23 April Tuesday

സമാധാന ഭഞ്ജകരെ ഒറ്റപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 12, 2016


തൊണ്ണൂറ്റൊന്ന് കൊല്ലംമുമ്പ് വിജയദശമിനാളിലാണ് ആര്‍എസ്എസ് ജനിച്ചത്. നവരാത്രി ആഘോഷം ഹൈന്ദവ വിശ്വാസികളുടെയാകെയാണെങ്കിലും ആര്‍എസ്എസ് സ്വന്തം സംഘടനാശരീരവുമായി ചേര്‍ത്തുവച്ച ഒന്നാണത്. മഹാനവമിനാളില്‍  ആയുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്നത് കര്‍മമാര്‍ഗത്തില്‍ ദേവീപ്രീതി നേടുന്നതിനായാണ് എന്ന് വിശ്വാസികള്‍ കരുതുന്നു. ആ ദിനത്തില്‍ പ്രവൃത്തികളൊന്നും ചെയ്യാതെ ആയുധങ്ങള്‍ പൂജവയ്ക്കുകയാണ് സാധാരണ വിശ്വാസികളുടെ പതിവ്. മതത്തിന്റെയും വിശ്വാസത്തിന്റെയും ആനുകൂല്യം രാഷ്ട്രീയലാഭത്തിന് ഇന്ധനമാക്കാന്‍ ജാഗരൂകരായ  ആര്‍എസ്എസിന് മഹാനവിനാളില്‍ തോന്നിയത്, കണ്ണൂര്‍ജില്ലയിലെ ഒരു പാവപ്പെട്ട തൊഴിലാളിയുടെ രക്തംകൊണ്ട് തങ്ങളുടെ ആയുധങ്ങളെ ചുവപ്പണിയിക്കണമെന്നാണ്. സിപിഐ എം പടുവിലായിലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കെ മോഹനനെ ആര്‍എസ്എസുകാര്‍ തൊഴില്‍സ്ഥലത്ത് കടന്നുകയറി ഇഞ്ചോടിഞ്ച് വെട്ടി കൊലപ്പെടുത്തി. വിശ്വാസവും വിശേഷനാളുകളും രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനുള്ള അവസരമായിമാത്രമാണ് ആര്‍എസ്എസ് കാണുന്നത്. ഓണവും വിഷുവും  നവരാത്രിയുമൊന്നും ആര്‍എസ്എസിന്റെ സംഹാരായുധങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സന്ദര്‍ഭങ്ങളല്ല. സിപിഐ എം നേതാവ് പി ജയരാജന് നേരെ വധശ്രമമുണ്ടായത് തിരുവോണനാളിലായിരുന്നു. കൂത്തുപറമ്പിലെ പി ബാലനെയും പൊയിലൂരിലെ വിനോദനെയും കൊന്നത് വിഷുവിനാണ്. ആയിത്തറയിലെ വിജേഷിനെ കഴുത്തറുത്ത് കൊല്ലുമ്പോള്‍, ആ ചെറുപ്പക്കാരന്‍ ശബരിമലയ്ക്ക് പോകാന്‍ വ്രതംനോറ്റിരിക്കയായിരുന്നു. കഴുത്തു പിളര്‍ന്ന മുറിവില്‍ പൂണ്ടുപോയ രുദ്രാക്ഷമാലയുമായാണ് വിജേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനെത്തിച്ചത്. കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ അവസാനത്തെ കമ്യൂണിസ്റ്റുകാരനെയും കൊന്നൊടുക്കണമെന്ന ബോധ്യമാണ്, ഈ നരമേധങ്ങള്‍ക്ക് ആധാരം. അത് കാണാത്തവരാണ് ആര്‍എസ്എസിനെയും ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികളെയും തുലനംചെയ്ത് സംഘര്‍ഷ വിശകലനം നടത്തുന്നത്.

കേരളത്തില്‍ സിപിഐ എം അക്രമംമൂലം സംഘടനാപ്രവര്‍ത്തനം അസാധ്യമാണെന്നാണ് ആര്‍എസ്എസ് രാജ്യവ്യാപക പ്രചാരണം നടത്തുന്നത്. തങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വിലപിച്ച് ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന അതേ സമയത്താണ് ആര്‍എസ്എസ് കണ്ണൂരിലെ പിണറായിക്കടുത്ത് ഹിംസ്രജന്തുക്കളെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൌര്യത്തോടെ മോഹനന്റെ ശരീരത്തില്‍ മുപ്പതിലേറെ മുറിവേല്‍പ്പിച്ച് മരണം ഉറപ്പാക്കിയത്. ഒരു രാഷ്ട്രീയ സംഘര്‍ഷവുമുള്ള മേഖലയിലല്ല കൊലപാതകമുണ്ടായത്. തിങ്കളാഴ്ച രാവിലെ മോഹനന്റെ ജോലിസ്ഥലത്ത് മിന്നല്‍വേഗത്തിലെത്തി കൊല ചെയ്യുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കിയതാണ് കൊലപാതകമെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാണ്്. കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കുക, അതിന്റെ മറവില്‍ സിപിഐ എമ്മിനെതിരായ വേട്ട കേന്ദ്രഭരണത്തിന്റെ തണലില്‍ വലതുപക്ഷ രാഷ്ട്രീയ– മാധ്യമ സഹായത്തോടെ ശക്തമാക്കുക എന്ന പദ്ധതിയുടെ ഒരു ഘട്ടമാണ് മോഹനന്‍ വധം.  

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമാണ് ധര്‍മടം. അവിടെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആര്‍എസ്എസ് കൊല്ലുന്ന രണ്ടാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് മോഹനന്‍. എല്‍ഡിഎഫ് ഗംഭീരവിജയം നേടിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ, ആഹ്ളാദപ്രകടനത്തെ ആക്രമിച്ചാണ് മെയ് 19ന് സി വി രവീന്ദ്രന്‍ എന്ന തൊഴിലാളിയെ ആര്‍എസ്എസ് കൊന്നത്. ഇങ്ങനെ തുടരെ കൊലയും ആക്രമണവും നടത്തുന്നവര്‍തന്നെ, ബിജെപിക്ക് രക്ഷയില്ലെന്ന പ്രചാരണവും തുടരുന്നു. എല്ലാ സമാധാനശ്രമങ്ങളോടും പുറംതിരിഞ്ഞുനില്‍ക്കുകയാണ് സംഘപരിവാര്‍. വന്‍തോതില്‍ ആയുധശേഖരവും അവര്‍ നടത്തുന്നതിന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ആഗസ്ത് 20നാണ് പിണറായിക്കടുത്ത കോട്ടയം പൊയിലില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരു ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ടത്.

മോഹനന്റെ കൊലപാതകം ഒറ്റപ്പെട്ടതല്ല. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് തുടരുന്ന ആക്രമണപരമ്പരകളില്‍ ഒന്നുമാത്രമാണ്. കഴിഞ്ഞയാഴ്ച 36 മണിക്കൂറിനുള്ളില്‍ നാല് സിപിഐ എം പ്രവര്‍ത്തകരെയാണ് വധിക്കാന്‍ ശ്രമിച്ചത്. കൈതേരി അനൂപ്, തില്ലങ്കേരി ബാലന്‍, കണ്ണവത്തെ ശിവന്‍, കോടിയേരിയിലെ രമേശന്‍ എന്നിവരെ. നാലും വധശ്രമം. ആര്‍എസ്എസിന്റെ സായുധ സംഘം ജില്ലയില്‍ പലേടത്തും റോന്തുചുറ്റുന്നു. നിയമവ്യവസ്ഥയെയും നിയമപാലന സംവിധാനങ്ങളെയും വെല്ലുവിളിച്ചാണ് ഈ നരാധമ സംഘം പേക്കൂത്ത് തുടരുന്നത്. സംഘത്തിന്റെ തണലില്‍ വന്‍കിട ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആസൂത്രണം സംഘനേതൃത്വവും നടത്തിപ്പ് ക്വട്ടേഷന്‍ സംഘങ്ങളുമാണ്. കണ്ണൂരിന്റെമാത്രം ചിത്രമല്ലിത്. ആക്രമിക്കപ്പെടുന്നത് സിപിഐ എം മാത്രവുമല്ല. കഴിഞ്ഞദിവസം എടപ്പാളിനടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയാണ് ആര്‍എസ്എസ് തിരിഞ്ഞത്. തലസ്ഥാനജില്ലയില്‍ ആക്രമണപരമ്പര അരങ്ങേറുന്നു.

അതിശക്തമായ തിരിച്ചടിയിലൂടെയേ ഈ ക്രിമിനല്‍സംഘത്തെ അടക്കിനിര്‍ത്താനാവൂ. ആസൂത്രിതമായ കൊലപാതകങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് നേതാക്കള്‍ തുറന്നുകാട്ടപ്പെടണം. ആര്‍എസ്എസിന്റെ വിദ്വേഷരാഷ്ട്രീയവും അതിന്റെ പ്രയോഗവും ജനങ്ങള്‍ക്കുമുന്നില്‍ നഗ്നമാക്കപ്പെടുന്ന പ്രചാരണ പരിപാടികളുണ്ടാകണം. ആസൂത്രകരെ നിയമത്തിനു മുന്നിലെത്തിക്കാനും അക്രമിസംഘങ്ങളെ തുറുങ്കിലടയ്ക്കാനും പൊലീസ് ജാഗ്രത കാണിക്കണം. നാടിനെ ഭീതിയിലാഴ്ത്തി കീഴ്പ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ ബഹുജനങ്ങളുടെ വിശാലമായ മുന്നേറ്റമുണ്ടാകണം. തൊഴില്‍ചെയ്യാന്‍ വീട്ടില്‍നിന്നിറങ്ങി, വെട്ടിനുറുക്കപ്പെട്ട മൃതശരീരമായി തിരിച്ചെത്തേണ്ടുന്ന അവസ്ഥ ഇനി ഒരാള്‍ക്കും ഉണ്ടാകരുത്. ഇരുപക്ഷവും നിര്‍ത്തിയാല്‍ സമാധാനം പുലരുമെന്ന വീണ്‍വാക്കല്ല നാടിനുവേണ്ടത്. യഥാര്‍ഥ സമാധാന ഭഞ്ജകരായ ആര്‍എസ്എസിനെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒറ്റപ്പെടുത്തലാണ്. അതിന്റെ വ്യാജപ്രചാരണങ്ങള്‍ പൊളിച്ചടുക്കുന്ന തെളിവുകള്‍ നിരത്തിയുള്ള ജനകീയപ്രതിരോധമാണ്. രക്തസാക്ഷി കെ മോഹനനോട് അത്തരമൊരു മുന്നേറ്റത്തിലൂടെയാണ് നീതിചെയ്യാനാവുക


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top