27 March Monday

വോട്ടുരാഷ്ട്രീയം മറനീക്കിയ സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

അയ്യപ്പഭക്തസംഗമം എന്ന പേരിൽ  ഞായറാഴ‌്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത‌് സംഘടിപ്പിച്ച സമ്മേളനം മറയില്ലാത്ത രാഷ്ട്രീയ പ്രചാരണവേദിയായി മാറിയത‌് ജനാധിപത്യവിശ്വാസികളിൽ അമ്പരപ്പ‌് ഉളവാക്കിയിരിക്കുന്നു. സുപ്രീംകോടതി ശബരിമലയിൽ യുവതികൾക്ക‌് പ്രവേശനം അനുവദിച്ചതിനെ തുടർന്ന‌് രൂപംകൊണ്ട ശബരിമല കർമസമിതി ഇതിനകം  ഹർത്താൽ ഉൾപ്പെടെ നിരവധി രാ‌‌ഷ്ട്രീയ  പ്രക്ഷോഭ പ്രചാരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത‌് നടത്തിയിട്ടുണ്ട‌്. യുവതികൾക്ക‌് ശബരിമല ദർശനം അനുവദിക്കുന്നതിനെതിരെ ഇവർ നടത്തിവന്ന സമരങ്ങൾ പലതും അക്രമത്തിലേക്ക‌് തിരിഞ്ഞു. ബിജെപിയുമായി ചേർന്ന‌് നടത്തിയ സംസ്ഥാന ഹർത്താലിൽ സംഘപരിവാർ അക്രമികൾ  ഹാലിളകി സംസ്ഥാനത്തെങ്ങും അഴിഞ്ഞാടി. പൊലീസ‌് നടപടികൾ ശക്തമായതോടെ അക്രമത്തിന‌് ആളെക്കിട്ടാതായ പശ്ചാത്തലത്തിലാണ‌് ഭക്തസംഗമം എന്ന ‘ആധ്യാത്മിക’ പരിപാടി തിരുവനന്തപുരത്ത‌് സംഘടിപ്പിച്ചത‌്.

ചില സാമുദായിക സംഘടനകളുടെയും  മഠങ്ങളുടെയും നേതൃത്വത്തിലുള്ളവരെ അണിനിരത്തി അവരുടെ അണികളെ പരിപാടിയിലേക്ക‌് ആകർഷിക്കുകയെന്ന തന്ത്രമാണ‌് സംഘാടകർ ഇതിനായി  പ്രയോഗിച്ചത‌്‌. അത്തരം സ്ഥാപനങ്ങളുടെ സംഘടനാസംവിധാനവും ഫണ്ടും  വാഹനങ്ങളും നല്ലവണ്ണം ഉപയോഗിച്ചതായും  പരാതി ഉയർന്നിട്ടുണ്ട‌്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ചില മഠാധിപതികളും പരിപാടിക്കെത്തി. പങ്കെടുക്കുന്ന ആധ്യാത്മിക ആചാര്യന്മാരുടെ പട്ടിക നിരത്തിയാണ‌് മധ്യ–-തെക്കൻ ജില്ലകളിൽനിന്ന‌് സംഗമത്തിന‌് ആളെക്കൂട്ടിയത‌്. എന്നാൽ, ആധ്യാത്മികപ്രഭാഷണം പ്രതീക്ഷിച്ചെത്തിയ ഭക്തർ സ്വാഗതപ്രസംഗം കേട്ടതോടെ മൂക്കത്ത‌് വിരൽവച്ചു. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെയും സംവരണം ഉൾപ്പെടെ സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള നടപടികളെയും അടച്ചാക്ഷേപിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ പൊലീസ‌് സർവീസിൽനിന്ന‌് അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥന്റെ സ്വാഗതപ്രസംഗം. അടുത്ത മൂന്ന‌് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക‌് വോട്ടുചെയ്യണമെന്ന‌് ആവർത്തിച്ച‌്  സൂചിപ്പിച്ചാണ‌് അദ്ദേഹം അവസാനിപ്പിച്ചത‌്.

അധ്യക്ഷനായ ആത്മീയാചാര്യനാകട്ടെ, സുപ്രീംകോടതിവിധി നടപ്പാക്കിയതിന‌്  മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ ആക്ഷേപിച്ചു. പിണറായി വിജയൻ മന്ത്രിയാണെന്നും രാജാവ‌് വേറെയുണ്ടെന്നും  ജനങ്ങളുടെ മുഖത്തുനോക്കിപ്പറയാൻ  സ്വാമിക്ക‌് മടിയുണ്ടായില്ല. ജനാധിപത്യത്തിൽ ജനങ്ങളാണ‌് രാജാവെന്നും ജനപ്രതിനിധികളായ മന്ത്രിമാരാണ‌് ഭരണാധികാരികളെന്നും ഇനിയും പഠിക്കാത്ത ഈ സ്വാമി, ഓന്തിനെപോലെ നിലപാടുകൾ മാറ്റുന്ന ആളാണെന്ന‌് വ്യക്തമായിട്ടുണ്ട‌്. സംഘപരിവാർ വേദിയിലെത്തിയ അമൃതാനന്ദമയി, ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ നിന്ന്‌ വ്യതിചലിച്ചാണ്‌ സംസാരിച്ചത്‌.  ആത്മീയ ആചാര്യന്മാരെമാത്രം വേദിയിലിരുത്തി യഥാർഥ സംഘാടകരായ ബിജെപി നേതാക്കൾ താഴെ  ഇരുന്നെങ്കിലും സംഗമത്തിൽ സംസാരിച്ച പലരും സംഘപരിവാറിനെ കടത്തിവെട്ടുന്ന വർഗീയപ്രസംഗമാണ‌് നടത്തിയത‌്. എൽഡിഎഫ‌് സർക്കാരിനെയും മന്ത്രിമാരെയും പരാമർശിച്ച‌് നിന്ദ്യമായ പദപ്രയോഗങ്ങൾ നടത്തുമ്പോൾ  ആർപ്പുവിളിയും കൈയടിയുമായി  ബിജെപി അണികൾ രംഗം കൊഴുപ്പിച്ചു. വോട്ട‌് അഭ്യർഥനയ‌്ക്കുപുറമെ പണപ്പിരിവിനും ‘കീ ജയ‌് ’ വിളികൾക്കും ഭക്തസംഗമം വേദിയായി. അയ്യപ്പന്റെപേരിൽ  ആളെക്കൂട്ടി ബിജെപിയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഉദ‌്ഘാടനമാക്കിയതിനെതിരെ യഥാർഥ വിശ്വാസികളുടെ ഭാഗത്തുനിന്ന‌് ശക്തമായ എതിർപ്പ‌് ഉയർന്നിട്ടുണ്ട‌്.

ശബരിമല വിഷയത്തിൽ വിശ്വാസപരമായ അനുഭാവം പുലർത്തിയവർക്ക‌് സംഘപരിവാറിന്റെ കള്ളക്കളി തിരിച്ചറിയാനുള്ള ഏറ്റവും നല്ല അവസരമായി  സംഗമം മാറിയെന്നതാണ‌് ഗുണപരമായ കാര്യം. എന്നാൽ, അടിസ്ഥാന  ജനാധിപത്യമൂല്യങ്ങൾ, സ‌്ത്രീപുരുഷ സമത്വം, സാമൂഹ്യനീതി, ഭരണഘടന, നീതിന്യായവ്യവസ്ഥ എന്നിവയെല്ലാം പരസ്യ വെല്ലുവിളിക്ക‌് വിധേയമാക്കുന്ന സമീപനം  സംഗമത്തിന്റെ സംഘാടകർ സ്വീകരിച്ചത‌് നിസ്സാരമായി കണ്ടുകൂടാ. ജനാധിപത്യവും നിയമവാഴ‌്ചയുമല്ല രാജാധിപത്യവും ശാസനകളുമാണ‌് നിലനിൽക്കേണ്ടത‌് എന്ന മനോഭാവം ജനങ്ങളിൽ കുത്തിവയ‌്ക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കണം. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ പ്രചാരണത്തിന‌് ഉപയോഗിച്ചുകൂടാ എന്നത‌് അംഗീകൃത തത്വമാണ‌്.  അത‌് ലംഘിക്കപ്പെട്ടാൽ ശിക്ഷിക്കാൻ നിയമവ്യവസ്ഥകളും ഉണ്ട‌്‌. ഇതര മത വിഭാഗങ്ങളെയും ദളിത‌് പിന്നോക്കക്കാരെയും ആക്ഷേപിക്കുന്ന നിരവധി പരാമർശങ്ങ‌ളും  പ്രസംഗകരിൽനിന്നുണ്ടായി.  ഇതെല്ലാം നിയമനടപടികൾ അനിവാര്യമാക്കുന്നതാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top