05 December Tuesday

മതവിശ്വാസ സ്വാതന്ത്ര്യവും വിലക്കുന്ന ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

ഹിന്ദുത്വരാഷ്ട്ര നിർമാണത്തിന്റെ ഭാഗമായി ആർഎസ്‌എസും സംഘപരിവാറും  നടത്തുന്ന പ്രചാരണമാണ്‌  ‘ലൗ‌ ജിഹാദ്‌.’ പ്രണയത്തിൽപ്പോലും വിദ്വേഷം കലർത്തി വർഗീയധ്രുവീകരണം ശക്തമാക്കി ഹിന്ദുത്വപദ്ധതി മുന്നോട്ടുകൊണ്ടു പോകുകയാണ്‌ ലക്ഷ്യം. ഹിന്ദു പെൺകുട്ടികളെ അന്യമതസ്ഥരായ (മുസ്ലിം) ചെറുപ്പക്കാർ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും തടയണമെന്നാണ്‌ ആർഎസ്‌ എസ്‌ ആഹ്വാനം. (നേരെ തിരിച്ചായാൽ അത്‌ ‘ശുദ്ധീകരണും’ ‘ഘർവാപസി’യുമാണ്‌) ഇതിന്‌ നിയമപരിരക്ഷ നൽകുന്നതിനാണ്‌ ബിജെപി സർക്കാരുകൾ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്‌. ഗുജറാത്തിൽ മോദി സർക്കാർ അധികാരമേറിയതിനുശേഷം 2003ലാണ്‌ ഗുജറാത്ത്‌ മതസ്വാതന്ത്ര്യനിയമം എന്നപേരിലുള്ള മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്‌. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മറ്റും സമാന നിയമങ്ങളുണ്ട്‌.

ഇത്‌ മാതൃകയാക്കിയാണ്‌ മധ്യപ്രദേശിലെ ശിവ്‌രാജ്‌ സിങ് ചൗഹാൻ സർക്കാരും 2021 ജനുവരിയിൽ ഓർഡിനൻസ്‌ ഇറക്കി മതപരിവർത്തന നിരോധനം നടപ്പാക്കുന്നത്‌. രണ്ടു മാസത്തിനകംതന്നെ മധ്യപ്രദേശ്‌ നിയമസഭ ഇത്‌ നിയമമാക്കുകയും ചെയ്‌തു. പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ്‌ നിയമം കൊണ്ടുവരുന്നത്‌ എന്നായിരുന്നു ബിൽ അവതരിപ്പിച്ചുകൊണ്ട്‌ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്‌. എന്നാൽ, നേർവിപരീതമായിരുന്നു ലക്ഷ്യമെന്ന്‌ നിയമം നടപ്പായതോടെ ബോധ്യപ്പെട്ടു. മതപരിവർത്തനം ജാമ്യംലഭിക്കാത്ത, 10 വർഷംവരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന  കുറ്റമായി. നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത  മതം മാറിയവരിൽ നിക്ഷിപ്‌തമായി. വ്യത്യസ്‌ത മതവിഭാഗത്തിൽപ്പെട്ടവർ തമ്മിൽ നടത്തുന്ന വിവാഹത്തിന്‌ സഹായം നൽകുന്ന സംഘടനകളും വേട്ടയാടപ്പെട്ടു. ഗുജറാത്ത്‌ നിയമത്തിലേതിന്‌ സമാനമായ വകുപ്പുകളും ശിക്ഷയുമാണ്‌ മധ്യപ്രദേശ്‌ നിയമത്തിലും ഉണ്ടായിരുന്നത്‌. നിയമം പാസായി ഒരു മാസത്തിനകം  മധ്യപ്രദേശിൽ 21 കേസാണ്‌ രജിസ്റ്റർ ചെയ്‌തത്‌. 43 പേർക്തെിരെ കേസെടുത്തു. ഇതിൽ 70 ശതമാനംപേരും അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. അറസ്റ്റിലായവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളും ക്രൈസ്‌തവരുമായിരുന്നു.

എന്നാൽ, മധ്യപ്രദേശിലെ ബിജെപി സർക്കാരിനും സംഘപരിവാറിനും കനത്ത തിരിച്ചടി നൽകിക്കൊണ്ട്‌ മധ്യപ്രദേശ്‌ ഹൈക്കോടതി വിവാദമായ ഈ നിയമത്തിലെ 10–-ാം വകുപ്പ്‌ ഭരണഘടനാവിരുദ്ധമെന്ന്‌ ചൂണ്ടിക്കാട്ടി റദ്ദാക്കിയിരിക്കുകയാണ്‌. ജസ്റ്റിസുമാരായ സുജോയ്‌പോൾ, പ്രകാശ്‌ ചന്ദ്ര എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഇടക്കാല ഉത്തരവിലൂടെ  മതപരിവർത്തനവും പ്രണയവിവാഹവും അസാധ്യമാക്കുന്ന മധ്യപ്രദേശ്‌ മതസ്വാതന്ത്ര്യനിയമത്തിലെ 10–-ാം വകുപ്പ്‌ ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ്‌ റദ്ദാക്കിയത്‌.  ഒരാൾ മതം മാറുന്നതിന്‌ 60 ദിവസംമുമ്പ്‌ ജില്ലാ മജിസ്‌ട്രേട്ടിനെ അറിയിക്കണമെന്ന്‌ അനുശാസിക്കുന്നതായിരുന്നു 10–-ാം വകുപ്പ്‌. ആരുടെയും ബലപ്രയോഗത്തിനോ നിർബന്ധത്തിനോ വഴങ്ങിയല്ല താൻ മതം മാറുന്നത്‌ എന്ന സത്യവാങ്‌മൂലമാണ്‌ ജില്ലാ മജിസ്‌ട്രേട്ടിന്‌ നൽകേണ്ടിയിരുന്നത്‌. ഈ വ്യവസ്ഥ ലംഘിക്കുന്ന വ്യക്തിക്ക്‌ മൂന്നുവർഷംമുതൽ അഞ്ചുവർഷംവരെ തടവും അരലക്ഷം രൂപവരെ കുറഞ്ഞ പിഴയും ഒടുക്കേണ്ടിയിരുന്നു.  ഇത്തരം നടപടിയെടുക്കുന്നതിൽനിന്ന്‌ സംസ്ഥാന അധികാരികളെ ഹൈക്കോടതി വിലക്കിയിരിക്കുകയാണ്‌ ഇപ്പോൾ. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നവരെ ഈ നിയമത്തിനു കീഴിൽ വിചാരണ ചെയ്യരുതെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.

ബിജെപി സർക്കാരുകൾ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമങ്ങൾ പ്രഥമദൃഷ്ട്യാതന്നെ വ്യക്തിസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്ന്‌ കാണാൻ പ്രയാസമില്ല. ഭരണഘടനയിലെ 25 മുതൽ 28 വരെയുള്ള വകുപ്പുകൾ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ചാണ്‌ പരാമർശിക്കുന്നത്‌. പൗരന്‌ ഏതു മതത്തിൽ വിശ്വസിക്കാനും അത്‌ പ്രചരിപ്പിക്കാനും ഭരണഘടന അനുവദിക്കുന്നുണ്ട്‌. മതനിരപേക്ഷ രാഷ്ട്രത്തിന്‌ ഭരണഘടനാ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്‌കർ നൽകിയ നിർവചനംതന്നെ ‘ഏതെങ്കിലുമൊരു പ്രത്യേക മതം മറ്റുള്ള ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ പാർലമെന്റിന്‌ അർഹത ഉണ്ടായിക്കൂടാ എന്നാണ്‌’. ഏതൊരാളും അയാളുടെ മതം നിമിത്തം വിവേചനമോ അവശതയോ അനുഭവിച്ചുകൂട എന്നും ഭരണഘടന വിഭാവനം ചെയ്യുന്നു. ഈ കാഴ്‌ചപ്പാടിൽ പരിശോധിച്ചാൽ ബിജെപി സർക്കാരുകൾ ഉണ്ടാക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്‌. രാജ്യത്തെ ജുഡീഷ്യറി ഈ വസ്‌തുതയ്‌ക്ക്‌ അടിവരയിടുമെന്ന നേരിയ പ്രതീക്ഷയാണ്‌ മധ്യപ്രദേശ്‌ ഹൈക്കോടതി വിധി നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top