15 August Monday

ആവര്‍ത്തിക്കുന്ന റെയില്‍ദുരന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2016

ഉത്തര്‍പ്രദേശില്‍ കാണ്‍പുരിനടുത്ത് പൊക്രയാനില്‍ പട്ന-ഇന്തോര്‍ എക്സ്പ്രസ് പാളംതെറ്റി 149 പേര്‍ മരിച്ചത് രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ ദുരന്തമാണ്. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പകുതിയോളംപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു ദുരന്തം. യാത്രക്കാര്‍ മുഴുവന്‍ ഗാഢനിദ്രയിലാണെന്നതും സഹായമെത്താന്‍ മണിക്കൂറുകള്‍ വൈകിയതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. 14 കോച്ചാണ് പാളംതെറ്റിയത്. എസ്-ഒന്ന്, എസ്-രണ്ട് കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടസമയത്ത് 500ലേറെ പേര്‍ ട്രെയിനിലുണ്ടായിരുന്നു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ദുരന്തമാണിത്.

 പഴക്കംചെന്ന ബോഗികള്‍ മരണസംഖ്യ ഉയര്‍ത്താന്‍ കാരണമായി. പഴയ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐഎസിഎഫ്) കോച്ചുകള്‍ മാറ്റി ആധുനിക സ്റ്റീല്‍ നിര്‍മിത ലിങ്കേ ഹോഫ്മാന്‍ ബുഷ്(എല്‍എച്ച്ബി) കോച്ചുകള്‍ തീവണ്ടികളില്‍ ഘടിപ്പിക്കുമെന്ന് 2014-15 ലെ റെയില്‍ ബജറ്റില്‍ റെയില്‍മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചെങ്കിലും അത് കടലാസില്‍ ഒതുങ്ങി. 1952ല്‍ സ്വിസ് കമ്പനിയായ ഷിലേര്‍ണുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ഐസിഎഫ് കോച്ചുകളാണ് റെയില്‍വേയില്‍ കൂടുതലായും ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ട്രെയിനില്‍മാത്രമേ ഈ കോച്ചുകള്‍ ഉപയോഗിക്കാനാകൂ. എല്‍എച്ച്ബി കോച്ചുകള്‍ 120 കിലോമീറ്റര്‍ സ്പീഡുള്ള ട്രെയിനില്‍ വരെ ഉപയോഗിക്കാം. മാത്രമല്ല ഈ കോച്ചുകള്‍ അപകടമുണ്ടായാലും പരസ്പരം കൂട്ടിയിടിക്കില്ല. അപകടത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഇത് സഹായിക്കും. മൊത്തം 5000 മുതല്‍ 8000 വരെ കോച്ചുകള്‍ മാത്രമാണ് എല്‍എച്ച്ബിയുള്ളത്. ബാക്കി മുഴുവന്‍ ഐസിഎഫ് കോച്ചാണ്. പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷമായിട്ടും എല്‍എച്ച്ബി കോച്ചുകള്‍ വര്‍ധിപ്പിക്കാനുള്ള ഒരു നടപടിയും മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.  പ്രാഥമികമായ പശ്ചാത്തലസൌകര്യങ്ങളെയും സുരക്ഷാസംവിധാനങ്ങളെയും അവഗണിച്ച് ചെലവേറിയ ബുള്ളറ്റ് ട്രെയിന്‍ മുംബൈയില്‍നിന്ന് സ്വന്തം സംസ്ഥാനത്തേക്ക് ഓടിക്കാനാണ് മോഡിക്ക് തിടുക്കം. 

പാളത്തിലെ വിള്ളലാണ് അപകടത്തിന് മറ്റൊരു കാരണമെന്ന് സംശയിക്കുന്നു. ചെറിയ വിള്ളലുകള്‍ ഇത്രയും വലിയ അപകടത്തിന് വഴിയൊരുക്കില്ല. വലിയ വിള്ളലായിരിക്കും അപകടത്തിന് കാരണമായതെന്നര്‍ഥം. റെയില്‍ട്രാക്കുകളുടെയും പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും നിര്‍മാണം സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ ഏല്‍പ്പിച്ചതാണ് ഇതിന് കാരണം. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രാക്കുകളുടെയും മറ്റും നിര്‍മാണം സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെ കൂടുതലായും ഏല്‍പ്പിച്ചിട്ടുള്ളത്. ഉന്നത രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിന്റെ മറവിലാണ് സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ട്രാക്ക് നിര്‍മാണം ഉള്‍പ്പെടെയുള്ള കരാര്‍ ലഭിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റെയില്‍ ട്രാക്കുകളുടെ പരിശോധന കൃത്യമായി നടക്കുന്നില്ലെന്ന വസ്തുതയിലേക്കും കാണ്‍പുര്‍ അപകടം വിരല്‍ചൂണ്ടുന്നു. പാളത്തിലെ ചെറിയ വിള്ളല്‍പോലും കണ്ടെത്താന്‍ ഇത്തരം പരിശോധനയ്ക്ക് കഴിയും. അടുത്തൊന്നും അത്തരമൊരു പരിശോധന നടന്നിട്ടില്ലെന്ന്  കാണ്‍പുര്‍ ദുരന്തം വ്യക്തമാക്കുന്നു. 

റെയില്‍സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സുരക്ഷാനിധിയെന്ന ആശയത്തിന് മന്ത്രാലയം രൂപംനല്‍കിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ലക്ഷം കോടിയിലേറെ വേണ്ട  സുരക്ഷാനിധിക്ക് ധനമന്ത്രാലയം ഇനിയും പച്ചക്കൊടി വീശിയിട്ടില്ല. ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കുപോലും പണം കണ്ടെത്താനാകാത്ത സ്ഥിതിയിലാണ് റെയില്‍വേ. ഒഴിവ് നികത്തുന്നതിലെ അലംഭാവം  പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നു. ചരക്ക് -യാത്രാവണ്ടികളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം കൂടുന്നില്ല. ഒന്നേകാല്‍ ലക്ഷത്തോളം ഒഴിവുകളാണ് റെയില്‍വേയിലുള്ളത്. ഇത് നികത്താന്‍ മോഡി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അപകടം തുടര്‍ച്ചയായി സംഭവിക്കുന്നതിന് ജീവനക്കാരുടെ എണ്ണക്കുറവും വലിയൊരു കാരണമാണ്.

റെയില്‍വേ ബജറ്റ് കൂടി മോഡി സര്‍ക്കാര്‍ ഇല്ലാതാക്കിയതോടെ സര്‍ക്കാരിന്റെ ഒരു വകുപ്പ് മാത്രമായി റെയില്‍വേ മാറും. നിലവിലുള്ള പല പദ്ധതികള്‍ക്കും ആവശ്യത്തിന് ഫണ്ട് ഇല്ലാതാകും. സുരക്ഷാപദ്ധതികള്‍ ഉള്‍പ്പെടെ നടപ്പാക്കാന്‍ റെയില്‍വേക്ക്്ഇനി കഴിയില്ലെന്നര്‍ഥം. മാത്രമല്ല, അതിവേഗം സ്വകാര്യവല്‍ക്കരണത്തിലേക്ക് റെയില്‍വേ നീങ്ങും.  ഇതും സുരക്ഷയെ ഗുരുതരമായി ബാധിക്കും. അനില്‍ കക്കോദ്ക്കറുടെ നേതൃത്വത്തിലുള്ള സമിതി നാലുവര്‍ഷം മുമ്പ് റെയില്‍വേ സുരക്ഷ കാര്യക്ഷമമാക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ മുന്നോട്ടുവച്ചിരുന്നു. റെയില്‍ ബജറ്റ് നിലയ്ക്കുന്നതോടെ ഈ പണം വകയിരുത്തില്ലെന്നുറപ്പായി.

റെയില്‍വേസുരക്ഷ കേരളീയരെയും അതിയായ ആശങ്കയിലാഴ്ത്തുന്നുണ്ട്. കാണ്‍പുരിന് സമാനമായ ദുരന്തം ആഗസ്തില്‍ അങ്കമാലിക്കടുത്ത കറുകുറ്റിയില്‍ സംഭവിക്കേണ്ടതായിരുന്നു. കാണ്‍പുര്‍ ദുരന്തംപോലെ ഒരു ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടടുത്താണ് തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് പാളംതെറ്റിയത്.  റെയില്‍ട്രാക്കിലെ വിള്ളലായിരുന്നു ആ ദുരന്തത്തിനും കാരണം. ദിവസങ്ങള്‍ക്കുശേഷം കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്ക് ഇടയിലും ചരക്കുവണ്ടി പാളംതെറ്റി. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാനും സത്വരനടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. കാണ്‍പുര്‍ ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുകയും ഉത്തരവാദികളായവരെ ശിക്ഷിക്കുകയുംവേണം. അന്വേഷണ റിപ്പോര്‍ട്ട് മന്ത്രാലയത്തിന്റെ അലമാരകളില്‍ വിശ്രമിക്കാന്‍വിടാതെ പരസ്യപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണം. അപകടം എന്തുകൊണ്ട് ആവര്‍ത്തിക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും മുന്‍കരുതല്‍ ശക്തമാക്കാനും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് സഹായിക്കും *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top