26 April Friday

തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ കലാപനീക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021



വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ വന്നുകൊണ്ടിരിക്കുന്ന കലാപങ്ങളുടെയും അതിക്രമങ്ങളുടെയും വാർത്തകൾ ഭീതിജനകമാണ്‌. പൊടുന്നനെയുണ്ടായ അതിക്രമങ്ങളായല്ല, മറിച്ച്‌ രാജ്യമാകെ സമീപഭാവിയിൽ വ്യാപിക്കാൻ പര്യാപ്‌തമായ സംഘടിത അതിക്രമങ്ങളുടെ തുടക്കമായി അവയെ കാണേണ്ടിയിരിക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ ത്രിപുരയിൽ, ഉത്തരദിക്കിലെ നൈനിത്താളിൽ, രാജ്യതലസ്ഥാനമായ ഡൽഹിയിൽ, മധ്യേന്ത്യയിലെ അമരാവതിയിൽ എല്ലാമുണ്ടായ സംഘപരിവാറിന്റെ ആക്രമണങ്ങൾ രാജ്യമാകെ വർഗീയധ്രുവീകരണം സൃഷ്‌ടിക്കുക, അതുവഴി രാഷ്‌ട്രീയനേട്ടം കൊയ്യുക എന്ന ലക്ഷ്യംവച്ചുള്ളതാണ്‌. പ്രത്യേകിച്ച്  ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മൂന്നരമാസംമാത്രം അവശേഷിക്കുമ്പോൾ ഇത്തരം ധ്രുവീകരണശ്രമങ്ങൾ സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയമായ അനിവാര്യതയാണ്‌.

കർഷകവിരുദ്ധമായ മൂന്ന്‌ കാർഷികനിയമവും നിരന്തരമായ ഇന്ധനവിലവർധനയും തൊഴിൽനഷ്ടവും ജനങ്ങളിൽ സൃഷ്‌ടിച്ച അമർഷം വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ വലിയ നഷ്‌ടമുണ്ടാക്കിയിരുന്നു. കോർപറേറ്റ്‌ അനുകൂല നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെ തുടർച്ചയാണ്‌ ജനവിരുദ്ധ കാർഷികനിയമങ്ങളും ഇന്ധനവില വർധനയുംപോലുള്ള ജനദ്രോഹങ്ങൾ. ഇതിനെതിരെ സംഘടിക്കുന്ന കർഷകരും തൊഴിലാളികളും ഉൾപ്പെട്ട സാമാന്യജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിച്ചാൽമാത്രമേ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകൂവെന്ന ലളിതവും അപകടകരവുമായ യുക്തിയാണ്‌ ഈ കലാപങ്ങൾക്കു പിന്നിൽ.

വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുക, കൂട്ടക്കൊല നടത്തുക, അതുവഴി അധികാരം പിടിച്ചെടുക്കുക. ഇതാണ്‌ ആർഎസ്‌എസ് രീതി. ഇത്തരം കലാപങ്ങളെക്കുറിച്ച്‌ റിപ്പോർട്ട്‌ ചെയ്യുന്നതുപോലും കുറ്റകൃത്യമാണെന്ന അവസ്ഥയാണിപ്പോൾ. ത്രിപുരയിൽ സംഘപരിവാർ കലാപം റിപ്പോർട്ട്‌ചെയ്‌ത സമൃദ്ധി കെ സാകുനിയ, സ്വർണ ഝാ എന്നീ വനിതാ മാധ്യമപ്രവർത്തകരെ അറസ്‌റ്റുചെയ്യുകയുണ്ടായി.

ഒക്‌ടോബറിൽ ബംഗ്ലാദേശിൽ ഹിന്ദു വിഭാഗങ്ങൾക്കെതിരെയുണ്ടായ അക്രമങ്ങൾ മറയാക്കിയാണ്‌ ത്രിപുരയിലെ മുസ്ലിങ്ങൾക്കെതിരെ വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗ്‌രൺ മഞ്ചും അക്രമം നടത്തിയത്‌. മുസ്ലിങ്ങളുടെ വീടുകളും കടകളുമായിരുന്നു അക്രമികളുടെ ലക്ഷ്യം. ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച്‌ മഹാരാഷ്‌ട്രയിലെ അമരാവതിയിൽ ചില മുസ്ലിം സംഘടനകൾ കഴിഞ്ഞ വെള്ളിയാഴ്‌ച പ്രതിഷേധ റാലി നടത്തിയിരുന്നു. ഇതിനുനേരെ ബിജെപിക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന്‌ സംഘർഷമുണ്ടായി. ഇതിന്റെ പേരിൽ ബിജെപി ആഹ്വാനംചെയ്‌ത ബന്ദിൽ അനിൽ ബോണ്ടെ, പ്രവീൺ പോട്ടെ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ ആക്രമണമുണ്ടായി.

നാളിതുവരെ രാജ്യത്തു നടന്ന എല്ലാ വർഗീയകലാപത്തിലും പങ്കാളിത്തമുള്ള ആർഎസ്‌എസിനെ ഐഎസ്‌ഐഎസുമായും ബൊക്കൊ ഹറാമുമായും താരതമ്യപ്പെടുത്തിയതിനാണ്‌ മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കേന്ദ്ര നിയമമന്ത്രിയുമായ സൽമാൻ ഖുർഷിദിന്റെ നൈനിത്താളിലെ വീട്‌ ആക്രമിച്ചത്‌. അയോധ്യ വിഷയത്തിലെ കോടതിവിധി ആസ്‌പദമാക്കി സൽമാൻ ഖുർഷിദ്‌ എഴുതിയ ‘സൺറൈസ്‌ ഓവർ അയോധ്യ: നേഷൻഹുഡ്‌ ഇൻ ഔർ ടൈംസ്‌’ എന്ന പുസ്‌തകത്തിലാണ്‌ ഈ താരതമ്യമുള്ളത്‌. ‘സന്യാസിമാരാലും വിശുദ്ധരാലും അറിയപ്പെടുന്ന സനാതന ധർമത്തെയും ശ്രേഷ്‌ഠമായ ഹൈന്ദവതയെയും തള്ളിമാറ്റി ഐഎസ്‌ഐഎസ്‌, ബൊക്കൊ ഹറാംപോലുള്ള ജിഹാദി ഇസ്ലാമിക ഗ്രൂപ്പുകൾക്ക്‌ സമാനമായ ഹിന്ദുത്വത്തിന്റെ നവീന രാഷ്‌ട്രീയമുഖം കടന്നുകയറിയിരിക്കുന്നു’എന്നാണ്‌ പുസ്‌തകത്തിൽ പറയുന്നത്‌. സംഘപരിവാറിനെ പോലെ കോൺഗ്രസിലെ ഒരു പ്രബലവിഭാഗവും ഖുർഷിദിനെതിരെ രംഗത്തുവന്നുവെന്നതാണ്‌ ഏറ്റവും വിചിത്രം.

ഒരിടവേളയ്‌ക്കുശേഷം ജെഎൻയുപോലുള്ള ക്യാമ്പസുകളിലും അതിക്രമങ്ങൾക്ക്‌ സംഘപരിവാർ തുടക്കമിട്ടിരിക്കുന്നു. സായുധരായ എബിവിപിക്കാർ ഒരു പരിപാടിക്കിടെ വിദ്യാർഥികൾക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. യൂണിയൻ പ്രസിഡന്റും എസ്‌എഫ്‌ഐ നേതാവുമായ ഐഷി ഘോഷ്‌ ഉൾപ്പെടെയുള്ളവർക്ക്‌ മർദനമേറ്റു. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഭീതിയുടെയും അന്തരീക്ഷം സൃഷ്‌ടിക്കാനുള്ള ആസൂത്രിത ശ്രമമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top