28 September Thursday

കൂട്ടക്കുഴപ്പം രൂക്ഷമാക്കുന്ന വിലക്കയറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 20, 2022


വിപണിയിലെത്തുന്ന സാധനങ്ങൾക്ക് ഡിമാൻഡ് (ആവശ്യം) വർധിക്കുമ്പോഴാണ് സാധാരണഗതിയിൽ വിലക്കയറ്റം. സാധനങ്ങൾ കിട്ടാനില്ലാതെ വരുമ്പോഴും വിലകൾ കൂടും. എന്നാൽ, കാര്യമായ ഒരു ഡിമാൻഡുമില്ലാതെ വിലകൾ റോക്കറ്റ്‌ വേഗത്തിൽ കുതിക്കുന്നു. അതാണ് ഇന്ത്യയിൽ തുടർച്ചയായി സംഭവിക്കുന്നത്. തൊഴിലും വരുമാനവുമില്ലാതെ, ജനങ്ങളുടെ ക്രയശേഷിയും (വാങ്ങൽ കഴിവ്) ഡിമാൻഡും  കുറയുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന മുഖ്യപ്രശ്നം. ഇതുവഴി ഉൽപ്പാദനമേഖലകളും തകരുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഈ സ്ഥിതി പിന്നെയും വഷളാകുകയാണ്. ഡിമാൻഡും ഉൽപ്പാദനവും  വീണ്ടും കുറയും. ഒരു കൂട്ടക്കുഴപ്പംതന്നെ. നേരത്തെതന്നെ മാന്ദ്യത്തിന്റെ പിടിയിൽപ്പെട്ട്, കോവിഡോടെ തകർന്ന സമ്പദ്‌വ്യവസ്ഥ പെട്ടെന്നൊന്നും കരകയറില്ലെന്ന് ചുരുക്കം.

ഏറ്റവുമൊടുവിൽ പുറത്തുവന്ന ഔദ്യോഗിക കണക്കുപ്രകാരം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റനിരക്ക് (പണപ്പെരുപ്പം) മാർച്ചിൽ 14.55 ശതമാനമായി വർധിച്ചു. നാലുമാസത്തിനിടെ, ഏറ്റവും കൂടിയനിരക്ക്.  ഉപഭോക്‌തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വില  6.95 ശതമാനവും വർധിച്ചു. 17 മാസത്തിനിടയിലെ ഏറ്റവും വലിയ വർധന.  രണ്ടു വിലയും തമ്മിൽ വലിയ അന്തരമുള്ളതിനാൽ ഉപഭോക്‌തൃവില വരുംദിവസങ്ങളിൽ വീണ്ടും ഉയരുമെന്ന് സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനജീവിതം കൂടുതൽ ദുസ്സഹമാകും. ചില്ലറവ്യാപാര മേഖലയിൽ ഒന്നര വർഷത്തിലേറെയായി തുടർച്ചയായ വില കൂടുകയാണ്‌. ഔദ്യോഗികമായി പറയുന്നതിനേക്കാൾ കൂടുതലാണ് വിപണിയിലെ യഥാർഥ വില. നഗരങ്ങളിലേക്കാൾ കൂടുതൽ വില ഗ്രാമങ്ങളിലാണെന്ന പ്രത്യേകതയും  കാണുന്നു. ഒമ്പതു ശതമാനത്തോളമാണ് പലയിടത്തും ചില്ലറവിപണിയിലെ വിലക്കയറ്റം. പഴം, പച്ചക്കറി, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെയൊക്കെ വില കൂടി.  മാർച്ച് 22 മുതൽ ഇന്ധനവില തുടർച്ചയായി കൂട്ടുന്നത് ഇപ്പോഴത്തെ കണക്കിൽ പൂർണമായി ഉൾപ്പെട്ടിട്ടില്ല. ഇതുകൂടി ഉൾപ്പെടുത്തുന്നതോടെ വിലക്കയറ്റം ഇതിലും കൂടുതലാകും.

വിലകൾക്ക്‌ തീ പിടിക്കുന്നതെങ്ങനെ?  ആരാണ് ഉത്തരവാദി? പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില തുടർച്ചയായി വർധിപ്പിക്കുന്നതാണ് പൊതുവിലക്കയറ്റത്തിന്‌ ഇടയാക്കുന്നത്. അതിന് ഉത്തരവാദിയാകട്ടെ കേന്ദ്രസർക്കാരും. ഇന്ധനവില കൂടിയാൽ ഉപ്പുതൊട്ട് കർപ്പൂരംവരെ സകലതിനും വില കൂടും. വില കൂട്ടാതിരിക്കാൻ കേന്ദ്ര സർക്കാരിന് കഴിയും. പക്ഷേ, മോദി ഭരണം അതിന് തയ്യാറല്ല. ജനങ്ങൾ എങ്ങനെ ജീവിക്കുമെന്നത് അവരുടെ പ്രശ്നമല്ലല്ലോ.

റഷ്യ–- - ഉക്രയ്ൻ യുദ്ധത്തെത്തുടർന്ന് രാജ്യാന്തരവിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർധിച്ചതാണ് ഇന്ധനവില വർധനയ്‌ക്ക് കാരണമായി മോദി സർക്കാർ പറയുന്നത്.  എന്നാൽ, മാർച്ചിൽ പല ദിവസവും  രാജ്യാന്തരവിപണിയിൽ ക്രൂഡ് വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിട്ടും  ഇന്ത്യയിൽ വില കൂടിത്തന്നെ.  രാജ്യത്ത്‌ ഇന്ധനവില വർധന തുടർച്ചയായ അനുഭവമാണ്.  മോദി അധികാരത്തിൽ വന്ന 2014 മുതൽ 2021 വരെ രാജ്യാന്തരവിപണിയിൽ ക്രൂഡ് വില കുറവായിരുന്നു. ഇവിടെ പക്ഷേ, വില കുറഞ്ഞില്ല. കേന്ദ്ര എക്സൈസ് നികുതിയും സെസുകളും സർചാർജുമെല്ലാം വർധിപ്പിച്ച്  ജനങ്ങളെ കൊള്ളയടിക്കുകയാണ്‌ ഉണ്ടായത്‌.  ഇതൊക്കെ കുറച്ചാൽ ഇന്ധനവില താഴും. എന്നാൽ, കേന്ദ്ര ഖജനാവിലേക്ക് പണം കണ്ടെത്താൻ ഇതൊരു എളുപ്പവഴിയായി കണ്ടുവച്ചിരിക്കുകയാണ് മോദിഭരണം. കോർപറേറ്റുകൾക്ക് നൽകുന്ന ഇളവുകൾ ജനങ്ങളെ പിഴിഞ്ഞ് ഈടാക്കുന്നു.

വിലവർധന ഭയന്ന് റിസർവ് ബാങ്ക് ഏറെക്കാലമായി പലിശനിരക്ക് കുറയ്ക്കാറില്ല.  പലിശ കുറച്ചാൽ ബാങ്ക് വായ്പ വർധിക്കുമെന്നും  പണം വിപണിയിലെത്തി ഡിമാൻഡ് കൂടുമെന്നും അങ്ങനെ വിലക്കയറ്റം ഉണ്ടാകുമെന്നുമാണ് റിസർവ് ബാങ്ക് കണക്കാക്കുന്നത്. അങ്ങനെയൊന്നും സംഭവിക്കാതെ തന്നെ വിലകൾ കൂടുന്നു. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം ബാങ്ക് വായ്പയിലെ വർധന 7.5 ശതമാനംമാത്രം. പണനയത്തിൽ ആർബിഐ നിശ്ചയിച്ച പരിധിയും കടന്നാണ് വിലക്കയറ്റനിരക്ക്. അപ്പോൾ, പണനയത്തിന് വിലയെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തം. ഇനിയിപ്പോൾ പലിശ  വർധിപ്പിച്ച് വായ്പ നിയന്ത്രിക്കാനാണ് ആർബിഐ ആലോചിക്കുന്നത്. ജൂണിൽ പലിശ അരശതമാനമെങ്കിലും  വർധിപ്പിച്ചേക്കും. അങ്ങനെ വായ്പ നിയന്ത്രിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തളർത്തുകയേയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, വിലക്കയറ്റത്തിന്റെ  പ്രത്യാഘാതങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ കൂട്ടക്കുഴപ്പം രൂക്ഷമാക്കും. ജനജീവിതം തകരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top