25 April Thursday

അരി കിട്ടുമെന്ന് ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 1, 2016

അരിയാഹാരം കഴിക്കുന്നവര്‍ എന്ന് തെല്ലൊരു അഹങ്കാരത്തോടെതന്നെ പറഞ്ഞിരുന്നവരാണ് മലയാളികള്‍. അരികിട്ടാതെ ചോളവും ഗോതമ്പും കഴിക്കേണ്ടിവന്ന ക്ഷാമകാലം പഴയതലമുറയുടെ ഓര്‍മകളില്‍മാത്രം. അരനൂറ്റാണ്ടിലേറെക്കാലമായി കേരളീയര്‍ അവകാശമായി അനുഭവിച്ചുപോന്ന റേഷനരിയാണ് ഇപ്പോള്‍ പകുതിയിലേറെപ്പേര്‍ക്ക് നിഷേധിക്കപ്പെട്ടത്. മാത്രമല്ല മാനദണ്ഡങ്ങളിലെയും നടപടിക്രമങ്ങളിലെയും പിശകുകള്‍മൂലം ഏറ്റവും അര്‍ഹരായ ആളുകള്‍ പോലും റേഷന്‍ ആനുകൂല്യത്തിന് പുറത്തായിരിക്കുന്നു. ഈ അന്യായം എത്രയും പെട്ടെന്ന് തിരുത്തണമെന്ന വികാരമാണ് തിങ്കളാഴ്ച കേരളത്തിലെമ്പാടുമുള്ള റേഷന്‍കടകള്‍ക്കു മുന്നില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ പങ്കുവച്ചത്. റേഷന് അര്‍ഹരായവരെ നിര്‍ണയിക്കുന്ന മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയ പിശകുകള്‍ പരിഹരിച്ച് അര്‍ഹരായ എല്ലാവര്‍ക്കും അരി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ എം നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്.

മൂന്നരവര്‍ഷം മുമ്പ് പാസാക്കിയ ഭക്ഷ്യഭദ്രതാ നിയമം നടപ്പില്‍വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് കേരളീയര്‍ ഈ അരുതായ്മയ്ക്ക് ഇരയായത്. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ജനങ്ങളുടെ അവകാശമാക്കുന്ന ഏകീകൃതനിയമം രാജ്യത്താകമാനം നടപ്പാക്കുന്നതിനായി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കേരളത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. സാര്‍വത്രിക റേഷനിങ് ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ആഗോളവല്‍ക്കരണം പിടിമുറുക്കിയതോടെ സബ്സിഡിനിരക്കില്‍ എല്ലാവര്‍ക്കും ഭക്ഷ്യധാന്യമെന്ന ആശയംതന്നെ അപ്രസക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ബിപിഎല്‍, എപിഎല്‍ തരംതിരിവ് കൊണ്ടുവന്നു. എന്നിട്ടും കുറഞ്ഞ സബ്സിഡിയോടെ എപിഎല്‍ വിഭാഗത്തിനും റേഷന്‍ തുടര്‍ന്നു നല്‍കാന്‍ കേരളത്തിന് സാധിച്ചു.

ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തെ നിര്‍ണയിച്ച മാനദണ്ഡം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജീവിതനിലവാരവുമായി ബന്ധപ്പെട്ടുള്ളതാണ്. ഓലമേഞ്ഞ വീട്, വൈദ്യുതിയില്ലാത്ത വീട്, പുറമ്പോക്കിലെ വീട്, കക്കൂസില്ലാത്ത വീട് തുടങ്ങിയവ പോലും മുന്‍ഗണനാ വിഭാഗത്തില്‍പെടാനുള്ള മാനദണ്ഡമാക്കി. അരനൂറ്റാണ്ടുമുമ്പ് ഭൂപരിഷ്കരണനിയമം കൊണ്ടുവന്ന, സാര്‍വത്രിക സൌജന്യ സ്കൂള്‍ വിദ്യാഭ്യാസവും സമ്പൂര്‍ണ ആരോഗ്യപരിരക്ഷ സംവിധാനങ്ങളുമുള്ള കേരളത്തില്‍ ദേശീയ മാനദണ്ഡം ഉപയോഗിച്ചാല്‍ റേഷന് അര്‍ഹതയുള്ളവര്‍ നാമമാത്രമായിരിക്കും. പിന്നോക്ക വിഭാഗങ്ങള്‍ക്കും മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഒരുപോലെ മെച്ചപ്പെട്ട ജീവിതഗുണമേന്മ ഉറപ്പുവരുത്തിയ സംസ്ഥാനമാണ് കേരളം. പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള മികച്ച പദ്ധതികളും കേരളത്തിന്റെ പ്രത്യേകതയാണ്.

ഒരു കാലത്ത് മികച്ച നെല്ലുല്‍പ്പാദക സംസ്ഥാനമായ കേരളം  പിന്നീട് നാണ്യവിളകളുടെ നാടായി മാറിയപ്പോള്‍ രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിന് മുതല്‍ക്കൂട്ടായി. അതുകൊണ്ടുതന്നെ കേരളത്തിന് ഭക്ഷ്യധാന്യലഭ്യത ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. അരി ഉല്‍പ്പാദനം കുറഞ്ഞിട്ടും  കേരളീയരുടെ ഭക്ഷ്യശീലം മാറ്റമില്ലാതെ തുടര്‍ന്നത് സാര്‍വത്രിക റേഷനിങ്ങിന്റെ സംരക്ഷണത്തിലാണ്. ഇപ്പോള്‍ പരിതാപകരമായ നിലയിലേക്ക് നെല്ലുല്‍പ്പാദനം കുറഞ്ഞിരിക്കുന്നു. ഇത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ നെല്‍വര്‍ഷാചരണം ഉള്‍പ്പെടെയുളള കര്‍മപദ്ധതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊടുന്നനെ റേഷന്‍ സമ്പ്രദായത്തില്‍ മാറ്റം വരുത്തിയാല്‍ ആന്ധ്രയിലെ വന്‍കിട അരിക്കച്ചവട ലോബിയുടെ കൈകളിലേക്ക് കേരളത്തെ എറിഞ്ഞുകൊടുക്കലായിരിക്കും ഫലം.

ഈയൊരു പരിതാപകരമായ അവസ്ഥയില്‍ കേരളത്തെ എത്തിച്ചതിന് മുഖ്യഉത്തരവാദികള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ്. 2013ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരാണ് ഭക്ഷ്യഭദ്രതാ നിയമം പാസാക്കിയത്. അത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്മാംശങ്ങളില്‍ കേരളത്തെ ബാധിക്കുന്ന പ്രതികൂലഘടകങ്ങള്‍ യഥാസമയം കേന്ദ്രത്തെ ബോധ്യപ്പെടുത്തി പരിഹരിക്കുന്നതിന് ഒരു നടപടിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചില്ല. വര്‍ഷാവര്‍ഷങ്ങളില്‍ പുതുക്കാന്‍ സാധിക്കുന്നതാണ് മുന്‍ഗണനാ വിഭാഗങ്ങളുടെ യോഗ്യതാമാനദണ്ഡം. രണ്ടുവര്‍ഷം മുമ്പ് കേരളത്തിലെ  റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടും ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിനെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ ആലോചിച്ചതേയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടനെ അടുത്ത എപ്രില്‍വരെയെങ്കിലും സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചു. എന്നാല്‍, ഉടന്‍ പ്രാബല്യത്തോടെ നിയമം നടപ്പാക്കണമെന്ന കടുംപിടിത്തമാണ് ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് കേന്ദ്രം മുന്‍ഗണനാപട്ടിക അംഗീകരിച്ചപ്പോള്‍ ബിപിഎല്‍ ലിസ്റ്റിലുള്ളവരില്‍ നല്ലൊരുപങ്കും പട്ടികയ്ക്ക് പുറത്തായി. ഇതോടൊപ്പം ജാഗ്രതക്കുറവുമൂലം നിരവധി അനര്‍ഹര്‍ പട്ടികയില്‍ കടന്നുകൂടുകയും ചെയ്തു.

കാരണമെന്തായാലും കരടുപട്ടികയിലുള്ളതുപോലെ റേഷന്‍ അര്‍ഹത നിശ്ചയിച്ചുകൂടാ. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള സമീപനം സ്വാഗതാര്‍ഹമാണ്. പരാതിക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ കേന്ദ്രങ്ങളില്‍ സ്വീകരിക്കുകയും  സമയപരിധി നീട്ടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഏഴുലക്ഷത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എല്ലാ പരാതികളും സ്വീകരിക്കുകയും അത് പരിശോധിക്കാന്‍ അതേ കേന്ദ്രങ്ങളില്‍തന്നെ സംവിധാനം ഉണ്ടാക്കുകയുംവേണം. ഹിയറിങ് ചുരുക്കം കേന്ദ്രങ്ങളില്‍ മാത്രമായാല്‍ ജനങ്ങള്‍ നരകിക്കേണ്ടിവരും. മുന്‍ഗണനാ പട്ടിക കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്താനും കുറ്റമറ്റതാക്കാനും സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. ഇതിനോട് കേന്ദ്രം അനൂഭാവപൂര്‍വം പ്രതികരിക്കണം. മുന്‍ഗണനാ ഇതര വിഭാഗത്തില്‍പെട്ടവര്‍ക്കുംകൂടി കുറഞ്ഞ നിരക്കില്‍ അരി ലഭ്യമാക്കാനായി കൂടുതല്‍ വിഹിതം അനുവദിക്കാനും തയ്യാറാകണം. എങ്കില്‍ മാത്രമേ കേരളത്തില്‍ നിലനിന്നിരുന്ന മാതൃകാ പൊതുവിതരണ– റേഷന്‍ സംവിധാനം സംരക്ഷിക്കപ്പെടുകയുള്ളൂ *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top