20 May Friday

ക്രിസ്മസ് ആഘോഷത്തിനും വിലക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017


ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് സംഘപരിവാര്‍ 2018ലേക്ക് ഇന്ത്യയെ നയിക്കുന്നത്. അയോധ്യാ പ്രസ്ഥാനം മുതല്‍ക്ക് സംഘപരിവാറിന്റെ എക്കാലത്തെയും പരീക്ഷണശാലയായ ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ഹിന്ദു ജാഗരണ്‍ മഞ്ച് വിലക്കിയിരിക്കുന്നു. സ്വന്തം ഉത്തരവാദിത്തത്തില്‍ ആഘോഷം നടത്താമെന്നും അതിന്റെ പ്രത്യാഘാതം വിദ്യാലയങ്ങള്‍ സ്വന്തമായി ഏറ്റെടുക്കേണ്ടി വരുമെന്നുമാണ് ഭീഷണി. ആര്‍എസ്എസിന്റ നിലവിലെ തീവ്രമുഖമായ മുഖ്യമന്ത്രി ആദിത്യനാഥ് ഇതേക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.”'മിഷണറി സ്കൂളിലായാലും മറ്റ് സ്കൂളുകളിലായാലും പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളാണ്. സ്കൂളുകളുടെ വരുമാനത്തില്‍ അധികവും ഹിന്ദു വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസാണ്. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം മതപരിവര്‍ത്തനത്തിനുള്ള നീക്കമാണ്'-“ അലിഗഡ് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് സോനു സവിതയുടെ വാക്കുകളാണിത്. എല്ലാ മതത്തിലും വിശ്വസിക്കുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളില്‍ എല്ലാ ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും ഇതുവരെ ആരും അത് തടഞ്ഞിട്ടില്ലെന്നും യുപിയിലെ പബ്ളിക് സ്കൂള്‍ വക്താക്കള്‍ പ്രതികരിച്ചിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്ലി, സ്മൃതി ഇറാനി തുടങ്ങി മോഡി മന്ത്രിസഭയിലെ നാലു മന്ത്രിമാര്‍ ക്രിസ്ത്യന്‍ വിദ്യാലയങ്ങളിലാണ് പഠിച്ചതെന്നും അവര്‍ മതം മാറി ക്രിസ്ത്യാനികളായിട്ടില്ലല്ലോ എന്നും പബ്ളിക് സ്കൂള്‍ വക്താക്കള്‍ ചോദിക്കുന്നു.

യേശുക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബര്‍ 25 മതേതര രാജ്യങ്ങളിലെല്ലാം തികച്ചും മതേതരമായാണ് ആഘോഷിക്കുന്നത്. ക്രിസ്മസ് ട്രീയും സ്റ്റാറും കരോളും മനുഷ്യനന്മയുടെ പ്രതീകമായ മതേതര ചിഹ്നങ്ങളായാണ് ആധുനിക മനുഷ്യന്‍ മനസ്സില്‍ ഏറ്റുന്നത്. ഇതിനുനേര്‍ക്കാണ് ഇപ്പോള്‍ ത്രിശൂലമുയരുന്നത്. പാഠ്യപദ്ധതിയിലും പഠനവിഷയങ്ങളിലും പല രീതിയിലും ആര്‍എസ്എസ് തുടക്കം മുതലേ ഇടപെടാറുണ്ട്. ഇത്തവണ ക്രിസ്മസ് ആഘോഷത്തെ സ്കൂള്‍ പരിസരത്ത് പ്രതിഷ്ഠിച്ച് ഭീഷണിയുയര്‍ത്തുന്നതില്‍ നാഗ്പുരില്‍നിന്നുള്ള വിചിന്തനമായ തീരുമാനമുണ്ടാകാം.

സംഘപരിവാറിന്റെ തീവ്രമുഖമായ നരേന്ദ്രമോഡി പ്രധാനമന്ത്രിയായതോടെ തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് എന്തും ചെയ്യാനുള്ള സമ്മതിപത്രമാണ് ലഭിച്ചിരിക്കുന്നത്. മത-വംശ-ജാതിവിദ്വേഷം പരമാവധി ആളിക്കത്തിക്കുകയും ഗ്രാമഗ്രാമാന്തരങ്ങള്‍ പിടിച്ചടക്കുകയും ചെയ്യുന്നുണ്ട്. മുസ്ളിങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയും അത് പരമാവധി പ്രചരിപ്പിച്ച് ‘സമ്മത നിര്‍മിതി നടത്തുകയും ചെയ്യുന്നുണ്ട്. ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ അതിന് സത്യപ്രതീതി ലഭിക്കുമെന്ന ഫാസിസ്റ്റ് മാധ്യമ കണ്ടെത്തല്‍ പോലെ ഒരു ക്രൂരത പലവട്ടം ആവര്‍ത്തിച്ചാല്‍ അത് സാധാരണ സംഭവമാക്കുന്ന പുത്തന്‍ ശൈലിയും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്്.  ഭീഷണിക്കു വഴങ്ങിയില്ലെങ്കില്‍ ഗാന്ധിക്കുനേരെ ഉതിര്‍ത്ത അതേ പുരാതന പിസ്റ്റള്‍ എടുത്ത് ഓര്‍മയ്ക്കും പ്രജ്ഞയ്ക്കും നേരെ വെടിയുതിര്‍ക്കുമെന്ന് ഒടുവില്‍ ഗൌരി ലങ്കേഷ് വധത്തിലൂടെ ആവര്‍ത്തിച്ചിട്ടുണ്ട്. ജീവത്തായ പ്രശ്നങ്ങളെ ‘ഭൂതത്തിലടക്കാന്‍ സ്വത്വരാഷ്ട്രീയം സമര്‍ഥമായി ഉരുവിടുന്നുമുണ്ട്.

പുതുവര്‍ഷം അത്ര ശുഭകരമാകില്ലെന്ന സൂചനകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു’എന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ളിമീസ് രാജ്യതലസ്ഥാനത്ത് പുതുവര്‍ഷാഘോഷവേളയില്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. ‘ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിനു തന്നെ ക്ഷതമേല്‍പ്പിക്കുന്ന നടുക്കുന്ന സംഭവമാണ് കഴിഞ്ഞ 14ന് മധ്യപ്രദേശിലെ സത്നയില്‍ നടന്നത്. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭയ്ക്കുള്ള ആശങ്കയും ഉല്‍ക്കണ്ഠയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ നേരിട്ടു കണ്ട് അറിയിച്ചതാണ്. വര്‍ഷങ്ങളായി ക്രിസ്മസ് കരോള്‍ നടത്തിവരുന്ന പ്രദേശത്താണ് ഇത്തവണ അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. സത്നയ്ക്കു സമീപമുള്ള ഗ്രാമത്തില്‍ കരോളിനു പോയ സെമിനാരി വിദ്യാര്‍ഥികളെയും വൈദികരെയും ഒരു കൂട്ടം ആളുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളെ അക്രമികള്‍ മര്‍ദിച്ചു. വിവരമറിഞ്ഞെത്തിയ വൈദികരെയും സ്റ്റേഷനില്‍ തടഞ്ഞുവച്ചു. ഇവര്‍ എത്തിയ കാര്‍ കത്തിച്ചു. മതം മാറ്റിയെന്ന് ആരോപിച്ച് വൈദികര്‍ക്കെതിരെ കള്ളപ്പരാതിയില്‍ കേസെടുത്തു. കണ്‍മുമ്പില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല. മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഞങ്ങള്‍ പരാതി നല്‍കിയിരുന്നു. പ്രതികരണം ഒന്നുമുണ്ടായില്ലെന്നും  മാര്‍ ക്ളിമീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മാത്രമല്ല ഉത്തരേന്ത്യയിലാകെ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. പലതും പൊതുമാധ്യമങ്ങള്‍ വഴി പുറംലോകം അറിയുന്നില്ല. എന്നാല്‍, സംഘപരിവാറിന്റെ സാമൂഹ്യമാധ്യമ ശൃംഖലകള്‍ ഇവ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഹദ്നാവിസിന്റ ഭാര്യ അമൃത ക്രിസ്മസ് കേക്ക് മുറിച്ച് ചിത്രം സോഷ്യല്‍ മീഡിയയിലിട്ടു. ഇതിനെതിരെ സൈബര്‍ സംഘികള്‍ അതിശക്തമായാണ് പ്രതികരിച്ചത്.
ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നാണ് യുഎസ്സിഐആര്‍എഫ് 2017 ആഗസ്തില്‍ പുറത്തുവിട്ട കണക്ക്. ഇറാഖും അഫ്ഗാനിസ്ഥാനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. എന്തുകൊണ്ട് ഇത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് ക്രിസ്തീയ സഭാനേതൃത്വം ആത്മപരിശോധന നടത്തേണ്ടതുണ്ട്.ഒഡിഷയിലെ കന്ദമാലില്‍ 2007-08ലാണ് ഏറ്റവും വലിയ ക്രിസ്ത്യന്‍ വംശഹത്യ നടന്നത്. സംഘപരിവാറിലെ ഒരു ദളമായ വനവാസി കല്യാണ്‍ നൂറുകണക്കിന് കന്യാസ്ത്രീകളെ കൊല ചെയ്യുകയും കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. അന്ന് കേന്ദ്രം ‘ഭരിച്ച കോണ്‍ഗ്രസും മൌനത്തിലായിരുന്നു. കന്ദമാലിലെ അതിക്രൂരതകള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ പുരോഗമന മാധ്യമങ്ങളും ഇരകളുടെ കണ്ണീരൊപ്പാന്‍ ഒഡിഷയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ചെയ്ത കാര്യങ്ങള്‍ ചരിത്രത്തിന്റെ ഭാഗം. സംഘപരിവാര്‍ ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ 14 ‘ഭാഷ അറിയാവുന്ന അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവും തികഞ്ഞ മൌനത്തിലായിരുന്നു. |ഒടുവില്‍ അവര്‍ നിങ്ങളെ തേടിവരും എന്ന കവിവചനം വീണ്ടുമോര്‍ക്കുന്നത് ഇന്നിന്റെ അനിവാര്യതയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top