29 March Friday

നയങ്ങളില്ല, പ്രഖ്യാപനംമാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021


2021ലെ ബജറ്റ്‌ സമ്മേളനത്തിന്‌ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വെള്ളിയാഴ്‌ച തുടക്കമായി. കോവിഡ്‌ വ്യാപനത്തിനിടയിലെ ജാഗ്രതയുടെ ഭാഗമായി രണ്ടു ഘട്ടമായാണ്‌ പാർലമെന്റ് സമ്മേളനം നിജപ്പെടുത്തിയിട്ടുള്ളത്‌. ആദ്യത്തേത്‌ ഫെബ്രുവരി 15ന് അവസാനിക്കും. മാർച്ച് എട്ടുമുതൽ ഏപ്രിൽ എട്ടുവരെയാണ് രണ്ടാംഘട്ടം. തീർത്തും അപരിചിതമായ സവിശേഷ സാഹചര്യമായതിനാൽ ഇതുവരെയില്ലാത്തവിധം സമയക്രമവും ക്ലിപ്‌തപ്പെടുത്തിയിട്ടുമുണ്ട്‌. രാജ്യസഭ പകൽ ഒമ്പതുമുതൽ രണ്ടുവരെയും ലോക്‌സഭ വൈകിട്ട്‌  നാലുമുതൽ ഒമ്പതുവരെയുമാണ്. വിവാദ കാർഷികനിയമങ്ങളെ പ്രകീർത്തിച്ചാണ്‌ രാംനാഥ്‌ കോവിന്ദ്‌  ഇരു സഭയുടെയും സംയുക്ത സമ്മേളനത്തിന്‌ തുടക്കമിട്ടത്‌. ഐക്യവും ഒരുമയുമാണ് രാജ്യത്തിന്റെ ശക്തി. പ്രതിസന്ധികൾക്കും  വെല്ലുവിളികൾക്കുമിടയിലും നാം ഏറെ  മുന്നിലാണ്.

സ്വയംപര്യാപ്‌ത ഇന്ത്യയാണ്‌ ആത്യന്തിക ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്‌പ്‌ യജ്ഞമാണ്‌ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്‌. കോവിഡ്‌ മഹാമാരിയെയും  പ്രകൃതിദുരന്തങ്ങളെയും ശക്തമായി നേരിട്ടു‐ തുടങ്ങി പൊള്ളയായ അവകാശവാദങ്ങളുടെയും വസ്‌തുതാ വിരുദ്ധ പ്രസ്‌താവങ്ങളുടെയും വളച്ചൊടിച്ച സ്ഥിതിവിവരക്കണക്കുകളുടെയും പട്ടികയാണ്‌ നരേന്ദ്ര മോഡി ഗവൺമെന്റ്‌ രാഷ്ട്രപതിയെക്കൊണ്ട്‌ നിരത്തിച്ചത്‌. രാജ്യസുരക്ഷയും കൃഷിയും വിദ്യാഭ്യാസവും ആരോഗ്യവുമടക്കം സർവ മേഖലയും  കുത്തകകൾക്കും കോർപറേറ്റുകൾക്കും അടിയറവച്ച ശേഷമാണ്‌ ഈ സ്വാശ്രയത്വ പ്രഖ്യാപനമെന്നോർക്കണം.  നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ട വർഷമാണ് 2021 എന്നും ഇപ്രാവശ്യത്തെ ബജറ്റ് സമ്മേളനം വികസനത്തിൽ അതിനിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.


 

രാജ്യതലസ്ഥാനത്ത്‌ മരംകോച്ചുന്ന തണുപ്പിനെ അവഗണിച്ചും വീര്യം ചോരാതെയും  രണ്ടു മാസത്തിലേറെയായി അലയടിക്കുന്ന കർഷകപ്രക്ഷോഭത്തെ മുഖവിലയ്‌ക്കെടുക്കുന്നതിനുപകരം അവരെ അടക്കിയിരുത്താൻ വീണ്ടും ചില പൊടിക്കൈകൾ  പ്രഖ്യാപനങ്ങളായി നിരത്തി. നൂറ്റിയറുപത്‌ സമരഭടന്മാർ മരിച്ചതും ചിലർ പ്രതിഷേധ സൂചകമായി ആത്മഹത്യ  ചെയ്‌തതും സംബന്ധിച്ച്‌ പരാമർശമേയുണ്ടായില്ല. പകരം കർഷകസമൂഹത്തിന്‌ നിരവധി ആനുകൂല്യങ്ങൾ സർക്കാർ വാരിക്കോരി നൽകിയെന്ന ഒഴുക്കൻ പ്രസ്‌താവമായിരുന്നു. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ 113000 കോടി രൂപ  അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു;  ജൻധൻ അക്കൗണ്ടുകൾ വഴി  2100 കോടിയും  വിതരണം ചെയ്‌തുവെന്ന അവകാശവാദം അതിലൊന്ന്‌. കൊണ്ടാടുന്ന ഇത്തരം പദ്ധതികളുടെ ആനുകൂല്യം അനർഹരായ മധ്യവർത്തികൾ തട്ടിയെടുത്തതായുള്ള വാർത്തകൾ പുറത്തുവന്നതും നിസ്സാരമല്ല. എം എസ്‌ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്‌  നടപ്പാക്കുകയും കൂടുതൽ താങ്ങുവില ഉറപ്പാക്കുകയും ചെയ്‌തുവെന്നതും പ്രയോഗത്തിൽ അനുഭവവേദ്യമായിട്ടില്ല. കുടിയേറ്റത്തൊഴിലാളികൾക്ക് ഭക്ഷണവും തിരിച്ചുപോകാൻ ട്രെയിനും അനുവദിച്ചു.

മടങ്ങിയെത്തിയവർക്ക്‌  ഗ്രാമീണ തൊഴിലും 80 കോടി ജനങ്ങൾക്ക് മാസം അഞ്ച് കിലോ ഭക്ഷ്യധാന്യവും  ഉറപ്പാക്കിയെന്നും ഊറ്റംകൊണ്ടു. നൂറുകണക്കിന്‌ കുടിയേറ്റത്തൊഴിലാളികൾ തെരുവുകളിലും പാതകളിലും പിടഞ്ഞുവീണ്‌ മരിച്ചത്‌ മറച്ചുവച്ചാണ്‌ അവകാശവാദങ്ങളെല്ലാം. അതിരൂക്ഷമായ വിലക്കയറ്റവും ചരിത്രത്തിലില്ലാത്ത തൊഴിലില്ലായ്‌മയും അടക്കമുള്ള കെടുതികൾ അവരെ എരിതീയിൽനിന്ന്‌ വറചട്ടിയിലേക്ക്‌ എടുത്തെറിയുകയാണ്‌.


 

റിപ്പബ്ലിക്‌ ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ ചില പ്രശ്‌നങ്ങൾ സൂചിപ്പിച്ച്‌, കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവും അതിന്റെ അഭിമാനമായ ദേശീയപതാകയും  അപമാനിക്കപ്പെട്ടുവെന്നും രാഷ്ട്രപതി പറയുകയുണ്ടായി.  അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. എന്നാൽ, നിയമവും ചട്ടവും പാലിക്കാനും പഠിക്കണമെന്ന  നയപ്രഖ്യാപന പ്രസംഗത്തിലെ മുന്നറിയിപ്പ്‌ ദേശസ്‌നേഹവും കൃത്രിമ ദേശീയതയും അടച്ചമർത്തൽ ഉപകരണമാക്കുന്നതിന്റെ സൂചനയാണ്‌. മഹാകവി വള്ളത്തോളിന്റെ, ‘ഭാരതമെന്നപേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം’ എന്ന വരികൾ ഉദ്ധരിച്ചായിരുന്നു ആ അടിവര. സംഭവത്തിലെ ബിജെപി ബന്ധവും അതിനുപിന്നിലെ ഗൂഢാലോചനയും സർക്കാർ രഹസ്യാന്വേഷണ സംവിധാനങ്ങളുടെ  പരാജയവും വിസ്‌മരിച്ചായിരുന്നു അത്‌. കർഷക ചെറുത്തുനിൽപ്പിന്റെ ആദ്യ ദിനങ്ങളിൽത്തന്നെ ഖലിസ്ഥാൻവാദികൾ, ദേശവിരുദ്ധർ, പാകിസ്ഥാൻ സ്‌നേഹികൾ തുടങ്ങിയ ശകാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. പഴുതടച്ച സുരക്ഷാ നിബന്ധനകളുള്ള ചെങ്കോട്ടയിൽ ചിലർ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കിയത്‌ ഔദ്യോഗിക പിന്തുണയോടെയാണ്‌. മഫ്‌ടിയിലെത്തിയ ചില  പൊലീസുകാരെ തിരിച്ചറിയൽ കാർഡുകളുമായി കർഷകർ  പിടികൂടുകയുമുണ്ടായി. റിപ്പബ്ലിക്‌ ദിനത്തിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ച്‌ നിഷ്‌പക്ഷ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെയും കിസാൻ സംഘടനകളുടെയും ന്യായമായ ആവശ്യം പരിഗണിക്കാത്തതിലും ദുരൂഹതയുണ്ട്‌. 

കാർഷികനിയമങ്ങളിൽ സുപ്രീംകോടതി വിധി എന്തായാലും അനുസരിക്കുമെന്ന ഔദാര്യം രാഷ്ട്രപതിയിൽനിന്നുണ്ടായെങ്കിലും നിയമം അംഗീകരിക്കുന്നവരുമായിമാത്രം ചർച്ചയെന്ന കേന്ദ്ര ഗവൺമെന്റിന്റെ നിലപാട്‌ വെല്ലുവിളിയിൽ കുറഞ്ഞ ഒന്നുമല്ല. പാർലമെന്റിലെ ഭൂരിപക്ഷം കരുവാക്കി ഒരുവിധ ചർച്ചയുമില്ലാതെ ഭരണഘടനാ വിരുദ്ധമായാണ് മൂന്ന് നിയമവും പാസാക്കിയത്. കാർഷിക നിയമങ്ങൾക്കെതിരായ  പ്രതിഷേധ സൂചകമായി,  പുതിയ അടിച്ചമർത്തൽ നയങ്ങളുടെ പശ്‌ചാത്തലത്തിൽ  രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചത്‌ വരാനിരിക്കുന്ന ഉറച്ച സമരങ്ങളുടെ നാന്ദിയാണ്‌. പതിനാറ് പ്രതിപക്ഷപാർടി ഏകകണ്ഠമായാണ് ആ തീരുമാനം എടുത്തതെന്നും ശ്രദ്ധേയം.  പാർലമെന്റിനു മുന്നിൽ ഇടതുപക്ഷ എംപിമാർ ഉയർത്തിയ പ്രതിഷേധം  ഇനിയുള്ള ദിവസങ്ങളിലും സഭ പ്രക്ഷുബ്ധമാകുമെന്നതിന്റെ സാക്ഷ്യവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top