26 April Friday

സർക്കാർ സേവനം വീടുകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021


പല വിദേശ രാജ്യങ്ങളിലും കഴിഞ്ഞ പതിറ്റാണ്ടുമുതൽ കടലാസ്‌ രഹിത ഔദ്യോഗിക സേവനങ്ങൾ വളരെ ഫലപ്രദവും മാതൃകാപരവുമായി നടപ്പാക്കി വരികയാണ്‌. അതേത്തുടർന്ന്‌ അവിടങ്ങളിൽ സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും വിമാനത്താവളങ്ങളിലും റെയിൽവേ‐ ബസ്‌ ടിക്കറ്റ്‌ കൗണ്ടറുകളിലും കുറെ വർഷങ്ങളായി വരികളിൽ ശല്യമാകുംവിധം തിക്കിത്തിരക്കലും കാണാനില്ല. കോവിഡ്‌ ഭീതി പടർന്ന നാളുകളിൽ സാമൂഹ്യ അകലം നിർബന്ധമായപ്പോൾ ചില ദരിദ്ര രാജ്യങ്ങളിൽ അടിയന്തര സേവനങ്ങൾ വീടുകളിൽ എത്തിക്കുന്ന രീതി പരീക്ഷിക്കപ്പെട്ടു. അത്തരം കുതിപ്പിലേക്ക്‌ കേരളവും പതുക്കെ ചുവടുവയ്‌ക്കുകയാണ്‌. സർക്കാർ സേവനങ്ങളിൽ പ്രധാനപ്പെട്ടവ സംസ്ഥാനത്തും ഉടൻ വീട്ടുപടിക്കലെത്തും. റവന്യൂ വകുപ്പിന്റെ പുതിയ ഡിജിറ്റൽ സേവനങ്ങൾ ഉദ്‌ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയൻ ആ ബൃഹത് പദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കുകയുണ്ടായി.

ജനോപകാരപ്രദമായ സിവിൽ സർവീസ്‌ യാഥാർഥ്യമാക്കാൻ ‘ഇ’ സേവനങ്ങൾ വിപുലമാക്കേണ്ടതുണ്ടെന്ന കാഴ്‌ചപ്പാടാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റേത്‌. അതിലൂടെ സുതാര്യത ഉറപ്പാക്കുന്നതോടൊപ്പം സമയലാഭവുമുണ്ട്‌. ആരും സഹായിക്കാനില്ലാതെ ജീവിക്കുന്ന അവശർ, അംഗപരിമിതർ, രോഗികൾ, 65 വയസ്സ്‌ കഴിഞ്ഞ വയോധികർ തുടങ്ങിയ വിഭാഗങ്ങൾക്ക്‌ ഏറെ ആശ്വാസകരമാണ്‌ വിഭാവനം ചെയ്യുന്ന സംവിധാനം. ജീവിതഗുണമേന്മ ഉറപ്പാക്കുന്നതോടൊപ്പം ജനങ്ങളുടെ അവകാശമായ സേവനങ്ങളിലെ നൂലാമാലകൾ ലഘൂകരിക്കുകയും ജനകീയ സർക്കാരിന്റെ കടമയാണ്‌. മാലിന്യം നീക്കൽ, യാത്രാക്ലേശം തുടങ്ങിയ തുറകളിലും കാര്യമായ ഇടപെടലിനാണ്‌ ആലോചന. ലോകബാങ്ക്‌ സഹായത്തോടെ 2500 കോടിയുടെ മാലിന്യ സംസ്‌കരണ പദ്ധതിക്ക്‌ തദ്ദേശസ്ഥാപനങ്ങൾ കരാറിലെത്തിയത്‌ ശ്രദ്ധേയമാണ്‌. പരിസ്ഥിതി ആഘാതമില്ലാത്തവിധമാകും അവയുടെ നടത്തിപ്പ്‌. വാണിജ്യ വാഹനങ്ങൾക്കായി യൂബർ, ഓല മാതൃകയിൽ സർക്കാർ നേതൃത്വത്തിൽ ഓൺലൈൻ ഓട്ടോ‐ ടാക്‌സി സംവിധാനത്തിന്‌ കേരളപ്പിറവി ദിനത്തിൽ തുടക്കമാവും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലാണത്‌ നടപ്പാക്കുക.

കംപ്യൂട്ടർ പഠനത്തിലെ മുന്നേറ്റവും ഡിജിറ്റൽ സൗകര്യങ്ങളുടെ വ്യാപനവും പുതിയ മാധ്യമ അവബോധവും ജനങ്ങൾക്ക്‌ ‘ഇ’ സാക്ഷരത പകർന്നുനൽകി. സ്‌മാർട്ട്‌ വില്ലേജുകൾ അതിന്റെ തുടർച്ചയാണ്‌. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനത്തിനാകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ റവന്യൂ സേവനങ്ങൾ ഓൺലൈനാക്കി. ആ അനുഭവത്തിന്റെ വിജയവും പരിമിതിയും ഉൾപ്പെടെ നാനാവശങ്ങൾ വിലയിരുത്തിയശേഷമാണ് സേവനങ്ങൾ മൊബൈൽ ആപ്പിലേക്കു മാറ്റിയത്‌. ഭൂനികുതി ആപ്‌ വന്നതോടെ എവിടെയിരുന്നും അപേക്ഷിക്കാനും നികുതി ഒടുക്കാനും സാധിക്കും. സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ നടപടികളുടെയും അവസാന നില, തുടർ പരിശോധന, അനുബന്ധ രേഖകൾ തുടങ്ങിയവയെല്ലാം മനസ്സിലാക്കാം. ലോകത്ത്‌ എവിടെയിരുന്നും അപേക്ഷിക്കാമെന്നതിനാൽ അന്യദേശങ്ങളിലുള്ളവർക്കും പ്രവാസികൾക്കും വലിയ ആശ്വാസമാകും. ഓൺലൈനായി അപേക്ഷിക്കാൻ ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ വീടുകളിലെത്തി സഹായിക്കാനും നിർദേശമുണ്ട്‌.

സംസ്ഥാനത്തെ ഭൂമി സംബന്ധിച്ച പൂർണ വിവരം പുതിയ സംവിധാനത്തിലൂടെ നൽകുന്നത്‌ ആലോചനയിലാണ്‌. അത്‌ ഫലപ്രാപ്‌തിയിലെത്തിയാൽ വിവിധ നിലവാരത്തിലുള്ള റവന്യൂ ഓഫീസുകളിൽ കയറിയിറങ്ങേണ്ട. ഭൂനികുതി മൊബൈൽ ആപ്പിലൂടെ അടയ്‌ക്കാം. നികുതി രജിസ്‌റ്ററും തണ്ടപ്പേർ അക്കൗണ്ടും ഡിജിറ്റലൈസ്‌ ചെയ്‌താൽ റീസർവേ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവയിൽ വന്നുപെടുന്ന മെല്ലെപ്പോക്ക്‌ നീക്കിയെടുക്കാനുമാവും. ക്വിക്‌പേ വരുന്നതോടെ നികുതികളും ഫീസുകളും അടയ്‌ക്കാനും പ്രയാസമുണ്ടാവില്ല. അർബുദം, കുഷ്‌ഠം, ക്ഷയം തുടങ്ങിയ രോഗം വലയ്‌ക്കുന്നവർക്കുള്ള പെൻഷനും സഹായധനവും വീട്ടിലെത്തിക്കാനും സംവിധാനമൊരുക്കും. ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യവുമുണ്ടാകും. കാര്യക്ഷമമായ സിവിൽസർവീസ്‌ ജനങ്ങളുടെ അവകാശമാണ്‌. വിവിധ നടപടികളിലൂടെ അതിലേക്കുള്ള പ്രയാണമാണ്‌ കേരളത്തിൽ നടക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top