03 October Tuesday

റഷ്യ ഉക്രയ്‌ൻ യുദ്ധം മാന്ദ്യം വീണ്ടും രൂക്ഷമാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 9, 2022


യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ  എന്നും സാമ്പത്തിക ത്തകർച്ചയും കൂട്ടപ്പലായനവും ക്ഷാമവും പട്ടിണി മരണങ്ങളുമാണ്‌. രണ്ട്‌ നൂറ്റാണ്ടുമുമ്പുവരെ യുദ്ധം ഏത്‌ മേഖലയിലായിരുന്നോ അവിടെ മാത്രമാണ്‌  പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്‌.  വ്യവസായ വിപ്ലവത്തിന്റെ വ്യാപനത്തോടെ യുദ്ധത്തിന്റെ പ്രത്യാഘാതം രാജ്യാതിർത്തികൾ വിട്ട്‌ പടരാൻ തുടങ്ങി.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംമുതൽ യുദ്ധങ്ങൾ ലോകമാകെ പടർന്നു. ആഗോളവൽക്കരണം അതിന്റെ മൂർധന്യത്തിലെത്തിയ ഈ നൂറ്റാണ്ടിൽ എവിടെയെങ്കിലും യുദ്ധനിഴൽ വീണാൽ അത്‌ ലോകത്താകെ വലിയ പ്രത്യാഘാതങ്ങൾക്ക്‌ ഇടയാക്കുന്നു. റഷ്യ–- ഉക്രയ്‌ൻ സംഘർഷം  ലോകസമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഏൽപ്പിക്കുന്ന തിരിച്ചടി വളരെ വലുതാണ്‌.  യുദ്ധസാഹചര്യം ചൂഷണം ചെയ്‌ത്‌  എന്നും വൻ ലാഭമുണ്ടാക്കിയത്‌  സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലുള്ള കുത്തകകളായിരുന്നു.  ഇന്നും ഇതുതന്നെയാണ്‌ തുടരുന്നത്‌.

2008 മുതൽ ആഴമേറിവന്ന സാമ്പത്തിക മാന്ദ്യത്തെ കോവിഡ്‌ മഹാമാരി രൂക്ഷമാക്കി. സാധാരണ ജനജീവിതത്തിനും ഉപജീവനമാർഗങ്ങൾക്കും മേലുള്ള വിനാശകരമായ  ആഘാതമായിരുന്നു മഹാമാരി.  ആഗോള  പട്ടിണി,  ദാരിദ്ര്യനില,  തൊഴിലില്ലായ്‌മ എന്നിവ വർധിച്ചു.  കോവിഡ്‌  മൂന്നാംതരംഗത്തിനുശേഷം  ലോകസമ്പദ്‌വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ പാതയിലേക്ക്‌ തിരിച്ചുവരികയായിരുന്നു. സാമ്പത്തിക പ്രവർത്തനങ്ങളിലെയും ഇടപാടുകളിലെയും കണക്കുകൾ ശുഭ സൂചനയാണെന്നാണ്‌ സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തിയിരുന്നത്‌.  ആഗോള വ്യാപകമായി തടസ്സപ്പെട്ട അസംസ്‌കൃത വസ്‌തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും വിതരണശൃംഖല ഒരു പരിധിവരെ സാധാരണ നില കൈവരിക്കുന്നതിനിടയിലാണ്‌ റഷ്യ–-ഉക്രയ്‌ൻ സംഘർഷം രൂപപ്പെട്ടത്‌.  പത്ത്‌ ദിവസം പിന്നിട്ട യുദ്ധം  ആഗോള  സമ്പദ്‌വ്യവസ്ഥയിൽ  കടുത്ത പ്രതിസന്ധി  സൃഷ്ടിക്കുന്നു.    വ്യാപാരം, ഓഹരി വിപണി, മൂലധനമൊഴുക്ക് തുടങ്ങിയ സാമ്പത്തിക പ്രവർത്തനങ്ങളെയാകെ ബാധിച്ചു.  റഷ്യയെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും  സാമ്പത്തിക ഉപരോധം ശക്തമാക്കിയത്‌ ആഗോള  വിതരണ ശൃംഖലയിൽ വിള്ളൽ സൃഷ്ടിച്ചു.   ലോകത്തെ എണ്ണ ഉൽപ്പാദനത്തിന്റെ 12 ശതമാനവും പ്രകൃതിവാതകത്തിന്റെ 16 ശതമാനവും  റഷ്യയുടെ സംഭാവനയാണ്‌.  ഇന്ധനം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു. 14 വർഷത്തിന്‌ ശേഷം ക്രൂഡോയിൽ വില ബാരലിന്‌ 140 ഡോളറാവുകയാണ്‌.

ഇന്ധനവില വർധന ഏറെ ബാധിക്കുന്നത്‌ ഇന്ത്യയിലെ ജനങ്ങളെയാണ്‌.  ഉത്തർപ്രദേശ്‌ ഉൾപ്പെടെയുള്ള അഞ്ച്‌ സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ നവംബറിന്‌ ശേഷം പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നില്ല. അവസാനഘട്ട വോട്ടെടുപ്പ്‌ കഴിയുംവരെ എണ്ണക്കമ്പനികൾ ഇന്ധനവില വർധന എന്ന ആവശ്യം ഉന്നയിച്ചില്ല. ക്രൂഡ്‌ വില ഉയർന്നുവെന്ന്‌ പറഞ്ഞ്‌  പെട്രോൾ, ഡീസൽ വില വർധിപ്പിക്കണമെന്ന്‌  കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇതുവരെ നിശബ്ദത പാലിച്ച ദേശീയ കുത്തക മാധ്യമങ്ങളും ഇന്ധനവില വർധിപ്പിക്കേണ്ടത്‌ അനിവാര്യമാണെന്ന വാദം ഉയർത്തി രംഗത്തുവന്നു. ലിറ്ററിന്‌15 –-20 രൂപ വരെ വർധിപ്പിക്കാനാണ്‌ റിലയൻസ്‌ ഉൾപ്പെടെയുള്ള എണ്ണക്കമ്പനികൾ നിർദേശിച്ചിരിക്കുന്നത്‌. മുമ്പ്‌  ക്രൂഡോയിൽ വില കുറഞ്ഞതിന്റെ നേട്ടം  ഉപയോക്താക്കൾക്ക്‌ കിട്ടിയിരുന്നില്ല. രണ്ട്‌ വർഷം മുമ്പ്‌ ക്രൂഡ്‌ വില ബാരലിന്‌ 20 ഡോളർവരെ താഴ്‌ന്നപ്പോൾ അതിന്‌ ആനുപാതികമായി പെട്രോൾ, ഡീസൽ വില കുറച്ചില്ല. പകരം എക്‌സൈസ്‌ തീരുവ വർധിപ്പിച്ച്‌  കേന്ദ്രസർക്കാർ സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു.  കോവിഡ്‌മൂലം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായ സംസ്ഥാനങ്ങൾക്ക്‌ ഈ അധികവരുമാനത്തിന്റെ വിഹിതം നൽകിയില്ല.  രണ്ട്‌ വർഷത്തിനിടെ മൂന്ന്‌ ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ്‌  കേന്ദ്രത്തിന്‌ ലഭിച്ചത്‌.

ഭക്ഷ്യധാന്യ വിലക്കയറ്റവും യുദ്ധത്തിന്‌ മുമ്പ്‌ തന്നെ തുടങ്ങിരുന്നു.  ലോകത്തിലെ ഗോതമ്പ്‌ കയറ്റുമതിയുടെ 12 ശതമാനവും ചോളത്തിന്റെ കയറ്റുമതിയിൽ 13 ശതമാനവും ഉക്രയ്‌നിൽനിന്നാണ്‌.  റഷ്യയും പ്രധാന ഗോതമ്പുകയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ്‌.  ഗോതമ്പ്‌ ഉൾപ്പെടെയുള്ളവയുടെ  ആഗോള വില റെക്കോഡിലാണ്‌.  ഭക്ഷ്യ എണ്ണയുടെ വിലയും ഉയരുന്നു.  ഇന്ത്യക്ക്‌ അരി, ഗോതമ്പ്‌ എന്നിവയിൽ ഇറക്കുമതിയെ ആശ്രയിക്കേണ്ടതില്ലെങ്കിലും ഭക്ഷ്യ എണ്ണയുടെ 70 ശതമാനവും ഇറക്കുമതിയാണ്‌. രൂപയുടെ മൂല്യം ഇടിയുന്നതും പ്രതിസന്ധി രൂക്ഷമാക്കും. നാണയപ്പെരുപ്പം കഴിഞ്ഞ മാസം 6.01 ശതമാനമാണ്‌. ഭക്ഷ്യവില സൂചികയാകട്ടെ ഇപ്പോൾ തന്നെ ഇരട്ടയക്കത്തിലാണ്‌. തുടർച്ചയായ പതിനൊന്നാംമാസമാണ്‌ വില സൂചിക ഉയരുന്നത്‌. ഇന്ധനവില വർധന ഉൾപ്പെടെയുള്ള ജനദ്രോഹനടപടികൾ ഒഴിവാക്കാൻ  മോദി സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം വീണ്ടും രൂക്ഷമാകും. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുരന്തത്തിലേക്ക്‌ എടുത്തെറിയപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top