09 May Thursday

പലിശഭാരവും ദുരിതവും കൂടും

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ഒരു കാര്യം റിസർവ് ബാങ്ക് ആവർത്തിച്ച് അടിവരയിട്ട് സമ്മതിക്കുന്നുണ്ട്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. പക്ഷേ, കേന്ദ്ര ബാങ്കിന്റെ പണനയംകൊണ്ട് വിലക്കയറ്റം കുറയുന്നില്ല. വിലക്കയറ്റത്തിന്റെ അഥവാ പണപ്പെരുപ്പത്തിന്റെ പേരുപറഞ്ഞാണ്, റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്കായ റിപ്പോ അടിക്കടി വർധിപ്പിക്കുന്നത്.  മൂന്നു മാസത്തിനിടെ തുടർച്ചയായ മൂന്നാംവട്ടമായി ആഗസ്‌ത് അഞ്ചിന് റിപ്പോ അരശതമാനംകൂടി വർധിപ്പിച്ചു. മേയിൽ 0.4 ശതമാനവും ജൂണിൽ 0.5 ശതമാനവും കൂട്ടിയശേഷമാണ് ഇപ്പോൾ വീണ്ടും അരശതമാനം  വർധിപ്പിച്ചത്. 94 ദിവസത്തിനിടെ 1.40 ശതമാനം വർധന. ഈ വർധനയോടെ നിലവിൽ റിപ്പോ നിരക്ക് 5.40 ശതമാനമായി. കോവിഡിന് മുമ്പുണ്ടായിരുന്ന 5.15 ശതമാനവും കടന്നിരിക്കുന്നു.

ഇങ്ങനെ, റിപ്പോ വർധിപ്പിച്ചിട്ടും വിലക്കയറ്റം വിഷസർപ്പത്തെപ്പോലെ ഫണംവിടർത്തി ആടുകതന്നെയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരവും ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയ വിലക്കയറ്റ നിരക്ക് 7.1 ശതമാനമായി തുടരുന്നു.  മൊത്ത വില 15 ശതമാനത്തോളവുമാണ്.  ഇത് വെറും സ്ഥിതിവിവരക്കണക്കുമാത്രം. കമ്പോളത്തിലെ യഥാർഥ വിലക്കയറ്റം ഇതിനൊക്കെ അപ്പുറമാണ്. വിലസൂചികകൾ ഉടനെങ്ങും പിന്നോട്ടില്ലെന്നാണ് ആർബിഐയുടെ നിഗമനം. വിലകൾക്ക് തീപിടിക്കുന്നത്, അത്യുന്നതങ്ങളിൽ വിഹരിക്കുന്ന ഒരു ചെറു ന്യൂനപക്ഷത്തിന് പ്രശ്നമാകില്ലായിരിക്കാം. പക്ഷേ, പ്രാണൻ പിടിച്ചുനിർത്താൻ പെടാപ്പാടുപെടുന്ന ജനകോടികൾക്ക് ജീവിക്കാനാകില്ല. വിലക്കയറ്റം തടയണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ നയവും നിലപാടും തിരുത്തണം. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർധന, കൂടുതൽ ലാഭത്തിനുവേണ്ടിയുള്ള പൂഴ്‌ത്തിവയ്പ്, കരിഞ്ചന്ത, ശക്തമായ പൊതുവിതരണ സംവിധാനത്തിന്റെ അഭാവം എന്നിവയാണ് പൊതു വിലക്കയറ്റത്തിന്റെ അടിസ്ഥാന കാരണങ്ങൾ. സെസുകളടക്കമുള്ള കേന്ദ്ര പെട്രോളിയം നികുതി കുറയ്ക്കലും മറ്റു നടപടികളും അനിവാര്യമാണ്. അതൊന്നും ചെയ്യാതെ, പലിശനിരക്ക് കൂട്ടി വിലക്കയറ്റം തടയാനാകില്ല. അത് സമ്പദ്‌വ്യവസ്ഥയുടെ മോശമായ സ്ഥിതിയും ജനങ്ങളുടെ ജീവിതവും വീണ്ടും വഷളാക്കും. കാര്യക്ഷമമായ പൊതുവിതരണ സംവിധാനമുള്ള കേരളംപോലെ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് വിലക്കയറ്റം കുറച്ചൊക്കെ പിടിച്ചുനിർത്താനാകുന്നത്. അത് സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ്.

സമ്പദ്‌വ്യവസ്ഥയിലെ പണലഭ്യത കുറയ്ക്കലാണ് ഇപ്പോൾ റിസർവ് ബാങ്ക് പണനയത്തിന്റെ ലക്ഷ്യം. പണലഭ്യത കൂടിയാൽ സാധനങ്ങൾക്ക് ഡിമാൻഡ് വർധിച്ച് വില വീണ്ടും കൂടുമെന്ന നിഗമനത്തിൽ വായ്പകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് റിപ്പോ കൂട്ടുന്നു. എന്നിട്ടും വില കുറയുന്നില്ലെന്ന് വരുമ്പോൾ അതല്ല, കാരണമെന്ന് വ്യക്തമാണല്ലോ. പ്രശ്നം പരിഹരിക്കുന്നതിനുപകരം രണ്ടു തരത്തിൽ ദുരിതം കൂട്ടുകയാണ്‌ ആർബിഐ നടപടിമൂലം സംഭവിക്കുന്നത്. റിപ്പോ വർധിപ്പിക്കുന്നതോടെ ബാങ്കുകളെല്ലാം വായ്പകളുടെ പലിശനിരക്കുകൾ കൂട്ടും. ഇതോടെ പുതിയ വായ്പകളുടെ  മാത്രമല്ല, നിലവിലുള്ള ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയും വീണ്ടും കൂടും.

ഈ വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവ് കാലാവധിയോ കൂടും. വായ്പയെടുത്ത് ഇരുചക്ര വാഹനമൊക്കെ വാങ്ങി എവിടെയും ജോലിക്കുപോയി ജീവിക്കാൻ പാടുപെടുന്ന സാധാരണക്കാരാണ് കുടുങ്ങുക. ബാങ്ക് വായ്പകൾ കുറയുന്നതുവഴി സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡ് വീണ്ടും ഇടിയുമെന്നതാണ് മറ്റൊരു പ്രശ്നം. സമ്പദ്‌വ്യവസ്ഥയെ ഉണർത്തണമെങ്കിൽ, സാധനങ്ങളുടെ ഡിമാൻഡ് ഉയരണമെന്ന സാഹചര്യം നിലനിൽക്കുമ്പോൾ ഡിമാൻഡ് കുറയുന്നത് എങ്ങനെ ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഡിമാൻഡ് വർധിപ്പിക്കാൻ പ്രധാനമായും വേണ്ടത്, കേന്ദ്ര സർക്കാരിന്റെ ചെലവ് വർധിപ്പിച്ച് ഉൽപ്പാദനമേഖലകളെ ചലിപ്പിക്കലാണ്. അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല, വായ്പവഴി സമ്പദ്‌വ്യവസ്ഥയിൽ പണം എത്തുന്നത് തടയുകയും ചെയ്യുന്നു. അടിവേര് ചീയുന്ന ലോക മുതലാളിത്തത്തിന്റെ ഭാഗമായി മാറ്റിയെടുത്ത  ഇന്ത്യയുടെ സാമ്പത്തികനയമാണ്, നവ ലിബറൽനയമാണ് എല്ലാത്തിന്റെയും അടിസ്ഥാനപ്രശ്നം. ബഹുഭൂരിപക്ഷം സാധാരണ ജനങ്ങൾ എങ്ങനെ ജീവിക്കുമെന്നത് ഈ നയത്തിന്റെ പരിഗണനയിൽപ്പോലുമില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top