27 March Monday

ഗവേഷണസ്ഥാപനത്തിന്‌ വർഗീയവാദിയുടെ പേരോ

വെബ് ഡെസ്‌ക്‌Updated: Monday Dec 7, 2020


 

തിരുവനന്തപുരത്തെ പ്രശസ്‌തമായ ഗവേഷണസ്ഥാപനമാണ്‌ രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോടെക്‌‌നോളജി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുക ലക്ഷ്യമാക്കിയാണ്‌ ‌പിന്നീട്‌ കേന്ദ്രസർക്കാരിന്‌ കൈമാറിയത്‌. എന്നാൽ, രാജ്യം ഭരിക്കുന്ന മോഡി സർക്കാരിനെ നയിക്കുന്ന ഹിന്ദുത്വരാഷ്ട്രീയം ഈ സ്ഥാപനത്തെയും വിവാദത്തിലേക്ക്‌ വലിച്ചിഴച്ചിരിക്കുകയാണ്‌. പുതുതായി നിർമിക്കുന്ന രണ്ടാമത്തെ ക്യാമ്പസിന്‌ ആർഎസ്‌എസിന്റെ രണ്ടാമത്തെ സർസംഘ്‌ചാലകായ മാധവ്‌ സദാശിവ റാവു ഗോൾവാൾക്കറുടെ പേര്‌ നൽകാൻ കേന്ദ്രം തീരുമാനിച്ചതാണ്‌ വൻവിമർശം ക്ഷണിച്ചുവരുത്തിയിട്ടുള്ളത്‌. ഇതിന്റെ പേരിൽ സംസ്ഥാനത്ത്‌ വർഗീയ വിഭജനമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗമല്ലേ ഈ നീക്കമെന്ന്‌ ന്യായമായും സംശയിക്കാം.

ഗോൾവാൾക്കറുടെ പേര്‌ നൽകാനുള്ള തീരുമാനം വിമർശിക്കപ്പെടുന്നത്‌ അദ്ദേഹം വച്ചുപുലർത്തിയ സാമൂഹ്യ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാണ്‌. ബനാറസ്‌ ഹിന്ദു സർവകലാശാലയിൽനിന്ന്‌ ജന്തുശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്തത്‌ മാത്രമാണ്‌ അദ്ദേഹത്തിന്‌ ശാസ്‌ത്രവുമായുള്ള ബന്ധം. അദ്ദേഹം എഴുതിയ ‘നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’, ‘വിചാര ധാര’ എന്നീ പുസ്‌തകങ്ങളിലൂടെ കണ്ണോടിച്ചാൽ ശാസ്‌ത്രവിഷയങ്ങളെക്കുറിച്ചല്ല മറിച്ച്‌ വിഷലിപ്‌തമായ അദ്ദേഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ആശയങ്ങളെക്കുറിച്ചാണ്‌ മനസ്സിലാക്കാനാകുക. വർഗീയവിദ്വേഷവും വർഗീയവിഭജനവും മറ്റുമാണ്‌ ഗോൾവാൾക്കർക്ക്‌ പഥ്യമായ ആശയങ്ങൾ.

ഹിന്ദുക്കളല്ലാത്ത മറ്റെല്ലാ മതവിശ്വാസികളെയും ഇന്ത്യയിൽ നിന്ന്‌ പുറത്താക്കണമെന്ന്‌ മാത്രമല്ല, അവരെ രാജ്യദ്രോഹികളും ശത്രുക്കളും മൂഢരുമാണെന്ന്‌ മുദ്രകുത്തണമെന്നുപോലും പറഞ്ഞയാളാണ്‌ ഗോൾവാൾക്കർ. ഇന്ത്യയിലെ ന്യൂനപക്ഷപ്രശ്‌നം പരിഹരിക്കാൻ വംശീയശുദ്ധീകരണം എന്ന നാസി ആശയങ്ങൾക്ക്‌ ഇന്ത്യയിൽ പ്രചാരംകൊടുത്ത നേതാവ്‌. ‘പട്ടിക്കും പൂച്ചയ്‌ക്കും അവകാശങ്ങൾ അനുവദിച്ചു നൽകുന്നതിൽ കൂടുതലൊന്നുമല്ല’ ജനാധിപത്യം എന്ന്‌ അപഹസിച്ചയാൾ, ഇന്ത്യൻ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും ദേശീയപതാകയെപ്പോലും അംഗീകരിക്കാൻ വിസമ്മതിച്ചയാൾ. ഗോൾവാൾക്കർക്ക് ‌നൽകാൻ ഇനിയും ‘വിശേഷണ’ങ്ങൾ ചരിത്രം നൽകും.

സ്വാതന്ത്ര്യസമരകാലത്ത്‌ ജീവിച്ചിട്ടും അതിൽ പങ്കെടുത്തില്ല എന്നു മാത്രമല്ല, അതിന്‌ തയ്യാറായവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്‌ത ആർഎസ്‌എസ്‌ മേധാവിയാണ്‌ ഗോൾവാൾക്കർ. ബ്രിട്ടീ‌ഷ്‌ വിരുദ്ധതയല്ല മറിച്ച്‌ മുസ്ലിംവിരുദ്ധതയാണ്‌ ദേശസ്‌നേഹത്തിന്റെ അളവുകോലാകേണ്ടതെന്നും ഗോൾവാൾക്കർ ശഠിച്ചു. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുന്നത്‌ ദൗർഭാഗ്യകരവും പിന്തിരിപ്പനുമാണെന്നുകൂടി പറഞ്ഞുവച്ചു ഗോൾവാൾക്കർ. ‘സംഘിന്‌ അതിന്റെ വിലപ്പെട്ട  സമയം  മറ്റുള്ളവരെ ആക്ഷേപിച്ചോ വിമർശിച്ചോ പാഴാക്കേണ്ട ആവശ്യമില്ല. വൻമത്സ്യം ചെറുമത്സ്യത്തെ ഭക്ഷിക്കുന്നത്‌ നമുക്കറിയാമെങ്കിൽ അതിന്‌ വൻമത്സ്യത്തെ കുറ്റപ്പെടുത്തുന്നത്‌ ശുദ്ധഭ്രാന്താണ്‌ എന്നും’ ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തെ ഇകഴ്‌ത്തിക്കാണിച്ചുകൊണ്ട്‌ ‌ ഗോൾവാൾക്കർ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തെ അപഹസിച്ചുവെന്നത്‌ മാത്രമല്ല ഗോൾവാൾക്കറുടെ ദേശവിരുദ്ധത. രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയെ വധിച്ച ഗൂഢാലോചനയിൽ പങ്കെടുത്തതിന്‌ ആറുമാസം ജയിൽവാസം അനുഭവിച്ച വ്യക്തികൂടിയാണ്‌ അദ്ദേഹം.  ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക്‌ ഗോഡ്‌സെ ഗോൾവാൾക്കറുടെ അടുത്ത സുഹൃത്ത്‌ കൂടിയായിരുന്നു. ‌അതിൽ എന്നും അഭിമാനംകൊണ്ട വ്യക്തികൂടിയാണ്‌ ഗോൾവാൾക്കർ. രാഷ്ട്രപിതാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവർ എങ്ങനെയാണ്‌ രാജ്യസ്‌നേഹികളാകുന്നത്‌. രാജ്യദ്രോഹിയുടെ പട്ടമല്ലേ അത്തരക്കാർക്ക്‌ യോജിക്കുക.

അത്തരമൊരാളുടെ പേര്‌ സംസ്ഥാനത്തിലെ സുപ്രധാന ഗവേഷണസ്ഥാപനത്തിന്റെ ക്യാമ്പസിന്‌ നൽകുന്നത്‌ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അപമാനിക്കുന്നതിന്‌ തുല്യമാണ്‌. രാജ്യസ്‌നേഹികൾക്കും ദേശാഭിമാനികൾക്കും ജനാധിപത്യ വിശ്വാസികൾക്കും ഈ തീരുമാനം‌ അംഗീകരിക്കാൻ കഴിയില്ല. അതിനാൽ, കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത്‌ ഉടൻ പിൻവലിക്കുകയാണ്‌ വേണ്ടത്‌. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടതുപോലെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ശാസ്‌ത്രപ്രതിഭയുടെ പേര്‌ പുതിയ ക്യാമ്പസിന്‌ നൽകണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top