29 March Friday

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്‌: കച്ചവടനീക്കവും സ്വജനപക്ഷപാതവും

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018



വിദ്യാഭ്യാസത്തിനുനേരെ ഇരട്ട ആക്രമണമാണ് ബിജെപി സർക്കാർ നടത്തുന്നത്. ഉള്ളടക്കത്തിന്റെ കാവിവൽക്കരണവും നടത്തിപ്പിലെ സ്വകാര്യവൽക്കരണവുമാണ് അവരുടെ നയം. കാവി അണിയിക്കൽ നീക്കങ്ങൾ വിവാദങ്ങളിലൂടെ ജനശ്രദ്ധ നേടുന്നു. സ്വകാര്യവൽക്കരണം നിശ്ശബ്ദമായി മുന്നേറുന്നു. ഇതിൽ രണ്ടാമത്തെ നീക്കത്തിന്റെ ഭാഗമാണ് വിദ്യാഭ്യാസമേഖലയിൽ കൂടുതൽ ‘ലാഭകേന്ദ്ര'ങ്ങൾ തുറക്കാൻ സ്വകാര്യകുത്തകകൾക്ക് അവസരം കൊടുക്കുക എന്നത്. റിലയൻസ് ഫൗണ്ടേഷന്റെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വിശിഷ്ടപദവി നൽകാനുള്ള ഇപ്പോൾ വിവാദമായ തീരുമാനം ഈ കോർപ്പറേറ്റ‌്‌ വൽക്കരണത്തിന്റെ ഭാഗമാണ്.

വിദ്യാഭ്യാസമേഖലയിലെ കേന്ദ്ര മുതൽമുടക്ക് യുപിഎ ഭരണകാലംതൊട്ട് കുറഞ്ഞുവരികയാണ്. ആകെ ബജറ്റിന്റെ 0.71 ശതമാനമായിരുന്നു 2013‐14 ലെ മുതൽമുടക്ക്. ബിജെപിയുടെ ഭരണത്തിൽ 2018‐19 ൽ അത് 0.45 ശതമാനമായി.

രാജ്യത്തെ 10 പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനത്തെയും 10 സ്വകാര്യമേഖലാ വിദ്യാഭ്യാസ സ്ഥാപനത്തെയും ലോകോത്തര നിലവാരത്തിലെത്തിക്കാൻ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി 2016ലെ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത‌്. ഇങ്ങനെ സ്ഥാപനങ്ങളെ കണ്ടെത്താൻ ചുമതലപ്പെടുത്തിയ കമ്മിറ്റി ഒടുവിൽ ആറു സ്ഥാപനത്തിന്റെ പട്ടികയുമായിവരികയായിരുന്നു. അതിലാണ് അക്കാദമിക് ലോകത്തെയാകെ ഞെട്ടിച്ച് ഇനിയും തുടങ്ങാത്ത ഒരു സ്ഥാപനം ഉൾപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറ്റതോഴൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസിന്റേതാണ് ഈ സ്ഥാപനം എന്നത് തീരുമാനത്തിനു പിന്നിലെ പ്രേരണ വ്യക്തമാക്കുന്നു.

യോഗ്യതയുള്ള സ്ഥാപനങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 20 സ്ഥാപനത്തിനുപകരം 6 സ്ഥാപനം കണ്ടെത്തിയ സമിതിയാണ് ഇനിയും തുടങ്ങിയിട്ടില്ലാത്ത സ്ഥാപനത്തെ പട്ടികയിൽപ്പെടുത്തിയത്. ഇത്തരത്തിൽ ഒരു സ്ഥാപനം തെരഞ്ഞെടുക്കാൻ എന്തൊക്കെ പരിശോധിക്കുമെന്ന് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ മേഖലകളെ സംയോജിപ്പിക്കുന്ന പഠനശാഖകൾ, ആവിർഭാവ സാങ്കേതിക വിദ്യകളിൽഗവേഷണം, ലോകോത്തര നിലവാരമുള്ള ഭൗതികസാഹചര്യങ്ങൾ തുടങ്ങി നിലവിലുള്ള ഒരു സ്ഥാപനത്തിൽമാത്രം ഉണ്ടെന്നുറപ്പാക്കാൻ കഴിയുന്ന വ്യവസ്ഥകളായിരുന്നു ഇത്. ഈ നിലവാരം പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിലവിലുള്ള ഐഐടികളടക്കം പല സ്ഥാപനങ്ങളെയും കമ്മിറ്റി തള്ളി. ജെഎൻയുപോലെ മികച്ച സർവകലാശാലകളെയും ഉൾപ്പെടുത്തിയില്ല. ഇവയെ തള്ളുന്നതിന് ഒരു കാരണവുംകൂടി കമ്മിറ്റി പറഞ്ഞു. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും സമാനസ്ഥാപനങ്ങൾ നൂറുകൊല്ലത്തിലേറെ പഴക്കമുള്ളവയാണ്. ഇവിടെ താരതമ്യേന പ്രായംകുറഞ്ഞ സ്ഥാപനങ്ങളാണ്. അതുകൊണ്ട് പരിഗണിക്കുന്നില്ലെന്നായിരുന്നു ന്യായം. ഈ വിശദീകരണം നൽകിയവരാണ് തുടങ്ങാത്ത സ്ഥാപനത്തെ പട്ടികയിൽപ്പെടുത്തിയത്. അപ്പോൾ ആ സ്ഥാപനത്തിന്റെ പ്രായമോ എന്ന ചോദ്യത്തിന് ആരുത്തരം പറയും.

ശക്തമായി പ്രതിഷേധം ഉയർന്നപ്പോൾ സർക്കാരിന് ആകെ നൽകാനുള്ള വിശദീകരണം ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപരേഖ വിലയിരുത്തിയെടുത്ത തീരുമാനമാണിതെന്ന് മാത്രമാണ്. സമിതിയുടെ വൈദഗ്ധ്യത്തെപ്പറ്റിയും കേന്ദ്ര മാനവശേഷി വികസനമന്ത്രി വാചാലനാകുന്നു. എന്നാൽ, ഈ ഒറ്റ തെരഞ്ഞെടുപ്പിലൂടെതന്നെ ആ കമ്മിറ്റിയുടെ വൈദഗ്ധ്യത്തിന്റെ തൊങ്ങലുകൾ നിലംപതിക്കുന്നു.

ബിജെപി സർക്കാരിന്റെ പതിവ് രീതിതന്നെയാണ് ഇവിടെ കാണുന്നത്. കാവിവൽക്കരണവും ഇങ്ങനെ തന്നെയാണ്. ആദ്യം അജണ്ട ആർഎസ്എസ് തീരുമാനിക്കും. സർക്കാർ ഈ അജണ്ട നടപ്പാക്കാൻ പറ്റിയ ‘വിദഗ്ധരെ' കണ്ടെത്തും. അവർ സർക്കാർ ആവശ്യപ്പെട്ട തീരുമാനത്തിലേക്കെത്തും.

കാവിവൽക്കരണത്തിനൊപ്പം വിദ്യാഭ്യാസ കോർപ്പറേറ്റ് വൽക്കരണത്തിന്റെയും പുതുമാതൃകകൾ ബിജെപി സർക്കാർ സൃഷ്ടിക്കുന്നുണ്ട്. യുജിസി അടക്കമുള്ള ധനസഹായ സംവിധാനങ്ങൾ പൊളിയ്ക്കുന്നു. സാമ്പത്തിക ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലയിലിട്ട് സർക്കാർ പിൻവാങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവുനേടുന്നത് നല്ലതുതന്നെ. എന്നാൽ, ഈ സർക്കാരിന്റെ ഊന്നൽ എവിടെയെന്നത് പ്രധാനമാണ്. ഈ മികവ് കൈവരിക്കൽ വിദ്യാഭ്യാസരംഗം അന്യമായ രാജ്യത്തെ ബഹുഭൂരിപക്ഷത്തെ മുന്നിൽക്കണ്ടാകണം. ഇവിടെ സർക്കാർ  തയ്യാറാക്കിയ ആറ് സ്ഥാപനപട്ടികയിലെ പലതും മികച്ചവ തന്നെയാണ്. പക്ഷേ, ഉയർന്ന ഫീസുള്ള ഈ സ്ഥാപനങ്ങൾ പലതും ദരിദ്രവിദ്യാർഥികൾക്ക് അപ്രാപ്യമാണ്.

ഇപ്പോൾത്തന്നെ ഐഐടികളിലും മറ്റും വൻതോതിൽ ഫീസ് കൂട്ടുന്നു. ബിറ്റ്സ് പിലാനിപോലുള്ള ക്യാമ്പസുകളിലെ ഫീസ് വർധനയും അടുത്തിടെ ചർച്ചയായിരുന്നു. പുതുതായി ഇപ്പോൾ തെരഞ്ഞെടുത്ത മികവിന്റെ കേന്ദ്രങ്ങളാകട്ടെ കൂടുതൽ കനത്ത ഫീസ് ചുമത്താൻ അനുമതിയുള്ളവയാണ്. ചുരുക്കത്തിൽ വൻ ലാഭകേന്ദ്രങ്ങളാകാൻ അവസരമുള്ളവയാണ് ഈ സ്ഥാപനങ്ങൾ. അവിടെയാണ് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മുതലാളിയുടെ സ്ഥാപനത്തിനുകൂടി പിറക്കുംമുമ്പേ പ്രവേശനം കിട്ടുന്നത്. ലക്ഷ്യം കൂടെനിൽക്കുന്ന മുതലാളിക്ക‌് ലാഭം ഉണ്ടാക്കിക്കൊടുക്കലാണെന്ന് വ്യക്തം. ചുരുക്കത്തിൽ വിദ്യാഭ്യാസരംഗത്ത് ബിജെപി സർക്കാരിന്റെ ദ്രോഹനയങ്ങളുടെ തുടർച്ചതന്നെയാണ് ഈ നീക്കവും. ഇതിനെതിരെ ശക്തമായ പ്രതിഷേധംതന്നെ വിദ്യാഭ്യാസമേഖലയിൽനിന്ന് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top