30 September Saturday

ലാൽസലാം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022


സിപിഐ എമ്മിന്റെ സമുന്നതനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ അകാലത്തിലുള്ള വേർപാട്‌ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ അപരിഹാര്യമായ നഷ്ടമാണ്‌. കോടിയേരിയെന്ന കൊച്ചുഗ്രാമം സ്വന്തം പേരായി മാറിയ കമ്യൂണിസ്റ്റ്‌ പടനായകൻ. മികച്ച ഭരണാധികാരി. ആധുനിക കേരളത്തിന്റെ വികാസത്തോടൊപ്പം വളർന്ന വ്യക്തിത്വം. ക്യാമ്പസുകളെ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ കൊടിക്കീഴിലേക്ക്‌ നയിച്ച കേരളത്തിന്റെ വിപ്ലവസൂര്യൻ. ഈ വിശേഷണങ്ങളിലൊന്നും ഒതുങ്ങുന്നതല്ല കേരള രാഷ്ട്രീയചരിത്രത്തിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ കോടിയേരിയുടെ വ്യക്തിത്വം.

55–-ാം വയസ്സിൽ സിപിഐ എമ്മിന്റെ പൊളിറ്റ്‌ ബ്യൂറോയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സുസമ്മതനായ നേതാവ്. ഏത്‌ പ്രതിസന്ധിയെയും സ്വതസിദ്ധമായ സൗമ്യഭാവത്തിൽ നേരിടുന്ന കോടിയേരി സർവരാലും ആദരിക്കപ്പെടുന്ന രാഷ്‌ട്രീയ നേതാവായിരുന്നു. 19 വർഷം തുടർച്ചയായി തലശേരിയുടെ പ്രതിനിധിയായി ജനങ്ങൾ തെരഞ്ഞെടുത്തത്‌ അദ്ദേഹത്തിന്റെ ജനകീയതയ്‌ക്ക്‌ തെളിവാണ്‌. ആഭ്യന്തര –-ടൂറിസം മന്ത്രിയായി ഭരണമികവും കേരളം കണ്ടു. പൊലീസ്‌ സേനയുടെ നവീകരണത്തിനു നടപ്പാക്കിയ പദ്ധതികൾ ഇന്ത്യയിലെ മികച്ച കുറ്റാന്വേഷണ ഏജൻസിയായി കേരള പൊലീസിനെ മാറ്റുന്നതിലേക്കാണ്‌ നയിച്ചത്‌. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്ന കാലം കേരള പൊലീസിന്റെ സുവർണ കാലഘട്ടമെന്ന്‌ വിശേഷിപ്പിക്കുന്നത്‌ ഒട്ടും അധികമാകില്ല.

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമെന്ന്‌ അറിയപ്പെടുന്ന തലശേരിയിൽനിന്ന്‌ സിപിഐ എമ്മിന്റെ അമരത്തേക്ക്‌ ഉയർന്നുവന്ന മൂന്നാമത്തെയും കണ്ണൂർ ജില്ലയിൽനിന്നുള്ള അഞ്ചാമത്തെയും നേതാവാണ്‌ കോടിയേരി. സി എച്ച്‌ കണാരൻ, ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരുടെ പിൻഗാമിയായാണ്‌ കോടിയേരി പാർടിയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്‌. സംസ്ഥാനമാകെ നിറഞ്ഞുനിന്ന നേതാവാണ്‌ അദ്ദേഹം. സങ്കീർണമായ ഏതു പ്രശ്‌നത്തിനും വളരെവേഗം പരിഹാരംകണ്ട്‌ പാർടിയെ മുന്നോട്ടുനയിക്കാനുള്ള അദ്ദേഹത്തിന്റെ സംഘടനാമികവ്‌ അനിതരസാധാരണമായിരുന്നു.

പാർടിക്കെതിരെ അതിശക്തമായ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ അതിനെയെല്ലാം വളരെ സൗമ്യമായി നേരിട്ട്‌ വിജയംവരിച്ച അനുഭവം കേരളത്തിന്റെ എല്ലാ പാർടി ഘടകങ്ങളുടെയും അനുഭവമാണ്‌. സംഘടനാപരവും ആശയപരവുമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ അനായാസം പരിഹാരംകണ്ട്‌ എല്ലാവരെയും കൂട്ടിയോജിപ്പിക്കാൻ പ്രത്യേക കഴിവ്‌ കോടിയേരിക്ക്‌ ഉണ്ടായിരുന്നു. പുരോഗമനപ്രസ്ഥാനം കടുത്ത കടന്നാക്രമണം നേരിട്ട എഴുപതുകളിൽ നേതൃനിരയിലേക്ക്‌ ഉയർന്നുവന്ന കറകളഞ്ഞ കമ്യൂണിസ്റ്റാണ്‌ കോടിയേരി. സ്‌കൂൾ വിദ്യാർഥിയായിരിക്കെ ആർഎസ്‌എസ്‌ മൃഗീയതയ്‌ക്ക്‌ ഇരയായി കമ്യൂണിസ്റ്റ്‌ ആശയങ്ങളിലേക്ക്‌ വേരൂന്നിയ നേതാവാണ്‌.

കെഎസ്‌എഫിലൂടെ സംഘടനാപ്രവർത്തനം ആരംഭിച്ച്‌ അടിയന്തരാവസ്ഥക്കാലത്ത്‌ എസ്‌എഫ്‌ഐയുടെ അമരക്കാരനായി. ഇന്ദിര ഗാന്ധിയുടെയും കോൺഗ്രസിന്റെയും ജനാധിപത്യക്കശാപ്പിനെതിരെ കേരളീയ ക്യാമ്പസുകളെ സമരസജ്ജമാക്കിയതിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്നനിലയിൽ കോടിയേരിയുടെ പങ്ക്‌ കേരളം എക്കാലവും സ്‌മരിക്കും. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്‌ മിസാ തടവുകാരനായി പിടിക്കപ്പെട്ട്‌ 16 മാസം ജയിലിൽ കിടന്ന ഈ വിദ്യാർഥിനേതാവ്‌ ക്യാമ്പസുകളുടെ വികാരമായി മാറുകയായിരുന്നു. ജനാധിപത്യ ധ്വംസനത്തിനെതിരെ ഉയർന്നുവന്ന സമരാഗ്നിയിൽ ക്യാമ്പസുകളിൽ നിലനിന്ന കെഎസ്‌യുവിന്റെ സമഗ്രാധിപത്യമാണ്‌ വെന്തുരുകിയത്‌. പിന്നീടുള്ള കാലത്ത്‌ പ്രതിലോമ ആശയങ്ങൾ കലാലയങ്ങളിൽ പിന്തള്ളപ്പെട്ടതും എല്ലാവിഭാഗം വിദ്യാർഥികൾക്കും സ്വീകാര്യമായ സംഘടനയായി എസ്‌എഫ്‌ഐയെ മാറ്റിയതും കോടിയേരിയുടെ നേതൃത്വമായിരുന്നുവെന്നത്‌ ചരിത്രവസ്‌തുത.

വലതുപക്ഷ പാർടികളും മാധ്യമങ്ങളും വ്യാജ ആരോപണങ്ങളാൽ വ്യക്തിപരമായി കടന്നാക്രമിച്ചപ്പോൾ അതിനെയെല്ലാം സൗമ്യനായി നേരിട്ടതും അനുകരണീയ മാതൃകയാണ്. സ്നേഹസമൃദ്ധമായ പെരുമാറ്റത്തിലൂടെ പരിചയപ്പെടുന്നവരുടെ ഹൃദയം കീഴടക്കാനുള്ള കോടിയേരിയുടെ കഴിവ്‌ എടുത്തുപറയേണ്ട പ്രത്യേകതയാണ്‌. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സമഭാവനയിൽ കാണുന്നതാണ്‌ അദ്ദേഹത്തെ രാഷ്‌ട്രീയ എതിരാളികളുടെപോലും പ്രിയങ്കരനാക്കുന്നത്‌. നർമ മധുരവും  കുറിക്കുകൊള്ളുന്നതുമായ വ്യത്യസ്‌ത പ്രസംഗശൈലി, സന്ദർഭാനുസരണം പ്രയോഗിക്കാനുള്ള കഴിവ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹൃസ്വ കാലമാണെങ്കിലും ദേശാഭിമാനിയുടെ മുഖ്യപത്രാധിപരെന്ന നിലയിലും ശ്രദ്ധേയനായി. കേരള രാഷ്‌ട്രീയചരിത്രത്തിൽ സ്വന്തം കൈയൊപ്പുചാർത്തിയ നേതാവിന്റെ അകാലത്തിലുള്ള വേർപാട്‌ പുരോഗമന പ്രസ്ഥാനങ്ങൾക്കും സമൂഹത്തിനും തീരാനഷ്ടമാണ്‌. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ്‌ സ്‌ഥൈര്യവും ദീനാനുകമ്പയും ജനകീയതയും തൊഴിലാളിവർഗ പ്രസ്ഥാനത്തിനും പ്രവർത്തകർക്കും എന്നും മാതൃകയായിരിക്കും. കരുത്തുറ്റ ജനകീയ നേതാവിന്റെ വേർപാടിൽ ശിരസ്സ്‌ നമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top