22 March Wednesday

ഹീനമായ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017


കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നഗരഭരണാധികാരി അദ്ദേഹത്തിന്റെ ഓഫീസില്‍വച്ച് ക്രൂരമായി ആക്രമിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ശനിയാഴ്ച തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരെ ബിജെപി കൌണ്‍സിലര്‍മാരും ആര്‍എസ്എസുകാരും ചേര്‍ന്ന് നടത്തിയ ആസൂത്രിത ആക്രമണം അപലപനീയമാണെന്നുമാത്രമല്ല, പ്രതിഷേധാര്‍ഹവുമാണ്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നതിനും സ്വന്തം വിശ്വാസപ്രമാണം ശക്തമായി അവതരിപ്പിക്കുന്നതിനും ആരും എതിരല്ല. എന്നാല്‍, തങ്ങളുടെ വാദം അംഗീകരിക്കാത്തപക്ഷം എതിര്‍വിഭാഗത്തെ ശാരീരികമായി ഇല്ലാതാക്കുക എന്നത് ജനാധിപത്യരീതിയല്ല. ക്രൂരമായ ബലപ്രയോഗം എല്ലായ്പോഴും ആരാധിക്കപ്പെടേണ്ടതാണെന്ന ഫാസിസ്റ്റ് വിശ്വാസത്തില്‍നിന്നാണ് ഇത്തരം ചെയ്തികള്‍ ഉണ്ടാകുന്നത്. അത് രാഷ്ട്രീയസംസ്കാരത്തിന്റെ ഭാഗമായി വളരാന്‍ അനുവദിക്കരുത്. എന്നാല്‍, മുഖ്യധാര മാധ്യമങ്ങള്‍ ഇത്തരം ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുംവിധം പ്രശ്നത്തിന്റെ ഗൌരവം ചോര്‍ത്തിക്കളയുന്ന രീതിയിലാണ് കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ തിരുവനന്തപുരം മേയര്‍ക്കെതിരെ നടന്ന വധശ്രമത്തെ ലഘൂകരിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും കടുത്ത ശിക്ഷാനടപടിതന്നെ ഉണ്ടാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസം പകരുന്നതാണ്. ജനാധിപത്യത്തിന് നിരക്കാത്ത ഇത്തരം ആക്രമണങ്ങളെ കര്‍ശനമായി നേരിടണമെന്ന് ഞങ്ങളും ആവശ്യപ്പെടുന്നു. 

മേയര്‍ക്കെതിരെ വധശ്രമം നടത്താന്‍മാത്രമുള്ള ഒരു പ്രശ്നവും തിരുവനന്തപുരം കോര്‍പറേഷനില്‍ ഉണ്ടായിട്ടില്ലെന്ന് വസ്തുതകള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകും. ഹൈമാസ്റ്റ് ലാമ്പ് നഗരത്തില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആകെ ചൂണ്ടിക്കാട്ടാനാവുക. ആവശ്യകതകൂടി കണക്കിലെടുത്തായിരിക്കണം ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കാന്‍ എംപി ഫണ്ടില്‍നിന്നും എംഎല്‍എ ഫണ്ടില്‍നിന്നും പണം അനുവദിക്കേണ്ടതെന്ന് കാണിച്ച്, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മേയര്‍ കത്തെഴുതിയതാണ് മഹാപാതകമായി ബിജെപി കൌണ്‍സിലര്‍മാര്‍ വിശേഷിപ്പിച്ചത്. ഹൈമാസ്റ്റ് ലാമ്പിന് ആവശ്യമായ വൈദ്യുതിയുടെ ബില്‍ അടയ്ക്കുന്നതും അതിന്റെ റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യുന്നതും കോര്‍പറേഷനാണെന്നിരിക്കെയാണ് ഇത്തരമൊരു കത്ത് നല്‍കിയത്. മേയറുടെ ഈ നടപടിക്കെതിരെയാണ് ബിജെപി കൌണ്‍സിലര്‍മാര്‍ നിലകൊണ്ടത്. ഈ ഫണ്ട് വിനിയോഗിക്കുമ്പോള്‍ ആതുരാലയങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോടെ പ്രമേയം പാസാക്കിയതിനുശേഷമാണ് മേയര്‍ സ്വന്തം ചേംബറിലേക്ക് മടങ്ങിയത്. ഈ ഘട്ടത്തിലാണ് നിരവധി ആക്രമണ കേസില്‍ പ്രതിയായ തിരുമല സ്വദേശി ആനന്ദ് എന്ന ആര്‍എസ്എസ് ക്രിമിനല്‍ മേയറെ തടഞ്ഞുനിര്‍ത്തിയതും ബിജെപി കൌണ്‍സിലര്‍മാരും മറ്റും ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദിച്ചതും തലയ്ക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

ആക്രമണത്തിന്റെ സ്വഭാവത്തില്‍നിന്ന് അത് ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമാണ്. വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ രണ്ടുവര്‍ഷമായി തുടരുന്ന കോര്‍പറേഷന്‍ ഭരണം മെച്ചപ്പെട്ട നിലയിലാണ് മുന്നോട്ടുപോകുന്നത്. മൂന്നാംവര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനം വിളിച്ച് പുതിയ വികസനപദ്ധതികള്‍ ഉള്‍പ്പെടെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സംഭവം. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പറേഷന്‍ കൌണ്‍സിലിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ തടയുക എന്നത് ബിജെപിയുടെ ലക്ഷ്യമായിരുന്നുവെന്ന് അര്‍ഥം. മാത്രമല്ല, കൌണ്‍സില്‍ യോഗത്തിനുമുന്നോടിയായി ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പങ്കെടുത്ത കൌണ്‍സിലര്‍മാരുടെ പ്രത്യേക യോഗവും ചേരുകയുണ്ടായി. ഇതിനുശേഷമാണ് മേയറെ ഉള്‍പ്പെടെ ആക്രമിച്ചത് എന്നതുകൊണ്ടുതന്നെ സംഘടനാപരമായ ആസൂത്രണവും ഗൂഢാലോചനയും ഇതിനുപിന്നിലുണ്ടെന്ന് വ്യക്തം.  ആനന്ദ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് ക്രിമിനലുകള്‍ കോര്‍പറേഷന്‍ കൌണ്‍സില്‍ യോഗസമയത്ത് അവിടെ എത്തിയതും ആസൂത്രണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് ആക്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ആനന്ദ്. അതിനാലാണ് ബിജെപി പ്രസിഡന്റ് എസ് സുരേഷിനെ ഒന്നാംപ്രതിയാക്കി കേസ് ചാര്‍ജ് ചെയ്യണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. 

മേയറെ ആക്രമിച്ചതിനുപിന്നില്‍ ബിജെപിക്ക് പല ലക്ഷ്യങ്ങളുമുണ്ട്. അതിലൊന്ന് ബിജെപി കൌണ്‍സിലര്‍മാര്‍ നടത്തിയ അഴിമതി മൂടിവയ്ക്കുക എന്നതാണ്. മെഡിക്കല്‍ കുംഭകോണം പുറത്തുവന്നതോടെ വെട്ടിലായ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ മുഖം കൂടുതല്‍ വികൃതമാക്കുന്നതായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍ കൌണ്‍സിലിലെ ബിജെപി അംഗങ്ങള്‍ നടത്തിയ അഴിമതി. ബിജെപി കൌണ്‍സിലര്‍ സിമി ജ്യോതിഷ് നേതൃത്വം നല്‍കുന്ന നികുതി അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അഞ്ചുകോടിയോളം രൂപയുടെ അഴിമതി നടത്തിയ കാര്യമാണ് പുറത്തുവന്നത്. ചില കെട്ടിടങ്ങള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കും മറ്റും നികുതി കുറച്ചുനല്‍കി വന്‍ തുക കോഴവാങ്ങിയെന്നാണ് ആരോപണം. നഗരസഭാ സെക്രട്ടറിതന്നെ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

സിമി ജ്യോതിഷ് അധ്യക്ഷയായ ശേഷമെടുത്ത എല്ലാ നടപടികളെക്കുറിച്ചും അന്വേഷിക്കാന്‍ മേയര്‍ ഉത്തരവിട്ടതാണ് യഥാര്‍ഥത്തില്‍ ബിജെപിയെ ചൊടിപ്പിച്ചത്. സംസ്ഥാന- ജില്ലാ നേതാക്കളുടെ അഴിമതി പുറത്തുവരാന്‍ ഈ അന്വേഷണം കാരണമാകും. ഇത് മറച്ചുപിടിക്കാനാണ് മേയറെത്തന്നെ ആക്രമിക്കാന്‍ ബിജെപി കൌണ്‍സിലര്‍മാരും നേതൃത്വവും തയ്യാറായത്. കേരളം അക്രമികളുടെയും തെമ്മാടികളുടെയും നാടാണെന്ന് ചിത്രീകരിക്കുക എന്ന ബിജെപി- ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തിന്റെ വിശാലമായ അജന്‍ഡയും ഇതിനുപിന്നിലുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top