25 April Thursday

ചരിത്രത്തെ ഭയപ്പെടുന്നവർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 12, 2023


ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലും കോടിക്കണക്കിന്‌ മനുഷ്യർ നിരക്ഷരരായി തുടരുന്ന രാജ്യമാണ്‌ ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നും എഴുതാനും വായിക്കാനും അറിയാത്തവർ. അതുകൊണ്ടുതന്നെയാണ്‌ ശാസ്‌ത്രവിരുദ്ധവും യുക്തിഹീനവുമായ എല്ലാ പ്രചാരണവും അന്ധവിശ്വാസങ്ങളും സ്വീകരിക്കുന്ന ജനകോടികൾ ഇന്ത്യയിൽ  പെരുകുന്നത്‌. അത്തരം പ്രചാരണം നടത്തുന്നത്‌ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഭരണകക്ഷിയുടെ നേതാക്കളുമാണെങ്കിലോ? എല്ലാത്തരം കള്ളങ്ങൾക്കും മിത്തുകൾക്കും സമൂഹത്തിലെ വിദ്യാസമ്പന്നരിലും സ്വീകാര്യത ലഭിക്കും. ഗണപതിയുടെ തല  പ്ലാസ്റ്റിക്‌ സർജറിയിലൂടെ വച്ചുപിടിപ്പിച്ചതാണെന്നു പറഞ്ഞത്‌ 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  തന്നെയാണ്‌. മഹാഭാരതത്തിലെ കർണൻ ടെസ്റ്റ്യൂബ്‌  ശിശു ആണെന്നും മോദി പറഞ്ഞു. പ്രാചീന കാലത്തുതന്നെ ഇന്ത്യൻ ശാസ്‌ത്ര –- സാങ്കേതികവിദ്യ കേമമായിരുന്നുവെന്ന്‌ അവകാശപ്പെടുകയാണ്‌ മോദി ചെയ്‌തത്‌. മിത്തുകളെയും പുരാണങ്ങളെയും ചരിത്രമാക്കി അവതരിപ്പിക്കാനുള്ള നീക്കമാണ്‌ പിന്നീട്‌ കണ്ടത്‌. 

ഇത്തരം പ്രചാരണങ്ങൾക്ക്‌ സമാന്തരമായാണ്‌ പാഠപുസ്‌തകങ്ങളിൽ വർഗീയത കുത്തിനിറയ്‌ക്കാനുള്ള ശ്രമം. കേന്ദ്ര സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാജ്‌പേയി നയിച്ച മുൻ എൻഡിഎ സർക്കാരിന്റെ കാലത്തുതന്നെ ആർഎസ്‌എസുകാരെ നിയോഗിച്ച്‌ അക്കാദമിക്‌ മേഖലയിൽ കാവിവൽക്കരണത്തിന്‌ ആക്കംകൂട്ടി. 2014ൽ  മോദി സർക്കാർ അധികാരമേറ്റതോടെ വിദ്യാഭ്യാസമേഖലയിൽ ഈ നടപടികൾ അരാജകത്വം സൃഷ്ടിച്ചു. ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിലെ രോഹിത്‌ വെമുലയുടെ ദാരുണമായ ആത്മഹത്യയും ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾക്കുനേരെയുള്ള അതിക്രമങ്ങളുമടക്കം ഇതിന്റെ തുടർച്ചയായിരുന്നു. ഏറ്റവുമൊടുവിൽ എൻസിഇആർടി , ആറുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രവിജ്ഞാനീയം, സമൂഹശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി ഭാഷ എന്നിവയിൽനിന്ന്‌ സുപ്രധാന വിവരങ്ങളും അധ്യായങ്ങളും ഒഴിവാക്കാനെടുത്ത തീരുമാനങ്ങളും തങ്ങൾക്ക്‌ ഇഷ്ടമില്ലാത്ത വസ്‌തുതകൾ കുട്ടികൾ പഠിക്കേണ്ടതില്ലെന്ന ആർഎസ്‌എസ് ധാർഷ്ട്യമാണ്‌.

ചരിത്രത്തെ എന്നും ഭയമാണ്‌ ആർഎസ്‌എസിന്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത  സംഘടനയാണത്‌. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രപിതാവിനെ വെടിവച്ചുകൊന്ന്‌ രാജ്യത്ത്‌ ഭീകരപ്രവർത്തനത്തിന്‌ തുടക്കംകുറിച്ചവർ. ഇന്ത്യയുടെ ചരിത്രത്തിലെ ബഹുസ്വരതയെ അവർ ഭയപ്പെടുന്നു. ഹിന്ദു-– മുസ്ലിം ഐക്യത്തിനുവേണ്ടി പ്രയത്‌നിച്ച ഗാന്ധിജിയെ കൊന്നത്‌ ഹിന്ദുത്വ തീവ്രവാദികളാണെന്നും ഗാന്ധിജിയുടെ കൊലപാതകം രാജ്യത്തെ വർഗീയ സ്ഥിതിവിശേഷത്തിൽ മാന്ത്രികമായ പ്രഭാവമാണ്‌ ഉണ്ടാക്കിയതെന്നും തുടർന്ന്‌ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യൻ സർക്കാർ ശക്തമായി അടിച്ചമർത്താൻ തുടങ്ങിയെന്നും ആർഎസ്എസ് പോലുള്ള സംഘടനകളെ അൽപ്പകാലം നിരോധിച്ചെന്നുമുള്ള പരാമർശങ്ങളാണ്‌ പാഠപുസ്‌തകത്തിൽനിന്ന്‌ വെട്ടിമാറ്റിയത്‌.

മുഗൾ ഭരണാധികാരികളോടുള്ള മതപരമായ വെറുപ്പും വിദ്വേഷവുമാണ്‌ മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള പ്രധാന ഭാഗങ്ങൾ വെട്ടിമാറ്റാനുള്ള പ്രേരണ. 1000 കൊല്ലത്തോളം ഇന്ത്യൻ ജനത മുഗളരുടെ അടിമകളായിരുന്നുവെന്നാണ്‌ സംഘപരിവാർ വാദിക്കുന്നത്‌. ആറു നൂറ്റാണ്ടോളംമാത്രമാണ്‌ വടക്കേ ഇന്ത്യയുടെ പ്രധാന ഭാഗങ്ങളിൽ മുഗൾ ഭരണം നിലനിന്നിരുന്നത്‌. മുഗൾ രാജാക്കന്മാർ മതപരിവർത്തനം നടത്തിയിരുന്നുവെന്ന വാദവും അടിസ്ഥാനമില്ലാത്തതാണ്‌.  ഇത്രയുംകാലം മുഗളന്മാർ  ഭരിച്ചിട്ടും ഗംഗാസമതലത്തിൽ മുസ്ലിം ജനസംഖ്യ 15 ശതമാനത്തിൽ താഴെയാണ്‌ എന്നതാണ്‌ വസ്‌തുത.

ഇന്ത്യൻ സംസ്‌കാരത്തിന്‌ മുഗൾ ഭരണാധികാരികൾ നിസ്‌തുലമായ സംഭാവനകളാണ്‌ നൽകിയിട്ടുള്ളത്‌. സംസ്‌കൃതത്തിലുള്ള മഹാഭാരതത്തിന്‌ പേർഷ്യൻ തർജമയുണ്ടാകുന്നത്‌ അക്‌ബറിന്റെ ഭരണകാലത്താണ്‌.  റസ്‌മ്‌നാമ  (യുദ്ധത്തിന്റെ പുസ്‌തകം) എന്നപേരിൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം തയ്യാറാക്കുന്നത്‌ അക്‌ബറിന്റെ പ്രത്യേക നിർദേശത്തിലൂടെയാണ്‌.  മഹാഭാരതവും വിവിധ ഉപനിഷത്തുക്കളുമടക്കം നിരവധി ഗ്രന്ഥങ്ങൾ മൊഴിമാറ്റുന്നതിന്‌ അക്‌ബർ പ്രത്യേകം താൽപ്പര്യം കാണിച്ചെന്നതിന്‌ ചരിത്രത്തിൽ ഒട്ടേറെ തെളിവുണ്ട്‌.

ഗാന്ധിജിയെ കൊന്നവരെ ന്യായീകരിക്കുകയും അവരുടെ പേരിൽ ക്ഷേത്രങ്ങൾ പണിയുകയും ചെയ്യുന്നവരാണ്‌ സംഘപരിവാറുകാർ. രാജ്യത്തെ ജനങ്ങൾ തമ്മിലുള്ള ഐക്യത്തിന്‌ അക്ഷീണം പ്രവർത്തിച്ച ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെയും നാരായൺ ആപ്‌തെയുടെയും  വധശിക്ഷ നടപ്പാക്കിയ ദിനം ബലിദാന ദിനമായി ആചരിക്കുന്നവരാണ്‌ ഇവർ. ഗാന്ധിഘാതകരുടെ സംഘടനയെ നിരോധിച്ച കാര്യം പാഠപുസ്‌തകത്തിൽനിന്നല്ല, ചരിത്രത്തിൽനിന്നുപോലും മായ്‌ച്ചുകളയാനാണ്‌ അവർ ശ്രമിക്കുക. ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ പാഠ്യപദ്ധതിയിൽനിന്ന്‌ മാറ്റില്ലെന്ന്‌ നിശ്ചയദാർഢ്യത്തോടെ പറയാൻ ആർജവമുള്ള സർക്കാരാണ്‌ സംസ്ഥാനത്ത്‌ ഉള്ളത്‌. ബിജെപി ഇതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നും അത്തരമൊരു തീരുമാനം വരേണ്ടത്‌ ചരിത്രപരമായ അനിവാര്യതയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top