26 April Friday

ദേശീയപതാകയും ആര്‍എസ്എസും

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2017


ആര്‍എസ്എസ് നിയമലംഘനം നടത്തിയെന്ന് കേള്‍ക്കുമ്പോള്‍ ആരെങ്കിലും അമ്പരക്കുമോ? അവര്‍ മറ്റെന്താണ് ചെയ്യുന്നത് എന്ന മറുചോദ്യമായിരിക്കും വിവേകശാലികള്‍ ചോദിക്കുക. ഇതര മതവിശ്വാസികളെ ആക്രമിച്ചും ഭയപ്പെടുത്തിയും കീഴ്പ്പെടുത്തിയും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ആര്‍എസ്എസ് തുടരുന്ന പ്രവര്‍ത്തനങ്ങള്‍ നൂറ്റാണ്ട് തികയ്ക്കാന്‍ ഇനി ഏതാനും വര്‍ഷമേ ബാക്കിയുള്ളൂ. ലക്ഷ്യം അപ്രാപ്യമായി തുടരുകയാണെങ്കിലും ആര്‍എസ്എസിന്റെ  മാര്‍ഗം രാഷ്ട്രത്തിന്റെ ഹൃദയത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ ആഴത്തിലുള്ളതാണ്. ചോര കിനിയുന്ന ഇന്ത്യയുടെ ആത്മാവില്‍ മുളക് പുരട്ടിക്കൊണ്ടിരിക്കുകയാണ് ഓരോ സ്വയം സേവകനും. ഗാന്ധിവധം മധുരപലഹാരം വിതരണംചെയ്ത് ആഘോഷിച്ച സ്വയംസേവകര്‍മുതല്‍ കൊയിലാണ്ടിയില്‍ പത്ര ഏജന്റിനെ ആക്രമിച്ച കാര്യവാഹക്വരെ എല്ലാ ആര്‍എസ്എസുകാരും നയിക്കപ്പെടുന്നത്് ഒരേ ബോധത്തിലാണ്. ശാഖകളില്‍ പകര്‍ന്നുനല്‍കുന്ന വിദ്വേഷരാഷ്ട്രീയമാണ് ആ ബോധത്തിന് ആധാരം. അവിടെ സഹജീവിസ്നേഹത്തിനോ സാഹോദര്യത്തിനോ സഹിഷ്ണുതയ്ക്കോ പരസ്പരബഹുമാനത്തിനോ ഒരു സ്ഥാനവുമില്ല. ഏത് സന്ദര്‍ഭത്തെയും ഏത് കൂട്ടത്തെയും സംഘര്‍ഷഭരിതമാക്കുക, മുതലെടുപ്പ് നടത്തുക ഇതാണ് സംഘപരിവാറിന്റെ പ്രവര്‍ത്തനശൈലി.

പാലക്കാട് മൂത്താന്‍തറ കര്‍ണകിയമ്മന്‍ സ്കൂളില്‍ കലക്ടറുടെ ഉത്തരവ് ലംഘിച്ച് സ്വാതന്ത്യ്രദിനത്തില്‍ ആര്‍എസ്എസ് തലവന്‍  മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയതിനുപിന്നിലും ഇതേ ദുരുദ്ദേശ്യംതന്നെ. സാധാരണരീതിയില്‍നിന്ന് വിഭിന്നമായി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാളെ പതാക ഉയര്‍ത്താന്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് നിശ്ചയിച്ചപ്പോള്‍ ആര്‍എസ്എസിന്റെ ഉന്നം വ്യക്തമായിരുന്നു. കുട്ടികളില്‍ ജനാധിപത്യബോധവും സ്വാതന്ത്യ്രപ്രസ്ഥാനത്തിന്റെ മൂല്യങ്ങളും ഊട്ടിയുറപ്പിക്കാനുള്ള അവസരങ്ങളായാണ് സ്കൂളുകളില്‍ ദേശീയദിനാചരണങ്ങള്‍ ഉപയോഗപ്പെടുത്താറുള്ളത്. അത്തരമൊരു ചടങ്ങില്‍ ആര്‍എസ്എസ്  മേധാവിക്ക് എന്താണ് സ്ഥാനം. സ്വാതന്ത്യ്രപോരാട്ടത്തിന്റെ നാളുകളില്‍ ഒറ്റുകാരായി പ്രവര്‍ത്തിച്ച, ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് യാചനാസ്വരത്തില്‍ മാപ്പെഴുതിനല്‍കി ജയില്‍മോചനം നേടിയ ആര്‍എസ്എസ് ആചാര്യന്മാരുടെ  പിന്മുറക്കാരനാണ് ഭാഗവത്.

ദേശീയപതാകയെ എങ്ങനെ കാണുന്നുവെന്ന് സ്വാതന്ത്യ്രപ്രാപ്തിയുടെ വേളയില്‍ ആര്‍എസ്എസ്  മുഖപത്രം ഓര്‍ഗനൈസര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ത്രിവര്‍ണപതാകയെ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയുകയില്ല; മൂന്ന് വര്‍ണങ്ങളിലുള്ള പതാക മോശമായ മാനസികപ്രഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനികരമാകുകയും ചെയ്യും'- ഏകമതരാഷ്ട്രവാദികളായ ആര്‍എസ്എസ് രാജ്യത്തിന്റെ ബഹുസ്വരത വിളംബരംചെയ്യുന്ന ത്രിവര്‍ണപതാകയെ ഉള്‍ക്കൊള്ളാനാകില്ലെന്ന്  അന്നേ പറഞ്ഞുവച്ചു. അത്തരമൊരു കൂട്ടര്‍ കേരളത്തില്‍  ഇപ്പോള്‍ വിവാദമുയര്‍ത്തുന്നത് വെറുതെയല്ല. ദേശീയപതാകയുടെ പേരില്‍  പ്രശ്നം സൃഷ്ടിക്കുക, അതില്‍ ആര്‍എസ്എസ് മേധാവിയെത്തന്നെ പങ്കാളിയാക്കുക, അതുവഴി ദേശീയതലത്തില്‍ കേരള ഗവണ്‍മെന്റിനെതിരെ പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിടുക. ഇതായിരുന്നു സംഘപരിവാര്‍ ഗൂഢാലോചന. അധികൃതരുടെ പക്വതയാര്‍ന്ന ഇടപെടലിലൂടെ ഈ കുതന്ത്രം പൊളിച്ചടുക്കാനായി.

ദേശീയപതാക എല്ലാ പൌരന്മാര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്നത് ദേശീയദിനാഘോഷവേളകളിലാണ്. അതിന് കണിശമായ നിബന്ധനകളും കീഴ്വഴക്കങ്ങളുമുണ്ട്. സ്ഥാപനങ്ങളില്‍ പതാക ഉയര്‍ത്തുന്നത് മേധാവിയോ ജനപ്രതിനിധികളോ ആയിരിക്കണമെന്ന കലക്ടറുടെ ഉത്തരവ് നിയമവ്യവസ്ഥകള്‍ ഉറപ്പുവരുത്താനും രാഷ്ട്രീയമുതലെടുപ്പ് തടയാനും ഉദ്ദേശിച്ചുള്ളതായിരുന്നു.   സ്വാതന്ത്യ്രദിനത്തില്‍ പതാക ആര്‍ക്കും ഉയര്‍ത്താം എന്ന വാദമുയര്‍ത്തുന്നവര്‍ കാണാതെപോകുന്നത് ദേശീയചിഹ്നങ്ങളുടെ പദവി സംരക്ഷിക്കുന്നത് സംബന്ധിച്ച നിയമവ്യവസ്ഥകളാണ്. നിയമപുസ്തകങ്ങളിലെ വാചകങ്ങള്‍മാത്രമല്ല നിയമം. ദേശീയചിഹ്നങ്ങളുടെ ദുരുപയോഗം തടയാനായി ചുമതലപ്പെട്ടവര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിയമമായി അംഗീകരിക്കപ്പെടേണ്ടതുണ്ട്.

ഇത് ലംഘിച്ച ആര്‍എസ്എസ് നേതാവിനെ എന്തുകൊണ്ട് അറസ്റ്റ്ചെയ്തില്ല എന്ന ചോദ്യം, ഈ നാടകത്തിന് പിന്നിലെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നുണ്ട്. രാജ്യഭരണം നിയന്ത്രിക്കുന്ന നാഗ്പുര്‍ കേന്ദ്രത്തിന്റെ തലവനെ കേരളത്തില്‍ അറസ്റ്റ്ചെയ്തു എന്ന പ്രചാരണായുധം പാളിപ്പോയതിന്റെ ജാള്യമാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നത്. ദേശീയചിഹ്നങ്ങളെ ദുരുപയോഗിക്കുന്നതും അപമാനിക്കപ്പെടുന്നതുമായ പരാതികള്‍  ഇതാദ്യമല്ല. തിയറ്ററുകളില്‍  സിനിമാപ്രദര്‍ശനത്തിനുമുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നുമുള്ള  സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അലങ്കോലപ്പെടുത്താന്‍ സംഘപരിവാര്‍ നടത്തിയ ശ്രമവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ജനഗണമനയല്ല വന്ദേമാതരമാണ് ദേശീയഗാനമെന്ന വാദവും നിര്‍ദോഷമല്ല. ഒരുവശത്ത് ദേശീയചിഹ്നങ്ങളുടെ പവിത്രതയുടെപേരില്‍ സംഘര്‍ഷമുണ്ടാക്കുകയും മറ്റുള്ളവരെ കടന്നാക്രമിക്കുകയും ചെയ്യുക, മറുവശത്ത് തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ദേശീയചിഹ്നങ്ങളെ തോന്നുംപടി കൈകാര്യംചെയ്യുക. ആര്‍എസ്എസിന്റെ ഈ ഇരട്ടമുഖമാണ് പാലക്കാട് സംഭവത്തിലൂടെ തുറന്നുകാട്ടപ്പെട്ടത്.

ബാബറി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വംനല്‍കിയ ബിജെപിയുടെ മുന്‍നിരനേതാക്കള്‍ നിയമത്തിന്റെ പിടിയില്‍നിന്ന് തെന്നിമാറാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് 25 വര്‍ഷത്തിനുശേഷമാണ് സുപ്രീംകോടതി തടയിട്ടത്. കേന്ദ്രഭരണത്തിന്റെ ഹുങ്കും അമിതാധികാരപ്രവണതകളും ഉപയോഗിച്ച് നിയമവ്യവസ്ഥ തകര്‍ക്കാനുള്ള നീക്കങ്ങള്‍ രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ ഒരുക്കുന്ന കെണികളെ ശ്രദ്ധാപൂര്‍വം കൈകാര്യംചെയ്യേണ്ടതിന്റെ ആവശ്യകതയാണ് പാലക്കാട് സംഭവം ഓര്‍മിപ്പിക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top