26 April Friday

പുതുവർഷത്തിൽ തലയ്‌ക്കടിച്ച് കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 2, 2020


ജനാധിപത്യവും മതനിരപേക്ഷതയും അടിസ്ഥാനമാക്കിയ ഭരണഘടന തകർത്തെറിയുന്ന തിരക്കിനിടയിലും കേന്ദ്ര സർക്കാർ ജനദ്രോഹനടപടികളിൽ തെല്ലും പിന്നോട്ടില്ലെന്ന് പുതുവർഷപ്പിറവിയിലും തെളിയിച്ചു. റെയിൽവേ നിരക്കിൽ വർധന വരുത്തിക്കൊണ്ടുള്ള ഉത്തരവ് പുതുവർഷത്തലേന്ന് രാത്രി ഇറങ്ങി. അർധരാത്രി മുതൽ പ്രാബല്യത്തിലുമായി. ഡീസൽ–-പെട്രോൾ നിരക്കും 2020 പിറക്കുംമുമ്പുതന്നെ കൂട്ടി. പുതുവർഷപ്പുലരിയിലാകട്ടെ പാചകവാതകവില വൻതോതിൽ കൂട്ടിക്കൊണ്ട് വീട്ടു ബജറ്റുകളും താളംതെറ്റിച്ചു.

സബർബൻ ഒഴികെ എല്ലാ ട്രെയിനുകൾക്കും ബാധകമാകുന്ന വിധമാണ് ട്രെയിൻ നിരക്ക്  വർധന. അടിസ്ഥാനനിരക്കിൽ കിലോമീറ്ററിന്‌ രണ്ട്‌ പൈസയും എസി ക്ലാസിൽ കിലോമീറ്ററിന്‌ നാല്‌ പൈസയും കൂട്ടി. നിരക്ക് വർധനയേ ഉണ്ടാകില്ലെന്ന് റെയിൽവേ ബോർഡ് പറഞ്ഞു മണിക്കൂറുകൾക്കകം വർധനയുടെ ഉത്തരവിറങ്ങി. ഓർഡിനറി/മെയിൽ/എക്‌സ്‌പ്രസ്‌  ട്രെയിനുകളിൽ എസി, നോൺ എസി വിഭാഗത്തിലെല്ലാം വർധന ബാധകമാകും എന്നതിനാൽ ട്രെയിൻയാത്ര ചെയ്യുന്ന എല്ലാവരും അധികഭാരം പേറേണ്ടിവരുന്ന വിധമാണ് നടപടി.

ഫ്ളെക്‌സി നിരക്ക് എന്ന പേരിട്ട് ചില രാജധാനി, തുരന്തോ, ശതാബ്‌ദി ട്രെയിനുകളിലെ 90 ശതമാനം ടിക്കറ്റുകളുടെയും നിരക്ക്  കഴിഞ്ഞ വർഷം കുത്തനെ കൂട്ടിയിരുന്നു. പിന്നാലെ ചില സ്പെഷ്യൽ ഫെയർ ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസിലടക്കം ഈ ഫ്ളെക്‌സി സംവിധാനം ബാധകമാക്കി. അതായത് കൂടുതൽ പേർ കയറുന്ന തിരക്കുള്ള സമയങ്ങളിൽ യാത്രക്കൂലി കൂടുതൽ നൽകേണ്ടിവരുന്ന ഏർപ്പാടാണിത്. വരുംനാളുകളിൽ മറ്റ് ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള തീരുമാനവും ഇപ്പോഴും ഭീഷണിയായി നിലനിൽക്കുന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും പൊതു യാത്രാസൗകര്യം ഒരുക്കാൻ ചുമതലപ്പെട്ട റെയിൽവേ  കൂടുതൽ ട്രെയിനുകൾ ഓടിക്കാനും സീറ്റുകളുടെ എണ്ണം കൂട്ടാനും ശ്രമിക്കുന്നതിനുപകരം തിരക്കിന്റെപേരിലും അല്ലാതെയും  നിരക്ക് കൂട്ടാനാണ് ശ്രമിക്കുന്നത്. മുമ്പ് റെയിൽവേ ബജറ്റ് വഴി വന്നിരുന്ന വർധന ഇപ്പോൾ എക്‌സിക്യൂട്ടീവ് ഉത്തരവ് വഴിയായി. റെയിൽവേയുടെ നയപരമായ എല്ലാ തീരുമാനങ്ങളിലും പാർലമെന്റിനോടും അതുവഴി ജനങ്ങളോടും ഉത്തരവാദിത്തം പുലർത്തുന്ന പഴയ രീതി പാടേ അട്ടിമറിച്ചു.


 

നിരക്ക് വർധനയിലൂടെ സാധാരണക്കാരുടെ യാത്രാസൗകര്യം പരിമിതപ്പെടുത്തുന്നതിനൊപ്പം റെയിൽവേയിൽ വിറ്റുതുലയ്‌ക്കലും ശക്തമാണ്. തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും എതിർപ്പുകൾ അവഗണിച്ച് റെയിൽവേയിൽ സ്വകാര്യവൽക്കരണം തുടരുകയാണ്. പ്രധാനപ്പെട്ട 400 റെയിൽവേ സ്‌റ്റേഷനുകളുടെ സ്വകാര്യവൽക്കരണം അതിവേഗത്തിലാണ് നീങ്ങുന്നത്.

ഇതുമാത്രമല്ല,  റെയിൽവേക്കുള്ള വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറയ്‌ക്കുകയാണ്. പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ  സംസ്ഥാനങ്ങൾ  പകുതി ചെലവ്‌ വഹിക്കണമെന്ന നിബന്ധനയും കർശനമാക്കി. മുമ്പ്‌ പ്രഖ്യാപിച്ച പദ്ധതികൾക്കുപോലും ഇത്‌ ബാധകമാക്കി. എന്നിട്ടും റെയിൽവേയുടെ ധനസ്ഥിതി പരിതാപകരമായി തുടരുന്നു. പൊതുഗതാഗത സംവിധാനം എന്ന നിലയിൽ ഈ മേഖലയിൽ മുതൽമുടക്ക് വർധിപ്പിക്കാൻ ശ്രമിക്കാതെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടി റെയിൽവേയെ സാധാരണക്കാരന് അന്യമാക്കാനാണ് നീക്കം. വിമാന നിരക്കിനൊപ്പം ട്രെയിൻ യാത്രാനിരക്കും എത്തിച്ച് റെയിൽവേയെക്കൂടി പണമുള്ളവരുടെമാത്രം വാഹനമാക്കാനാണ് ശ്രമം.

യാത്രാസൗകര്യങ്ങൾ ഇല്ലാതാക്കുന്നതിനൊപ്പമാണ് ഇന്ധന ച്ചെലവിലും വൻവർധന ജനങ്ങളുടെമേൽ കയറ്റിവയ്‌ക്കുന്നത്. ഡീസൽവിലയിൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ രണ്ടു രൂപയുടെ വർധനയുണ്ടായി. പെട്രോൾ വിലയും കുതിക്കുന്നു. എല്ലാ ജീവിതച്ചെലവുകളും കുത്തനെ ഉയരാൻ ഇടയാക്കും വിധമാണ് ഇന്ധനവിലയിലെ വർധന.
ഈ ഭാരത്തിനുപുറമെയാണ് പാചകവാതകവിലയിലും വമ്പൻ വർധന വരുത്തിയിരിക്കുന്നത്.  സബ്‍സി‍ഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപയും കൂടി.


 

ചുരുക്കത്തിൽ പുതുവർഷം ജനദ്രോഹ നടപടികളിൽ റെക്കോഡ് സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്ന് സൂചന നൽകുന്ന നടപടികളാണ് ആദ്യനാളിൽത്തന്നെ ഉണ്ടായിരിക്കുന്നത്. ഒരുവശത്ത് നാട്ടിലാകെ വിഭജനത്തിന്റെ വിത്തുപാകി ജനതയിൽ വലിയ പങ്കിനെ ആശങ്കയിലാക്കുന്ന ഭരണം. മറുവശത്ത് പിടിവിട്ട മട്ടിൽ ജനദ്രോഹനടപടികൾ. ഇതിനിടയിൽ സമ്പദ്‌വ്യവസ്ഥ തകർന്നടിയുകയും ചെയ്യുന്നു. എല്ലാ വളർച്ചാസൂചികകളും നിലത്തിഴയുന്നു. തിരുത്താൻ ഒരു നടപടിയും ഇല്ല.

സാമ്പത്തികപ്രവർത്തനങ്ങളിൽനിന്ന് പൂർണമായും പിന്മാറിയ സർക്കാർ  എല്ലാം കമ്പോളത്തിന് വിട്ടുകൊടുത്ത്  മാറിനിൽക്കുന്നു. ജനങ്ങളുടെ കൈയിൽ പണമില്ല.  തൊഴിലോ  വരുമാനമോ ഇല്ലാത്തവരുടെ എണ്ണം കൂടുന്നു. നവലിബറൽ നയങ്ങൾ ഏൽപ്പിച്ച ആഘാതം രാജ്യത്തെ അടിമുടി ഉലയ്‌ക്കുകയാണ്. നോട്ടുനിരോധനവും ചരക്ക് സേവന നികുതിയുംപോലെ ആലോചനയില്ലാതെ കൊണ്ടുവന്ന നയനടപടികളും  മഹാഭൂരിപക്ഷം ജനങ്ങളെയും കൂടുതൽ ദുരിതത്തിലാക്കി.

ചെറുത്തുനിൽപ്പിന് ജനങ്ങളെ ആകെ അണിനിരത്തിയുള്ള പോരാട്ടംമാത്രമേ മാർഗമുള്ളൂ. പൗരത്വ  ഭേദഗതി നിയമത്തിനെതിരെ ഇത്തരമൊരു ഐക്യനിര വളരുന്നുണ്ട്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ഭരണസാമ്പത്തിക ദുർനയങ്ങൾക്കെതിരെയും യോജിച്ച പോരാട്ടം ഉണ്ടായേ തീരൂ. തൊഴിലാളി സംഘടനകൾ ഇക്കാര്യത്തിൽ മുൻകൈ എടുത്തുകഴിഞ്ഞു. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും ചേർന്ന് ജനുവരി എട്ടിന് രാജ്യത്ത് പണിമുടക്കുകയാണ്. ഈ സമരനിര  ഇനിയും വളരണം;ശക്തമാകണം. 2020 അത്തരം ഐക്യപ്പെടലിന്റെ വർഷമാകും എന്ന് കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top