16 April Tuesday

കലാപത്തിന്റെ തീക്കൊള്ളിയെറിയുന്ന ആര്‍എസ്എസ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2017


കേരളത്തെക്കുറിച്ച് ആര്‍എസ്എസ് പുറത്ത് പ്രചരിപ്പിക്കുന്ന ചിത്രം വര്‍ഗീയകലാപങ്ങളുടെയും അക്രമരാഷ്ട്രീയത്തിന്റെയും ജനാധിപത്യനിഷേധത്തിന്റെയും വിളഭൂമിയാണ് ഇവിടമെന്നാണ്. രാജ്യത്ത് ഏറ്റവുമധികം വര്‍ഗീയകലാപങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്നും ഇറക്കുമതി ചെയ്യപ്പെട്ട 'വഹാബിസ'ത്തിന് ഇവിടെ കമ്യൂണിസ്റ്റുകാര്‍ സംരക്ഷണം നല്‍കുന്നുവെന്നും രാജ്യത്തിന്റെ മുക്കിലും മൂലയിലും ചെന്ന് ആര്‍എസ്എസ് പ്രചരിപ്പിച്ചതിന്റെ ഫലമാണ്, കേരള മുഖ്യമന്ത്രിയുടെ ജീവനുനേരെപ്പോലും ഹിസ്റ്റീരിയ ബാധിതരായി ഭീഷണി മുഴക്കാന്‍ ആര്‍എസ്എസിന്റെ മധ്യപ്രദേശിലും തെലങ്കാനയിലുമുള്ള നേതാക്കള്‍ തയ്യാറാകുന്നത്.

വ്യാജപ്രചാരണത്തില്‍ ഒതുങ്ങുന്നതല്ല ആര്‍എസ്എസിന്റെ കേരള അജന്‍ഡ എന്ന് നേരത്തെതന്നെ അനുഭവങ്ങളിലൂടെ വ്യക്തമായതാണ്. കലാപങ്ങള്‍ സൃഷ്ടിച്ച് അതിന്റെ മറയില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കുന്നത് ജനിച്ചുവീണ കാലംമുതല്‍ ആര്‍എസ്എസ് പിന്തുടരുന്ന രീതിയാണ്. കേരളത്തില്‍, തുടര്‍ച്ചയായ വര്‍ഗീയപ്രചാരണത്തിലൂടെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വ്യാജ ആരോപണങ്ങളിലൂടെയും വിദ്വേഷത്തിന്റെ കലുഷമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിരന്തരം ശ്രമിക്കുകയുമാണ് ആ സംഘടന. സ്ഫോടനാത്മകമായ സമൂഹത്തില്‍ ഒരു കലാപത്തിന്റെ തീക്കൊള്ളിയെറിഞ്ഞാല്‍, മഹാസ്ഫോടനംതന്നെ സംഭവിക്കുമെന്ന് ആരേക്കാളും നന്നായി ആര്‍എസ്എസിനറിയാം. അത്തരമൊരു തീക്കൊള്ളിയാണ് കാസര്‍കോട് ജില്ലയില്‍ മദ്രസ അധ്യാപകന്‍ മടിക്കേരിയിലെ മുഹമ്മദ് റിയാസിനെ കൊലപ്പെടുത്തി കേരളത്തിന്റെ സാമൂഹികജീവിതത്തെ ലക്ഷ്യമിട്ട് ആര്‍എസ്എസ് എറിഞ്ഞത്.

ആര്‍എസ്എസിന്റെ സജീവപ്രവര്‍ത്തകരായ മൂന്നുപേരാണ് കൊലക്കേസില്‍ അറസ്റ്റിലായത്. അജേഷ് (20), നിഥിന്‍ (19),  അഖിലേഷ് (25) എന്നിവര്‍. മധൂര്‍ പഞ്ചായത്തിലെ പഴയ ചൂരിയിലെ മുഹ്യുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസമുറിയിലാണ് മുഹമ്മദ് റിയാസിനെ കുത്തിക്കൊന്നത്. പള്ളിയോട് ചേര്‍ന്നുള്ള ഇസ്സത്തുല്‍ ഇസ്ളാം മദ്രസയില്‍ ഒമ്പതുവര്‍ഷമായി അധ്യാപകനാണ് അദ്ദേഹം. ഇങ്ങനെയൊരാളെ ഏതെങ്കിലും സംഘര്‍ഷസാഹചര്യത്തിലല്ല കൊലപ്പെടുത്തിയത്. അബദ്ധത്തില്‍ മരണം സംഭവിച്ചതുമല്ല. മുഹമ്മദ് റിയാസിന്റെ പാര്‍പ്പിടത്തിലേക്ക് ചെന്ന് 28 തവണ കുത്തി കൊല്ലുകയായിരുന്നു. മതസ്പര്‍ധയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. മതസൌഹാര്‍ദം തകര്‍ത്ത് കലാപമുണ്ടാക്കലായിരുന്നു ലക്ഷ്യമെന്നാണ് തെളിഞ്ഞത്.

സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലും മതനിരപേക്ഷ ബോധമുള്ള ജനങ്ങളുടെ സംയമനവുമാണ് ആര്‍എസ്എസ് കൊളുത്തിയ അഗ്നി ആളിപ്പടരാതിരിക്കാന്‍ കാരണമായത്. ഇത്തരം ഹീനകൃത്യങ്ങളിലൂടെ തെരഞ്ഞെടുപ്പുവിജയം കൊയ്ത യുപിയുടെ അനുഭവം കേരളത്തില്‍ ആവര്‍ത്തിക്കാനുള്ള അഖിലേന്ത്യാതല ആസൂത്രണം കാസര്‍കോട് കൊലപാതകത്തിനുപിന്നിലുണ്ട് എന്നതിന് ആര്‍എസ്എസ് ഇന്നോളം നടത്തിയ കലാപങ്ങളുടെ ചരിത്രംതന്നെയാണ് തെളിവ്. മുസഫര്‍നഗര്‍മുതല്‍ അനേകം കലാപങ്ങള്‍ നടത്തി മനുഷ്യരക്തം വീഴ്ത്തിയാണ് 2014ല്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയതയുടെ വിജയം ബിജെപി സ്വന്തമാക്കിയത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് കിഴക്കന്‍ യുപിയിലാകെ പറഞ്ഞത് ഗോവധത്തിന്റെ രാഷ്ട്രീയമാണ്; അതിലൂടെ സൃഷ്ടിച്ചത് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവാണ്. യുപി വിജയത്തിന് അത്തരം വര്‍ഗീയ ഇടപെടല്‍ കാരണമായി എന്നതിന്റെ പ്രഖ്യാപനമാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിപദം ഏല്‍പ്പിച്ചതിലൂടെ ആര്‍എസ്എസ് നടത്തിയത്.

കേരളത്തെ കലാപകലുഷമാക്കാന്‍ തലശേരിയില്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് നാലരപ്പതിറ്റാണ്ടുമുമ്പുതന്നെ ഇന്നാട്ടിലെ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍, എണ്ണമറ്റ കലാപ ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍നിന്ന് ആര്‍എസ്എസ് പിന്മാറിയില്ല. കാസര്‍കോട്ടെ കൊലപാതകികള്‍ക്ക് കൊല്ലപ്പെട്ടയാളുമായി വ്യക്തിവിരോധമെന്തെങ്കിലും ഉണ്ടായിരുന്നതായി ആരും പറയുന്നില്ല. വികാരം വര്‍ഗീയതയുടേതാണ്. മതവുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടു ജീവിക്കുന്ന ഒരു മനുഷ്യനെ കൊലപ്പെടുത്തിയാല്‍ ഉണ്ടാകുന്ന വികാരവിക്ഷോഭവും അതിനുപിന്നാലെ നടത്താവുന്ന കലാപവുമാണ് ആര്‍എസ്എസിന്റെ ആസൂത്രണത്തിനുപിന്നില്‍.

പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ചടുലമായി ഇടപെട്ട സര്‍ക്കാരിന്റെ ജാഗ്രതയും അതിവേഗം കുറ്റവാളികളെ കണ്ടെത്തി നിയമത്തിനുമുന്നില്‍ എത്തിക്കാനായ പൊലീസ് ഇടപെടലും പ്രശംസനീയമാണ്. ഇത്തരം കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതുണ്ട്. ഇവര്‍ക്കുപിന്നിലെ ശക്തികളെയാകെ നഗ്നരാക്കി നിയമത്തിനും ജനങ്ങള്‍ക്കും മുന്നില്‍ നിര്‍ത്തേണ്ടതുണ്ട്.

ആര്‍എസ്എസ് അടക്കമുള്ള വര്‍ഗീയശക്തികള്‍ കലാപത്തിനും അശാന്തി സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ എക്കാലത്തും നടത്താറുണ്ട്. ഇന്ന് അത് അമ്പരപ്പിക്കുന്നവിധം പ്രകടമാണ്. അത് തിരിച്ചറിഞ്ഞ് ജാഗ്രതപാലിക്കാനും പ്രകോപനങ്ങള്‍ക്ക് വശംവദരാകാതിരിക്കാനും കലാപശ്രമങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താനുമുള്ള ഉത്തരവാദിത്തം സമൂഹത്തിനാകെയുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top