09 December Saturday

പാർലമെന്റിലും വിദ്വേഷവിഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023


ഇന്ത്യയിലെ ഏതു തെരുവിലും ഏതു സമയത്തും ന്യൂനപക്ഷ വിഭാഗങ്ങൾ, പ്രത്യേകിച്ച്‌ മുസ്ലിങ്ങൾ, സായുധരായ ക്രിമിനൽ സംഘങ്ങളാൽ ആക്രമിക്കപ്പെടാവുന്ന തരത്തിലേക്ക്‌ രാജ്യമൊട്ടുക്ക്‌ വെറുപ്പും വിദ്വേഷവും വളർത്തുന്നതിൽ ഹിന്ദുത്വശക്തികൾ വിജയിച്ചുകഴിഞ്ഞു. നരേന്ദ്ര മോദി 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുംമുമ്പേതന്നെ അക്രമാസക്തമായ അപരമത വിദ്വേഷത്തിന്റെ ബുൾഡോസറുകൾ ഗുജറാത്തിലും മറ്റും വേഗപരിധിയില്ലാതെ ന്യൂനപക്ഷങ്ങൾക്കുനേരെ ചീറിയടുക്കുന്ന കാഴ്‌ചയ്ക്കാണ്‌  ഈ ‘മഹാഭാരതം’ സാക്ഷിയാകുന്നത്‌. 

അക്രമികൾ ത്രിശൂലവും കുറുവടിയുമണിഞ്ഞ്‌ എത്തുന്നത്‌ ചിലപ്പോൾ ഗോമാതാവിന്റെ സംരക്ഷകരുടെ വേഷത്തിലാകാം. മറ്റു ചിലപ്പോൾ ക്ഷേത്രസംരക്ഷണത്തിന്റെ പേരിലാകാം. അല്ലെങ്കിൽ ബാങ്കുവിളിയുടെ ശബ്‌ദം കൂടിയെന്നാരോപിച്ചാകാം, അതുമല്ലെങ്കിൽ ഹിജാബ്‌ ധരിച്ചതിന്റെ പേരിലാകാം. അഖ്‌ലാഖ്‌, പെഹ്‌ലുഖാൻ, ജുനൈദ്‌ തുടങ്ങിയവയൊക്കെ അത്തരം ഇരകളിൽ ചിലർമാത്രം. പശുസംരക്ഷകരുടെ ആൾക്കൂട്ട ആക്രമണങ്ങൾക്കിരയാകുന്നവരിൽ മുസ്ലിങ്ങളെപ്പോലെതന്നെ ദളിത്‌ വിഭാഗക്കാരുമുണ്ട്‌. ഇത്തരത്തിലുള്ള നൂറുകണക്കിന്‌ കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത്‌ അത്യപൂർവമാണെന്നതും അപമാനകരമായ യാഥാർഥ്യം.

തെരുവിൽ അഴിഞ്ഞാടുന്ന തീവ്രഹിന്ദുത്വ ദേശീയതയുടെ പ്രതിനിധികളുടെ വെറുപ്പും വിദ്വേഷവും പാർലമെന്റിനെപ്പോലും മലീമസമാക്കുന്ന സമീപകാല സംഭവങ്ങൾ ജനാധിപത്യ വിശ്വാസികളെയാകെ ഞെട്ടിക്കുന്നതാണ്‌.   യുപിയിലെ അംറോഹയിൽനിന്നുള്ള ബിഎസ്‌പി അംഗം കുൻവർ ഡാനിഷ്‌ അലിക്ക്‌ പാർലമെന്റിനുള്ളിൽ നേരിട്ട ദുരനുഭവത്തെ എങ്ങനെയാണ്‌ വിശേഷിപ്പിക്കാനാകുക. ജനിച്ചുപോയ മതത്തിന്റെ പേരിൽ ഡാനിഷ്‌ അലിയെ ഭർത്സിക്കുകയും സഭയിൽനിന്ന്‌ പുറത്താക്കണമെന്ന്‌ ആക്രോശിക്കുകയുമാണ്‌ ബിജെപി അംഗം രമേഷ്‌ ബിദുരി ചെയ്‌തത്‌. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്‌ യുഎൻ ജനറൽ അസംബ്ലിയിൽ വച്ചാണ്‌. അതേ ജനാധിപത്യത്തിന്റെ പവിത്രഭൂമികയായി വാഴ്‌ത്തപ്പെടുന്ന ലോക്‌സഭയിൽ വച്ചാണ്‌ ഒരു മതനിരപേക്ഷ പാർടിയുടെ നേതാവായ ഡാനിഷ്‌ അലി അപമാനിക്കപ്പെട്ടത്‌. തീവ്രവാദിയെന്നും കൂട്ടിക്കൊടുപ്പുകാരനെന്നും ഡാനിഷ്‌ അലിയെ വിശേഷിപ്പിച്ച ബിദുരി ‘ഈ തീവ്രവാദിയെ വലിച്ച്‌ പാർലമെന്റിന്‌ പുറത്തേക്കെറിയൂ’ എന്നാക്രോശിക്കുകയും ചെയ്‌തു. ഓരോ പാർലമെന്റംഗത്തിനും അനുവദിക്കപ്പെട്ട  പ്രിവിലേജു (പ്രത്യേകാവകാശം)കളെല്ലാം ലംഘിക്കപ്പെട്ടിട്ടും രമേഷ്‌ ബിദുരിക്കെതിരെ സ്‌പീക്കർ നടപടിയെടുത്തില്ല എന്നതാണ്‌ ആശ്ചര്യജനകമായ കാര്യം.

പ്രധാനമന്ത്രി നായയെപ്പോലെ മരിക്കാൻ ചിലർ ആഗ്രഹിക്കുന്നുവെന്ന് രമേഷ്‌ ബിദുരി ഒരു പ്രസംഗത്തിനിടെ പരാമർശിച്ചിരുന്നു. എന്നാൽ  ‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ എന്തിനാണ്‌ താങ്കൾ അപമാനിക്കുന്നത്‌' എന്ന് ഡാനിഷ് അലി ചോദിച്ചതോടെയാണ്‌ ആർഎസ്‌എസ്‌ സംഘാടകൻകൂടിയായ ബിദുരിയുടെ സമനില തെറ്റിയത്‌, യഥാർഥ നിറം പുറത്തായത്‌. ഇങ്ങനെയൊരു അധിക്ഷേപം താങ്ങാനാകാതെ മാനസികപീഡമൂലം ഒരു എംപി  പൊട്ടിക്കരഞ്ഞുകൊണ്ട്‌ മടങ്ങേണ്ടി വന്നത്‌ ബിജെപി ഭരണത്തിൽ പാർലമെന്റിൽപ്പോലും ജനാധിപത്യബോധം പുലരുന്നില്ലെന്ന്‌ തെളിയിക്കുന്നു. ഒരു ലോക്‌സഭാംഗത്തിനുപോലും    ജനിക്കുന്ന മതം ആക്രമിക്കപ്പെടാനുള്ള ഉപാധിയായി മാറുന്ന ദയനീയചിത്രമാണിത്‌. സംഘപരിവാർ സൃഷ്‌ടിച്ച ഇസ്ലാമോഫോബിയയിൽനിന്നുയിർക്കൊള്ളുന്ന ഇത്തരം ആക്രമണോത്സുകമായ ഇടപെടലുകളിൽനിന്ന്‌ പാർലമെന്റ്‌പോലും മുക്തമാകുന്നില്ല. നമ്മുടെ ജനാധിപത്യം എത്രമാത്രം ദുർബലമാകുന്നു എന്നതിന്‌ വേറെ എന്ത്‌ തെളിവു വേണം? അധിക്ഷേപംകൊണ്ടുള്ള ആക്രമണം ശാരീരികമായ കടന്നാക്രമണങ്ങളിലേക്ക്‌ വഴിമാറിയാലും സമകാല ഇന്ത്യൻ സാഹചര്യത്തിൽ അത്ഭുതപ്പെടാനില്ല.

തങ്ങളുടെ ആശയങ്ങളോട്‌ വിമതത്വം പ്രകടിപ്പിക്കുന്നവരെ ശാരീരികമായി ഇല്ലായ്‌മ ചെയ്യുക എന്നത്‌ ഹിറ്റ്‌ലറെ ആരാധിക്കുന്നവരുടെ രീതിശാസ്‌ത്രത്തിലുണ്ട്‌. ജർമനിയിലെ ജൂതവംശഹത്യയെ പിന്തുണച്ച സവർക്കറാണ്‌ ഇന്ത്യൻ ഫാസിസ്റ്റുകളുടെ ഉത്തമമാതൃക. ഇന്ത്യയിലെ ‘മുസ്ലിം പ്രശ്‌ന’ത്തിന്‌ പരിഹാരമായി 1938 ഒക്‌ടോബർ 14ന്‌ വി ഡി സവർക്കർ നിർദേശിച്ചത്‌ വംശശുദ്ധീകരണമെന്ന പരിഹാരമാണ്‌. ‘ഒരു രാഷ്‌ട്രം രൂപപ്പെടുത്തുന്നത് അവിടെ അധിവസിക്കുന്ന ഭൂരിപക്ഷമാണ്‌. ജർമനിയിൽ ജൂതന്മാരെ എന്താണ്‌ ചെയ്‌തത്‌. ന്യൂനപക്ഷമായതു കാരണം അവരെ ജർമനിയിൽനിന്ന്‌ ആട്ടിയോടിച്ചു.’ എന്നാണ്‌ സവർക്കർ ആവേശത്തോടെ പറഞ്ഞത്‌. സാധാരണ ആർഎസ്‌എസ്‌ പ്രവർത്തകനെയും പാർലമെന്റംഗങ്ങളായ ബിജെപിക്കാരെയും പ്രധാനമന്ത്രിയെയുംവരെ നയിക്കുന്നത്‌ ഈ ചിന്തയാണ്‌. അങ്ങനെയുള്ള ഒരു കാലത്ത്‌, സംഘപരിവാറിനെതിരെയുള്ള ആശയപ്രചാരണം കൂടുതൽ ശക്തിപ്പെടുത്തുകയാകണം മതനിരപേക്ഷ വാദികളുടെ മുൻഗണന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top