23 September Saturday

ആർഎസ്‌എസ്‌ കൊലക്കത്തി വീണ്ടും

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


വെള്ളത്തിലെ  മീൻപോലെ ജനങ്ങൾക്കിടയിൽ ഇഴുകിച്ചേർന്ന്‌ സജീവമായി പ്രവർത്തിച്ച ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവൻകൂടി ഹിന്ദുത്വഭീകരർ കവർന്നിരിക്കുന്നു. പ്രതിസന്ധികളിലും ദുരിതങ്ങളിലും നാട്ടുകാർക്ക്‌ താങ്ങും തണലും കരുത്തുമായി നിന്ന, സഹജീവികളുടെ ആവലാതികളിൽ വിളിപ്പുറത്തുണ്ടായ, മഹാമാരികളുടെ നാളുകളിലും  വെള്ളപ്പൊക്കക്കെടുതിയിലും ഓടിയെത്തിയ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെയാണ്‌ ആർഎസ്‌എസ്‌  കൊന്നുതള്ളിയത്‌. വലതുപക്ഷത്തിനും വർഗീയ ഫാസിസ്‌റ്റുകൾക്കുമെതിരെ ജനങ്ങളെ ജാഗ്രതപ്പെടുത്തി സജ്ജമാക്കി നിർത്തിയതിനാലാണ്‌ നാടിന്റെ ആ നിറവിളക്ക്‌  നരഭോജികൾ ഊതിക്കെടുത്തിയതും.  വളരെ ആസൂത്രിതമായിരുന്നു സംഭവം. ക്രിമിനൽ‐മാഫിയാ ജനവിരുദ്ധശക്തികളെയും ക്വട്ടേഷൻ സംഘങ്ങളെയും കോർത്തിണക്കിയുള്ള ഇത്തരം വധങ്ങൾ കേരളം എത്രയോ കണ്ടു. ചൊവ്വാഴ്ച രാത്രി അയൽ സംസ്ഥാനത്തുനിന്നുള്ള മുൻ എംപിയായ ബിജെപി ദേശീയ ഭാരവാഹിയും കേരളത്തിലെ പ്രധാന നേതാവും തിരുവല്ലയിൽ എത്തുകയുണ്ടായി. കമ്യൂണിസ്‌റ്റ്‌  കേഡർമാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം വധത്തിന് പിന്നിലുണ്ട്. അതിലൂടെ നാടിന്റെ സമാധാനവും  മൈത്രിയും തകർക്കുകയാണ്‌ ലക്ഷ്യം. 

ഡിവൈഎഫ്ഐ നേതൃത്വത്തിലുണ്ടായിരുന്ന സന്ദീപ്, കഴിഞ്ഞ സമ്മേളനത്തോടെ പാർടി ലോക്കൽ  സെക്രട്ടറിയായി. മികച്ച സംഘടനാ പാടവം, അസാമാന്യ ധീരത, ഹൃദ്യമായ പെരുമാറ്റം, സേവനസന്നദ്ധത തുടങ്ങി പ്രചോദനാത്മക വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌.  അതിനാൽ, കൊലപാതകം അക്ഷരാർഥത്തിൽ നാടിനെ നടുക്കി. വർഷങ്ങൾക്കുശേഷം പഞ്ചായത്തു ഭരണം എൽഡിഎഫിന്‌ ലഭിച്ചതിലും  സമീപനാളുകളിൽ പ്രദേശത്ത്‌ വളരെയധികം ആളുകൾ ഇതര പാർടികളിൽനിന്ന്‌ സിപിഐ എമ്മിലേക്ക്‌  എത്തിക്കൊണ്ടിരുന്നതിലും സന്ദീപിന്റെ സ്വാധീനവും നേതൃശേഷിയും വലുതായിരുന്നുവെന്നാണ്‌ യാഥാർഥ്യം. സന്ദീപിന്റെ രക്തസാക്ഷിത്വം, വർഗീയ ഫാസിസ്റ്റുകൾക്കെതിരായ അടിയുറച്ച നിലപാടുകാരണമാണ്.

കുറഞ്ഞ കാലത്തിനിടെ സംസ്ഥാനത്ത്‌ നിരവധി  സിപിഐ എം  - പ്രവർത്തകരെയാണ് ബിജെപി, ആർഎസ്‌എസ്‌ സംഘപരിവാറും യുഡിഎഫുകാരും അരിഞ്ഞുവീഴ്‌ത്തിയത്‌. കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുറഹ്മാൻ, കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ മിഥിൽ രാജ്‌, ഹഖ് മുഹമ്മദ്‌, കുന്നംകുളത്തെ സനൂപ്‌...–- --ഒടുവിൽ സന്ദീപ്‌. വ്യാഴാഴ്‌ചത്തെ നീക്കം ആർഎസ്‌എസ്‌ ലക്ഷ്യം വ്യക്തമാക്കുന്നു.  അത് ഹിന്ദുത്വ വർഗീയതയെ രാഷ്ട്രീയ ഉള്ളടക്കത്തോടെ നിർഭയം എതിർക്കുന്ന കമ്യൂണിസ്‌റ്റുകാരെ ആക്രമിക്കുകയെന്നതാണ്. പതിറ്റാണ്ടുകളായി കോൺഗ്രസ്‌ ഉൾപ്പെടെ പല തരത്തിലും സഹായമൊരുക്കിയിട്ടും സംഘപരിവാർ ശക്തികൾക്ക്‌ സ്വാധീനം നേടാനായിട്ടില്ല. കമ്യൂണിസ്‌റ്റ്‌ സാന്നിധ്യമാണ്‌ തടസ്സം. ജനാധിപത്യവിരുദ്ധമായ ഫാസിസ്‌റ്റ്‌ കൊലപാതക സംഘടനയാണ് ആർഎസ്‌എസ്‌. പ്രതിയോഗികളുടെ വധംമുതൽ ആയിരങ്ങളെ അനാഥമാക്കുന്ന വർഗീയ കലാപങ്ങൾവരെ കൈയറപ്പില്ലാതെ ഏറ്റെടുക്കുന്നു.

മതനിരപേക്ഷ  സമൂഹത്തോടുള്ള അസഹിഷ്‌ണുതയും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്‌ അതിന്റെ മുഖമുദ്ര. എന്നിട്ടും മാധ്യമങ്ങൾ കള്ളക്കഥകൾ മെനയുകയും ശാഖകളിൽനിന്നുള്ള വാറോലകൾ ആപ്‌തവാക്യമായി എഴുന്നള്ളിക്കുകയുമാണ്‌. ക്വട്ടേഷൻ ആക്രമണങ്ങൾക്ക്‌ നേതൃത്വം കൊടുക്കുന്ന  ആർഎസ്‌എസ്‌ ഭീകരർക്ക്‌  പൊതുപ്രവർത്തകരെന്ന പരിഗണന നൽകരുത്‌. വധം ആസൂത്രണംചെയ്‌ത്‌  നേതൃത്വം കൊടുത്ത ഒന്നാം പ്രതി ജിഷ്ണു യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനാണ്‌. തലശേരിയിൽ പ്രകോപന വർഗീയ മുദ്രാവാക്യങ്ങളുയർത്തി നടത്തിയ പ്രകടനം കഴിഞ്ഞ ദിവസമായിരുന്നല്ലോ. കമ്യൂണിസ്റ്റുകാർ ഉള്ളിടത്തോളം ന്യൂനപക്ഷ ജനവിഭാഗങ്ങളെ തൊടാൻപോലും ആകില്ലെന്ന്‌ അവർക്ക്‌ നല്ല ബോധ്യമുണ്ട്‌. സന്ദീപ്‌ വധത്തിൽ പ്രകോപനത്തിൽ കുടുങ്ങാതെ  ശക്തമായ പ്രതിഷേധമുയർത്തണം. പൊലീസ്‌ സമഗ്രാന്വേഷണം നടത്തി  ഗൂഢാലോചനക്കാരെയടക്കം പിടികൂടണം. വർഗീയ ഫാസിസ്റ്റുകൾക്കെതിരായ  സമരവീര്യം ചോരകണ്ട്‌  കെട്ടുപോകില്ലെന്ന്‌ ഓർമപ്പെടുത്തുകയുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top