31 May Wednesday

മഞ്ചേശ്വരത്തെ കൊലക്കളമാക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


അഭിമന്യുവിന്റെ ചോരയുണങ്ങുംമുമ്പ‌് മറ്റൊരു  യുവാവിനെക്കൂടി വർഗീയഭ്രാന്തന്മാർ കൊലപ്പെടുത്തിയിരിക്കുന്നു. കാസർകോട‌് മഞ്ചേശ്വരത്തെ ഉപ്പളയിൽ സിപിഐ എം സോങ്കാൽ ബ്രാഞ്ച‌ംഗം അബൂബക്കർ സിദ്ദിഖിനെ തിങ്കളാഴ‌്ച രാത്രി ആർഎസ‌്എസുകാർ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ കേരളത്തിന്റെ സമാധാനജീവിതവും മതേതരപാരമ്പര്യവുംതന്നെയാണ‌് വീണ്ടും അപകടത്തിലായത‌്. കൊലയാളികളുടെ നിറത്തിലേ വ്യത്യാസമുള്ളൂ. അവരുടെ ആശയങ്ങളും ആയുധങ്ങളും ഒന്നുതന്നെയാണ‌്. അവർ തേടുന്ന ഇരകളും  ഒരേതരക്കാർ. സിപിഐ എമ്മിന്റെയും പുരോഗമന യുവജന‐വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരെ വകവരുത്താൻ വർഗീയശക്തികൾ തക്കം പാർത്തിരിക്കുന്നതിനുപിന്നിൽ, അവർക്ക‌് വ്യക്തമായ ലക്ഷ്യങ്ങളുണ്ട‌്.  നേരായവഴിയിൽ  വിദ്യാർഥികൾക്കിടയിൽ  പ്രവർത്തിക്കാനും പ്രചരിപ്പിക്കാനും കൊള്ളാവുന്ന ആശയങ്ങൾ കൈമുതലായുള്ളവരല്ല ക്യാമ്പസ‌് ഫ്രണ്ടുകാർ. മുസ്ലിം മതരാഷ്ട്രസ്വപ‌്നവുമായി മനോനില തെറ്റിയ ആ കൂട്ടത്തിന‌്  ചവുട്ടിനിൽക്കാൻ മുസ്ലിം‐അമുസ്ലിം എന്ന ചേരിതിരിവ‌് ഉണ്ടാക്കിയേ തീരൂ. സൗഹൃദവും സംവാദവുമല്ല, അക്രമവും ഭീതിയുമാണ‌് അവർക്ക‌് ആവശ്യം. അത‌് സൃഷ്ടിക്കാനാണ‌് അവർ അഭിമന്യുവിനെ ഒറ്റക്കുത്തിന‌് കൊന്നത‌്.

  ഒരുമാസം പിന്നിടുമ്പോൾ  സിദ്ദിഖിനെ പതിയിരുന്ന‌് ആക്രമിച്ചുകൊന്നവരെ നയിക്കുന്ന തത്ത്വശാസ‌്ത്രവും മറ്റൊന്നല്ല. കേരളത്തിൽ  സ്വന്തം സ്വാധീനമേഖലയായിക്കണ്ട‌്  ബിജെപി സ്വപ‌്നങ്ങൾ നെയ്യുന്ന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാംസ്ഥാനത്തുള്ളതാണ‌് മഞ്ചേശ്വരം. എല്ലാ അടവും പയറ്റിയിട്ടും ഇതുവരെ പൂവണിയാത്ത വിജയസ്വപ‌്നങ്ങൾതന്നെയാണ‌് ആർഎസ‌്എസിനെ  ഈ ക്രൂരകൃത്യത്തിന‌് പ്രേരിപ്പിച്ചതെന്ന‌് വ്യക്തം. കാസർകോട‌് ജില്ലയുടെ വടക്കേയറ്റത്ത‌് കർണാടകത്തിലെ ദക്ഷിണ കന്നടയോട‌് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ സവർണ ഹിന്ദുവിഭാഗങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച‌് രാഷ്ട്രീയ ആധിപത്യത്തിനുള്ള ശ്രമം ബിജെപി ആരംഭിച്ചിട്ട‌് കാലമേറെയായി. മംഗലാപുരത്തുനിന്നുള്ള ക്രിമിനലുകളുടെ കടന്നുകയറ്റവും സമ്പന്നവിഭാഗങ്ങളുടെ സാമ്പത്തികപിന്തുണയും ഇതിനായി ഉപയോഗിക്കുന്നു.

 ഈ രാഷ്ട്രീയസാഹചര്യത്തെ ലോക‌്സഭാതെരഞ്ഞെടുപ്പിനുള്ള അനുകൂലഘടകമാക്കി പരിവർത്തിപ്പിക്കാനുള്ള ഉന്നതതല ഗൂഢാലോചനയാണ‌് സിദ്ദിഖ‌് വധത്തിനുപിന്നിലുള്ളത‌്. കേവലം പ്രാദേശികവിഷയമായോ വ്യക്തിവിരോധമായോ വ്യാഖ്യാനിക്കാവുന്ന ഒന്നും  ഈ ക്രൂരകൊലപാതകത്തിനുപിന്നിൽ കാണാനാകില്ല. ബിജെപി സംസ്ഥാന നേതൃത്വംതന്നെ കേന്ദ്രീകരിക്കുന്ന മഞ്ചേശ്വരത്ത‌് ഇത്തരമൊരു ആസൂത്രിത കൊലപാതകം നടത്തിയത‌് കൃത്യമായ അജൻഡകളോടെയാണ‌്. രൂക്ഷമായ തമ്മിലടിയും കൈയിലുള്ള പഞ്ചായത്തുഭരണംപോലും നഷ്ടപ്പെടുന്നതും ബിജെപിയെ അങ്കലാപ്പിലാക്കുന്നു.  മുസ്ലിം ജനസംഖ്യ നിർണായകമായ കാസർകോട‌്, മഞ്ചേശ്വരം പ്രദേശങ്ങളിൽ ആർഎസ‌്എസിന്റെ വർഗീയ അജൻഡകൾ തുറന്നുകാട്ടി ന്യൂനപക്ഷവിഭാഗത്തിന‌് ആത്മധൈര്യം പകരുന്നത‌് സിപിഐ എമ്മാണ‌്. ഹിന്ദുത്വത്തെ നേരിടാൻ രാഷ്ട്രീയ ഇസ്ലാമിസത്തിന്റെ പോംവഴി തേടുന്ന തീവ്രവാദശക്തികളെയും സിപിഐ എം എന്നും തുറന്നെതിർത്തു. ഹിന്ദു‐ മുസ്ലിം ജനവിഭാഗങ്ങളിൽ മതേതര രാഷ്ട്രീയചിന്തയ്‌ക്ക‌് നല്ല വേരോട്ടമുണ്ടായ കാലഘട്ടമാണിത്‌.  ഇത‌് തകർത്ത‌്  സ‌്പർധയും ഭയവും വിതച്ച‌് വിവിധ ജനവിഭാഗങ്ങളെ തമ്മിലകറ്റാനുള്ള ഗൂഢപദ്ധതിയാണ‌് രൂപപ്പെട്ടത‌്. ജനങ്ങളെ മതസ്വത്വങ്ങളിൽ കുടക്കി ഭിന്നിപ്പിച്ചുനിർത്തുകയെന്ന വർഗീയ അജൻഡയ‌്ക്കൊപ്പം സിപിഐ എമ്മിനെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യവും സംഘപരിവാർ ബുദ്ധിപൂർവം പ്രയോഗിക്കുന്നു.

കാസർകോട്‌ ജില്ലയിൽമാത്രം സിദ്ദിഖ്‌ ഉൾപ്പെടെ 14 സിപിഐ എം പ്രവർത്തകരെ ആർഎസ്‌എസ്‌ കൊലപ്പെടുത്തി.  സംസ്ഥാനത്ത്‌ 218 പ്രവർത്തകർ കൊലക്കത്തിക്കിരയായി. രണ്ട്‌ വർഷംമുമ്പ്‌ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്നശേഷം സംസ്ഥാനത്ത്‌ രാഷ്ട്രീയപ്പകയിൽ ജീവൻ നഷ്ടപ്പെടുന്ന പതിനേഴാമത്തെ സിപിഐ എം പ്രവർത്തകനാണ്‌ സിദ്ദിഖ്‌. ജീവിക്കാനായി ഖത്തറിൽ തൊഴിൽ തേടി പോയ ഈ യുവാവ്‌ ഇടയ്‌ക്ക്‌ നാട്ടിലെത്തിയപ്പോഴാണ്‌ ആർഎസ്‌എസ്‌ കരുതിക്കൂട്ടി ആക്രമിച്ചുകൊന്നത്‌.  സിപിഐ എമ്മിനെ അക്രമികളെന്ന്‌ മുദ്രകുത്താൻ കിണഞ്ഞു പാടുപെടുന്ന മാധ്യമങ്ങളും നിരീക്ഷകരും കണ്ണടയ‌്ക്കുന്ന സത്യത്തിന്റെ മുഖമാണിത്‌. ബിജെപി നേതാവിന്റെ അടുത്ത ബന്ധു ഉൾപ്പെടെ രണ്ടുപേർ  പിടിയിലായ സംഭവത്തിൽ  ആർഎസ്‌എസിന്റെ പങ്ക്‌ സംശയാതീതമായി പുറത്തുവന്നിരിക്കുന്നു. കരുക്കൾ നീക്കിയ ഉന്നത നേതൃത്വത്തെയും  മുഴുവൻ കൊലയാളികളെയും എത്രയും പെട്ടെന്ന്‌ നിയമത്തിനുമുന്നിൽ  കൊണ്ടുവരണം.

ജീവത്യാഗത്തിലൂടെ  ജനമനസ്സിൽ   നിത്യത നേടിയ സിദ്ദിഖ്‌ ഉയർത്തിപ്പിടിച്ച ആശയാഭിലാഷങ്ങൾ  എല്ലാ കൊലക്കത്തികളെയും അതിജീവിച്ച്‌ മുന്നേറുകതന്നെചെയ്യും. അലയടിക്കുന്ന രോഷത്തിനും   പ്രതിഷേധത്തിനുമിടയിലും വിവേകവും  സംയമനവും കൈവിടരുതെന്നാണ്‌ പാർടി നേതൃത്വം സിപിഐ എം  പ്രവർത്തകരെ ഓർമിപ്പിക്കുന്നത്‌. സിദ്ദിഖിന്റെ ഘാതകരെയും  മുതലെടുപ്പിന്‌ അവസരം പാർക്കുന്ന സമാന വർഗീയ ശക്തികളെയും കരുതിയിരിക്കണം. ഓരോ രക്തസാക്ഷിയും ബാക്കിയാക്കുന്നത്‌ ഒരുപാട‌് കടമകളാണ്‌. ജനവിരുദ്ധശക്തികളെ തകർത്തെറിയാനുള്ള പോരാട്ടത്തിൽ വഴികാട്ടുന്ന അഗ്നിനക്ഷത്രങ്ങളാണവർ. സിദ്ദിഖിന്റെ  അമര സ്‌മരണയ്‌ക്കുമുന്നിൽ കനലെരിയുന്ന മനസ്സോടെ ചെങ്കൊടി താഴ്‌ത്തി അന്ത്യാഭിവാദ്യമർപ്പിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top