26 April Friday

ഇവിടെ വിലപ്പോകില്ല ഭീഷണിയുടെ ശൈലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2017


സമഗ്രാധിപത്യം ലക്ഷ്യമിട്ടുള്ള വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള പ്രധാന തടസ്സങ്ങള്‍  മതനിരപേക്ഷ സംസ്കാരവും പാര്‍ലമെന്ററി ജനാധിപത്യസംവിധാനവും ഫെഡറലിസവും മാത്രമല്ല, ജനങ്ങളുടെ ചിന്താസ്വാതന്ത്യ്രംകൂടിയാണ് എന്ന് തിരിച്ചറിഞ്ഞാണ് സംഘപരിവാര്‍ സാമൂഹികവിഷയങ്ങളില്‍ ഇടപെടുന്നത്. പറയാനും ചിന്തിക്കാനുമുള്ള അവകാശം ആക്രമിക്കപ്പെടുകയാണ്. ഗാന്ധിവധം മധുരപലഹാരം വിതരണംചെയ്ത് ആഘോഷിച്ചവര്‍ക്ക് ആഹ്ളാദത്തിന്റെയും ആക്രോശത്തിന്റെയും ഇന്ധനമാണ്  ഗൌരി ലങ്കേഷ് വധം പകര്‍ന്നുനല്‍കിയത്്. കൊല്ലുന്നതില്‍ തീരുന്നില്ല അവരുടെ കലി. കൊല്ലപ്പെട്ടവരെ വീണ്ടും വീണ്ടും തല്ലുകയാണവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ കൈരളി-പീപ്പിള്‍  ചാനലിനും അതില്‍ സംപ്രേഷണംചെയ്ത ഒരു പരിപാടിക്കുമെതിരെ ഉയര്‍ത്തിയ ആക്രോശവും അവതാരകനുനേരെയുണ്ടായ വധഭീഷണിയും അസഹിഷ്ണുതയുടെ വഴിയില്‍ കൂടുതല്‍ തീവ്രമായി സഞ്ചരിക്കാനാണ് സംഘപരിവാര്‍ശക്തികള്‍ ശ്രമിക്കുന്നത് എന്നതിന്റെ സൂചനയാണ്.

കേരളത്തില്‍ മുമ്പും സംഘപരിവാറിന്റെ കൊലവിളി മാധ്യമ പ്രവര്‍ത്തകരെ തേടിയെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ മ്ളേച്ഛമായ ഭാഷയില്‍ പരസ്യമായി ആക്രമിച്ചത്, ചാനല്‍ ചര്‍ച്ചയില്‍ 'ദൈവത്തെക്കുറിച്ച് മോശം പരാമര്‍ശം' നടത്തി എന്നാരോപിച്ചാണ്. ജനങ്ങളുടെ നിത്യജീവിതത്തില്‍ പരിചിതമായ വിഷയങ്ങളെപ്പോലും വര്‍ഗീയവല്‍ക്കരിച്ച്, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ശബ്ദം അടിച്ചമര്‍ത്താനോ ഭീതി സൃഷ്ടിച്ച് നാവുകളെ വരിഞ്ഞുകെട്ടാനോ ഉള്ള ശ്രമമാണുണ്ടാകുന്നത്. വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് തങ്ങളുടെ നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ജനകീയപ്രതിഷേധത്തെ ദുര്‍ബലപ്പെടുത്താനുള്ള  സംഘപരിവാറിന്റെ  ആസൂത്രിത പദ്ധതിയുടെ ഒരു ഭാഗംതന്നെയാണിത്. തങ്ങളുടെ ഇച്ഛകളെ എതിര്‍ക്കുന്നവരെ ഒറ്റതിരിച്ച് അടയാളപ്പെടുത്തി ആക്രമിക്കുക, കൊലപ്പെടുത്തുക എന്നതാണ് ആ പദ്ധതി. സംഘപരിവാര്‍ ഇന്ത്യയിലെ ഏറ്റവുംവലിയ ഭീകരപ്രസ്ഥാനമാണ് എന്നാണത് തെളിയിക്കുന്നത്. കൈരളി ചാനലിലെ പരിപാടി ഓച്ചിറയിലെ പ്രശസ്തമായ അമ്പലത്തെ കുറിച്ചുള്ളതായിരുന്നു. ഓച്ചിറയിലെ   പ്രതിഷ്ഠയും അമ്പലവുമില്ലാതെ ആല്‍ത്തറയില്‍ അഗതികള്‍ക്ക് അഭയം നല്‍കുന്ന ക്ഷേത്രത്തെയും അത് പ്രസരിപ്പിക്കുന്ന ഉദാത്തമായ സന്ദേശത്തെയുമാണ് ആ പരിപാടിയില്‍ അവതരിപ്പിച്ചത്.  ആരോരുമില്ലാത്തവരും ഉറ്റവരാല്‍ ത്യജിക്കപ്പെട്ടവരും ആവതില്ലാത്തവരുമാണ് ഓച്ചിറ ക്ഷേത്രത്തില്‍ കുടില്‍കെട്ടി പാര്‍ക്കുന്നത്. ആല്‍മരത്തണലില്‍ അഭയംതേടുന്നത്. ഈ അനുഭവവും ക്ഷേത്രത്തിന്റെ ചരിത്രവും ദൃശ്യവല്‍ക്കരിക്കുന്ന പരിപാടിയുടെ പേര് 'തെണ്ടികളുടെ ദൈവം' എന്നായിരുന്നു. ഇതിനെതിരെയാണ് സംഘപരിവാര്‍ ഭീഷണിയും ആക്ഷേപവുമായി രംഗത്തിറങ്ങിയത്.

പരിപാടിയുടെ ശീര്‍ഷകം ഹിന്ദുമതത്തെ അപമാനിക്കുന്നതും  ഓച്ചിറ പരബ്രഹ്മത്തെ അവഹേളിക്കുന്നതുമാണ് എന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളിലുടെ ആരംഭിച്ച ആക്രമണം പരിപാടിയുടെ സംവിധായകന്‍ ബിജു മുത്തത്തിക്കുനേരെയുള്ള വധഭീഷണിയിലേക്കും പ്രത്യക്ഷ പ്രക്ഷോഭത്തിലേക്കുമാണ് സംഘപരിവാര്‍ പൊടുന്നനെ മാറ്റിയത്. ആ പരിപാടി ഒന്നു കാണുകപോലും ചെയ്യാത്തവരാണ് കൊലവിളിയുമായി മുന്നില്‍നിന്നത്. എതിര്‍പ്പിനിടയായ ശീര്‍ഷകം ഒഴിവാക്കി കൈരളി അതേ പരിപാടി പുനഃസംപ്രേഷണം ചെയ്തിട്ടും വ്യാജപ്രചാരണം അവര്‍ അവസാനിപ്പിക്കുന്നില്ല.

ഓച്ചിറ ക്ഷേത്രത്തിലെത്തുന്ന അഗതികള്‍ക്ക് വേണ്ട ഭക്ഷണവും ചികിത്സയും നല്‍കുന്നത് ജനങ്ങളുടെ പങ്കാളിത്തമുള്ള ഭരണസമിതിയുടെ നേതൃത്വത്തിലാണ്. ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത് ആയുധപ്പുരകളും വിശ്വാസികളിലേക്ക് കടന്നുകയറാനുള്ള ഊടുവഴിയുമാക്കി മാറ്റാന്‍ ശ്രമിക്കുന്ന സംഘപരിവാറിന് ദഹിക്കുന്നതല്ല ഈ ജനകീയ ഇടപെടല്‍. ക്ഷേത്രത്തെയും ഹിന്ദുമതത്തെയും അപമാനിച്ചെന്ന വ്യാജ പ്രചാരണം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായതിന്റെ കാരണം അതാണ്. "മലയാളിയുടെ അവസാനത്തെ അഭയകേന്ദ്രങ്ങളാണ് അഗതിമന്ദിരങ്ങള്‍. അവിടെ പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ, ധനികനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ,   ജാതിമതചിന്തയും ബാങ്ക് ബാലന്‍സുകളും ഇന്‍ഷുറന്‍സ് പോളിസികളും രക്ഷയ്ക്കില്ലാതെ അനാഥത്വത്തിലേക്ക് നിപതിക്കുന്ന മലയാളി ഏറ്റവും അവസാനം വിളിക്കുന്ന ദൈവത്തിന്റെ പേരാണ് ഓച്ചിറ പരബ്രഹ്മമൂര്‍ത്തി'' എന്നാണ് ആ പരിപാടിയില്‍ പറയുന്നത്. വ്യത്യസ്തതകളുള്ള ക്ഷേത്രത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രസക്തമായ സാമൂഹികപ്രശ്നങ്ങളിലേക്കും വിരല്‍ചൂണ്ടുന്ന പരിപാടി എങ്ങനെ മതവിരുദ്ധമാകുമെന്നും ക്ഷേത്രനിന്ദയാകുമെന്നും വിശദീകരിക്കാനാകാത്തവര്‍ ശീര്‍ഷകത്തിലെ വാക്കുമായി പരിഹാസ്യമായ ആക്രമണം തുടരുകയാണ്. ഒരുനേരത്തെ ആഹാരത്തിനായി ഭിക്ഷതെണ്ടുന്നവര്‍ക്കും ആരും തുണയില്ലാത്തവര്‍ക്കും അത്താണിയാകുന്ന ക്ഷേത്രത്തെക്കുറിച്ച് പറയുന്നതില്‍ അവര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത, ആ ക്ഷേത്രം പ്രതീകവല്‍ക്കരിക്കുന്ന സന്ദേശം ഉച്ചനീചത്വത്തിന്റെയോ ബ്രാഹ്മണാധിപത്യത്തിന്റെയോ അല്ല എന്നതുകൊണ്ടാണ്.

പൊട്ടന്‍തെയ്യവും വസൂരിമാലയും കെട്ടിയാടുന്ന കാവുകളും  സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ അവകാശബോധം സ്ഫുരിപ്പിക്കുന്ന ദേവതാസങ്കല്‍പ്പങ്ങളും ഉള്ളിടമാണ് കേരളം. അഴുകിയ ജാതിമേധാവിത്വത്തിന്റെയും വരേണ്യബോധത്തിന്റെയും സിദ്ധാന്തങ്ങളുമായി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന നിങ്ങളെ തടഞ്ഞുനിര്‍ത്തുന്നത് ആ ചരിത്രമാണ്; ജനതയുടെ ഉയര്‍ന്ന ബോധമാണ്. അതിനോട് കളിച്ച് പല്ലുകളയുക എന്ന മണ്ടത്തരമാണ് ഇപ്പോള്‍ നിങ്ങളില്‍നിന്നുണ്ടാകുന്നത്. അസംബന്ധം എഴുന്നള്ളിച്ച് നിങ്ങള്‍ വിരട്ടിയാല്‍ ഉലഞ്ഞുപോകുന്നവരോ പിന്തിരിഞ്ഞ് നടക്കുന്നവരോ മുട്ടുമടക്കുന്നവരോ അല്ല കേരളീയര്‍. ഒരു ടിവി പരിപാടിക്ക് നല്‍കിയ ശീര്‍ഷകം ഉയര്‍ത്തിപ്പിടിച്ച് നിങ്ങള്‍ ഉറഞ്ഞുതുള്ളിയാല്‍  ഇടിഞ്ഞുപൊളിയുന്ന  ഒന്നും ഇവിടെയില്ല. ഭീഷണിയുടെ ഭാഷയും ആക്രമണത്വരയും കെട്ടിവച്ചാല്‍ നിങ്ങള്‍ക്കുനല്ലത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top