09 December Saturday

ആപൽക്കരമായ നീക്കങ്ങൾ , രാജ്യം ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2023


2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ, നമ്മുടെ രാജ്യം അതിന്റെ നിലനിൽപ്പിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഓരോ ദിവസവും കാണുന്നത്. രാജ്യത്തിന്റെ പലഭാഗത്തും അടിക്കടി അരങ്ങേറുന്ന വർഗീയ കലാപങ്ങൾ, തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണം പിടിച്ചെടുക്കാനും നിയമങ്ങൾ അടിമുടി അഴിച്ചു പണിയാനും കടുപ്പിക്കാനും നടക്കുന്ന നീക്കങ്ങൾ എന്നിവയൊക്കെ ആപത്തിന്റെ മണിമുഴക്കങ്ങളാണ്. ഇന്ത്യൻ ജനാധിപത്യത്തെ എങ്ങനെയും കൊന്നുകുഴിച്ചുമൂടാൻ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ സകല വഴികളും തേടുന്നു. ജനങ്ങളെ ചേരിതിരിക്കാനും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും കവരാനും തെരഞ്ഞെടുപ്പ് കമീഷനെ ചൊൽപ്പടിക്ക് നിർത്താനും ഒരേസമയം നടക്കുന്ന തിരക്കിട്ട കരുനീക്കങ്ങൾ ഇതിന്റെ ഭാഗമാണ്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം, പ്രതിപക്ഷം സഭയിലില്ലാത്ത വേളയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച മൂന്നു ബില്ലുകൾ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി 1860), ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി 1898, 1973), ഇന്ത്യൻ തെളിവു നിയമം (1872) എന്നിവയുടെ പേരും ഉള്ളടക്കവും മാറ്റുന്ന ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരംസമിതിക്ക് വിട്ടിരിക്കുന്നത്.  ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ നിയമങ്ങൾ "ഭാരതീയ'മാക്കാനും പരിഷ്കരിക്കാനുമാണ്  ബില്ലുകൾ എന്നാണ് അവകാശവാദമെങ്കിലും വാസ്തവത്തിൽ അതിനേക്കാൾ കടുപ്പിക്കുകയും മൂർച്ച കൂട്ടുകയുമാണ് ചെയ്തിരിക്കുന്നത്. രാജ്യദ്രോഹത്തിന് പുതിയ വകുപ്പും പുതിയ വ്യാഖ്യാനങ്ങളും കടുത്ത ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ബിൽ ഒറ്റനോട്ടത്തിൽത്തന്നെ, സർക്കാരിനെതിരെ മിണ്ടുന്നവരെ പിടിച്ച് അകത്തിടുമെന്ന് സൂചിപ്പിക്കുന്നുണ്ട്. ഭരണസംവിധാനത്തിനെതിരായ ജനങ്ങളുടെ വിമർശം തടയുകതന്നെ ലക്ഷ്യം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റമായ  "124 എ' വകുപ്പിനു പകരം "150' എന്ന പുതിയ വകുപ്പ് കൊണ്ടുവന്ന്, വാക്കാലുള്ള വിമർശത്തെപ്പോലും കുറ്റകരമാക്കിയിരിക്കുന്നു. മോദി ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട വകുപ്പാണിത്.

ഇതിനെതിരെ ശക്തമായ വിമർശങ്ങളും ഉയർന്നിരുന്നു."രാജ്യദ്രോഹം' എന്ന വാക്കുമാത്രം ഒഴിവാക്കി രാജ്യത്തിനെതിരെയെന്ന് വ്യാഖ്യാനിക്കാൻ കഴിയുന്ന ഏത് പരാമർശവും കുറ്റകരമാക്കുന്നതാണ് പുതിയ 150–--ാം വകുപ്പ്. രാജ്യദ്രോഹം എന്നതിനു പകരം "ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും അപകടപ്പെടുത്തൽ' എന്നാണ് മാറ്റം വരുത്തിയിട്ടുള്ളത്. വധശിക്ഷയുടെ കാര്യത്തിലും മാറ്റങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവങ്ങളായ കൊലക്കുറ്റങ്ങളിൽ മാത്രമാണ് വധശിക്ഷയെങ്കിലും ആൾക്കൂട്ടക്കൊല, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും പുതിയ ബിൽ വധശിക്ഷ വ്യവസ്ഥ ചെയ്യുന്നു.

നീതിയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ബിന്ദുവും ആത്യന്തിക ലക്ഷ്യവും. അങ്ങനെ നോക്കുമ്പോൾ, ഒരു രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും എത്രമാത്രം മാനിക്കുന്നു, സംരക്ഷിക്കുന്നു എന്നത് ആ രാജ്യത്തെ ജനാധിപത്യത്തിന്റെ സൂചകങ്ങളായി കണക്കാക്കാം. നമ്മുടെ ഭരണഘടന ഇത്തരത്തിൽ ഒട്ടേറെ അവകാശങ്ങളും സ്വാതന്ത്ര്യവും പൗരന് നൽകുന്നുണ്ട്. മൗലികാവകാശങ്ങളും ജീവിക്കാനുള്ള അവകാശവും ഇതിൽ പ്രധാനമാണ്. നിയമസംഹിതയിൽ പരമോന്നത സ്ഥാനം ഭരണഘടനയ്ക്കുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നിയമങ്ങളുടെ ഉറവിടം ഭരണഘടനതന്നെയാണ്‌. ഭരണഘടന ഉയർത്തിപ്പിടിക്കൽ തന്നെയാണ് ഏറ്റവും വലിയ രാജ്യസ്നേഹം. ബിജെപി ഭരണത്തിൽ സർക്കാരിനോടുള്ള വിധേയത്വമാണ്, ദാസ്യമാണ് രാജ്യസ്നേഹം. ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ഭാരതീയ ന്യായ സംഹിത (ഐപിസി), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (സിആർപിസി), ഭാരതീയ സാക്ഷ്യ അധിനിയമം (തെളിവു നിയമം) എന്നിവ ഭരണഘടനാ വിരുദ്ധമാണെന്ന്‌ നിയമവിദഗ്ധർ ഒരേ സ്വരത്തിൽ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുടെ നിയമനം പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ബില്ലും  ഇതോടൊപ്പം കാണണം. കമീഷനിലേക്ക് നിയമിക്കാൻ അംഗങ്ങളെ നിർദേശിക്കുന്നതിനുള്ള മൂന്നംഗ സമിതിയിൽ ചീഫ് ജസ്റ്റിസിനെ സുപ്രീംകോടതി ഉൾപ്പെടുത്തിയിരുന്നു. പുതിയ ബിൽ പ്രകാരം ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതിയിൽ ആരുടെ അഭിപ്രായമാണ് നടപ്പാകുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിഷ്പക്ഷമായ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കൽതന്നെ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top