് ഉസ്മാനും കുടുംബവും അടുത്തയിടെ വിലയ്ക്ക് വാങ്ങിയ മീറത്തിലെ മലിവാഡയിലെ 308-ാംനമ്പര്‍ വസതിയിലേക്ക് താമസം മാറ്റിയപ്പോഴാണ് ഒരു സംഘം ആളുകളെത്തി ഉസ്മാനും കുടുംബത്തിനും അവിടെ താമസിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചത്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഈ മേഖലയില്‍ മുസ്ളിങ്ങള്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. ഹിന്ദു ഭൂരിപക്ഷമേഖലയില്‍ വീട് എടുത്ത് താമസിക്കുന്നത് ലാന്‍ഡ് ജിഹാദിന്റെ ഭാഗമാണെന്നായിരുന്നു ആരോപണം. 'ഹിന്ദു മേഖലയെ പാകിസ്ഥാനാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്' ഉസ്മാന്‍ വീട് വാങ്ങിയതെന്നായിരുന്നു പശ്ചിമ യുപിയിലെ ബജ്രംഗ്ദള്‍ കണ്‍വീനറായ ബല്‍രാജ് ദുംഗറുടെ ആക്രോശം. ഹിന്ദുക്കള്‍ അവരുടെ വീടുകള്‍ വില്‍ക്കുന്നത് തുടരുകയാണെന്നും അതൊക്കെ മുസ്ളിങ്ങള്‍ വാങ്ങുകയാണെന്നും അങ്ങനെയാണ് ഹിന്ദുമേഖല മുസ്ളിം മേഖലയായി മാറുന്നതെന്നും ഇതാണ് ലാന്‍ഡ് ജിഹാദെന്നും ബല്‍രാജ് ദുംഗര്‍ വിശദീകരിച്ചു.

സഞ്ജയ് റസ്തോഗിയെന്ന ഹിന്ദുവില്‍നിന്നാണ് ഉസ്മാന്‍ വീട് വാങ്ങിയത്. 32 വര്‍ഷമായി ഒരുമുറിമാത്രമുള്ള വീട്ടിലായിരുന്നു ഉസ്മാനും കുടുംബവും താമസിച്ചിരുന്നത്. കൂടുതല്‍ സൌകര്യമുള്ള രണ്ടുനിലക്കെട്ടിടത്തിലെ ഒരു ഭാഗമാണ് ഉസ്മാന്‍ വിലയ്ക്ക് വാങ്ങിയത്. നിലവില്‍ താമസിക്കുന്ന ഇസ്മയില്‍ ഗേള്‍സ് ഇന്റര്‍ കോളേജിനടുത്തുള്ള ഒറ്റമുറി വസതിയില്‍നിന്ന് നടക്കാനുള്ള ദൂരമേ പുതിയ വീട്ടിലേക്കുള്ളൂ. എന്നാല്‍, പുതുവര്‍ഷത്തില്‍ സൌകര്യപ്രദമായ ജീവിതം സ്വപ്നംകണ്ട ഉസ്മാന് ഞൊടിയിടകൊണ്ട് അതെല്ലാം നഷ്ടമായി. വീട് വാങ്ങി താമസിക്കാനുള്ള ഒരു പൌരന്റെ അവകാശമാണ് ഇവിടെ നിഷേധിക്കപ്പെട്ടത്. പൌരന്റെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കേണ്ട പൊലീസും ഭരണസംവിധാനവും അത് നിഷേധിക്കുന്നവര്‍ക്കൊപ്പമാണ് നിലകൊണ്ടത്. അതുകൊണ്ടുതന്നെ പുതിയ വീടിന്റെ അവകാശം ഉടമ റസ്തോഗിക്കുതന്നെ കൈമാറുന്ന അനുരഞ്ജനപത്രത്തില്‍ ഒപ്പിടാന്‍ ഉസ്മാന്‍ നിര്‍ബന്ധിതനായി. റസ്തോഗി ഉസ്മാനില്‍നിന്ന് വാങ്ങിയ പണം തിരിച്ചുനല്‍കാമെന്നും വ്യവസ്ഥയുണ്ടായി. ഈ അനുരഞ്ജനപത്രത്തിന്റെ സാക്ഷി സ്ഥലത്തെ പൊലീസാണെന്നതാണ് വിചിത്രം. ഉസ്മാന് പുതിയ വീട്ടില്‍ താമസിക്കാനുള്ള സൌകര്യവും സംരക്ഷണവും ചെയ്തുകൊടുക്കുന്നതിനുപകരം അതനുവദിക്കാത്തവരുടെ വാദം അംഗീകരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാകട്ടെ ഇതേക്കുറിച്ച് മൌനംപാലിക്കുകയുമാണ്.

ബിജെപിയുടെ യുവജനവിഭാഗമായ ബിജെവൈഎമ്മിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ്ദളിന്റെയും നേതാക്കളായിരുന്നു ഉസ്മാന്റെ ഗൃഹപ്രവേശം തടഞ്ഞത്. സംസ്ഥാന വ്യാപകമായി ആരംഭിക്കാനിരിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് മീറത്തിലെ ലാന്‍ഡ് ജിഹാദിനെതിരായ പ്രതിഷേധമെന്നാണ് നേതാക്കളുടെ വിശദീകരണം. നേരത്തെ ഹിന്ദുക്കള്‍ താമസിക്കുകയും വീട് ഒഴിഞ്ഞുപോകുകയും ചെയ്യുന്ന മേഖലകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും മുസ്ളിങ്ങള്‍ക്ക് വീട് വില്‍ക്കരുതെന്ന് ഹിന്ദുക്കളെ കണ്ട് അഭ്യര്‍ഥിക്കുമെന്നും ബല്‍രാജ് ദുംഗര്‍ വെളിപ്പെടുത്തി. രാജ്യവ്യാപകമായി ആരംഭിക്കാനിരിക്കുന്ന കലാപത്തിന്റെ ആഹ്വാനം ദുംഗറുടെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാം.

ലാന്‍ഡ് ജിഹാദുമായി ബന്ധപ്പെട്ട് മുസ്ളിങ്ങളെ താമസിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ആദ്യത്തെ സംഭവമൊന്നുമല്ല. 2015 ജൂണില്‍ മീറത്തിനടുത്ത മൊറാദാബാദില്‍ ഷഹാന പ്രവീണ്‍ എന്ന മുസ്ളിംസ്ത്രീ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് പുതിയ വീട് വാങ്ങിയപ്പോള്‍, അവിടത്തെ ബിജെപി കൌണ്‍സിലര്‍ വീട് താഴിട്ടുപൂട്ടി താമസിക്കാന്‍ അനുവദിക്കാത്ത സംഭവമുണ്ടായി. ആ സ്ത്രീ ജീവിതകാലം മുഴുവന്‍ സ്വരൂപിച്ച പണം കൊടുത്ത് വാങ്ങിയ വീട്ടില്‍ താമസിക്കാനാകാതെ ഇന്നും വാടകവീട്ടിലാണ്. നീതിയും നിയമവും അവരെ സഹായിക്കാന്‍ എത്തിയില്ല. സ്വത്ത് സമ്പാദിക്കാനും വീടുവച്ച് താമസിക്കാനും സ്വാതന്ത്യ്രമുള്ള രാജ്യത്താണ്് ഇത് സംഭവിക്കുന്നത്. ലാന്‍ഡ് ജിഹാദുമായി ബന്ധപ്പെട്ട അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകള്‍ 2018ല്‍ ഏറെ പ്രതീക്ഷിക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top