27 May Monday

സുപ്രീംകോടതി ചോദിക്കുന്നു പട്ടിണിക്കിടുന്ന വികസനമോ ?

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

 

രാജ്യത്ത്‌ വികസനമുണ്ടെങ്കിലും പട്ടിണി കുരുക്കാകുകയാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഗൗരവതരമാണ്‌. നിരാലംബരായ അതിഥിത്തൊഴിലാളികൾക്ക്‌ റേഷൻ ഉറപ്പാക്കണമെന്ന്‌ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകിയാണ്‌ രണ്ടംഗ ബെഞ്ചിന്റെ വിലയിരുത്തൽ. കോവിഡാനന്തര സ്ഥിതിയിൽ ലക്ഷക്കണക്കായ ആ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന കൊടിയ പ്രശ്‌നങ്ങളിൽ സ്വമേധയാ എടുത്ത കേസ്‌ പരിഗണിക്കുകയായിരുന്നു പരമോന്നത നീതിപീഠം. എത്ര റേഷൻ കാർഡുകൾ അനുവദിക്കാനാകുമെന്നുകണ്ട്‌ ഭക്ഷ്യ, സിവിൽ സപ്ലൈസ്‌ വിഭാഗങ്ങൾ ഉണർന്നുപ്രവർത്തിക്കണം. ഒരു പൗരനെയും പട്ടിണി വലയ്‌ക്കാത്ത  രാജ്യമെന്ന ഉന്നത ലക്ഷ്യത്തിലേക്ക്‌ മുന്നേറാനുള്ള അടിയന്തര പ്രവർത്തനങ്ങളാണ്‌ ആവശ്യം. കൂട്ട പട്ടിണിമരണത്തിനൊപ്പം  അവശ്യ പോഷകാഹാരങ്ങൾ കിട്ടാതെയും ജനങ്ങൾ പിടഞ്ഞുവീഴുന്നു. കുട്ടികൾ,  ഗർഭിണികൾ, വയോധികർ എന്ന വ്യത്യാസമില്ലാതെ ഗ്രാമവാസികൾ പട്ടിണി വെളിപ്പെടാതിരിക്കാൻ  മുണ്ട്‌ മുറുക്കിയുടുത്ത് വെള്ളംകുടിച്ച്‌ ഞരങ്ങിക്കഴിയുകയാണെന്നും വാക്കാൽ നിരീക്ഷിച്ച കോടതി, കേസ്‌ രണ്ടാഴ്‌ചയ്‌ക്കുശേഷം വീണ്ടും എത്തുമ്പോൾ ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.

വികസന വായാടിത്തം ആവർത്തിക്കുന്ന മോദിയുടെ കീഴിൽ രാജ്യത്തിന്റെ  പൊതുസ്ഥിതി പരിതാപകരമായിരിക്കുന്നു. അപ്പോഴും  കേരളം ഏറെ മെച്ചപ്പെട്ട നിലയിലാണ്‌. വ്യത്യസ്ത വികസനപരിപാടികളും സമീപനങ്ങളുമാണ്‌ ഇവിടെ  ദാരിദ്ര്യലഘൂകരണത്തിന്റെ  അടിത്തറ. ഭൂപരിഷ്കരണം, വിദ്യാഭ്യാസ-‐ആരോഗ്യ രംഗങ്ങളിലെ ജാഗ്രത, ജനകീയാസൂത്രണം, പെൻഷനുകൾ, റേഷൻപദ്ധതി, കുടുംബശ്രീ എന്നിവ ദാരിദ്ര്യത്തോത്‌ കുറച്ചുനിർത്തുന്നു. ദീർഘദൃഷ്ടിയുള്ള  ഈ നടപടികളുടെ പ്രസക്തിയേറുന്നത്‌ ദേശീയ സർവേ റിപ്പോർട്ട്‌ കണക്കിലെടുക്കുമ്പോഴാണ്‌.  ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ, ജാർഖണ്ഡ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിങ്ങനെ 11  സംസ്ഥാനത്തിൽ നടത്തിയ സർവേ അനുസരിച്ച്‌ സാധാരണ ജനങ്ങളിൽ ഭൂരിഭാഗത്തിന്റെയും ഭക്ഷ്യധാന്യ വാങ്ങൽക്കഴിവ് ഗണ്യമായി കുറഞ്ഞു.  കൊറോണ അടച്ചിടൽ കാലത്ത്‌  27 ശതമാനം ആളുകളുടെ ജീവനമാർഗം ഏറെ ഇടിഞ്ഞു, 20 ശതമാനത്തിന്‌  ഒരു വരുമാനവും ഇല്ലാതായി;  മറ്റൊരു 24 ശതമാനത്തിന്‌  ഉണ്ടായിരുന്നത്‌  പകുതിയായി. ചോർച്ചയില്ലാതെ  തുടർന്നത് വെറും ആറു ശതമാനത്തിന്‌. ആ നിലയിൽ വരുമാനം ഇടിയുകയോ  ഇല്ലാതാകുകയോ ചെയ്തവർ  ഭക്ഷ്യവസ്‌തുക്കളുടെ ഉപഭോഗമാണ്‌ ഗണ്യമായി കുറച്ചത്‌. 45 ശതമാനവും ഭക്ഷണാവശ്യങ്ങൾക്ക്‌  കടം വാങ്ങുന്നവരാണ്. പലർക്കും മൂന്നു നേരം ഭക്ഷണമെന്ന പതിവ്‌ രണ്ടും ഒന്നുമായി ചുരുങ്ങി. ഒന്നും  തിന്നാതെ ചില ദിനങ്ങളിലെങ്കിലും അന്തിയുറങ്ങിയവർ 48 ശതമാനമാണ്‌.  സർവേയുടെ കീഴിൽ വന്ന 23 ശതമാനത്തിന് റേഷൻ കാർഡ്‌ ഇല്ലെന്നത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തെ രേഖകളിൽമാത്രം നിലനിർത്തുന്നു.

ഈ പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ അർഹരായ മുഴുവൻ ജനവിഭാഗങ്ങളെയും റേഷൻ സമ്പ്രദായത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന്‌ 15‐ാം  നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്‌ച കേന്ദ്രത്തോട്‌  ആവശ്യപ്പെട്ടത്‌. ചട്ടം 118 അനുസരിച്ച്‌  ഭക്ഷ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ്‌ അംഗീകരിച്ചതും. സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിൽ അനാവശ്യ മാനദണ്ഡങ്ങളിലും പഴകിയ വകുപ്പുകളിലും  മാറ്റംവരുത്തണം. ഇന്ത്യയിൽ ആദ്യം സാർവത്രിക റേഷൻ സംവിധാനം നടപ്പാക്കിയത്‌ കേരളത്തിലാണ്‌. ഭക്ഷ്യഭദ്രതയും  ജീവിത സുരക്ഷിതത്വവും നിലവാരവും  ഉറപ്പാക്കി  അത്‌ രാജ്യത്തിന്‌ മാതൃകയാകുകയും ചെയ്‌തു. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം വരുംവരെ കേരളത്തിൽ സാർവത്രിക റേഷൻ നിലവിലുണ്ടായി. പിന്നീട്‌ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായി മോദി  സർക്കാർ നിജപ്പെടുത്തി.‍ അതനുസരിച്ച്‌  ജനസംഖ്യയുടെ 43 ശതമാനത്തിനേ അർഹതയുള്ളൂ. യോഗ്യതയുള്ള അഞ്ചു ലക്ഷത്തിനടുത്ത്‌  കുടുംബങ്ങൾ സമ്പ്രദായത്തിന്‌ വെളിയിലായി.  നിർത്തിയ ടൈഡ് ഓവർ ഗോതമ്പ് വിഹിതം, പലവട്ടം വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം തുടങ്ങിയവ ഉടൻ  പുനഃസ്ഥാപിക്കണം. മീൻപിടിത്തത്തിന്‌ ആവശ്യമായ ഇന്ധന വിഹിതം ആനുപാതികമായി കൂട്ടി വില കുറയ്‌ക്കണമെന്നും സഭ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top