25 April Thursday

ഗൊഗോയിക്ക്‌ പ്രത്യുപകാരമോ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020



സർക്കാരിന്റെയടക്കം ആരുടെയും സ്വാധീനത്തിനു വഴങ്ങാതെ ചുമതല നിർവഹിക്കാനുള്ള കോടതികളുടെയും ജഡ്ജിമാരുടെയും ശേഷിയാണ് സ്വതന്ത്രവും നിഷ്‌പക്ഷവുമായ നീതിനിർവഹണംകൊണ്ട് അർഥമാക്കുന്നത്. ഇതിൽനിന്നും വ്യതിചലിക്കുന്നത്‌ പലപ്പോഴും ചർച്ചയും വിവാദവുമായിട്ടുണ്ട്. 2014ൽ ബിജെപി ഗവൺമെന്റ്‌ അധികാരത്തിൽ വന്നശേഷം ജുഡീഷ്യറിയെ സ്വാധീനിക്കാൻ നടന്ന ഒട്ടേറെ നീക്കം പുറത്തുവന്നിട്ടുണ്ട്. ജുഡീഷ്യറിയുടെ വിശ്വാസ്യതയിൽത്തന്നെ സംശയം ജനിപ്പിക്കുന്ന വിധികൾ സുപ്രീംകോടതിയിൽനിന്ന്‌ ഉണ്ടായി. ഇപ്പോൾ, സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്യുമ്പോൾ  ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നു.

ഗൊഗോയ് സർക്കാരിന് വഴങ്ങിയിരുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യമാകുന്നതാണ് അദ്ദേഹത്തിന്റെ പുതിയ പദവി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാജ്യസഭാ പ്രവേശം നിയമ, രാഷ്ടീയ, സാമൂഹ്യരംഗങ്ങളിൽ വലിയ ചർച്ചയും വിവാദവുമായി കഴിഞ്ഞു. സ്വതന്ത്ര നീതിന്യായവ്യവസ്ഥയ്‌ക്ക് അന്ത്യമായതിന്റെ സൂചനയാണ്‌ ഇതെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗൗതം ഭാട്ടിയ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. ഗൊഗോയിയുടേത് രാഷ്ട്രിയനിയമനമാണെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്‌ ദുഷ്യന്ത് ദവെ പറഞ്ഞതും പ്രധാനം.

വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ ഭൂമി തർക്ക കേസിലടക്കം ഗൊഗോയ് പറഞ്ഞ വിധിയും വിരമിച്ചതിനു തൊട്ടുപിന്നാലെ അദ്ദേഹത്തിന് പുതിയ പദവി ലഭിച്ചതുമാണ് സംശയം ജനിപ്പിക്കുന്നത്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ താൽപ്പര്യത്തിനൊത്ത് വിധി പറഞ്ഞതിന്റെ പ്രത്യുപകാരമാണ് ഈ നാമനിർദേശമെന്ന് ജനങ്ങൾ സംശയിക്കുന്നു. ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനുവദിച്ച് സുപ്രീംകോടതി വിധി വന്നയുടനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജുഡീഷ്യറിയെ പ്രശംസിച്ചതുകൂടി ചേർത്തുവായിക്കുമ്പോൾ കാര്യങ്ങൾ വ്യക്തം. പതിറ്റാണ്ടുകൾ നീണ്ട കേസ് തീർപ്പാക്കിയതിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. ആ പ്രശംസയുടെ ബാക്കിപത്രമാകാം  ഈ രാജ്യസഭാംഗത്വം.

ബാബ്‌റി മസ്ജിദ് നിന്നിടത്ത് രാമൻ ജനിച്ചതിന് തെളിവില്ലെന്നും മസ്ജിദ് പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്നും പറഞ്ഞ കോടതി അവിടെ രാമക്ഷേത്രം പണിയാൻ അനുവദിച്ചതിലെ യുക്തി ആർക്കും ബോധ്യപ്പെടുന്നതായിരുന്നില്ല.

അയോധ്യാ കേസിനു പുറമെ, റഫേൽ യുദ്ധവിമാന ഇടപാടിൽ അന്വേഷണം വേണമെന്ന ഹർജി രണ്ടുവട്ടം തള്ളിയത് ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ്. ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ ഉത്തരവിട്ടതും ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തന്നെ. അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയതിനെ പരസ്യമായി പിന്തുണയ്‌ക്കാനും ഗൊഗോയ് മടിച്ചില്ല. ഇതൊക്കെ മോഡി ഗവൺമെന്റിന് പ്രത്യേക താൽപ്പര്യമുള്ള വിഷയമായിരുന്നല്ലോ. അതുകൊണ്ട് ഗൊഗോയിക്ക് പുതിയ പദവികൾ ഉടനെ എത്തുമെന്ന് നേരത്തെ തന്നെ ചർച്ചയായിരുന്നു. നിയമ സഹമന്ത്രിസ്ഥാനംവരെ ലഭിച്ചേക്കുമെന്ന് പ്രതീക്ഷിച്ചവരുണ്ട്. അപ്പോൾ, രാജ്യസഭാംഗത്വം ലഭിച്ചതിൽ വലിയ അത്ഭുതത്തിനൊന്നും കാര്യമില്ല. ബാബ്‌റി മസ്ജിദ് നിന്നിടത്ത് രാമൻ ജനിച്ചതിന് തെളിവില്ലെന്നും മസ്ജിദ് പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്നും പറഞ്ഞ കോടതി അവിടെ രാമക്ഷേത്രം പണിയാൻ അനുവദിച്ചതിലെ യുക്തി ആർക്കും ബോധ്യപ്പെടുന്നതായിരുന്നില്ല.

ഈ ഗൊഗോയിക്കെതിരെ 2018ൽ സുപ്രീംകോടതിയിലെ ജീവനക്കാരി ലൈംഗികപീഡനത്തിനു പരാതി നൽകിയതും വലിയ ചർച്ചയ്‌ക്കിടയാക്കിയിരുന്നു. ഗൊഗോയ് ഉൾപ്പെട്ട ബെഞ്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അന്ന് കോടതി നിയോഗിച്ച സമിതിയിൽ പുറത്തുനിന്ന് ഒരാളെ ഉൾപ്പെടുത്താനോ പരാതിക്കാരിക്ക് അഭിഭാഷകരെ ഏർപ്പെടുത്താനോ അനുമതി നൽകാതിരുന്നത് വലിയ വിമർശത്തിനിടയാക്കിയിരുന്നു. അക്കാര്യങ്ങളൊക്കെ ഇപ്പോൾ പ്രതിഷേധങ്ങളുടെ ഭാഗമായി വീണ്ടും ഉയർന്നുവരുന്നുണ്ട്.

ഭരണഘടനയിലെ വകുപ്പുകൾ പ്രകാരമാണ് സർക്കാരിന്റെ ശുപാർശയനുസരിച്ച് രാഷ്ട്രപതി ഗൊഗോയിയെ നാമനിർദേശം ചെയ്തതെന്നും സർക്കാരിന് വാദിക്കാം. എന്നാൽ, വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഉടൻ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത് ഇതാദ്യം

വിരമിച്ച ചീഫ് ജസ്റ്റിസുമാർ പിന്നീട് പുതിയ പദവികളിലേക്ക് വരുന്നത് ആദ്യമായല്ല. ഇത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതി ഇത്തരം നിയമനം തടഞ്ഞിട്ടുമില്ല. ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവർണറാക്കിയതടക്കം ഉദാഹരണങ്ങളുണ്ട്. ഭരണഘടനയിലെ വകുപ്പുകൾ പ്രകാരമാണ് സർക്കാരിന്റെ ശുപാർശയനുസരിച്ച് രാഷ്ട്രപതി ഗൊഗോയിയെ നാമനിർദേശം ചെയ്തതെന്നും സർക്കാരിന് വാദിക്കാം. എന്നാൽ, വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഉടൻ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത് ഇതാദ്യം. അതും സുപ്രധാന കേസുകളിൽ സർക്കാരിന്റെ താൽപ്പര്യത്തിനൊത്ത് വിധി പറഞ്ഞതിനു പിന്നാലെയെന്നത്  ഇപ്പോഴത്തെ പ്രത്യേകത.

ഡൽഹിയിലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച മുൻ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര കോൺഗ്രസ് അംഗമായി രാജ്യസഭയിൽ എത്തിയിട്ടുണ്ട്. വിരമിച്ച് ഏഴു വർഷത്തിനുശേഷം. അത് നാമനിർദേശമായിരുന്നില്ല, തെരഞ്ഞെടുപ്പായിരുന്നു. മറ്റൊരു മുൻ ചീഫ് ജസ്റ്റിസ് എം ഹിദായത്തുള്ള ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു. 1970ൽ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച് ഒമ്പതുവർഷം കഴിഞ്ഞായിരുന്നു അത്. ഇതിൽനിന്നെല്ലാം വ്യത്യസ്തമായ സാഹചര്യത്തിലാണ് ഇപ്പോൾ രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമാകുന്നത്. സർക്കാരിന്റെ ഹിതമറിയുന്ന ജഡ്ജിമാർക്ക് പദവികൾ കിട്ടുമ്പോൾ, സർക്കാരിന് താൽപ്പര്യമില്ലാത്ത ജഡ്ജിമാരെ രായ്ക്കുരാമാനം സ്ഥലം മാറ്റുന്നതും രാജ്യം കാണുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയും സമർപ്പിച്ച പരാതികളിൽ തീർപ്പ് വൈകുന്നതും ഇതോടൊപ്പം കാണണം. അപ്പോൾ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലും വിശ്വാസ്യതയിലും ജനങ്ങൾക്കുണ്ടാകുന്ന സംശയം ന്യായമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top