20 April Saturday

രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023


ആർഎസ്‌എസ്‌ എന്ന ഹിന്ദുത്വ ഭീകരവാദ സംഘടനയുടെ രൂപീകരണത്തിന്‌ 2025 സെപ്‌തംബറിൽ നൂറു വർഷം തികയും. അതിന്‌ ഒരു വർഷംമുമ്പ്‌ അതായത്‌ 2024ൽ ആണ്‌ പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌. രൂപീകരണ ശതാബ്‌ദിയോടെ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ എത്ര ചോര ചിന്താനും സംഘപരിവാർ തയ്യാറാകുമെന്ന ആശങ്ക ആർഎസ്‌എസിന്റെ ചോരപുരണ്ട കലാപചരിത്രം അറിയുന്നവർക്കെല്ലാമുണ്ട്‌. ബിജെപിയെന്ന പാർടിയും ആ പാർടി നയിക്കുന്ന ഭരണവും അതിനുള്ള ഉപാധികൾമാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഈവർഷം നടക്കാൻ പോകുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ്‌ അപകടകരമാംവിധം വർഗീയധ്രുവീകരണം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആ സംഘടനയുടെ ഉന്നത നേതൃത്വത്തിൽനിന്നുതന്നെ തുടങ്ങിയിരിക്കുന്നു.

ആർഎസ്‌എസ്‌ സർസംഘ്‌ചാലക്‌ മോഹൻ ഭാഗവത്‌ പറഞ്ഞത്‌ ‘ആയിരം വർഷമായി യുദ്ധത്തിലായിരുന്ന രാജ്യത്തെ ‘ഹിന്ദുസമൂഹം’ ഉണർന്നെന്നും ‘ആധിപത്യ ചിന്ത’ വെടിഞ്ഞാൽ ഇവിടെ സുരക്ഷിതരായി കഴിയാമെന്നു’മാണ്‌. ‘ഹിന്ദുധർമത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാനുള്ള യുദ്ധത്തിന്റെ വക്കിലാണ്‌ ഹിന്ദു സമൂഹം, പുറത്തുനിന്നുള്ള ശത്രുക്കൾക്ക്‌ എതിരായല്ല ഈ യുദ്ധം. അകത്തുള്ള ശത്രുക്കൾക്കു നേരെയാണ്‌. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം.’ ഇങ്ങനെ പോകുന്നു ആർഎസ്‌എസ്‌ മേധാവിയുടെ ഭീഷണി.

ന്യൂനപക്ഷങ്ങൾക്കും രാജ്യത്തിനുമെതിരായ യുദ്ധപ്രഖ്യാപനമല്ലാതെ മറ്റെന്താണിത്‌? ആർഎസ്‌എസിനെ സംബന്ധിച്ച്‌ ഈ നശീകരണത്വര പെട്ടെന്ന്‌ രൂപപ്പെട്ട ഒരാശയമല്ല. ആയിരത്തിത്തൊള്ളായിരത്തിനാൽപ്പതുകളിൽ നാസി ജർമനിയിൽ ഹിറ്റ്‌ലർ ജൂതരെ ഗ്യാസ്‌ ചേംബറിലിട്ട്‌ ഉന്മൂലനം ചെയ്‌തതിൽ ഈ പരിഷ്‌കൃതകാലത്തും ആവേശം കൊള്ളുന്നവരാണ്‌ ആർഎസ്‌എസുകാർ. ഇത്തരമൊരു സായുധ സംഘടനയ്‌ക്ക്‌ അതിന്റെ സ്ഥാപകർ രൂപം നൽകിയതുതന്നെ ഇറ്റാലിയൻ ഫാസിസ്റ്റ്‌ യുവജനസംഘടനകളിൽനിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ്‌. അതിനുംമുമ്പ്‌ ആർഎസ്‌എസ്‌ സ്ഥാപകർതന്നെ തങ്ങളുടെ ശത്രുക്കൾ ബ്രിട്ടീഷുകാരല്ല,  കമ്യൂണിസ്റ്റുകാരും മുസ്ലിങ്ങളും ക്രിസ്‌ത്യാനികളുമാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ആർഎസ്‌എസുകാരുടെ ‘വിശുദ്ധഗ്രന്ഥം’  വിചാരധാരയിൽ ആഭ്യന്തരഭീഷണികളെന്ന അധ്യായത്തിൽ മുസ്ലിങ്ങളെയും ക്രിസ്‌ത്യാനികളെയും ഒന്നാമത്തെയും രണ്ടാമത്തെയും ആഭ്യന്തര ശത്രുക്കളായാണ്‌ വിവരിക്കുന്നത്‌. ‘പല രാജ്യങ്ങളിലെയും ചരിത്രത്തിലെ ഒരു ദുരന്തപാഠം, ആഭ്യന്തരശത്രുക്കളാണ്‌ പുറത്തുനിന്നുള്ള ആക്രമണകാരികളേക്കാൾ ദേശീയ സുരക്ഷയ്‌ക്ക്‌ അപകടം’ എന്നാണ്‌ ഗോൾവാൾക്കർ വിചാരധാരയിൽ പ്രഖ്യാപിച്ചിട്ടുള്ളത്‌.

അയോധ്യക്കു പിന്നാലെ മഥുരയിലെയും കാശിയിലെയും മസ്‌ജിദുകൾ തകർക്കുക, ഏക സിവിൽ കോഡ്‌ നടപ്പാക്കുക, മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങൾ സാധ്യമാക്കാൻ ആർഎസ്‌എസ്‌ ഏതറ്റംവരെയും പോകുമെന്നാണ്‌ 2002ൽ ഗുജറാത്ത്‌ വംശഹത്യയിലും സമീപഭൂതകാലത്ത്‌ ഡൽഹിയിലടക്കം നടന്ന കൂട്ടക്കൊലകളിലും ആൾക്കൂട്ട ആക്രമണങ്ങളിലും വ്യക്തമാകുന്നത്‌.  
ഒരു വശത്ത്‌ ആർഎസ്‌എസ്‌ സർസംഘ്‌ചാലക്‌ ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുമ്പോൾ ഭരണഘടനാ പദവിയിലുള്ള ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖർ പറയുന്നത്‌ "ഭരണഘടനയേക്കാൾ പ്രാധാന്യം ജനവിധിക്കുണ്ടെന്നാണ്‌'. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാനാകില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയെയാണ്‌ രാജ്യസഭാധ്യക്ഷൻകൂടിയായ ധൻഖർ ചോദ്യംചെയ്‌തിരിക്കുന്നത്‌.

ഭരണഘടനയുടെ അടിത്തറതന്നെ തകർക്കുന്ന തരത്തിൽ ബിജെപി നേതൃത്വം പ്രവർത്തിക്കാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. മതനിരപേക്ഷതയ്‌ക്കും ഫെഡറലിസത്തിനും എതിരെ തുറന്നു സംസാരിക്കുന്നതിൽ എല്ലാ തലത്തിലുമുള്ള ബിജെപി– ആർഎസ്‌എസ്‌ നേതാക്കൾ മത്സരിക്കുകയാണ്‌. ഹിന്ദുത്വ ദേശീയതയിലാണ്‌ സംഘപരിവാർ വിശ്വസിക്കുന്നത്‌. വർണാശ്രമധർമത്തെ പ്രകീർത്തിക്കുന്ന മനുസ്‌മൃതിയാണ്‌ അവർക്ക്‌ ഭരണഘടന.  ഒരു വശത്ത്‌ ഭരണഘടനയെപ്പറ്റി ആദരപൂർവം സംസാരിക്കുകയും മറുവശത്ത്‌ അതിന്റെ അടിത്തറ തകർക്കുംവിധം പ്രവർത്തിക്കുകയും ചെയ്യുന്നതാണ്‌ സംഘപരിവാർ രീതി.

ആയിരത്തിത്തൊള്ളായിരത്തിഇരുപതുകളിലെ ഇറ്റലിയുമായി മോദി ഭരണത്തിനുള്ള സാദൃശ്യം കൽപ്പിച്ചുകൊണ്ട്‌ ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞത്‌ ഞങ്ങൾ ആവർത്തിക്കുന്നു: ‘ബെനിറ്റോ മുസോളിനിയും സംഘവും കരുതിയത്‌ അവർ എക്കാലവും ഇറ്റലി ഭരിക്കുമെന്നാണ്‌. മോദിയും ബിജെപിയും അതുതന്നെയാണ്‌ കരുതുന്നത്‌. ശാശ്വതഭരണത്തെ സംബന്ധിച്ച  ഈ മനോരാജ്യം ഫലവത്താകില്ല. പക്ഷേ, സർക്കാർ അധികാരത്തിലിരിക്കുവോളം രാജ്യം അതിനു ഭീകരമായ വില നൽകേണ്ടിവരും. മുസോളിനി ഉണ്ടാക്കിയ സാമ്പത്തിക, സാമൂഹ്യ, രാഷ്‌ട്രീയ, ധാർമിക കെടുതികളിൽനിന്ന്‌ മോചിതമാകാൻ ഇറ്റലിക്ക്‌ പതിറ്റാണ്ടുകൾ വേണ്ടിവന്നു. മോദിയും ബിജെപിയും സൃഷ്‌ടിക്കുന്ന കെടുതികളിൽനിന്ന്‌ ഇന്ത്യ മുക്തമാകാൻ അതിലുമെത്രയോ കാലമെടുക്കേണ്ടിവരും.’

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top