23 September Saturday

ഭാഷാസാമ്രാജ്യത്വം അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Thursday Oct 13, 2022


ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ആർഎസ്‌എസിന്റെ ദേശദ്രോഹപരമായ മുദ്രാവാക്യം ഏത്‌ വിധേനയും നടപ്പാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്‌ കേന്ദ്ര സർക്കാർ. ഒരു ദേശത്തിന്‌ ഒരു ഭാഷ, ഒരു മതം എന്ന സങ്കുചിത നിലപാട്‌ സ്വാതന്ത്ര്യം ലഭിച്ച വേളയിൽത്തന്നെ നമ്മുടെ ദേശീയ നേതാക്കൾ തള്ളിക്കളഞ്ഞതാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ വിവിധ ഭാഷക്കാരും മതക്കാരും ദേശക്കാരും പല മാർഗങ്ങളിലൂടെ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്‌ നമുക്ക്‌ സ്വാതന്ത്ര്യം ലഭിച്ചത്‌. അതുകൊണ്ട്‌ ഒരു മതത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ ആധിപത്യം ഭരണസംവിധാനത്തിൽ ഉണ്ടാകരുതെന്നതിൽ ഭൂരിപക്ഷം ദേശീയ നേതാക്കളും യോജിച്ചു. ഭരണഘടനാ നിർമാണസഭയിൽ ഹിന്ദി ദേശീയഭാഷയാക്കണമെന്ന്‌ ചിലർ ആവശ്യപ്പെട്ടപ്പോൾ അതിനേക്കാൾ പഴക്കവും പാരമ്പര്യവുമുള്ള തമിഴ്‌, തെലുഗ്‌, ബംഗാളി ഭാഷകളുടെ വക്താക്കളും സമാന ആവശ്യം ഉന്നയിച്ചു. ഒടുവിൽ വിഷയം 15 വർഷത്തേക്ക്‌ മാറ്റിവച്ച സഭ ഹിന്ദി ഔദ്യോഗിക ഭാഷകളിൽ ഒന്നുമാത്രമായി തീരുമാനിക്കുകയായിരുന്നു. ദേശീയ ഭാഷ എന്നൊന്നു വേണമെങ്കിൽ അത്‌ ഹിന്ദുസ്ഥാനിയായിരിക്കണമെന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം.

തികച്ചും സങ്കുചിതമായ ബിജെപിയുടെ രാഷ്‌ട്രീയ താൽപ്പര്യമാണ്‌ ഇപ്പോൾ ഹിന്ദി മറ്റു ഭാഷക്കാരിൽ അടിച്ചേൽപ്പിക്കുന്നതിനുള്ള നീക്കത്തിനു പിന്നിൽ. ഹിമാചൽപ്രദേശിലും ഗുജറാത്തിലും ഈ വർഷം തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. പിന്നാലെ ഹിന്ദി ഹൃദയമേഖലയിലെ മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ എന്നിവിടങ്ങളിലും നാലു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പാണ്‌. അതുകഴിഞ്ഞ്‌ ആറു മാസത്തിനുശേഷം പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിലും അടക്കം എല്ലാ മേഖലയിലും പരാജയപ്പെട്ട മോദി സർക്കാർ ജനങ്ങളെ വിഭാഗീയമായി ധ്രുവീകരിച്ച്‌ നേട്ടമുണ്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌.

2014ൽ മോദി ആദ്യം അധികാരത്തിലെത്തിയതിന്റെ അടുത്തദിവസംതന്നെ സർക്കാർവകുപ്പുകളും ബാങ്കുകൾ അടക്കം പൊതുമേഖലാ സ്ഥാപനങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഹിന്ദിക്ക്‌ പ്രാധാന്യം നൽകണമെന്ന്‌ ആഭ്യന്തരമന്ത്രാലയം സർക്കുലർ ഇറക്കിയിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി യോഗത്തിൽ അധ്യക്ഷനായി അമിത്‌ ഷാ ഹിന്ദി മറ്റു ഭാഷകൾക്കുമേൽ പ്രതിഷ്ഠിക്കുന്നതിന്‌ ചില നിർദേശങ്ങൾ വച്ചിരുന്നു. അതിന്റെ തുടർച്ചയിലാണ്‌ ഇപ്പോൾ സമിതി 112 നിർദേശം അടങ്ങിയ റിപ്പോർട്ട്‌ രാഷ്‌ട്രപതിക്ക്‌ സമർപ്പിച്ചിരിക്കുന്നത്‌. കേന്ദ്ര സർവീസുകളിൽ ജോലി ലഭിക്കണമെങ്കിൽ ഹിന്ദി പഠിച്ചിരിക്കണം എന്നതാണ്‌ അതിൽ ഏറ്റവും വിവേചനപരം. രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ  തകർച്ചയ്‌ക്ക്‌ ഇടയാക്കുന്നതാണ് ഇത്‌. ഹിന്ദി അറിയാത്തവർക്ക്‌ കേന്ദ്രമന്ത്രിയാകാനും വിലക്കേർപ്പെടുത്തുമോ എന്ന്‌ കാത്തിരുന്നു കാണാം. ഭാഷായുദ്ധത്തിന്‌ ബിജെപി വഴിതുറക്കരുതെന്ന്‌ വിവിധ നേതാക്കൾ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

എല്ലാ ഭാഷകൾക്കുമെന്നപോലെ ഹിന്ദിക്കും വിവിധ വകഭേദങ്ങൾ ഉള്ളതിനാൽ അവയിൽ പലതിനും ദോഷകരമാണ്‌ സംസ്‌കൃതവൽക്കരിക്കപ്പെട്ട ബ്രാഹ്മണ്യ ഹിന്ദി എന്ന്‌ പണ്ഡിതർ ചൂണ്ടിക്കാട്ടുന്നുണ്ട്‌. 2011ലെ സെൻസസ്‌ അനുസരിച്ച്‌ 57 ഭാഷയെങ്കിലും ഹിന്ദിയുടെ കീഴിലാക്കി. സമ്പന്നമായ പാരമ്പര്യമുള്ള മൈഥിലി, അവഥി, ഭോജ്‌പുരി തുടങ്ങിയവയും ഇവയിലുൾപ്പെടുന്നു. ഹിന്ദി ഹൃദയഭൂമിയിലെ ഭാഷാവകഭേദങ്ങൾക്ക്‌ അവയിലെ വൈവിധ്യം കാരണം ഒരിക്കലും ഏകീകൃതമായ ഭാഷാദേശീയ സ്വത്വം സ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. ഹിന്ദിഭാഷാ സംസ്ഥാനങ്ങളിൽ 19–-ാം നൂറ്റാണ്ടിൽപ്പോലും ഭാഷാപരമായ പുനഃസംഘടനയ്‌ക്കോ തനതായ ദേശീയതയ്‌ക്കോ ഒരു പ്രസ്ഥാനവും ഉയർന്നുവന്നിട്ടില്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ അരനൂറ്റാണ്ടുമുമ്പ്‌ (ലാംഗ്വേജ്‌ ആൻഡ്‌ നാഷണാലിറ്റി പൊളിറ്റിക്‌സ്‌ ഇൻ ഇന്ത്യ) ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.
ഈ സാഹചര്യത്തിലാണ്‌ മറ്റു ഭാഷകളുടെ ചെലവിൽ ഹിന്ദിയുടെ ആധിപത്യം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്‌. ഹിന്ദി കഴിഞ്ഞുള്ള ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരുടെ എണ്ണമെടുത്താൽ ബംഗാളിയും മറാത്തിയും തെലുഗും യൂറോപ്പിലാണെങ്കിൽ റഷ്യൻ കഴിഞ്ഞാൽ അവ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ വരും. നമ്മുടെ കൊച്ചുമലയാളംപോലും യൂറോപ്പിൽ ആയിരുന്നെങ്കിൽ ഒമ്പതാം സ്ഥാനത്താണ്‌. എന്നിട്ടും ശ്രേഷ്ഠഭാഷാ പദവിയുള്ള ഇവയുടെ വളർച്ചയ്‌ക്ക്‌ അർഹമായ ഫണ്ട്‌ വെട്ടിക്കുറച്ച്‌ ഹിന്ദിയിലേക്കും സംസ്‌കൃതത്തിലേക്കും ഒഴുക്കുകയാണ്‌ പണം. കാൽ ലക്ഷം പേർപോലും സംസാരിക്കാത്ത സംസ്‌കൃതത്തിന്‌ മൂന്നുവർഷത്തിനിടെ അനുവദിച്ചത്‌ 644 കോടിയോളം രൂപ എന്നാണ്‌ 2020ലെ കണക്ക്‌. എന്നാൽ, മലയാളമടക്കം ശ്രേഷ്ഠഭാഷാ പദവിയുള്ള അഞ്ചെണ്ണത്തിനുംകൂടി 29 കോടിമാത്രം. ഈ ഭാഷാസാമ്രാജ്യത്വം അനുവദിക്കാനാകില്ല. ഇതരഭാഷക്കാരും നികുതി നൽകുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top