25 April Thursday

വേണം സമാന്തര പാതകള്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 2, 2016


ലോകത്ത് ഏറ്റവുമധികം യാത്രചെയ്യുന്ന ജനവിഭാഗങ്ങളിലൊന്നാണ് മലയാളികള്‍. കേരളീയര്‍ ചെന്നെത്താത്ത ലോക പട്ടണങ്ങള്‍ ഇല്ല. ഭൂമിമലയാളം എന്ന ഭാഷാപ്രയോഗം അന്വര്‍ഥമാക്കുന്നതാണ് നമ്മുടെ സഞ്ചാരവഴികള്‍. തൊഴിലും ജീവിതസൌഭാഗ്യവും തേടിയുള്ള ഈ പ്രയാണം പുറംലോകത്തു മാത്രമല്ല, ജന്മനാട്ടിലും അനന്തമായി നീളുന്ന യാത്രകളിലാണ് മലയാളി. കേവലം 590 കിലോമീറ്റര്‍ നീളവും ശരാശരി 30 കിലോമീറ്റര്‍ (11 മുതല്‍ 120 വരെ) വീതിയുമുള്ള ഈ കൊച്ചു ഭൂപ്രദേശത്ത് അധിവസിക്കുന്നത് മൂന്നരക്കോടി ജനങ്ങളാണ്. ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഈ ജനകോടികള്‍ക്ക് ലഭിക്കുന്ന യാത്രാസൌകര്യങ്ങള്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിനുമുന്നില്‍ കേരളം പകച്ചുനിന്ന നാളുകളാണ് കടന്നുപോയത്.

തൃശൂരിനടുത്ത് ഒരു യാത്രാവണ്ടിയുടെ 12 കോച്ച് പാളംതെറ്റിയ അത്യാഹിതത്തില്‍ ആര്‍ക്കും പരിക്കുപോലും ഏറ്റില്ലെന്നത് ആശ്വാസമായി. എന്നാല്‍, അപകടം സൃഷ്ടിച്ച യാത്രാദുരിതത്തില്‍നിന്ന് ആറാംനാളിലും കേരളം മോചിതമായിട്ടില്ല. നമ്മുടെ യാത്രാവഴികളുടെ അപര്യാപ്തയും പോരായ്മകളുമാണ് കാരണം. കേരളത്തില്‍ തെക്കുവടക്കു കിടക്കുന്ന റെയില്‍പാത ഇനിയും പൂര്‍ണതോതില്‍ ഇരട്ടിപ്പിക്കാന്‍പോലും സാധിച്ചിട്ടില്ല. അപകടഘട്ടങ്ങളില്‍ റെയില്‍പാതയില്‍ ഒരു പകരം സംവിധാനത്തിനുള്ള സാധ്യത ആരായണമെങ്കില്‍, നിലവിലുള്ളതെങ്കിലും കുറ്റമറ്റതാക്കാന്‍ കഴിയേണ്ടേ? നമ്മുടെ പാളങ്ങളില്‍ എവിടെയൊക്കെയാണ് വിള്ളലുകള്‍ എന്ന് തിട്ടപ്പെടുത്താന്‍പോലുമായിട്ടില്ല. 

കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന റെയില്‍വേ കഴിഞ്ഞാല്‍ റോഡിലാണ് ബാക്കിയുള്ള ഓട്ടമെല്ലാം. എട്ടുഭാഗങ്ങളായി  1500 കിലോമീറ്ററിനടുത്ത് ദേശീയപാത കേരളത്തിലുണ്ട്. ഇതിനു പുറമെ ഒട്ടേറെ സംസ്ഥാനപാതകളും. ഇതൊക്കെയായിട്ടും റെയിലിലോ റോഡിലോ അപകടമോ തടസ്സമോ നേരിടുമ്പോള്‍ ജനങ്ങള്‍ വലയുകയല്ലാതെ മറ്റ് പോംവഴിയൊന്നുമില്ല. ഗതാഗതം തിരിച്ചുവിടാന്‍ സമാന്തരപാതകളോ ബദല്‍ സംവിധാനങ്ങളോ ഇല്ലാത്ത സ്ഥിതിയാണ് മിക്കസ്ഥലത്തും.

കേരളത്തിലെ ദേശീയപാത മുക്കാല്‍പങ്കിനും മെച്ചപ്പെട്ട നിലവാരംപോയിട്ട് മിനിമംവീതിപോലുമില്ല. സ്ഥലമെടുപ്പാണ് റോഡുവികസനത്തിന് പ്രധാന തടസ്സം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ ദേശീയമാനദണ്ഡം പാലിച്ച് പാതവികസനം ഏറെക്കുറെ അസാധ്യമാണ്. എന്നാല്‍, നാലുവരിയെങ്കിലും ഇല്ലാതെയുള്ള വികസനം ഒരു ഗുണവും ചെയ്യുകയുമില്ല. ഈ സാഹചര്യത്തിലാണ് 45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിനുപോലും ചില കേന്ദ്രങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ 45 മീറ്റര്‍ തീരുമാനം അംഗീകരിച്ച് പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സന്നദ്ധമായിട്ടുണ്ട്.

കേരളത്തിലെ ഗതാഗതപ്രശ്നങ്ങളെ അങ്ങേയറ്റം ഗൌരവത്തോടെയാണ് എല്‍ഡിഎഫ് കാണുന്നതെന്ന് പ്രകടന പത്രികതന്നെ വ്യക്തമാക്കുന്നുണ്ട്. റോഡുഗതാഗതത്തിനു പുറമെ ജലപാതകള്‍ വികസിപ്പിക്കാനും നഗരങ്ങളില്‍ ലൈറ്റ്മെട്രോകള്‍ കൊണ്ടുവരാനും എല്‍ഡിഎഫ് സമഗ്ര പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്നു. സംസ്ഥാനത്തെ റെയില്‍വേ വികസനം കാര്യക്ഷമമാക്കാന്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനി രൂപീകരിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളും  എല്‍ഡിഎഫ് സമര്‍പ്പിച്ചിട്ടുണ്ട്.

പുതുക്കിയ സംസ്ഥാന ബജറ്റില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1206 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും പൂര്‍ത്തീകരണത്തിനുതന്നെ 4500 കോടി വേണമെന്നിരിക്കെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നത് എങ്ങനെ എന്ന പ്രശ്നം ഗൌരവമായി ഉയര്‍ന്നുവരുന്നു. അടിസ്ഥാനസൌകര്യ വികസനത്തിന് ബജറ്റ് പ്രക്രിയയിലൂടെ മൂലധനം കണ്ടെത്തുക തീര്‍ത്തും അസാധ്യമാണെന്ന് ദീര്‍ഘകാലത്തെ അനുഭവത്തില്‍നിന്ന് വ്യക്തമാണ്. പുതുക്കിയ ബജറ്റില്‍ റവന്യൂ ചെലവുകള്‍ക്ക് 97,000 കോടി വകയിരുത്തുമ്പോള്‍ മൂലധനച്ചെലവ് 9500 കോടി മാത്രമാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ പ്രസക്തി. ഗതാഗതം ഉള്‍പ്പെടെ അടിസ്ഥാനസൌകര്യ വികസനത്തിന് പണം കണ്ടെത്താനുള്ള വിപുലമായ സാധ്യതകളാണ് 'കിഫ്ബി' തുറന്നിടുന്നത്. ഈ വര്‍ഷം 20,000 കോടിയും അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടിവരെയും സമാഹരിക്കുകയാണ് ലക്ഷ്യം. പശ്ചാത്തലവികസനത്തിന് മൂലധനം കണ്ടെത്താന്‍ എല്‍ഡിഎഫ്  സ്വീകരിക്കുന്ന പ്രായോഗിക സമീപനവും മുന്‍ സര്‍ക്കാരിന്റെ കാപട്യങ്ങളും നേര്‍ക്കുനേരെ വരുന്ന ഘട്ടംകൂടിയാണിത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലയോര, തീരദേശ പാതകളോട് സ്വീകരിച്ച സമീപനവും പിണറായി സര്‍ക്കാരിന്റെ പുതിയ തീരുമാനവും നേര്‍വിപരീതദിശയിലാണ്.

പ്രഖ്യാപനങ്ങള്‍മാത്രമല്ലാതെ ആവശ്യമായ ഫണ്ടിന്റെ ചെറിയൊരു അംശംപോലും ഈ പദ്ധതികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍, കേരളത്തിന്റെ തെക്കുവടക്ക് ഗതാഗതം ഏറെ സുഗമമാക്കുന്ന ഈ രണ്ട് സമാന്തര ഹൈവേകള്‍ക്ക് 10,000 കോടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കിഫ്ബിവഴി ഈ ഫണ്ട് കണ്ടെത്തി അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പ്രഖ്യാപനമല്ല, പദ്ധതി നടപ്പാക്കാനുള്ള പ്രായോഗിക നടപടിയാണ് ആവശ്യം. അതിനുള്ള ഇച്ഛാശക്തിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top