26 April Friday

മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക

വെബ് ഡെസ്‌ക്‌Updated: Wednesday Jan 31, 2018

കൊച്ചി നഗരമധ്യത്തിൽ എംജി റോഡിലെ ഒരു ലോഡ്ജിന്റെ മുകളിൽനിന്ന് താഴെ വീണയാളെ രക്ഷിക്കാൻ ശ്രമിക്കാതെ ജനക്കൂട്ടം ഏറെനേരം നോക്കിനിന്നെന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണ്. ജീവൻ രക്ഷിക്കാൻ ഒരു അഭിഭാഷക മുന്നോട്ട് വന്നിട്ടും സഹായിക്കാൻ ആരുമുണ്ടായില്ലെന്നത് മലയാളിയുടെ മനഃസാക്ഷി മരവിച്ചോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. സഹജീവികളുടെ ദുഃഖത്തിൽ പങ്കുചേരുകയും അവരെ സഹായിക്കുകയും ചെയ്യുകയെന്ന മലയാളിയുടെ ഉയർന്ന മാനവികബോധത്തിന് കളങ്കമേൽപ്പിക്കുന്നതുകൂടിയാണ് ഈ വാർത്ത. പരിക്കേറ്റ് രക്തത്തിൽ കുളിച്ച് ജീവനുവേണ്ടി മല്ലടിക്കുകയായിരുന്നയാളെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്നത് നാം ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടുന്നതാണ്. കാരുണ്യം വറ്റിയ ഈ ജനക്കൂട്ടത്തിനിടയിലേക്ക് ഒരുമാലാഖയെപ്പോലെ എത്തുകയും ജീവൻ രക്ഷിക്കാൻ ഇടപെടുകയും ചെയ്ത രഞ്ജിനി രാമാനന്ദ് എന്ന അഭിഭാഷക മനുഷ്യത്വത്തിന്റെ വേറിട്ട മാതൃകയാണ്. 

കോഴിക്കോട്ട് ഓടയിൽ വീണ അന്യസംസ്ഥാനത്തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങി ജീവത്യാഗംചെയ്ത നൗഷാദിന്റെ മാതൃക നമ്മുടെ മുന്നിലുണ്ട്. നൗഷാദ് ഉയർത്തിപ്പിടിച്ച ആ സഹജീവി സ്നേഹം ഉദാത്തമായ മാനവസാഹോദര്യത്തിന്റെ മൂർത്തീഭാവമാണ്. മനഃസാക്ഷി മരവിച്ചവർ ഇനിയെങ്കിലും ഇത്തരം നൗഷാദുമാരുടെ ഓർമകൾ കാത്തുസൂക്ഷിക്കണം. ഇവിടെ വീണ് കിടക്കുന്നയാളെ ആശുപത്രിലെത്തിക്കുകയെന്ന തികച്ചും ലളിതമായ കർത്തവ്യംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുകൂടി തയ്യാറാകാതിരുന്നവരുടെ മാനസികാവസ്ഥ നമ്മെ വേദനിപ്പിക്കുന്നതാണ്. ഇവിടെയാണ് രഞ്ജിനിമാരുടെ ഇടപെടലുകൾ വെള്ളിവെളിച്ചമാകുന്നത്.

കൺമുന്നിൽ അപകടം കാണുമ്പോൾ അത് അപ്പടി മൊബൈൽഫോണിൽ പകർത്തി നവമാധ്യമങ്ങളിലൂടെ വൈറലാക്കാൻ ശ്രമിക്കുന്ന ഈ തലമുറയ്ക്ക് എന്തുപറ്റിയെന്ന് ചോദിക്കുന്ന അതേ കാലത്താണ് എറണാകുളത്തെ സംഭവവുമെന്നത് ശ്രദ്ധേയമാണ്.

മരിച്ചുകിടക്കുന്നവരോടൊപ്പംപോലും സെൽഫിയെടുക്കുന്ന ഇത്തരം മാനസികാവസ്ഥ ചികിത്സിച്ച് ഭേദമാക്കേണ്ടുന്ന അസുഖമല്ല, മറിച്ച് ഉയർന്ന സാമൂഹ്യബോധത്തിനായുള്ള അവബോധസൃഷ്ടിയാണാവശ്യം. 

അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടിവരുമോ എന്ന ഭയവും പലർക്കുമുണ്ട്. തീർത്തും അടിസ്ഥാനരഹിതമായ ചിന്തയാണിത്. സേവ് ലൈഫ് ഫൗണ്ടേഷൻ‐ യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി നിർദേശപ്രകാരം 2015 മെയ് 12ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശം നമുക്ക് മുന്നിലുണ്ട്. ഈ മാർഗനിർദേശവും നടപടിക്രമങ്ങളും പരമോന്നത നീതിപീഠം അംഗീകരിച്ചതുമാണ്. റോഡപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻവേണ്ടിയാണ് ഈ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെങ്കിലും ഏത് അപകടത്തിനും അത് ബാധകമാണ്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിയമപരമായ പരിരക്ഷ നൽകുന്നതാണ് ഈ മാർഗനിർദേശം.

അപകടത്തിൽപ്പെടുന്നവരെ ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുന്നവരുടെ മേൽവിലാസംപോലും അന്വേഷിക്കാതെ അവരെ പോകാൻ അനുവദിക്കണമെന്നതാണ് ഈ മാർഗനിർദേശത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. അവർക്ക് അപകടവുമായിബന്ധപ്പെട്ട് തുടർന്ന് നടക്കുന്ന സിവിൽ‐ ക്രിമിനൽ കേസുകളിൽ  ഒരു ഉത്തരവാദിത്തവുമില്ല. അവർ സ്വമേധയാ തയ്യാറാണെങ്കിൽ മാത്രമേ ഇത്തരം കേസുകളിൽ സാക്ഷികൾപോലും ആക്കാവൂ.

ഇങ്ങനെ സഹായിക്കുന്നവർക്ക് പുരസ്കാരവും നഷ്ടപരിഹാരവും ഉൾപ്പെടെ നൽകണമെന്നുകൂടി നിർദേശമുണ്ട്. ഇങ്ങനെയെല്ലാമുണ്ടായിട്ടും ജീവനുവേണ്ടി പിടയുന്നയാളെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല, സഹായിക്കാൻ വന്ന സ്ത്രീയോടൊപ്പം നിൽക്കാനും തയ്യാറായില്ലെന്നതും ദുഃഖകരമാണ്.

അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി സംസ്ഥാന സർക്കാരും നടപ്പിൽവരുത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചപോലെ, ഇനിയെങ്കിലും അപകടങ്ങൾ കാണുമ്പോൾ നിഷ്ക്രിയരാകാതെ ഒരു ജീവനാണ് രക്ഷിക്കുന്നതെന്ന ഉയർന്ന മാനവികബോധം പ്രകടിപ്പിക്കാൻ എല്ലാ മലയാളികളും മുന്നോട്ട് വരണമെന്നുമാത്രമേ അഭ്യർഥിക്കാനുള്ളൂ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top