29 November Wednesday

സംസ്ഥാനങ്ങളുടെ പ്രതിസന്ധി സമ്മതിച്ച്‌ ആർബിഐ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 4, 2020


സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ മുൻനിർത്തി റിസർവ് ബാങ്ക് പോയവാരം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ഗൗരവതരമായ ഒട്ടേറെ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയെ നേരിടാൻ മുന്നിൽനിന്ന്‌ പോരാടുന്ന സംസ്ഥാനങ്ങളുടെ ധനസ്ഥിതി കടുത്ത പ്രതിസന്ധിയിലാണെന്നും പരിഹരിക്കാൻ വർഷങ്ങൾതന്നെ വേണ്ടിവരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളി റിപ്പോർട്ട് കൃത്യമായി വിലയിരുത്തുന്നതായി മനസ്സിലാക്കാം. എന്നാൽ,  പ്രായോഗികമായ ഒരു പരിഹാരവും നിർദേശിക്കുന്നില്ല. അത് ഈ റിപ്പോർട്ടിന്റെ പോരായ്മയുമാണ്. എങ്കിലും, സംസ്ഥാനങ്ങളുടെ ധനസ്ഥിതിയും കോവിഡ്  സമ്പദ്‌വ്യവസ്ഥകളിലുണ്ടാക്കുന്ന പ്രത്യാഘാതവും റിസർവ് ബാങ്ക് വിശദമായി വിലയിരുത്തിയത് ശ്രദ്ധേയമാണ്. ‘സംസ്ഥാനങ്ങളുടെ ധനസ്ഥിതി: 2020–21 ബജറ്റുകളെക്കുറിച്ച് ഒരു പഠനം’ എന്ന റിപ്പോർട്ടിലാണ് ആർബിഐ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പുകൾ നൽകുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ എല്ലാത്തരത്തിലുമുള്ള ചെലവുകൾ വർധിച്ചിരിക്കുന്നു. ആരോഗ്യമേഖലയിൽ കണ്ണടച്ച് പണം ചെലവാക്കേണ്ട സാഹചര്യം. റവന്യൂ ചെലവ് വലിയതോതിൽ വർധിക്കുകയും റവന്യൂ വരവ് കുത്തനെ ഇടിയുകയും ചെയ്യുന്നു. നടപ്പു ധനവർഷത്തിന്റെ ആദ്യ മൂന്നുമാസത്തിനകം റവന്യൂ ചെലവ് 12 ശതമാനം വർധിച്ചപ്പോൾ റവന്യൂ വരവ് 21 ശതമാനം ഇടിഞ്ഞു. മിക്ക സംസ്ഥാനങ്ങളുടെയും ബജറ്റുകൾ കോവിഡ് ഇത്ര രൂക്ഷമാകുന്നതിനുമുമ്പ് അവതരിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ, വരുമാനത്തിലെ വൻ തകർച്ച ബജറ്റുകളിൽ മുൻകൂട്ടി കാണാൻ കഴിഞ്ഞിട്ടില്ല. നടപ്പുവർഷത്തിൽ പ്രതീക്ഷിച്ച, സംസ്ഥാനങ്ങളുടെ മൊത്തം ധനകമ്മി ശരാശരി 2.4 ശതമാനമായിരുന്നു. അത് 4.6 ശതമാനമായി വർധിക്കും.

പല സംസ്ഥാനങ്ങളും മുൻ ധനവർഷത്തിൽത്തന്നെ മൂലധനച്ചെലവ് വലിയ തോതിൽ വെട്ടിക്കുറച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2019–20 വർഷത്തിൽ ഏതാണ്ട് 1.26 ലക്ഷം കോടിയോളം രൂപ വെട്ടിച്ചുരുക്കേണ്ടി വന്നു. ഇത് മഹാമാരിക്ക് മുന്നേയുള്ള സാഹചര്യം. അപ്പോൾ, സ്ഥിതി ഇനിയും വഷളാകുമെന്നാണ് ആർബിഐ നിഗമനം. ഇത്തരമൊരു സ്ഥിതിയിൽ കേരളത്തിന്റെ ബദൽമാതൃക സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതായി കാണേണ്ടതുണ്ട്.  ബജറ്റിന് പുറത്ത്, കിഫ്ബി വഴി പണം കണ്ടെത്തിയാണ് കേരളം വികസനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ ബദൽ വഴി നേരത്തേ കണ്ടെത്തിയത്, കോവിഡ് കാലത്തും വികസനച്ചെലവുകൾ മുടക്കമില്ലാതെ തുടരാൻ സഹായമായി. പത്തോളം സംസ്ഥാനങ്ങൾ നടപ്പുവർഷത്തിലെ ആദ്യത്തെ അഞ്ചു മാസത്തിനകം വികസനച്ചെലവുകൾ 35 ശതമാനത്തോളം വെട്ടിച്ചുരുക്കിയെന്നറിയുമ്പോൾ കിഫ്ബിയുടെ പ്രാധാന്യം നാം തൊട്ടറിയുന്നു.

കോവിഡിന്റെ  ഭവിഷ്യത്തുകൾ മുൻകൂട്ടി കാണാത്തതു കൊണ്ടുതന്നെ പകുതിയിലേറെ സംസ്ഥാനങ്ങൾ ബജറ്റിൽ റവന്യൂ മിച്ചമാണ് കണക്കാക്കിയിട്ടുള്ളത്. അതെല്ലാം ഇപ്പോൾ തകിടം മറിഞ്ഞു.  സമ്പൂർണ ലോക്ഡൗൺ പിൻവലിച്ചെങ്കിലും പലേടത്തും ഭാഗികമായി ലോക്ഡൗൺ തുടരേണ്ടി വരുന്നതും സാമ്പത്തികപ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് എത്താത്തതും  സ്ഥിതിഗതികളിൽ കാര്യമായ ഒരു മാറ്റവുമുണ്ടാക്കില്ല. അപ്പോൾ, നികുതിവരുമാനം കുത്തനെ ഇടിയും. കേന്ദ്ര ഗവൺമെന്റിനെ അപേക്ഷിച്ച്, തനതു വരുമാനമാർഗങ്ങൾ ഇല്ലാത്ത സംസ്ഥാനങ്ങൾ പണത്തിനായി നെട്ടോട്ടമോടേണ്ട സാഹചര്യം. റിയൽ എസ്റ്റേറ്റ് മേഖലയും നിർമാണമേഖലയുമെല്ലാം സ്തംഭിച്ചു നിൽക്കുന്നതിനാൽ സ്റ്റാമ്പ് ഡ്യൂട്ടിയടക്കമുള്ള സംസ്ഥാന വരുമാനവും നിലച്ചിരിക്കുകയാണ്. ഇതിനു പുറമെയാണ്, കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് നൽകേണ്ടിവരുന്ന നികുതിയിളവുകൾ. സംസ്ഥാനങ്ങളുടെ ചരക്കുസേവന നികുതി വരുമാനം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽമാത്രം 47.2 ശതമാനം ഇടിഞ്ഞു.

ഇത്തരത്തിൽ വരുമാനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങൾ കമ്പോളത്തിൽനിന്ന് വൻതോതിൽ കടം വാങ്ങേണ്ടിവരുന്നു. അതിന്റെ പലിശഭാരം വേറെ. രണ്ട്‌ സംസ്ഥാനം  ബജറ്റിലെ കുറവിന്റെ 90 ശതമാനത്തോളം കടമെടുത്തു കഴിഞ്ഞതായി ആർബിഐതന്നെ പറയുന്നുണ്ട്. ഏഴു ലക്ഷത്തോളം കോടി രൂപയാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ്. ഇങ്ങനെ, സംസ്ഥാനങ്ങൾ നേരിടുന്ന പ്രതിസന്ധി അക്കമിട്ട് നിരത്തുന്ന ആർബിഐ പക്ഷേ, സംസ്ഥാനങ്ങൾ എങ്ങനെ പണം കണ്ടെത്തുമെന്നുമാത്രം പറയുന്നില്ല. അതായിരുന്നു റിപ്പോർട്ടിൽ പ്രധാനമായി വരേണ്ട നിർദേശം. റിസർവ് ബാങ്കിൽനിന്ന് വായ്പയെടുക്കാനും നോട്ടടിപ്പിക്കാനും കഴിയുന്ന കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങളെ കൈയയച്ച് സഹായിക്കുകയാണ് അടിയന്തരമായി വേണ്ടത്. അങ്ങനെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, സംസ്ഥാനങ്ങൾക്ക് അർഹമായ ചരക്കുസേവന നികുതി നഷ്ടപരിഹാരം നൽകുന്നതിൽപ്പോലും അനാവശ്യമായ കാലതാമസമുണ്ടാക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. 


 

റിസർവ് ബാങ്ക്തന്നെ ചൂണ്ടിക്കാട്ടുന്ന സംസ്ഥാനങ്ങളുടെ ഈ കടുത്ത പ്രതിസന്ധികൾക്കു നടുവിൽ നിന്നുകൊണ്ടാണ്, വികസന ക്ഷേമ നടപടികളുമായി കേരളം മുന്നോട്ടു പോകുന്നത്. ഇതാണ് നമ്മൾ, കേരളീയർ തിരിച്ചറിയേണ്ടത്. ഒരാൾക്കുപോലും മുടങ്ങാതെ ക്ഷേമ പെൻഷനുകൾ അർഹരായ എല്ലാവരുടെയും കൈകളിൽ എത്തുന്നു. റേഷൻ കടകൾവഴി എല്ലാവർക്കും  സൗജന്യമായി ഭക്ഷ്യധാന്യ കിറ്റ് നൽകുന്നു.  കോവിഡ് രോഗികൾക്ക് സർക്കാർ ചെലവിൽ  സൗജന്യ ചികിത്സ ഉറപ്പാക്കുന്നു. ഒപ്പം, എവിടെയും വികസനപ്രവർത്തനങ്ങളും മുടക്കമില്ലാതെ തുടരുന്നു. ഇതൊക്കെ ഈ കേരളത്തിൽമാത്രം. ഇതൊരു രാഷ്ട്രീയ ഇച്ഛാശക്തിയുടെ, ബദൽ നിലപാടിന്റെ കൃത്യമായ പ്രതിഫലനമാണ്. അതെ, ജനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത്. ഏതു പ്രതിസന്ധിയെയും കേരളം അതിജീവിക്കുന്നത് ഈ രാഷ്ട്രീയത്തിന്റെ പിൻബലംകൊണ്ടാണ്, അതിനു ലഭിക്കുന്ന ജനപിന്തുണ കൊണ്ടാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top