26 April Friday

പ്രതിസന്ധി രൂക്ഷമാക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018


രണ്ടുമാസത്തിനിടെ രണ്ടാംവട്ടവും മുഖ്യ പലിശനിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക് ബുധനാഴ്ച പ്രഖ്യാപിച്ച വായ്പാനയം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കും. 2013 ഒക്ടോബറിനുശേഷം ഇതാദ്യമായാണ് റിസർവ്ബാങ്ക് തുടർച്ചയായി പലിശനിരക്ക് വർധിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവില ഇനിയും കൂടിയേക്കാമെന്നും അത് രാജ്യത്ത് ഇപ്പോൾത്തന്നെ രൂക്ഷമായ വിലക്കയറ്റനിരക്ക് (പണപ്പെരുപ്പം) വീണ്ടും വർധിപ്പിക്കുമെന്നും പറഞ്ഞാണ് പലിശനിരക്കുകൾ കൂട്ടിയത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ആറുശതമാനത്തോളവും ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള നിരക്ക് അഞ്ചു ശതമാനത്തോളവും എത്തിനിൽക്കുന്നു.  വിലക്കയറ്റം പിടിച്ചുനിർത്താൻ പലിശനിരക്ക് വർധിപ്പിക്കണമെന്നാണ് ആർബിഐ നിലപാട്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ (റിപ്പോ) കാൽശതമാനം വർധിപ്പിച്ച് ആറര ശതമാനവും ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് സ്വീകരിക്കുന്ന വായ്പയുടെ പലിശ (റിവേഴ്സ് റിപ്പോ) കാൽശതമാനം വർധിപ്പിച്ച് 6.25 ശതമാനവുമാക്കിയത്. ആർബിഐ നടപടിയുടെ ചുവടുപിടിച്ച് ബാങ്കുകൾ പലിശനിരക്കുകൾ വർധിപ്പിക്കും. ഇതോടെ ഭവനവായ്പ, വ്യക്തിഗതവായ്പ, വാഹനവായ്പ, വ്യവസായവായ്പ എന്നിവയടക്കം എല്ലാത്തരം വായ്പകളുടെയും പലിശനിരക്ക് വർധിക്കാനിടയാക്കും. ഇത് വായ്പകൾ വലിയതോതിൽ കുറയാനിടയാക്കുകയും നിലവിൽ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകൾ കൂടുതൽ കുഴപ്പത്തിലാവുകയും ചെയ്യും. പലിശനിരക്ക് നേരത്തെതന്നെ ഉയർന്നുനിൽക്കുമ്പോഴാണ് റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ നടപടി.

രൂക്ഷമായ വിലക്കയറ്റം, വ്യാപാര‐വ്യവസായ മേഖലയിലെ മാന്ദ്യം, പെരുകുന്ന വ്യാപാരക്കമ്മി, രൂപയുടെ വിനിമയനിരക്കിൽ അടിക്കടിയുണ്ടാകുന്ന തകർച്ച എന്നിവയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഇപ്പോൾ നേരിടുന്ന പ്രധാന കുഴപ്പങ്ങൾ. പലിശനിരക്ക് വർധിപ്പിക്കുന്നതുവഴി ഈ പ്രശ്നങ്ങളിലൊന്നുപോലും പരിഹരിക്കില്ലെന്നു മാത്രമല്ല, നോട്ടു നിരോധം, ചരക്കു സേവന നികുതി (ജിഎസ്ടി) എന്നിവമൂലം തകർന്നുതരിപ്പണമായ സമ്പദ്വ്യവസ്ഥയുടെ അനൗപചാരികമേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാകാനാണ് വഴിവയ്ക്കുക. വായ്പകളും മുതൽമുടക്കും വർധിപ്പിക്കുകയും അതുവഴി തൊഴിലും വരുമാനവും കൂട്ടി ജനങ്ങളുടെ ക്രയശേഷി വർധിപ്പിച്ച് വ്യാപാര വ്യവസായമേഖലയിലെ മാന്ദ്യം നേരിടുകയാണ്് യഥാർഥത്തിൽ ചെയ്യേണ്ടത്.

വിലക്കയറ്റം നിയന്ത്രിക്കാൻ ഫലപ്രദമായ സർക്കാർ നടപടികൾവേണം. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുക, നികുതി കുറച്ച‌് എണ്ണവില കുറയ‌്ക്കുക എന്നിങ്ങനെയുള്ള നടപടികളാണ് വേണ്ടത്. വിലക്കയറ്റം, വ്യവസായമേഖലയിലെ മാന്ദ്യം, വ്യാപാരക്കമ്മി എന്നിവയെല്ലാം എണ്ണവില വർധനകൊണ്ടുമാത്രം സംഭവിക്കുന്നതാണെന്ന വാദവും അംഗീകരിക്കാനാകില്ല. എണ്ണവില കൂടുന്നതിനുമുമ്പും ഈ സാഹചര്യങ്ങൾ തുടരുന്നുണ്ട്. ഓഹരി‐പണക്കമ്പോളങ്ങളിലെ ചൂതാട്ടത്തെ ലക്ഷ്യമിട്ടെത്തുന്ന താൽക്കാലിക വിദേശനിക്ഷേപങ്ങൾ പെട്ടെന്ന‌് പിൻവലിക്കുന്നതും അതുവഴി  ഡോളർശേഖരം കുറയുന്നതും വ്യാപാരക്കമ്മി കുറയ്ക്കാൻ കൂടുതൽ ഡോളർ വേണ്ടിവരുന്നതും രൂപയുടെ തകർച്ചയ്ക്കും വിലക്കയറ്റത്തിനും ഇടയാക്കുന്നുണ്ട്.

മലയാളിയുടെ ജീവഗായകൻ
ഗസലെന്നാൽ വിശ്വസംഗീതത്തിൽ തലത് മഹ‌്മൂദും ഗുലാം അലിയും ജഗജിത്‌ സിങ്ങും പങ്കജ് ഉദാസുമാണെങ്കിൽ മലയാളിക്ക് ഇതെല്ലാം ഉമ്പായിയായിരുന്നു. പ്രാണന്റെ തന്ത്രികളിലേക്ക് അനുരാഗത്തിന്റെ തേൻമാധുരിയും വിഷാദത്തിന്റെ ശോകാർദ്രതയും  ഏകാന്തതയുടെ ഊഷ്മളതയും അനുഭവിപ്പിച്ച മലയാളിയുടെ ഗസൽചക്രവർത്തിയായിരുന്നു ഉമ്പായി.  പ്രണയവും വിരഹവും വിലാപവും നിലാവും നിശയും ജീവിതകാമനകളും  തന്റേതായ ശൈലിയിൽ പാടി  വൈകാരികതയുടെ ആഴിയാഴങ്ങൾ സ്വരത്തിലാവിഷ്‌കരിച്ച ഭാവഗായകന്റെ നാദം നിലച്ചിരിക്കുന്നു. മലയാളിക്കാകട്ടെ ജനകീയവും ജനപ്രിയവുമായ ഒരു സംഗീതധാര പാതിവഴിയിൽ നഷ്ടമായിരിക്കുന്നു. ബാബുരാജിനെ, വയലാറിനെ, ഭാസ്‌കരൻമാഷിനെ, കോഴിക്കോട് അബ്ദുൾഖാദറെപ്പോലെ ഖൽബുകൾ പങ്കിട്ടെടുത്താണ് പ്രിയഗായകൻ ജീവിതഗാനം പാടി കടന്നുപോയിരിക്കുന്നത്. കവിതയുടെ തരളിതലാളിത്യവും ഹിന്ദുസ്ഥാനിയുടെ ഭാവഗരിമയും സമന്വയിപ്പിച്ച് നമുക്കായി  പാടുമ്പോഴും പാമരനായ പാട്ടുകാരനെന്നാണ് ഉമ്പായി സ്വയംവിശേഷിപ്പിച്ചിരുന്നത്. വരേണ്യശബളിമകളിൽനിന്ന് ഗസലിനെ പാമരനായ സാധാരണ മനുഷ്യന്റെ ഹൃദയവീചികളിലേക്കടുപ്പിച്ച വശ്യസൗന്ദര്യസംഗീതത്തിന്റെ പേരാണ് ഉമ്പായി. സമ്പന്നതയുടെ അകത്തളങ്ങളിൽനിന്ന് പൊള്ളുന്ന ജീവിതത്തെരുവുകളിലേക്ക് ഗസലിനെ ആവിഷ്‌കരിച്ച് മെഹ‌്ബൂബിന്റെ നേരവകാശിയായ പിൻപാട്ടുകാരനാണ് താനെന്ന് അടയാളപ്പെടുത്തി ആ മട്ടാഞ്ചേരിക്കാരൻ.

മെഹ‌്ബൂബിന്റെ തബലമീട്ടി സംഗീതലോകത്തെത്തി. വിഖ്യാതനായ ഹസ്രത് ജയ‌്‌പുരിയുടെ  ആദാബിലൂടെ ഗസലിന്റെ ലോകത്ത് സാന്നിധ്യവും മേൽവിലാസവുമുറപ്പിച്ചു. ഒ എൻ വിയും യൂസഫലിയും സച്ചിദാനന്ദനും വേണു വി ദേശവും പ്രിയ ഗായകനായി പേനയിൽ മഷിനിറച്ചപ്പോൾ ‘‘പാടുക സൈഗാളും, വീണ്ടും പാടാം സഖിയും, ഒരു ഞരമ്പിപ്പോഴും''...  മലയാളിയുടെ ചുണ്ടിലും ഞരമ്പിലും ഗസലായി  നിറഞ്ഞൊഴുകി. തലശേരിയിലും കോഴിക്കാട്ടും കൊച്ചിയിലും കൊല്ലത്തുമെല്ലാമായി ആ രാഗഭൈരവി ദേശഭേദമില്ലാതെ പാടിയുണർത്തി. ആവിഷ്‌കാരത്തിന്റെ ചാരുതയുമായി ഗസലിന്റെ  ഹൃദയത്തിലേക്ക് ഒരു ദേശത്തെയാകെ കൊണ്ടുനടന്ന ഉമ്പായി. എല്ലാ അർഥത്തിലും ഗസലിന്റെ സുൽത്താനായി വിരാജിച്ച ആ ശബ്ദസൗരഭ്യം ആസ്വദിക്കാൻ കഴിഞ്ഞത് സംഗീതപ്രണയികളുടെ  മഹാസൗഭാഗ്യമാണ്. 

പാടിപ്പാടി നിലയ‌്ക്കണമെന്നതാണ് തന്റെ ജീവിതാഭിലാഷമെന്ന് ‘ദേശാഭിമാനി'യുടെ വേദിയിൽ ഒരിക്കൽ ഉമ്പായി പറയുകയുണ്ടായി. ഗസലിന്റെ ലഹരി മലയാളിയുടെ ആത്മാവിലേക്ക് പകർന്നുതന്ന പാട്ടുകാരാ  നിലച്ചെങ്കിലും കൊതിക്കയാണ് വീണ്ടും പാടാം സഖീ എന്ന ആർദ്രനാദം ഒരിക്കൽക്കൂടി കേൾക്കാൻ. തന്റെ ജീവിതത്തിനൊരു സന്ദേശമുണ്ടെങ്കിൽ അത്  ‘‘ചെളിക്കുണ്ടിൽ കിടക്കുന്ന ജീവിതത്തെ പിടിച്ചുയർത്താൻ കലയ്ക്കും സംഗീതത്തിനുമാകും'' എന്നതാണെന്ന് ഉമ്പായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദേശത്തിന്റെ ജീവിതം ചെളിക്കുണ്ടിലാഴാതെ ഞങ്ങൾക്കായി ആത്മരാഗങ്ങൾ പാടിയ പ്രിയഗായകാ വിട...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top