29 March Friday

കേന്ദ്രം ശ്രമിക്കുന്നത്‌ സഹകരണ ബാങ്കുകളെ തകർക്കാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


കേരളത്തിന്റെ  വികസനത്തിലും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലും നിർണായക സ്ഥാനമാണ്‌ സഹകരണ മേഖലയ്‌ക്കുള്ളത്‌. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ രംഗത്തും ഇന്ന്‌ സഹകരണമേഖല വ്യാപിച്ചിട്ടുണ്ട്‌. വായ്‌പാ സംഘങ്ങൾമുതൽ സ്‌കൂൾ വിദ്യാർഥികളുടെ സഹകരണസംഘങ്ങൾവരെ വിപുലപ്പെട്ടതാണ്‌ സഹകരണ മേഖല.  ഇത്രയും വിപുലവും ശക്തവുമായ സഹകരണമേഖലയെ തകർക്കുകയെന്നത്‌ ഒരു രാഷ്ട്രീയ അജൻഡയായി കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുകയാണ്‌.  സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ, പ്രത്യേകിച്ച്‌ പ്രാഥമിക സഹകരണ ബാങ്കുകളെ തകർക്കാനാണ്‌ ശ്രമിക്കുന്നത്‌.  ഒരു ലക്ഷം കോടിയോളം  രൂപയുടെ നിക്ഷേപവും അതിലേറെ വായ്‌പയുമുള്ള കേരളത്തിലെ സഹകരണ ബാങ്കിങ്‌ മേഖല ശക്തമാണ്‌.  പഞ്ചായത്ത്‌, വില്ലേജുകൾ പ്രവർത്തനപരിധിയുള്ള ആയിരത്തിഅറുനൂറ്റമ്പതോളം പ്രാഥമിക സഹകരണ ബാങ്ക്‌ ജനങ്ങൾക്ക്‌ കുറഞ്ഞ പലിശയ്‌ക്ക്‌ കാർഷിക–-കാർഷികേതര വായ്‌പ എളുപ്പത്തിൽ ലഭ്യമാക്കുന്നു. ജനങ്ങളുടെ വിശ്വാസം ആർജിച്ചതുകൊണ്ടാണ്‌ സഹകരണ ബാങ്കുകൾ ശക്തിപ്പെട്ടത്‌.  റിസർവ്‌ ബാങ്കിനെ മുന്നിൽനിർത്തിക്കൊണ്ടാണ്‌ പ്രാഥമിക സഹകരണ ബാങ്കുകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കം മോദി സർക്കാർ നടത്തുന്നത്‌.

അടുത്തകാലത്തായി സഹകരണമേഖലയ്‌ക്കെതിരായ കടന്നുകയറ്റമാണ്‌ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന്‌ തുടർച്ചയായി ഉണ്ടാകുന്നത്‌.  സംസ്ഥാനവിഷയമായ സഹകരണത്തിനായി നാലുമാസംമുമ്പ്‌ കേന്ദ്ര മന്ത്രാലയം രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ നിയന്ത്രണത്തിലാണ്‌ പുതിയ മന്ത്രാലയം. ഇതിനൊപ്പം ബാങ്കിങ്‌  നിയന്ത്രണ നിയമത്തിൽ  ഭേദഗതി വരുത്തിക്കൊണ്ട്‌ അർബൻ സഹകരണ ബാങ്കിങ്‌ മേഖലയിൽ പിടിമുറുക്കുകയും ചെയ്‌തു. അർബൻ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിടാനുള്ള  അധികാരംപോലും  റിസർവ്‌ ബാങ്ക്‌ കൈക്കലാക്കി. പ്രവർത്തനത്തിന്‌ ഒട്ടേറെ മാർഗനിർദേശങ്ങളും ഇറക്കി. ഫലത്തിൽ സംസ്ഥാന സഹകരണ നിയമംമൂലം രജിസ്‌റ്റർ ചെയ്യുന്ന അർബൻ ബാങ്കുകളുടെമേൽ സംസ്ഥാന സർക്കാരുകൾക്ക്‌ ഒരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണ്‌. ഇതിന്‌ സമാനമായ രീതിയിൽ സഹകരണ സംഘങ്ങളെയും പ്രാഥമിക സഹകരണ ബാങ്കുകളെയും അട്ടിമറിക്കാനുള്ള നീക്കമാണ്‌  റിസർവ്‌ ബാങ്കിനെ ഉപയോഗിച്ച്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ഒരാഴ്‌ചമുമ്പ്‌ റിസർവ്‌ ബാങ്ക്‌ പുറത്തിറക്കിയ വാർത്താക്കുറിപ്പ്‌ പ്രകാരം പ്രാഥമിക സഹകരണ ബാങ്കുകൾ  ‘ബാങ്ക്‌, ബാങ്കർ, ബാങ്കിങ്‌സ്‌’ എന്നീ വാക്കുകൾ  ഉപയോഗിക്കരുതെന്ന്‌ കർശനമായി നിർദേശിച്ചിരിക്കുകയാണ്‌. മുമ്പ്‌ ഉന്നയിച്ച നിർദേശം സംസ്ഥാന സർക്കാർ  തള്ളിക്കളഞ്ഞിരുന്നു. ഇക്കാര്യത്തിൽ എൽഡിഎഫ്‌ സർക്കാർ  സുവ്യക്തമായ  നിലപാട്‌ എടുക്കുകയും ഇത്‌ കേന്ദ്രസർക്കാരിനെയും  റിസർവ്‌ ബാങ്കിനെയും  അറിയിച്ചതുമാണ്‌.  ഇത്‌ കണക്കിലെടുക്കാതെ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്താനും  ഇതുവഴി കേരളത്തിലെ സഹകരണമേഖലയെ പ്രതിസന്ധിയിലാക്കാനുമാണ്‌ കേന്ദ്രസർക്കാർ തുനിയുന്നത്‌. 

കേന്ദ്രസർക്കാരിന്റെ കുത്സിത നീക്കങ്ങളെ  സഹകാരികളെയും  ബഹുജനങ്ങളെയും ഒന്നിച്ചണിനിരത്തി നേരിടാനാണ്‌ എൽഡിഎഫ്‌ സർക്കാർ  തീരുമാനിച്ചിരിക്കുന്നത്‌.  റിസർവ്‌ ബാങ്ക്‌ അടിച്ചേൽപ്പിക്കുന്ന  നിർദേശങ്ങളെ നിയമപരമായും നേരിടും. എജിയുടെ നിയമോപദേശം ലഭിക്കുന്നതിനനുസരിച്ച്‌  സുപ്രീംകോടതിയെ സമീപിക്കും. സഹകരണമന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ  തിങ്കളാഴ്‌ച സഹകാരികളുടെയും ജീവനക്കാരുടെയും യോഗം  ചേർന്നു. സഹകരണമേഖലയെ സംരക്ഷിക്കാൻ ശക്തമായ നിലപാട്‌ സ്വീകരിക്കാൻ യോഗത്തിൽ ധാരണയായി.   മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌  തികച്ചും വ്യത്യസ്‌തമാണ്‌  കേരളത്തിലെ സഹകരണമേഖല. കേരളത്തിന്റെ  ഈ സവിശേഷതയും  പുതിയ നിർദേശം നടപ്പാക്കിയാൽ  അത്‌ എങ്ങനെ സഹകരണമേഖലയെ ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര സർക്കാരിനെയും  ആർബിഐയെയും ബോധ്യപ്പെടുത്താനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നത്‌.   ഭരണ–-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരെയും കൂട്ടിയോജിപ്പിച്ച്‌ ഒറ്റക്കെട്ടായ ജനകീയ പ്രതിരോധത്തിലൂടെ കേന്ദ്ര സർക്കാരിന്റെ സഹകരണവിരുദ്ധ നിലപാട്‌ തിരുത്തിപ്പിക്കാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top