13 July Saturday

ഇടങ്കോലിടുന്നവർക്ക് താക്കീത്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 31, 2021


"എന്തായാലും കോടതി ന്യായം പറഞ്ഞു. പാവങ്ങളുടെ അന്നം മുടക്കി രാഷ്ട്രീയം കളിക്കാൻ സമ്മതിച്ചില്ലല്ലോ. ചെന്നിത്തലയ്‌ക്ക് മുഖത്ത് അടി കിട്ടിയപോലെയായി'- തൃശൂർ ദേശമംഗലം എസ്റ്റേറ്റ് പടിയിലെ കർഷകത്തൊഴിലാളി വാളേരിപ്പടിയിലെ അയ്യപ്പന്റെ വാക്കുകളാണിത്. അരി വിതരണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെക്കുറിച്ചാണ് അയ്യപ്പൻ ഇങ്ങനെ പറഞ്ഞത്. ഇത് അയ്യപ്പന്റെമാത്രം വാക്കുകളല്ല. കേരളത്തിലെ സാധാരണക്കാരായ ജനലക്ഷങ്ങൾ ഒരേ സ്വരത്തിൽ ഇതുതന്നെ പറയുന്നു. അപ്പോൾ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പുപറയണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം കേരളത്തിന്റെയാകെ വികാരമാണ്. പ്രതിപക്ഷനേതാവ് തെറ്റിദ്ധരിപ്പിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷൻതന്നെ കോടതിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രതിപക്ഷനേതാവിന്റെ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞ അരിവിതരണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടത് ജനങ്ങൾക്ക് എത്രമേൽ ആശ്വാസകരമാണെന്ന് സംസ്ഥാനത്താകെ ഉയർന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. കോവിഡ് കാലത്ത്, ഈസ്റ്ററും വിഷുവും റമദാനും കണക്കിലെടുത്ത് സംസ്ഥാനത്തെ 50 ലക്ഷം കുടുംബത്തിന്‌ അരി നൽകുന്നത് തടഞ്ഞ കമീഷന്റെ നടപടി നിയമപരമല്ലെന്ന സർക്കാർവാദം കോടതി അംഗീകരിച്ചു. വെള്ള, നീല കാർഡുകാർക്ക് പത്തു കിലോ അരിവീതം 15 രൂപയ്‌ക്ക് നൽകുന്നത് തടയണമെന്നായിരുന്നു ചെന്നിത്തല തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടത്. സ്കൂൾ കുട്ടികൾക്കുള്ള അരി, സൗജന്യ ഭക്ഷ്യക്കിറ്റ്, ക്ഷേമ പെൻഷനുകൾ എന്നിവയും തടയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇവയൊക്കെ നൽകുന്നതിന്, തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വരുംമുമ്പേ സർക്കാർ തീരുമാനമെടുത്തിരുന്നു. അത് മറച്ചുപിടിച്ചാണ് പ്രതിപക്ഷനേതാവിന്റെ രാഷ്ട്രീയക്കളി.

മനുഷ്യസ്നേഹവും കാരുണ്യവും പ്രവഹിക്കേണ്ട ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. പകർച്ചവ്യാധിയും പ്രകൃതിദുരന്തങ്ങളുമൊക്കെയുണ്ടാകുമ്പോൾ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും ചെയ്യുന്നതും ഇങ്ങനെയുള്ള കാര്യങ്ങളാണ്. ഏതൊരു പ്രതിസന്ധിയിലും നമ്മുടെ കൊച്ചു കേരളം ഈ മാതൃക ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്. ഈ കോവിഡ് കാലത്ത് കേരളത്തിൽ, സ്നേഹത്തിന്റെ, ആർദ്രതയുടെ അത്തരം അനേകം ഏടുകൾ രചിച്ചു. അതിലൊന്നു മാത്രമാണ് എല്ലാവർക്കും സൗജന്യക്കിറ്റും അരിയുമൊക്കെ നൽകുന്നത്. അതാണ് ഇപ്പോഴും തുടരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ ഒരു നടപടിയേ അല്ലിത്. എന്നിട്ടും അരി വിതരണം തടയാൻ ശ്രമിച്ച പ്രതിപക്ഷനേതാവ് കേരളത്തിന് അപമാനമാണ് എന്നുമാത്രം പറയട്ടെ. ആരും പട്ടിണി കിടക്കരുതെന്ന് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. അതിനാണ് ഭക്ഷ്യക്കിറ്റും ക്ഷേമ പെൻഷനുകളുമെല്ലാം മുടക്കമില്ലാതെ നൽകുന്നത്. അതിൽ വോട്ടു രാഷ്ട്രീയം കാണുന്നിടത്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലവാരമില്ലായ്മ വെളിപ്പെടുന്നത്.

നസ്രേത്തിൽനിന്ന് നന്മ പ്രതീക്ഷിക്കാമോ എന്നു ചോദിക്കുന്നതുപോലെയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ കാര്യവും. അവരിൽനിന്ന് നന്മ പ്രതീക്ഷിക്കരുത്. നാട് പകർച്ചവ്യാധിയുടെ പിടിയിൽ അമർന്ന നാളുകളിൽപ്പോലും അവർ ചെയ്തത് കേരളം കണ്ടതാണ്. ഹീനമായ രാഷ്ട്രീയം കളിക്കാനാണ് അവരെപ്പോഴും ശ്രമിച്ചത്. കോവിഡ് വ്യാപന നാളുകളിൽ എത്രയെത്ര സമരകോലാഹലങ്ങൾക്ക് യുഡിഎഫും ബിജെപിയും നേതൃത്വം നൽകി. പ്രതിസന്ധിഘട്ടങ്ങളിൽ അവധാനതയോടെ പ്രവർത്തിക്കേണ്ടവരാണ് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും. എന്നാൽ, കോവിഡ് നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അട്ടിമറിക്കാനായിരുന്നു യുഡിഎഫും ബിജെപിയും പലപ്പോഴും ശ്രമിച്ചത്. സർക്കാരിനെയും സംസ്ഥാനത്തെയും പ്രതിസന്ധിയിലാക്കാൻ പറ്റുമോ എന്നാണ് രണ്ടു കൂട്ടരും നോക്കിയത്. ഈ വൃത്തികെട്ട രാഷ്ട്രീയക്കളിയുടെ തുടർച്ചയാണ് ഇപ്പോൾ, പാവങ്ങളുടെ അന്നം മുട്ടിക്കാൻ നടത്തിയ ശ്രമവും. ജനങ്ങൾ എല്ലാം തിരിച്ചറിഞ്ഞ് സർക്കാരിനൊപ്പം നിൽക്കുന്നതുകൊണ്ട് പ്രതിപക്ഷത്തിന്റെ ഒരു കളിയും വിജയിക്കുന്നില്ലെന്ന് കേരളം ഇതിനകം പലവട്ടം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയക്കളിക്ക് ആക്കം കൂട്ടാൻ ചില ഉദ്യോഗസ്ഥരും ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ വീടുകളിലെത്തി വാട്ടർ കണക്‌ഷനും വൈദ്യുതി ബന്ധവുമൊക്കെ വിച്ഛേദിക്കാൻ ശ്രമിക്കുന്നു. വെള്ളത്തിന്റെയും വൈദ്യുതിയുടെയുമെല്ലാം ബിൽ അടയ്ക്കാൻ സാവകാശം നൽകണമെന്ന സർക്കാർ നിലപാടിന് വിരുദ്ധമായാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. ചിലയിടങ്ങളിൽ നെല്ലു സംഭരണം വൈകിക്കാനും ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. എൽഡിഎഫ് വിരുദ്ധരായ ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം പിന്നിൽ. ജനങ്ങളെ എൽഡിഎഫിനെതിരെ തിരിക്കുകയാണ് ലക്ഷ്യം. സർക്കാരിനെ മോശമാക്കാനുള്ള ഈ നീക്കത്തിനെതിരെ നല്ല ജാഗ്രത പാലിക്കേണ്ടതുണ്ട്.

അന്നം മുടക്കാനടക്കം പ്രതിപക്ഷം നടത്തിയ എല്ലാ നീക്കത്തിനുമെതിരെ സംസ്ഥാനത്താകെ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണരംഗം അത് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് വലിയ പിന്തുണയാണെവിടെയും. ജനഹിതം നടപ്പാക്കലാണ്, ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കലാണ് ഉത്തരവാദിത്തമുള്ള ഒരു സർക്കാർ ചെയ്യേണ്ടത്. അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാക്കാൻ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ആഞ്ഞുപിടിച്ചിട്ടും ഈ സർക്കാർ പതറാതെ മുന്നേറിയത് ജനങ്ങളുടെ രക്ഷകനായി നിലകൊണ്ടതിനാലാണ്. എൽഡിഎഫിന് ലഭിക്കുന്ന ജനപിന്തുണയുടെ അടിത്തറയും അതുതന്നെ. യുഡിഎഫും ബിജെപിയും വിറളിപിടിച്ചോടുന്നതും സർക്കാരിന് കിട്ടുന്ന ഈ പിന്തുണ കണ്ടാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top