20 April Saturday

മോദിയുടെ പ്രതികാരം ബിബിസിയോടും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023

മോദിയുടെ പ്രതികാരം ബിബിസിയോടും ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള  ഇന്ത്യൻ ഭരണാധികാരികൾക്ക്‌ അവരുടെ സ്വേച്ഛാധിപത്യത്തിന്റെ ദംഷ്‌ട്രകൾ ഒളിച്ചുവയ്‌ക്കാൻ കഴിയാതെ വന്നിരിക്കുന്നു. തങ്ങൾക്ക്‌ എതിരുനിൽക്കുന്നവരെ, തങ്ങളെ തുറന്നുകാട്ടുന്നവരെ ഉന്മൂലനം ചെയ്യുക എന്നതായിരിക്കുന്നു നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഏറ്റവും പ്രധാന മുൻഗണന. ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ എന്നപേരിൽ രണ്ടു ഭാഗമുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തതിനു പിന്നാലെ ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്റ്റിങ്‌ കോർപറേഷൻ (ബിബിസി) എന്ന അന്താരാഷ്‌ട്ര  മാധ്യമസ്ഥാപനത്തിനുനേരെ നടത്തിയ വേട്ട ഈ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ പ്രകടമായ ഉദാഹരണം. ആയിരക്കണക്കിന്‌ മുസ്ലിങ്ങളെ കൊലപ്പെടുത്തിയ 2002ലെ ഗുജറാത്ത്‌ വംശഹത്യയിൽ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കുള്ള പങ്ക്‌ വെളിപ്പെടുത്തുന്ന ഈ ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം പുറത്തുവന്നപ്പോൾത്തന്നെ സമൂഹമാധ്യമങ്ങളിൽ ഇതിന് വിലക്കേർപ്പെടുത്തിയിരുന്നു.

ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന ആവശ്യം വെള്ളിയാഴ്‌ച സുപ്രീംകോടതി തള്ളി. ബിബിസിയെ ചങ്ങലയ്‌ക്കിടാൻ കോടതിവഴി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ്‌ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ ടാക്‌സ്‌ സർവേ എന്നപേരിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ്. ഇന്ത്യയിൽ പ്രച്ഛന്ന അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്ന നിരവധി ധൈഷണികരുടെ നിരീക്ഷണം ശരിവയ്‌ക്കുന്നതാണ്‌ ഈ സംഭവം. ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ സൂചിക മുൻവർഷത്തെ 142ൽനിന്ന്‌ 2022ൽ 150ലേക്ക്‌ നിലംപൊത്തിയിരുന്നു. റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സ്‌ എന്ന സംഘടന നടത്തിയ സർവേയിൽ ഏറ്റവും മോശം പത്രപ്രവർത്തന സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നായാണ്‌ ഇന്ത്യയെ കണക്കാക്കുന്നത്‌. ചൊവ്വാഴ്‌ചത്തെ സംഭവവികാസങ്ങളോടെ ആവിഷ്‌കാരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും അപകടാവസ്ഥയിലായതിന്റെ പേരിൽ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യ കൂടുതൽ നാണംകെടും. ഇന്ത്യ ജി 20-  അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കെയാണ് ഈ റെയ്‌ഡ്‌ എന്നുകൂടി ഓർക്കണം.

ഇന്ത്യൻ മാധ്യമങ്ങളുടെ ക്യാൻവാസിൽനിന്ന്‌ അന്വേഷണാത്മക ജേർണലിസമെന്ന ആശയം അപ്രത്യക്ഷമാകുന്നത്‌ ദൗർഭാഗ്യകരമാണെന്ന്‌ സുപ്രീംകോടതി മുൻ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ വിലപിച്ചിരുന്നു. അതിനുള്ള മറുപടിയായി പ്രമുഖ പത്രപ്രവർത്തകൻ പി സായ്‌നാഥ്‌ പറഞ്ഞത്‌, ‘ഇൻവെസ്റ്റിഗേറ്റീവ്‌ ജേർണലിസ്റ്റുകളെ  ഇൻവെസ്റ്റിഗേറ്റ്‌ ചെയ്യുന്ന പ്രവണത ശക്തമാകുമ്പോ’ഴാണ്‌ ആ ആശയം അപ്രത്യക്ഷമാകുന്നത്‌ എന്നാണ്‌.   ഇംഗ്ലണ്ടിലെ പൊതുജനം കൊടുക്കുന്ന ലൈസൻസ് ഫീസ്‌ കൊണ്ട്‌ നിലനിൽക്കുന്ന സ്ഥാപനമായ ബിബിസിക്കുനേരെയുള്ള പകപോക്കൽ നിരന്തരമായി ഇന്ത്യൻ മാധ്യമസ്ഥാപനങ്ങൾക്കുമേൽ ഈ സർക്കാർ ഏകാധിപത്യത്തിന്റെ തേരുരുട്ടിയതിന്റെ തുടർച്ചയാണ്‌. കോവിഡ്‌ കാലത്ത്‌ യുപിയിലെ നദികളിൽ ശവങ്ങൾ ഒഴുകിനടക്കുന്നതിന്റെ വാർത്തയും ചിത്രവും നൽകിയതിനു പിന്നാലെയാണ്‌ ദൈനിക്‌ ഭാസ്‌കർ എന്ന പ്രസിദ്ധമായ ഹിന്ദി പത്രത്തിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്‌. ബിജെപിവിരുദ്ധ നിലപാട്‌ സ്വീകരിച്ച എൻഡിടിവി എന്ന സ്ഥാപനം അദാനി ഏറ്റെടുക്കുന്നതിനുമുമ്പ്‌ ആ സ്ഥാപനത്തെ റെയ്‌ഡുകളിലൂടെ ശ്വാസംമുട്ടിച്ചിരുന്നു ഈ സർക്കാർ. പരമാവധി ഉപദ്രവിച്ചശേഷമാണ്‌ ആ ചാനലിന്റെ ഉടമസ്ഥാവകാശം അദാനി ഗ്രൂപ്പിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. ന്യൂസ്‌ ക്ലിക്ക്‌ എന്ന മാധ്യമസ്ഥാപനത്തെയും അതുപോലെതന്നെ തകർക്കാൻ ശ്രമിച്ചിരുന്നു. അതിനെല്ലാംമുമ്പ്‌ 2001ൽ വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ നടന്ന പ്രതിരോധ അഴിമതി പുറത്തുകൊണ്ടുവന്ന തെഹൽക്ക എന്ന മാധ്യമം നാമാവശേഷമായി. അന്നത്തെ ബിജെപി അധ്യക്ഷൻ ബംഗാരു ലക്ഷ്‌മൺ ആയുധവ്യാപാരികളിൽനിന്ന്‌ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ അന്ന്‌ രാജ്യം ഞെട്ടലോടെയാണ്‌ കണ്ടത്‌. എന്നാൽ, തികച്ചും ആസൂത്രിതമായി ആ മാധ്യമസ്ഥാപനത്തെ നിശ്ശേഷം നശിപ്പിക്കാൻ ബിജെപി സർക്കാരിനായി. മോദി സർക്കാരിന്റെ പുതിയ നീക്കം രാജ്യത്തെ ജനാധിപത്യ വിശ്വാസികളെയാകെ ഭയപ്പെടുത്തുന്നതാണ്‌. അടിയന്തരാവസ്ഥക്കാലത്ത്‌ പത്രങ്ങളെ വിരട്ടിയതിനേക്കാൾ ആസൂത്രിതമായാണ്‌ ഇന്ന്‌ മാധ്യമങ്ങളെ വേട്ടയാടുന്നത്‌. ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്തുന്ന ഈ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ മുഴുവൻ ജനങ്ങളും രംഗത്തുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top