26 April Friday

റേഷൻ നിഷേധം മനുഷ്യത്വമില്ലായ്‌മ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്‌ ഭക്ഷണം. ദരിദ്ര –- സമ്പന്ന ഭേദമെന്യേ എല്ലാ പൗരന്മാർക്കും ഭക്ഷ്യലഭ്യത ഉറപ്പുവരുത്തേണ്ടത്‌ പ്രാഥമിക കടമയായാണ്‌ ആധുനിക സർക്കാരുകൾ കാണാറുള്ളത്‌. മോഡി സർക്കാർ ഈ മൗലിക തത്വത്തെ വെല്ലുവിളിച്ചാണ്‌ റേഷൻ വെട്ടിക്കുറച്ചത്‌. 135 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യ, 107 രാജ്യങ്ങളടങ്ങിയ ലോക പട്ടിണിസൂചികയിൽ 94–-ാം സ്ഥാനത്താണ്‌‌. ‌ ഈ പട്ടികയിൽ ഇന്ത്യയേക്കാൾ മോശമായ ഭക്ഷ്യനിലയുള്ളത്‌ 13 രാജ്യങ്ങൾക്കുമാത്രം. ഇത്രയും പരിതാപകരമായ അവസ്ഥയിൽ നിൽക്കുമ്പോഴാണ്‌‌ നിലവിൽ റേഷനായി ഭക്ഷ്യധാന്യം ലഭിക്കുന്ന 10 കോടി പേരെ ഒഴിവാക്കുന്നത്‌. നിതി ആയോഗ്‌ നിർദേശം നടപ്പാകുന്നതോടെ റേഷൻ ലഭിക്കുന്നവരുടെ എണ്ണം 71 കോടിയായി ചുരുങ്ങും. അതായത് ജനസംഖ്യയിൽ പകുതിയോളം പേർ റേഷന്‌ അർഹതയില്ലാത്തവരാകും. ആറു പതിറ്റാണ്ടുമുമ്പ്‌ സ്‌റ്റാറ്റ്യൂട്ടറി റേഷനിങ്‌‌ ആരംഭിക്കുമ്പോൾ മുഴുവൻ പേർക്കും ന്യായവിലയ്‌ക്ക്‌ ഭക്ഷ്യധാന്യം നൽകിയിരുന്ന സ്ഥാനത്ത്‌ നിലവിൽ 67 ശതമാനം പേർക്കേ റേഷൻ ലഭിക്കുന്നുള്ളൂ. ഇതിൽനിന്നാണ്‌ വീണ്ടും പത്തുകോടി പേരെ പുറത്താക്കുന്നത്‌. ഇതിലൂടെ കേന്ദ്രം സബ്‌സിഡി ചെലവിൽ 47,229 കോടി രൂപ ലാഭിക്കുന്നു.

രാജ്യത്തെ എഫ്‌സിഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോഴാണ്‌ ഈ തലതിരിഞ്ഞ തീരുമാനം. അവശ്യവസ്‌തു –- ഭക്ഷ്യസുരക്ഷാ നിയമങ്ങളിൽ വരുത്തിയ മാറ്റത്തിനെതിരായ കർഷക‌ പ്രക്ഷോഭം കരുത്താർജിക്കുന്നതിനിടയിലും ഇതുപോലൊരു ജനവിരുദ്ധ തീരുമാനത്തിന്‌ മോഡിഭരണം മടിക്കുന്നില്ല. കാർഷികവൃത്തിതന്നെ കോർപറേറ്റ്‌ മേഖലയ്‌ക്ക്‌ അടിയറവയ്‌ക്കുമ്പോൾ ന്യായവിലയും പൊതുസംഭരണവും അപ്രസക്തമാണ്‌. റേഷൻ അവകാശമല്ലാതായി മാറുന്നതിലും അത്ഭുതമില്ല. പെട്രോൾ –-ഡീസൽ വില ദിനംപ്രതി വർധിക്കുകയാണ്‌. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‌ ഒടുവിലത്തെ വർധനയോടെ 826 രൂപയായി. ഇത്തരത്തിൽ സാധാരണക്കാരുടെ ജീവിതം വരിഞ്ഞുമുറുക്കുന്നതിനിടെയാണ്‌ റേഷനും പിടിച്ചുപറിക്കുന്നത്‌.


 

കാർഷികനിയമ പരിഷ്‌കാരത്തിന്‌ പിന്നാലെ ഭക്ഷ്യധാന്യവിപണിയെ കമ്പോളമത്സരത്തിന്‌ എറിഞ്ഞുകൊടുക്കുകയാണ്‌ കേന്ദ്ര സർക്കാർ. കരാർ കൃഷിയും അവധിവ്യാപാരവും കാർഷികമേഖലയിൽ വ്യാപകമാകും. ഇതോടെ രാജ്യംമുഴുവൻ വ്യാപിച്ചുകിടക്കുന്ന ഭക്ഷ്യസംഭരണ സംവിധാനങ്ങൾ തകർക്കപ്പെടും. ഭക്ഷ്യധാന്യങ്ങൾക്ക്‌ പൂർണമായും കേന്ദ്ര അലോട്ട്‌മെന്റിനെ ആശ്രയിക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക്‌ ഇത്‌ കടുത്ത പ്രതിസന്ധിയാണ്‌ സൃഷ്‌ടിക്കുക. ഇനിയെത്രനാൾ ന്യായവില ഷോപ്പുകൾ എന്നറിയപ്പെടുന്ന പൊതുവിതരണ കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന്‌ കണ്ടുതന്നെ അറിയണം.

സാർവത്രിക റേഷനിങ്‌‌ സമ്പ്രദായത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്ന ആദ്യതീരുമാനം രണ്ടാം യുപിഎ സർക്കാരിന്റേതായിരുന്നു. സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതായിരുന്നു രാജ്യവ്യാപക റേഷനിങ്ങിന്റെ കാഴ്ചപ്പാട്. ഭക്ഷ്യക്ഷാമം, പൂഴ്‌ത്തിവയ്പ്, കരിഞ്ചന്ത തുടങ്ങിയ കെടുതികളെ ഫലപ്രദമായി നേരിടാനുള്ള ജനപക്ഷ നടപടിയാണ്‌ റേഷനിങ്. ഉൽപ്പന്നങ്ങൾ കർഷകരിൽനിന്ന് നേരിട്ട് ശേഖരിച്ച് ന്യായവില നൽകാനുള്ള വിപുലമായ സംവിധാനങ്ങളും ഉറപ്പാക്കി. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗൺ ശൃംഖലകൾവഴി ഭക്ഷ്യധാന്യങ്ങൾ രാജ്യത്തെമ്പാടും ശേഖരിച്ച് വിതരണംചെയ്യുന്ന രീതി പതിറ്റാണ്ടുകളോളം ഫലപ്രദമായി പ്രവർത്തിച്ചു.

തൊണ്ണൂറുകളിൽ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളുടെ വരവോടെയാണ് പൊതുവിതരണ സമ്പ്രദായത്തിന് വിള്ളൽവീണത്. ആഗോളവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും വക്താക്കളായ കോൺഗ്രസ് ഭരണം എല്ലാവിധ സബ്സിഡികളും നിർത്തലാക്കേണ്ടതാണെന്ന നിലപാടുകളിലേക്ക് ചുവടുമാറിയത് സ്വാഭാവികം. ഇതിന്റെ ഭാഗമായി റേഷൻ വിഹിതം പടിപടിയായി വെട്ടിക്കുറച്ചു. റേഷൻ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവർക്കുമാത്രം എന്നതായി നിലപാട്. ഇതിനെതിരെ ഉയർന്ന ശക്തമായ പ്രക്ഷോഭത്തിന്റെ തുടർച്ചയായാണ് ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർക്ക് കുറഞ്ഞ അളവിലും ചെറിയ സബ്സിഡിയിലും റേഷൻ അവകാശം സംരക്ഷിക്കപ്പെട്ടത്.

2011ലെ ജനസംഖ്യയെ അടിസ്ഥാനമാക്കി കൊണ്ടുവന്ന ദാരിദ്ര്യരേഖാ മാനദണ്ഡംതന്നെ തർക്കവിഷയമായി. 2013ൽ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതോടെ എപിഎൽ, ബിപിഎൽ റേഷൻ കാർഡുകൾക്കു പകരം മുൻഗണന, മുൻഗണനേതര കാർഡുകൾ നിലവിൽവന്നു. അർഹരായ കോടിക്കണക്കിനാളുകൾക്ക്‌ ആദ്യഘട്ടത്തിൽത്തന്നെ റേഷൻ നിഷേധിക്കപ്പെട്ടു. സമാനമായ രീതിയിലാണ്‌ പാചകവാതക സബ്‌സിഡിയിലും കേന്ദ്ര സർക്കാർ കൈവച്ചത്‌. 2013 വരെ എല്ലാവർക്കും സബ്‌സിഡി നിരക്കിലാണ് പാചകവാതകം ‌ ലഭിച്ചത്. പിന്നീട്‌ വിപണി വില നൽകി സിലിൻഡർ എടുക്കണമെന്നും സബ്‌സിഡി ആധാർബന്ധിത ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നുമുള്ള പരിഷ്കാരം കൊണ്ടുവന്നു. സബ്‌സിഡിയിൽ ലഭിക്കുന്ന സിലിൻഡറിന്റെ എണ്ണവും പരിമിതപ്പെടുത്തി. ഒന്നാം മോഡിസർക്കാർ ‌ സബ്‌സിഡിക്ക്‌ അർഹരായവരുടെ എണ്ണം വൻതോതിൽ കുറച്ചു. 2020 മെയ്‌ മുതൽ ഒരു മുന്നറിയിപ്പും ഇല്ലാതെ അക്കൗണ്ടിൽ ലഭിച്ചിരുന്ന നാമമാത്ര സബ്‌സിഡിയും നിർത്തലാക്കി. ഇപ്പോൾ റേഷനും ഗണ്യമായ തോതിൽ വെട്ടിക്കുറച്ചിരിക്കുന്നു. കാർഷികനിയമ പരിഷ്‌കരണത്തിന്റെ തുടർച്ചയായി കമ്പോള വിപുലീകരണം ലക്ഷ്യമാക്കിയുള്ള ഈ നടപടിക്കെതിരെ അതിശക്തമായ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്‌. അഞ്ച്‌ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണ വിഷയമായി റേഷൻനിഷേധം സ്വാഭാവികമായും ഉയർന്നുവരും.

കർഷക പ്രക്ഷോഭവുമായി കണ്ണിചേർത്ത്‌ മുഴുവൻ റേഷൻ ഗുണഭോക്താക്കളെയും അണിനിരത്തിയുള്ള രാജ്യവ്യാപകമായ ചെറുത്തുനിൽപ്പിന്‌ തയ്യാറെടുക്കേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top